Friday, May 2, 2008

അനുജനും; തുമ്പിയും


മുമ്പില്‍ നീ വന്ന് കണ്ണീര്‍ തൂവേണ്ട, കളിക്കാന്‍ ആ
തുമ്പിയെവേണം നിനക്കത്രയല്ലയേ വേണ്ടൂ?
മുമ്പുമിതുപോലെ നീ കരഞ്ഞ്‌, കൈയെത്താത്ത-
കൊമ്പിലെ പൂവും, കായും കൈക്കലാക്കിയിട്ടില്ലേ?

അമ്മായിപ്രസവിച്ചൊരാണ്‍കിടാവിനെക്കണ്ട്‌
അമ്മയോടന്നേചൊല്ലി; കരഞ്ഞ്‌ ശാഠ്യംകൂട്ടി
അമ്മാതിരിയുള്ളൊരു കുഞ്ഞിനെ വേഗം വേണം
നമ്മള്‍ക്കും; ചിരിച്ചമ്മ; യഛനുമതുകേട്ട്‌

നീവന്നു, പിന്നെ, എന്റെ മാത്രമായിരുന്നൂ നീ
ജീവന്റെ നിശ്വാസംപോല്‍ നിന്നെ ഞാന്‍ നെഞ്ചിലേറ്റി
പൂവിതള്‍ക്കൈകാലുകള്‍ വളര്‍ന്നീടവേ നിന്റെ
നോവുകള്‍, ആഹ്ലാദങ്ങള്‍ ഒക്കവേ എന്റേതായി

തുമ്പിയെ വേണം പോലും! കൂര്‍ത്തുള്ള നിന്റെ മീശ-
ത്തുമ്പ്‌ കണ്ടാലാപാവം പേടിച്ച്‌ കരഞ്ഞേയ്ക്കും
മുമ്പില്‍നിന്നെഴുന്നേല്‍ക്കൂ, കണ്ണുകള്‍ തുടയ്ക്കൂ നീ.
ചെമ്പനീര്‍പൂത്തുമ്പിയെ, ശ്രമിയ്ക്കാം, കൊണ്ടെത്തരാന്‍.

(മെയ്‌ ഒന്ന് രാത്രി 12.30ന്‌ തുടങ്ങി 1.15ന്‌
എഴുതി മുഴുമിച്ചു)

--------------------------------
ഈ കവിത ഞാന്‍ എന്റെ സഹോദരിയ്ക്ക്‌ സമര്‍പ്പിയ്ക്കുന്നു. അടുത്ത വീട്ടിലെ സ്ത്രീ ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചത്‌ പോയിക്കണ്ടുവന്ന് അതുപോലെ 'മണിയുള്ള' ഒരു കുഞ്ഞിനെ നമുക്കും വേണമെന്ന് അമ്മയോട്‌വാശിപിടിച്ച്‌ കരഞ്ഞ ആ മൂന്നുവയസ്സുകാരിയ്ക്ക്‌. എന്നെ താഴത്തും തലയിലും വയ്ക്കാതെ കൊണ്ടുനടന്ന്, എന്റെ ഏതാഗ്രഹവും സാധിപ്പിച്ചുതന്ന, തരുന്ന എന്റെ ചേച്ചിയ്ക്ക്‌..


4 comments:

  1. കവിത ഇഷ്ടമായി....

    ReplyDelete
  2. ഇഷ്ടമായി ചേച്ചിയേയും അനുജനെയും. ഞാനുമോര്‍ത്തു ബാല്ല്യത്തിലെ എന്നേയും എന്റെ അനുജനേയും

    ReplyDelete
  3. നന്നായി വരികള്‍..

    ഓ.ടോ. 'ശാഢ്യം' ആണോ, 'ശാഠ്യം' അല്ലേ?
    'SaaThyam_'

    ReplyDelete
  4. നന്ദി, ശിവ, ലക്ഷ്മി..
    പാമരന്‍ പാമരനല്ലെന്ന് മനസ്സിലായി. വളരെ നന്ദി. ഉടനെ മാറ്റിയേക്കാം..

    ReplyDelete