Tuesday, January 29, 2019

ആറുവയസ്സുള്ള പെൺകുട്ടി 29.01.2019

ആറുവയസ്സിള്ള പെൺകൂട്ടി.
==========================
കൂടിയിരുന്നവരുടെയിടയിൽക്കൂടി, ഒരാൺകുട്ടിയേക്കാൾ കുസൃതികാണിച്ചു നടന്നിരുന്ന അവളെ എല്ലാവരും ശ്രദ്ധിച്ചു. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ഇവൾക്കൊരു ഡോസു കൊടുക്കണം. അവളെ അരികിൽ വിളിച്ചു.. ചേർത്തുനിറുത്തി. അവൾ അനുസരണയോടെ ചേർന്നുനിന്നു
“മോളു ഈ മുത്തശ്ശനെ അറിയോ?”
“ഓ അറിയാം. കുട്ടേട്ടനല്ലേ?”
“അത് മറ്റുള്ളോർക്ക്. . നിനക്ക് ഞാൻ മുത്തശ്ശൻ. ആട്ടേ മുത്തശ്ശനൊരു കാര്യം പറഞ്ഞാ ആരോടെങ്കിലും പറയോ?”
“”ഏയ് ഇല്ലാ. ആരോടും പറയില്ല..
“ഉറപ്പ്?”
“ഉറപ്പ്.”
ചെവിയിൽ സ്വകാര്യമായി പറഞ്ഞു.
“മുത്തശ്ശനു മോളെ നല്ല ഇഷ്ടാ..”
“എത്ര ഇഷ്ടം..?”
“ഒരാനത്തലയോളം ഇഷ്ടം..”
കുട്ടി ഒന്ന് പകച്ചു. ഒരാനത്തല എത്രത്തോളം ഉണ്ടെന്ന് മനസ്സിൽ ആലോചിക്കയാവാം..
“കുട്ടിക്ക് മുത്തശ്ശനെ ഇഷ്ടാ?”
“ഇഷ്ടാ..”
“എത്രത്തോളം..”
അതിലവൾ കുടുങ്ങി. ആനത്തലയേക്കാൾ വലുതേതെന്ന് ആ കുഞ്ഞുമനസ്സ് ആലോചിക്കാൻ‌തുടങ്ങി.. ഒരു മിനിറ്റ്...
ഉടനേ ഉത്തരം വന്നു..
“ഗാന്ധിജിയോളം..!”
.
ഇത്തവണ കിടുങ്ങിയത് ഞാനാ..
അവൾ പിടിവിടുവിച്ച് പാറിപ്പോയി..
.

വളരാത്ത കുട്ടികൾ 29.01.2019

അവൾ എത്ര അകലെ 29.01.2014

Monday, January 28, 2019

നമുക്ക് അക്ഷരങ്ങളാവാം 28.01.2016

കണ്ണാ .! 28.01.2019

പുല്ലാഞ്ഞിമൂർഖൻ 28.01.2017

പനിനീർമലരിന്റെ ഭാഗ്യം 28.01.2016

ഭീമൻ 28.01.2017

Adv Kuttan Gopurathinkal
January 28, 2017 at 1:42 AM ·
ഭീമൻ
=====
ദ്രൌപദീ!, പൊത്തുന്നു ഞാനെന്റെകണ്ണുകൾ ; തീരാ-
ശാപമിക്കാഴ്ചകാണാൻ ശക്തിയീഭീമന്നില്ല
വേപഥുപൂണ്ടഞ്ചുപേർ നിസ്സഹായരായ് നിൽക്കുന്നൂ,
താപാശ്രുധാരയ്ക്കൊപ്പം രക്തബിന്ദുക്കൾ വീഴ്കെ **

നേർത്തവസ്ത്രത്താൽ തീർത്ത ചുറ്റുകളഴിയവേ
കൂർത്തകണ്മുനകൾ നിൻ മേനിയെക്കൊത്തിക്കീറി.
ആർത്തട്ടഹസിപ്പൂ തൻമീശതടവിത്തിന്മ
ചീർത്ത ഊരുവെക്കാട്ടിത്തലോടി, ത്താളംകൊട്ടി

ഓർത്ത്‌നോക്കുമോ,നീയെൻ ജ്യേഷ്ഠനെപ്പുണരുമ്പോൾ
പാർത്ഥനായിരുന്നില്ലേ നിൻ മനോരഥത്തിങ്കൽ ?
കാത്ത്‌ ഞാനിരുന്നൂ എന്നൂഴവും നോക്കി നിന്റെ
മൂർത്തമോഹപ്പൂക്കളെ കൊണ്ടുവന്നർപ്പിയ്ക്കുവാൻ

കണ്ണനെ വിളിയ്ക്കൂ നീ; കരയൂ മറ്റാർക്കുമീ
മണ്ണിലിത്തരുണത്തിൽ രക്ഷനൽകാനാവില്ല.
കണ്ണീരുതുടച്ചീടാം, കാർകൂന്തൽകെട്ടീടാം ഞാൻ
പിന്നെ, യിവനെക്കൊന്നാ രക്തത്തിൽ കൈകൾമുക്കി.
ദ്രൗപദീ, പൊത്തുന്നു ഞാനിപ്പൊഴെന് കണ്കൾ , വയ്യാ
പാപമിക്കാഴ്ചകാണാൻ ഭീമന്ന് ശക്തിയില്ല.
-----------------------------------------------
** വസ്ത്രാക്ഷേപസമയത്ത് പാഞ്ചാലി രജസ്വലയായിരുന്നുവത്രെ..
*******************************

മനുഷ്യർ മാറിപ്പോയീ, കാലവും മാറീ, യിന്ന്
മനസ്സിൽ കാമിക്കുന്നൂ, പാഞ്ചാലി ദുശ്ശാസനെ !
തനിച്ചിരിക്കുംനേരം കാണാനും, കൊഞ്ചീടാനും
നിനച്ചിടാറുണ്ടവള് പുണരാന് താലോലിക്കാൻ !!

Monday, January 21, 2019

ദേവീ 21.01.2013

അഹല്യ 21.01.2017

Kuttan Gopurathinkal
21 January 2017 at 20:06 

അഹല്യ
======
ശിലയായിവിടെക്കിടന്നു ഞാൻ
പലനാൾ, നീ വരുമെന്നൊരാശയാൽ 
ഉലകിന്നുടയോനൊരാളു നീ-
യലിവോടെന്നിൽ പദങ്ങൾ ഊന്നിടും

വിറയാർന്നവപുസ്സൊടന്നു ഞാൻ
തറയിൽക്കൂനിയിരുന്നുപോയ് സ്വയം
അറിവോടൊരു തെറ്റുചെയ്തതി-
ല്ലറിയില്ലാ, മുനിവര്യനക്കഥ?

ഒരു മുഷ്ടിയുയർത്തി മാമുനീ
തിരികൾ കൺകളിൽ കത്തി, കണ്ടു ഞാൻ
ഒരുശാപമുയർന്നു പാറയായ്
മരുവൂ നിന്നിടെ ശിഷ്ടജന്മവും

കനിവാർന്നൊരു ശാപമോചന-
ത്തിനു ഞാൻ കേണതു കേട്ടു മാമുനി
വനവീഥിയിൽ രാമനെത്തി നിൻ
തനുവിൽ കാൽനഖമാഴ്ന്നിടും വരെ

വിഗണിക്കുവതല്ല കാല മീ-
യഗതിക്കില്ലൊരു ശാപമോക്ഷവും?
യുഗമെത്ര കടന്നുപോയി, ഹാ!
ജഗദംബേ! യവനെന്നു വന്നിടും?
====================================

കിളിയൊഴിഞ്ഞ കൂട് 21.01.2016

സുവർണ്ണകപോതം 21.01.2016