Thursday, November 20, 2008

മണിത്താലി.

എന്നെ നിനക്ക്‌ മറക്കുവാനാകുമോ
പൊന്നേ, നീയെത്രയതിന്ന് ശ്രമിയ്ക്കിലും ?
എന്നെന്നെയിഷ്ടമെന്നാദ്യം പറന്‍ഞ്ഞതിന്‍
മുന്നെയറിഞ്ഞു ഞാന്‍, നീയെന്‍സഖിയെന്ന്

വിണ്ണില്‍ ‍താരങ്ങള്‍ചിരിയ്ക്കെ, കൂത്തമ്പല-
മണ്ണില്‍ കളികണ്ടലിഞ്ഞിരുന്നീടവേ,
കണ്ണിമയ്ക്കാതന്ന് നിന്നുപോയ്‌ ഞാന്‍ കഴല്‍-
ക്കണ്ണിയെനോക്കി;യറിഞ്ഞതില്ലന്ന് നീ.

എത്രവസന്തങ്ങള്‍ പിന്നെക്കടന്നുപോയ്‌
എത്രവര്‍ഷങ്ങള്‍, ശിശിരങ്ങള്‍, നാം രണ്ടു-
മത്രമേല്‍ സ്നേഹിച്ചിരുന്നൂ പരസ്പര-
മെത്രതാലോലിച്ചിരുന്നു കിനാക്കളെ...

കണ്ണില്‍തീ യച്ഛന്റെ; ജാലകവാതിലില്‍
കണ്ണുകള്‍നിന്റെ, കരഞ്ഞ്‌ കലങ്ങിയും.
തിണ്ണയില്‍നിന്ന് മുറ്റത്തേയ്ക്കിറങ്ങി ഞാന്‍
കണ്ണിലിരുട്ടും, തകര്‍ന്ന മനസ്സുമായ്‌.

എന്നെ നിനക്ക്‌ മറക്കുവാനാകുമോ
പൊന്നേ, നീയെത്രയകലേയ്ക്‌ക്‍പോകിലും ?
അന്ന് ഞാനുണ്ടാവുകില്ല, നിന്‍മാറത്ത്‌
പൊന്നിന്‍ മണിത്താലി വേറൊരാള്‍ ചാര്‍ത്തിയാല്‍

7 comments:

  1. അബദ്‌ധമൊന്നും കാണിയ്ക്കരുത്‌....സ്നേഹത്തിന്റെ അര്‍ത്‌ഥം എല്ലായ്പ്പോഴും സ്വന്തമാക്കലല്ലായെന്നോര്‍ക്കുക......നല്ലൊരു പ്രണയഗീതം......ആശംസകള്‍....

    ReplyDelete
  2. ഇഷ്ടമായെന്നറിഞ്ഞതില്‍ പെരുത്ത് സന്തോഷം, മയില്‍പ്പീലീ..

    ReplyDelete
  3. "എന്നെ നിനക്ക്‌ മറക്കുവാനാകുമോ
    പൊന്നേ, നീയെത്രയകലേയ്ക്‌ക്‍പോകിലും ?
    അന്ന് ഞാനുണ്ടാവുകില്ല, നിന്‍മാറത്ത്‌
    പൊന്നിന്‍ മണിത്താലി വേറൊരാള്‍ ചാര്‍ത്തിയാല്‍"
    സീരിയസ്സാ?....
    ഈസ്റ്റ് കോസ്റ്റ് വിജയന്‍ കേള്‍ക്കണ്ട! ആല്‍ബമാക്കാന്‍ പറ്റിയ വരികള്‍!!!

    ReplyDelete
  4. കാലം മായ്ക്കാത്ത വേദനകള്‍ ഇല്ല...

    നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

    "അവസാന യാത്രക്കു ഇറങ്ങും മുന്‍പെ
    ഒരു നാളും തുറക്കാതെ മാറ്റി വച്ച പ്രണയത്തിന്‍ പുസ്തകം നീ തുറക്കും...
    അതിലന്നു നീയെന്‍റെ പേരു കാണും..
    അതിലെന്‍റെ ജീവ‍ന്‍റെ നേരു കാണും..“

    ReplyDelete
  5. രണ്‍ജിത്, ലക്ഷ്മി, എസ് വി, നവരുചിയന്‍..
    എല്ലവരോറ്റും നന്ദി പറയുന്നു. ഇവിടെ വന്നതില്‍, അല്പമിരുന്നതില്‍, എന്നെ വായിച്ചതില്‍, പിന്നെ, ഒരു കമ്മന്റിട്ടതില്‍..

    ReplyDelete