Tuesday, October 30, 2018

കുരുത്തോല നിറമുള്ള 30.10.2017


കുരുത്തോല നിറമുള്ള കുഞ്ഞാത്തോല്
=====================================
“കുരുത്തോല നിറമുള്ള കുഞ്ഞാത്തോലേ
എന്ത് തമ്പ്രാട്ടിക്ക് വേണം ചൊല്ലൂ..“
“ഒന്നുമെനിക്കിന്ന് വേണ്ടാ, ചാത്താ
അക്കരെ കൊണ്ടോയി വിട്ടാ മതി.“
“കാലു വഴുക്കാതെ എന്റെ കൊച്ചു
തോണിയിൽ കേറുമോ കുഞ്ഞാത്തോലേ?“
“കയ്യിന്മേലൊന്നു പിടിക്ക് ചാത്താ..”
“അയ്യയ്യോ തീണ്ടില്ലേ കുഞ്ഞാത്തോലേ?”
“വീണാലോ പൊക്കിയെടുക്കേണ്ടേ നീ?
അപ്പോഴും തീണ്ടലാവില്ലേ, ചാത്താ..?”
കുഞ്ഞാത്തോൽ ചാത്തന്റെ കൈപിടിച്ചു
തോണിയിലേറി, പുഴകടക്കാൻ
പിറ്റേന്ന് ചാത്തന്റെ ചത്ത ദേഹം
പന്മനയാറ്റിലൊഴുകിക്കണ്ടു.
കയ്യിലും, കാലിലും, മെയ്യിലാകെ
നീലിച്ച, ചോരച്ച പാടു കണ്ടു.
കുഞ്ഞാത്തോലെ പിന്നെ കണ്ടില്ലാരും
പ്രാന്തായി, തൂങ്ങിച്ചത്തെന്നു കേട്ടു.
പന്മനയാറ്റിൽ, നിലാവിലിന്നും
രണ്ടുപേർ തോണിയിൽ പോണകാണാം
ഒന്നു വെളുത്തൊരു കുഞ്ഞാത്തോലും
മറ്റേത് ചാത്തനുമായിരിക്കാം
നീറ്റിലങ്ങിങ്ങായ് കുരുത്തോലയും
തെച്ചിപ്പൂവും കാണാം, എന്ന് കേൾപ്പൂ
=========================

ആദിത്യഹൃദയം 30.10.2017

Adv Kuttan Gopurathinkal
October 30, 2017 at 6:41 PM ·
ആദിത്യഹൃദയം.
===========
വളരെയേറെ ശക്തിയുള്ള ഒരു മന്ത്രമാണ് ആദിത്യഹൃദയം.
ഇത് എഴുതി കൈവശം സൂക്ഷിക്കുകയോ,
ദിവസവും രാവിലെയും, സൌകര്യം കിട്ടുമ്പോഴൊക്കെയും,
ജപിക്കുകയോ ചെയ്യുന്നയാളെ പരാജയപ്പെടുത്താനാവില്ലത്രേ.
മാത്രവുമല്ല, പരാജയപ്പെടുത്തന്നെത്തുന്നവരെ ജയിക്കാനും ആവുമത്രേ..
(ബേങ്കിൽ ജോലിയുള്ള കുറേപ്പേർ‍ , ചതിയിൽ തോൽപ്പിക്കാൻ വരുന്നവരിൽ‍ നിന്നും രക്ഷനേടാൻ
എന്നും രാവിലെ ഈ മന്ത്രം ഉരുവിട്ടശേഷമേ പേനയെടുത്ത് ജോലി തുടങ്ങാറുള്ളൂ എന്നറിയാം.)
.
രാമ രാവണയുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുമ്പോൾ,
ശ്രീരാമൻ‍ ഏറെ അസ്ത്രങ്ങൾ‍ അയച്ചിട്ടും, അവ ലക്ഷ്യം കണ്ടിട്ടും,
ദിവസങ്ങൾ‍ കഴിഞ്ഞിട്ടും, രാവണൻ‍ ‘വീഴു‘ന്നില്ല.
ഈ സമയം, അഗസ്ത്യൻ‍ , (ഇദ്ദേഹം യുഗങ്ങളിലൂടെ സഞ്ചരിക്കുന്നു )
അവിടെ എത്തുകയും; സൂര്യവംശജാതനായ ശ്രീരാമൻ ഒരിക്കല്‍പ്പോലും
സൂര്യഭഗവാനെ സ്മരിച്ചില്ലെന്നും ഓര്‍മ്മിപ്പിച്ച്..ആദിഹൃദയം മന്ത്രം ഉപദേശിച്ചുവെന്നും; ആ മന്ത്രമുരുവിട്ട് അസ്ത്രങ്ങൾ ‍ അയച്ചപ്പോൾ
രാവണൻ ‘വീണു‘ എന്നും ആണ് പറയപ്പെടുന്നത്.
അറുപത്തിനാലോളം വരികളായി, രാമായണത്തിലെ യുദ്ധകാണ്ഢത്തിലെ ഈ വരികൾ പതിനൊന്നായി ചുരുക്കിയിട്ടുണ്ട്.
ഈ മന്ത്രത്തിലെ ചില പദളുടെ ആവര്‍ത്തനത്താൽ ഉണ്ടാവുന്ന ശബ്ദതരംഗങ്ങളുടെ അനുരണനങ്ങളാണത്രേ ഈ ഇഫക്റ്റ് ഉണ്ടാക്കുന്നത്
എഴുതിയെടുക്കുക. ചൊല്ലുക.
.
ആദിത്യഹൃദയം
--------------------
സന്താപനാശകരായ നമോ നമ:
അന്ധകാരാന്തകരായ നമോ നമ:
ചിന്താമണേ! ചിദാന്ദായ തേ നമ:
നീഹാരനാശകരായ നമോ നമ:
മോഹവിനാശകരായ നമോ നമ:
ശാന്തായ, രൌദ്രായ, സൌമ്യായ, ഘോരായ;
കാന്തിമതാം കാന്തിരൂപായ തേ നമ:
സ്ഥാവര ജംഗമാചാര്യായ തേ നമ:
ദേവായ വിശ്വൈക സാക്ഷിണേ! തേ നമ:
സത്വപ്രധാനായ തത്വായ തേ നമ:
സത്യസ്വരൂപായ! നിത്യം നമോ നമ:
.
ഇഥമാദിത്യഹൃദയം ജപിച്ചു നീ
ശത്രുസംഹാരം വരുത്തുക, നിർ‍ണ്ണയം.
==========================

ആദ്യദർശനം 30.10.2012

Friday, October 26, 2018

ഹിന്ദോളം 26.10.2015

അനുരാഗം മല്ലിക 26.10.2012

ഊർജ്ജതഞ്രം 26.10.2015

October 25, 2015 at 4:54 PM ·
ഊര്‍ജ്ജതന്ത്രം. .. (ഫിസിക്‍സ് )
========================
അവളുടെ കണ്ണുകളിലെ ഒരൊറ്റ പ്രകാശകണികയ്ക്ക്
സെക്കന്‍ഡിൽ‍ രണ്ടുലക്ഷത്തി തൊണ്ണൂറ്റൊന്‍പതിനായിരം
കിലോമീറ്ററിൽ കൂടുതൽ വേഗതയുണ്ടായിരുന്നു..
അവിടേയ്ക്കെത്താൻ‍ പ്രകാശവർ‍ഷങ്ങൾ‍ തന്നെ വേണ്ടിവരുമെന്നും,
അത്രയും വേഗം ആര്‍ജ്ജിക്കാൻ തനിക്കൊരിക്കലുമാവില്ലെന്നും;
എത്തിയാൽ‍ തന്നെ, പണ്ടെങ്ങോ ജ്വലിച്ചു പൊലിഞ്ഞ
ആ കണികയെ കാണാൻ‍ കഴിയില്ലെന്നും മനസ്സിലാക്കാൻ വര്‍ഷങ്ങളുടെ വര്‍ഷങ്ങള്‍ വേണ്ടിവന്നു..
ശേഷിച്ച തന്റെ പിണ്ഢവുമായി വെളിച്ചത്തെ
എത്ര ശതഗുണീഭവിപ്പിച്ചാലും
നഷ്ടമായിക്കൊണ്ടിരുന്ന ഊര്‍ജ്ജം ഉണ്ടാക്കപ്പെടാനോ
നശിപ്പിക്കാനോ കഴിയില്ലെന്നത്, പിന്നീട്, വളരെ വൈകിയാണ് മനസ്സിലായത്
അനാദിയായ കാലത്തിന്റെ അനസ്യൂതമായ അകൽച്ചയിൽ
പിന്നീടൊരിക്കലും കണ്ടുമുട്ടാനിടയില്ലാതെ അകന്നപ്പോൾ
അതും, ഊര്‍ജ്ജതന്ത്രത്തിന്റെ ഒരനിവാര്യതയായി..
=========================

Thursday, October 25, 2018

ഒടുവിൽ 25 10 2012

റൂമി 25.10.2017

അമ്മമലയാളം 2210.2017

Adv Kuttan Gopurathinkal
October 22, 2017 at 8:57 AM ·
അമ്മമലയാളം
------------------------
തൊട്ടുമുന്‍പിലുള്ള തലമുറയില്‍പ്പെട്ടവരുടെ സ്കൂള്‍ വിദ്യാഭ്യാസകാലമൊന്ന് ആലോചിച്ചുനോക്കൂ.. നിയതമായ ഒരു പാഠ്യപദ്ധതിയുണ്ടായിരുന്നതിനാല്‍ പഠനം രസകരവും, വിജ്ഞാനപ്രദവും ആയിരുന്നു. പഠിക്കാനും, പഠിപ്പിക്കാനും താത്പര്യമുള്ളവരായിരുന്നതിനാല്‍..
അക്ഷരങ്ങള്‍ അന്ന് തലയിലേയ്ക്കും, ഹൃദയത്തിലേയ്ക്കും കയറിയിരുന്നു. പാഠ്യവിഷയങ്ങളല്ലാതെ വായിക്കാനും, അറിയാനും, ആസ്വദിക്കാനും ആ പഠനം വഴിതെളിച്ചു. അക്ഷരങ്ങളുടെ ജാലവിദ്യകളും, അവ നല്‍കുന്ന സാന്ത്വനങ്ങളും മനസ്സിലാക്കാനായി. പുസ്തകങ്ങള്‍, (ലോക ക്ലാസ്സിക്കുകളടക്കം) കാവ്യങ്ങളും ഒക്കെ വായിച്ച് രസം എന്ന ആ മാനസികനില എത്താനായി..
പിന്നീടാണ് പരിഷ്ക്കാരങ്ങള്‍ വരാന്‍ തുടങ്ങിയത്. അതോടെ സാഹിത്യം പഠിക്കപ്പെടേണ്ട ഒരു വിഷയമല്ലാതായി. മലയാളത്തില്‍ വൃത്താലങ്കാരങ്ങളും, വ്യാകരണങ്ങളും പുറത്തായി. പത്താംതരം പാസ്സാകാന്‍. “പശു“ എന്ന ഉത്തരത്തിനു “പട്ടി“ എന്നോ, “പന്നി” എന്നെഴുതിയാലും, “പ“ ഉള്ളതിനാല്‍ പകുതിമാര്‍ക്ക് കിട്ടുമെന്നായി. അതോടെ ഭാഷ ആസ്വദിക്കാനുള്ള ആ ഭാഗ്യം ഒരു തലമുറയ്ക്ക് നഷ്ടമായി..
എത്രകുട്ടികള്‍ക്ക് മലയാളകവിത അറിയാം. ഉള്ളൂരിനെ, ആശാനെ, വള്ളത്തോളിനെ, വെണ്മണികളെ, കുഞ്ഞിരാമന്‍ നായരെ..?
തകഴിയെ?, എം ടിയെ?, ഉറൂബിനെ?, മുകുന്ദനെ?, വിജയനെ?,
പേരുകള്‍ ഒരുപാടുണ്ട്.. സിനിമകൊണ്ട് ഓ എന്‍ വി യും, വയലാറും, കേമ്പസ്സുകൊണ്ട് അയ്യപ്പനും, ചുള്ളിക്കാടും, കാട്ടാക്കടയും രക്ഷപ്പെട്ടു..
പാഠ്യപദ്ധതിരൂപീകരിച്ച എമ്പോക്കികള്‍ സ്വാര്‍ത്ഥതാത്പര്യം‌മൂലം വരും‌തലമുറകളുടെ ആസ്വാദനശേഷി നശിപ്പിച്ചു. ഇന്ന് സ്കൂളില്‍ വ്യാകരണമോ, വൃത്താലങ്കാരങ്ങളോ, സാഹിത്യമോ പഠിക്കേണ്ട. ആയതിനാല്‍ത്തന്നെ സ്വന്തം പേരോ അഡ്രസ്സോപോലും തെറ്റുകൂടാതെ എഴുതാനറിയാത്ത പത്താംക്ലാസ്സുപാസ്സായവര്‍ ഉണ്ടാവുന്നു..!
സാഹിത്യാസ്വാദനശേഷിയില്ലാത്ത ഒരു തലമുറ, ലജ്ജാവതിയിലും, ജിമിക്കിക്കമ്മലിലും തൂങ്ങിനില്‍ക്കുന്നു..!!
അമ്മമലയാളം കരയുന്നു..

============================