Tuesday, January 28, 2020

ഭീമൻ 28.01.2017


Adv Kuttan Gopurathinkal
January 28, 2017 at 1:42 AM ·

ഭീമൻ
=====
ദ്രൌപദീ!, പൊത്തുന്നു ഞാനെന്റെകണ്ണുകൾ ; തീരാ-
ശാപമിക്കാഴ്ചകാണാൻ ശക്തിയീഭീമന്നില്ല
വേപഥുപൂണ്ടഞ്ചുപേർ നിസ്സഹായരായ് നിൽക്കുന്നൂ,
താപാശ്രുധാരയ്ക്കൊപ്പം രക്തബിന്ദുക്കൾ വീഴ്കെ **

നേർത്തവസ്ത്രത്താൽ തീർത്ത ചുറ്റുകളഴിയവേ
കൂർത്തകണ്മുനകൾ നിൻ മേനിയെക്കൊത്തിക്കീറി.
ആർത്തട്ടഹസിപ്പൂ തൻമീശതടവിത്തിന്മ
ചീർത്ത ഊരുവെക്കാട്ടിത്തലോടി, ത്താളംകൊട്ടി

ഓർത്ത്‌നോക്കുമോ, നീയെൻ ജ്യേഷ്ഠനെപ്പുണരുമ്പോൾ
പാർത്ഥനായിരുന്നില്ലേ നിൻ മനോരഥത്തിങ്കൽ ?
കാത്ത്‌ ഞാനിരുന്നൂ എന്നൂഴവും നോക്കി നിന്റെ
മൂർത്തമോഹപ്പൂക്കളെ കൊണ്ടുവന്നർപ്പിയ്ക്കുവാൻ

കണ്ണനെ വിളിയ്ക്കൂ നീ; കരയൂ മറ്റാർക്കുമീ
മണ്ണിലിത്തരുണത്തിൽ രക്ഷനൽകാനാവില്ല.
കണ്ണീരുതുടച്ചീടാം, കാർകൂന്തൽകെട്ടീടാം ഞാൻ
പിന്നെ, യിവനെക്കൊന്നാ രക്തത്തിൽ കൈകൾമുക്കി.

ദ്രൗപദീ, പൊത്തുന്നു ഞാനിപ്പൊഴെൻ കണ്കൾ , വയ്യാ
പാപമിക്കാഴ്ചകാണാൻ ഭീമന്ന് ശക്തിയില്ല.
-----------------------------------------------
** വസ്ത്രാക്ഷേപസമയത്ത് പാഞ്ചാലി രജസ്വലയായിരുന്നുവത്രെ..
*******************************

മനുഷ്യർ മാറിപ്പോയീ, കാലവും മാറീ, യിന്ന്
മനസ്സിൽ കാമിക്കുന്നൂ, പാഞ്ചാലി ദുശ്ശാസനെ !
തനിച്ചിരിക്കുംനേരം കാണാനും, കൊഞ്ചീടാനും
നിനച്ചിടാറുണ്ടവള് പുണരാൻ താലോലിക്കാൻ !!
------------------------------------------------

No comments:

Post a Comment