skip to main |
skip to sidebar
പെട്ടെന്ന് മുന്നില്‍വന്ന് ചിരിച്ചനേരം ഒരു
കസ്റ്റമറാണെന്ന് ഞാന്‍ കരുതി, സന്തോഷിച്ചു.
ഇഷ്ടമില്ലെനിയ്ക്കെല്ലാം പറയാന്‍, പത്രത്തിലെ-
കുട്ടീ, നീ കുഴയ്ക്കുന്ന ചോദ്യങ്ങള്‍ചോദിയ്ക്കല്ലേ.
പേരുവയ്ക്കരുതെന്റെ പടവുമല്ലേല്‍ത്തന്നെ
തീരാത്ത കുഴപ്പങ്ങള്‍ ഇന്നെനിയ്ക്കേറെയുണ്ട്.
മാറിനിന്നീടാമല്‍പം, ഏതാനുംനിമിഷങ്ങള്‍
പോരെ, യതിന്ന് പൈസ തരണം, തിരക്കുണ്ട്.
അമ്മാവനൊരാള്‍, ഞാനന്നേഴിലാ,ണെന്നെപ്പിടി-
ച്ചുമ്മവച്ചപ്പോഴതിന്‍ പൊരുള്‍ ഞാനറിഞ്ഞില്ല.
സമ്മതിച്ചില്ലേല്‍ വീട്ടുകാര്യങ്ങള്‍ കുഴയും അ-
ന്നമ്മ, കിടപ്പിലാണെന്നഛനോ പണിയില്ല.
ഇല്ലഞ്ചുപൈസ വീട്ടില്‍, വിശന്നാല്‍ കരയുവാ-
നല്ലാതെയറിയാത്ത മൂന്ന് കുട്ടികളുണ്ട്.
വല്ലജോലിയും ചെയ്ത് ജീവിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍
എല്ലാര്‍ക്കുമൊന്നേ വേണ്ടൂ, എന്റെയീശരീരത്തെ.
നാട്ടില്‍ ഞാനത്രയ്ക്കങ്ങോട്ടറിയപ്പെട്ടില്ലേലും
കൂട്ടിനന്നാളുണ്ടായി, ജോലിയില്‍ തിരക്കായി.
പട്ടിണിമാറി, പിള്ളേര്‍പഠിച്ചുവലുതായി
പട്ടണമൊരുപേരിട്ടെനിയ്ക്ക്, 'നിശാഗന്ധി'.
അന്നൊക്കെയെന്നെത്തേടി കാറിലെത്തിടും വീടിന്‍-
മുന്നിലാളുകള്‍, ഇപ്പോഴത്രയ്ക്ക് തിരക്കില്ല.
ഇന്ന്, ഞാന്‍ മൊബൈലിലെ അഡ്രസ്സില്‍ ഓട്ടോയേറി-
ചെന്നാണ്, നാളെപ്പോക്ക് കാല്‍നടയായിട്ടാവാം.
ഇല്ലെനിയ്ക്കൊരുദു:ഖം, തൊഴിലാണിതുമെന്ന-
തല്ലാതെ, തെറ്റാണിതെന്നൊട്ടുമേ തോന്നീട്ടില്ല.
ഇല്ല, നാളെയെപ്പറ്റി ചിന്ത, കാശിനാണേലും
വല്ലോര്‍ക്കുമല്‍പം സുഖം കിട്ടുമെങ്കിലായ്ക്കോട്ടെ। അറിയാമെന്നെപ്പോലെയുള്ളവര്‍ വിസ്മ്രിതിയില്മറയും, തീരാരോഗബാധയില്‍, ദാരിദ്ര്യത്തില്പറയും തള്ളിയെന്നെ, ഞാന്വളര്ത്തിയോര്പോലുംമരണം വരുമ്പോളും തിരിഞ്ഞ്‌നോക്കില്ലെന്നും..
ഇന്നലെയുറക്കത്തിലെപ്പൊഴോ നീ വന്നെന്നെ
ചന്ദനക്കുളിര്‍ത്തൈലം പൂശുന്നതായിത്തോന്നി.
പിന്നെ, ഞാനുണര്‍ന്നപ്പോള്‍, എങ്ങിനെയറിയില്ലാ-
സുന്ദരസുഗന്ധമെന്‍ മുറിയില്‍തങ്ങി നിന്നൂ.
ഒത്തിരിനാളായല്ലോ കണ്ടിട്ട് ഞാനെന്‍ പ്രിയ-
മുത്തിനെ, സ്വപ്നങ്ങളില്‍ വരാറുണ്ടെന്നുമവള്‍.
കത്തുന്നഹൃത്തിലവള്‍ കുറിച്ച സന്ദേശങ്ങള്‍
എത്തിയ്ക്കുവാന്‍ താരകള്‍ കണ്ണിറുക്കിക്കാട്ടുന്നു.
എന്ത് നേടുവാന്‍, മരുഭൂവിലീ ഹോമാഗ്നിയില്‍
വെന്തുരുകുമ്പോള്‍, ഞാനെന്‍ സ്വപ്നങ്ങളര്‍പ്പിച്ചിട്ട്?
എന്ത് ബാക്കിയായീടും ദിനങ്ങള്‍ കൊഴിയവേ
എന്തസംബന്ധം, ഇതോ ജീവിതം? അറിയില്ല.
തന്ത്രികള്‍പൊട്ടി, നാദം നിലച്ച വെറുമൊരു
തമ്പുരു, യിനിയെന്നില്‍ രാഗങ്ങളുയരില്ല.
തങ്കക്കിനാക്കള്‍ എന്നേ പടിയിറങ്ങിപ്പോയോ-
രങ്കണമിതിലാരും വിരുന്ന് വരാനില്ല.
ഏകനായ്, വടക്കിനിക്കോലായിലിരിയ്ക്കവേ
ശോകമെന്‍സ്വന്തം, ബന്ധുവായിയെന്‍ മിഴിനീരും.
മൂവന്തിനേരത്തന്ന് മഞ്ഞലക്കുളിര്‍പോലെ
നീവന്നു, നിലാവിന്റെ നനുത്ത ചിറകേറി.
എന്നില്‍നീ നിറഞ്ഞല്ലോ സാന്ത്വനസ്പര്‍ശംപോലെ;
എന്നുള്ളിലുയര്‍ന്നല്ലോ സിന്ധുഭൈരവീരാഗം.
അന്നോളമറിയാത്തോരഭൗമസുഹൃദ്ബന്ധം
തന്നു നീ, സഖേ, നിന്നെയൊന്ന് ഞാന്‍ നമിച്ചോട്ടെ!
ഇന്നലെ, ചെമ്പനീര്‍പൂക്കള്‍പറഞ്ഞു, നീ
വന്നിടും സ്വപ്നത്തിലെന്ന്, മെല്ലെ.
പിന്നെ, ഉറങ്ങാന്‍കിടന്നെങ്ങിലും നിദ്ര
വന്നില്ലതിനാലേ സ്വപ്നങ്ങളും..
എപ്പോഴോ, നിന്നെയോര്‍ത്തോര്‍ത്ത് കിടക്കവേ
ഇപ്പുലര്‍വേളയും വന്നണഞ്ഞൂ.
അല്‍പംനിരാശതയെന്നുള്ളില്‍ബാക്കി-
അതിപ്പോഴുമുണ്ടെന്റെയോമലാളേ..
അല്ലെങ്കില്‍; കണ്ണൊന്നടച്ചാല്‍ മനസ്സിന്റെ
ചില്ലയില്‍, പൂത്തോരുകൊമ്പിലെ കൂടിന്റെ-
യുള്ളിലിരിയ്ക്കുന്ന നിന്നോട് കൊഞ്ചുവാന്‍
ഇല്ലാത്തസ്വപ്നങ്ങള്‍ കൂട്ടെനിയ്ക്കെന്തിന്?
ഇല്ലേ, നിനക്കൊന്നുമെന്നോട് ചൊല്ലുവാ-
നില്ലേ? , വെറുംമുളംതണ്ടായിരുന്നെന്നെ
പുല്ലാങ്കുഴലാക്കി, പാതയോരത്തെപ്പാഴ്-
കല്ലായിരുന്നെന്നെ വൈഢൂര്യമാക്കി നീ.
പിന്നെ, സ്വപ്നങ്ങള്‍തന്‍ നീലക്കയങ്ങളി-
ലെന്നെ മറന്നു ഞാന്‍ നീന്തിയൊഴുകവേ..
കണ്ണില്‍, നിലാവിന്റെ തൂവല്‍ത്തലോടലോ-
ടിന്നുമെന്‍ചാരെ നീ നില്‍പ്പതറിവൂ ഞാന്‍
നിന്‍നാവില്‍നിന്നൂര്‍ന്ന സ്നേഹവചസ്സുകള്‍
എന്‍മാനസത്തില്‍ തിരികളൊരായിരം
പൊന്‍നാളമായ്‌തെളിയുന്നെന്റെയോമലേ-
യെന്നാണ് നാമിനിയൊന്നായിമാറുക ?