Wednesday, January 9, 2019

ശ്രീ അയ്യപ്പാ ചിക്കൻ സ്റ്റാൾ 09.01.2019

ശ്രീ അയ്യപ്പ ചിക്കൻ സ്റ്റാൾ
===================
കഴിഞ്ഞവർഷം, സുഹൃത്തായ കവയത്രി വിളിച്ചു.
"എന്റെ ആദ്യപുസ്തകത്തിന്റെ പ്രകാശനമാണ്, വരുന്ന ഞായറാഴ്ച്ച, തൃശ്ശൂർ സാഹിത്യ അക്കാദമിഹോളിൽ
വയലാർ ശരത്ചന്ദ്രവർമ്മയാണത് നിർവഹിക്കുന്നത്.
കുട്ടേട്ടൻ എന്തായാലും വരണം.
ചെന്നു.
കുറേ കവികളുണ്ടായിരുന്നു. പേരുകേട്ടവരും, അത്ര കേൾക്കാത്തവരും.
പ്രകാശനം നടന്നു. ഗംഭീരമായിരുന്നു.
അച്ഛന്റെ പ്രസംഗത്തോളം വരില്ല, മകന്റെ.
ഞാനക്കാര്യം ശരത്തിനോട് പറയുകയുംചെയ്തു.
പിന്നെ, കവികൾ സ്വന്തം കവിതകൾ ചൊല്ലുന്ന പരിപാടി.
ആദ്യമായി, കേമ്പസ്സുകളുടെ ഹരമായ യുവകവിയാണ്.
തലയിലൊരു ടവ്വൽക്കെട്ടുമായി അദ്ദേഹം സ്റ്റേജിൽക്കയറി, മൈക്ക് ശരിയാക്കി, തുടങ്ങി...

“ശ്രീ അയ്യപ്പ ചിക്കൻ സ്റ്റാൾ
എന്റെ വീടിന്നുമുന്നിൽ ഒരു ചിക്കൻ സ്റ്റാൾ ഉണ്ടായിരുന്നു.
ശ്രീ അയ്യപ്പ ചിക്കൻ സ്റ്റാൾ.
ഒരു ചിക്കൻ സ്റ്റാളിനു
എന്തുകൊണ്ടാണാ പേരെന്നത് എനിക്കജ്ഞാതമാണ്.
(എന്നിട്ട്, എന്റെ വീടിന്റെ.. മുതൽ ആവർത്തിക്കുന്നു..)
രാവിലെമുതൽ കോഴികളുടെ കുറുകലും, കൂവലും, പിടച്ചിലും..
ആവശ്യക്കാരുടെ പോക്കും, വരവും....”

രാവിലെ തിന്ന ഇഡ്ഡലിയും വടയും, അടിവയറ്റിൽ ഉരുണ്ടുകൂടി, ഒരു ഛർദ്ദിലിന്റെരൂപത്തിൽ പുറത്തേക്കുവരാൻ ശ്രമിക്കുന്നപോലെ തോന്നി.
എഴുന്നേറ്റ്, ഗ്രന്ഥകർത്രിയോട് ടാറ്റാ കാട്ടി ഞാൻ പുറത്തേയ്ക്കോടി.
ശരണമയ്യപ്പാ..!
ഹോളിൽ അപ്പോഴും നിരാശ്രയരായ കോഴികളുടെ
മലയാളത്തിലുള്ള കരച്ചിൽ ഉയരുന്നുണ്ടായിരുന്നു..
.
.

No comments:

Post a Comment