Thursday, February 21, 2008

കാത്ത്‌നില്‍പ്‌


നിന്‍ജാലകത്തിന്റെ നേരെ യീസന്ധ്യയില്‍
നെഞ്ചിടിപ്പോടെ ഞാന്‍ നില്‍ക്കയാണോമലേ.
പുഞ്ചിരിതൂവും മുഖവുമായ്‌ നീവന്ന്
ചഞ്ചലനേത്രങ്ങളെന്‍നേര്‍ക്ക്‌ നീട്ടുമോ?

അന്തിച്ചുവപ്പ്‌ പടിഞ്ഞാറ്‌ മാഞ്ഞതും;
സാന്ധ്യതാരം കണ്ണു ചിമ്മിത്തുറന്നതും;
എന്തുകൊണ്ടാണെന്നറിഞ്ഞില്ലയെന്നുള്ളില്‍
സന്താപരാഗങ്ങള്‍ മെല്ലെയുണര്‍ന്നതും.

ഈറന്‍മുടിയില്‍ തുളസിക്കതിര്‍ ചൂടി
താരാഗണങ്ങള്‍ പതിച്ച പാവാടയി-
ട്ടാരോമല്‍ മെല്ലെയിറങ്ങി, മുറ്റത്തേയ്ക്‌
പേരാലിനെച്ചുറ്റിയമ്പലത്തില്‍ തൊഴാന്‍.

ഒന്നവിടംവരെ പോയീടുകില്‍ കൂടെ-
നിന്ന്‌തൊഴാം; ദേവിയോടെന്റെ മോഹങ്ങ-
ളൊന്നൊഴിയാതെ പറയാം; അവയൊക്കെ-
യെന്നാണ്‌ പൂത്ത്‌ വിരിഞ്ഞുലഞ്ഞീടുക?

Wednesday, February 20, 2008

അരുന്ധതി


തിരകളില്ലാത്ത കടലിന്‍വിരിമാറില്‍
ഒരുചെറു തോണി തുഴഞ്ഞുചെന്നു.
ഇരുളാണ്‌ ചുറ്റിലുമെങ്കിലും ചൂണ്ടലില്‍
ഇരകൊളുത്താന്‍ രാവെളിച്ചമുണ്ട്‌.

ദൂരെയാകാശത്ത്‌ പുഞ്ചിരിതൂകുന്നു
താരകള്‍, താഴേയ്ക്കൊളിഞ്ഞു നോക്കി.
പേരറിയാതുള്ളൊരേഴെണ്ണമുണ്ടതില്‍
തീരെച്ചെറുതാണരുന്ധതി പോല്‍!

കണ്ടാലിവളെ, യവര്‍ക്കു മരണമ-
ന്നുണ്ടാവുകില്ലെന്ന് കരണോന്മാര്‍.
കണ്ടെങ്കിലെന്നവനാശിച്ച്‌ നോക്കിയി-
ട്ടുണ്ടാവണം, അത്ര തിട്ടമില്ല

പെട്ടെന്ന് ചൂണ്ടലില്‍ കൊത്തി, ഒരുസ്രാവ്‌
തട്ടിമറിച്ചു ചെറുതോണിയെ
പൊട്ടിയോ, വിശ്വാസ നൂലുകള്‍? ആത്മാക്കള്‍
കെട്ടിപ്പിടിച്ചോ കടാപ്പുറത്ത്‌?

താരകക്കൂട്ടത്തില്‍നിന്നുമരുന്ധതി
മാറിനിന്നൂ, കണ്ടതില്ലവനും.
ദൂരെപ്പെരുമീനുദിച്ചീടവേ കടല്‍-
തീരത്ത്‌ മീനും; ശവങ്ങള്‍ രണ്ടും..

Monday, February 18, 2008

ശാപമോക്ഷവുംകാത്ത്‌


ഒത്തിരിനാളുകള്‍കൂടി റ്റെലിഫോണില്‍
മുത്തേ, നീയിന്ന് വിളിച്ചു !
അത്രമേല്‍ മോഹിയ്ക്കുമാസ്വരം കേട്ട്‌ ഞാന്‍
എത്രകോരിത്തരിച്ചെന്നോ.

ഒന്നുംപറയുവാനായില്ല; വാക്കുകള്‍
തെന്നിത്തെറിച്ച്‌ ചിതറി
എന്നുമതങ്ങിനെയായിരുന്നൂ, നിന്റെ
മുന്നിലെന്‍ തൊണ്ട വരളും

നീയറിയുന്നുവോ, ഓരോനിമിഷവും
നീയെന്റെ കൂടെയുണ്ടെന്ന്?
പോയജന്മങ്ങളിലെപ്പൊഴോ നീയെന്റേ-
തായത്‌ മൂലമതാവാം

കോപംമുഴുത്ത്‌, അസൂയയാല്‍ ദേവകള്‍
ശാപം ചൊരിഞ്ഞതിനാലോ
വേര്‍പിരിയാന്‍ വിധിയായി. നമുക്കിനി
ശാപമോക്ഷങ്ങള്‍ ലഭിയ്ക്കും.

നിന്റെ കണ്ണിന്റെ തിളക്കമാകുന്നു, ഞാന്‍
നിന്റെ നിശ്വാസത്തിന്‍ താളം
നിന്റെ തേന്‍ ചുണ്ടിലെ രാഗമാകുന്നു, ഞാന്‍
നിന്റെ പാദത്തിലെ ധൂളി

Saturday, February 16, 2008

മാപ്പ്‌


പ്രിയേ,യെന്റെയീറക്കുഴലിലിന്നീണങ്ങള്‍
ഉയരാന്‍ മടിയ്ക്കുന്നതെന്തേ ?
ഉയിരിന്റെ ശ്വാസമേറ്റിട്ടും തളര്‍ന്നിതാ
വെയിലേറ്റ താമരപോലെ.

കളിയാക്കലിന്ന് പകരമായ്‌ ഞാന്‍ ചൊന്ന
കളിവാക്ക്‌ നിന്നെ നോവിച്ചോ ?
കളിയാക്കിടുമ്പോള്‍ കരയേണ, മെങ്കിലേ
കളിയാവൂ എന്നറിഞ്ഞാലും.

കനിവാര്‍ന്ന് മാപ്പുനല്‍കേണമെനിയ്ക്ക്‌ ഞാ-
നിനിയിതാവര്‍ത്തിയ്ക്കുകില്ല
ഇനിയെന്റെ മണിവേണു നാദമുയര്‍ത്തുവാന്‍
തുണയായ്‌ നിന്‍ സൗഹൃദം വേണം


Friday, February 15, 2008

ആശാദീപം..


മഞ്ഞിന്റെകുളിരലച്ചാര്‍ത്തുകളേറ്റ്‌ നിന്റെ
കുഞ്ഞിച്ചിറകിന്‍ തൂവലാകേനനഞ്ഞിട്ടുണ്ടാം
നെഞ്ചിന്റെ നെരിപ്പോടില്‍ ഓര്‍മ്മതന്‍കനലുമായ്‌
പഞ്ജരമിതില്‍ നിന്നെ കാത്ത്‌ ഞാനിരിയ്ക്കുന്നൂ

നീവരുംനേരം നിന്നെ മാറോട്ചേര്‍ത്തിട്ടീറന്‍-
പൂവുകള്‍വിടരും നിന്‍ മേനിയെത്തഴുകീടാം
കവിളില്‍ത്തുടുക്കുന്ന കനകാമ്പരങ്ങളെ
കവിതപാടി മെല്ലെ ചുംബിച്ച്‌ ഞാനുണര്‍ത്താം

പൂവമ്പ്‌കൊണ്ടെന്നുള്ളം മുറിഞ്ഞൂ; നോവുന്നല്ലോ
രാവേറെയാവുംമുന്‍പേ നീയണഞ്ഞിരുന്നെങ്കില്‍!
ജീവനില്‍, ആശാദീപത്തിരി സ്നേഹത്തില്‍ മുക്കി
നീവരൂ കൊളുത്താനായ്‌ ശാരികേ, യെന്നോമലേ.

Monday, February 11, 2008

ആദ്യാനുരാഗം..


മുന്നില്‍, ശ്രീകോവിലില്‍, ദേവിനിന്നൂ. എന്റെ-
മുന്നില്‍, കൈകൂപ്പി തൊഴുത്‌ നീയും
മന്ദമുയരും ഇടയ്ക, ഹൃദയത്തിന്‍
സ്പന്ദങ്ങളുമായിടകലര്‍ന്നൂ.

അന്ന് നീയാദ്യമായ്‌ മെല്ലെത്തലതിരി-
ച്ചെന്നെ മിഴിമുനയാലുഴിഞ്ഞൂ
മന്ദഹാസത്തിന്റെ വക്കോളമെത്തിയാ
ചെന്താമരച്ചുണ്ടിണ വിടര്‍ന്നൂ..

ഒമ്പതാമുത്സവസന്ധ്യക്കുയരും പെ-
രുമ്പറ മേളമെന്നില്‍ മുഴങ്ങീ..
അമ്പലമുറ്റം കരിമരുന്നിന്റെ പ്ര-
കമ്പനം കൊണ്ട്‌ തരിച്ചു നിന്നൂ

ഇന്നുത്സവമില്ല, ആനയില്ലാളില്ല
പൊന്നില്‍ പൊതിഞ്ഞ ശ്രീകോവിലില്ല
എന്നാലുമാദ്യാനുരാഗത്തിന്‍ ഹര്‍ഷങ്ങ-
ളിന്നുമുണ്ടോര്‍മ്മയിലോമലാളേ..

Wednesday, February 6, 2008

വിടതരൂ


പറയുവാനിനിയൊന്നുമില്ല; നിനക്കെല്ലാ-
മറിവുള്ളതല്ലേ? മനസ്സില്‍ നീയേല്‍പിച്ച
മുറിവുമായ്‌ ഞാനീ പടികളിറങ്ങവേ
മറയുന്നൂ വഴികള്‍ ഈ കണ്ണീര്‍മിഴികളില്‍

മന്വന്തരങ്ങളായ്‌ ഒന്നായിരുന്നു നാം
ഇന്നും, ഇനിവരും ജന്മങ്ങളൊക്കെയും
ഒന്നായിരിയ്ക്കണം, വേര്‍പെടില്ലാ നമ്മള്‍
എന്നായിരംവട്ടമെന്നോട്‌ ചൊല്ലി, നീ

മുത്തേ, വിളിയ്ക്കട്ടെ ഞാനൊരിയ്ക്കല്‍കൂടി
മുത്തങ്ങളാലെന്നില്‍ അഗ്നിപടര്‍ത്തിയും
എത്തിപ്പുണര്‍ന്ന് ലഹരിപോലെന്നുള്ളില്‍
കത്തിയെരിഞ്ഞതുമൊക്കെ മറന്നുവോ?

പറയുവാനിനിയൊന്നുമില്ല; വിടതരൂ
ചിറകുകരിഞ്ഞൊരീ രാക്കുയിലിന്ന് നീ.
ഒരുവേള, ഇനിനമ്മള്‍ കണ്ടുമുട്ടീടുകില്‍
ഒരുചിരി; അതുമതി ധന്യനായീടുവാന്‍..


Tuesday, February 5, 2008

സന്ധ്യ


നീന്തിത്തുടിച്ച്‌ നീ നീരാടിനിന്നൊരാ-
സന്ധ്യയ്ക്ക്‌ ഞാനാ പടവിലിരിയ്ക്കവേ
ചെന്താമരമൊട്ടിളകും ജലത്തില്‍ ര-
ണ്ടിന്ദീവരങ്ങള്‍ വിരിയുന്നതും കണ്ടു !

മന്ദാരപുഷ്പങ്ങള്‍ക്കുമ്മകൊടുത്ത്‌കൊ-
ണ്ടെന്തോ ചെവിയില്‍ പറയുന്നു വണ്ടുകള്‍.
എന്തിനാണെന്നറിയാതെന്‍ മനോവീണ
ഹിന്ദോളരാഗജതികളുണര്‍ത്തുന്നൂ.

ആലിന്റെ കൊമ്പിലിരുന്ന് ചിലച്ചയൊ-
രോലഞ്ഞാലിക്കിളി കണ്ടിരിയ്ക്കാമിവ
ശ്രീലകത്തേതോ തിരുമേനി പൂജയ്ക്ക്‌
കാലമായെന്നുള്ള ശംഖ്‌ വിളിയ്ക്കുന്നൂ..