Sunday, February 16, 2020

അപ്പോ ഞാൻ ഇറങ്ങട്ടേ 16.02.2020

Adv. Kuttan Gopurathinkal
16.02.2020 .. 11:45

അപ്പോ..
ഞാനിറങ്ങട്ടെ..
=============
ഇനി, എനിക്കൊരു യാത്രപോകാനുണ്ട്
ഒരിക്കലും തിരിച്ചുവരാനിടയില്ലത്ത ഒരു യാത്ര
പടിയിറങ്ങുന്നത് അമ്മ അറിയരുത്.
ബാല്യ, കൌമാര, യവ്വനദശകളിലെ
എന്റെ വീഴ്ച്ചകളിൽനിന്നൊക്കെ
എന്നെ കൈപിടിച്ചുയർത്തിയ എന്റെ അമ്മ
ഈയുള്ളവൻ ആരൊക്കെയോ ആയിപ്പോയാൽ
എങ്ങിനെയൊക്കെ അഭിമാനപുളകിതയാവണം
എന്ന് സ്വപ്നംകണ്ട എന്റെ പാവം അമ്മ
അവരീ യാത്രയെപ്പറ്റി അറിയരുത്.

പ്രാണനോളം സ്നേഹം
കാച്ചിക്കുറുക്കിയരൂപത്തിൽ ഉള്ളിലുണ്ടെങ്കിലും,
അതിലൊരിറ്റുപോലും പുറത്തുകാണരുതെന്ന്
മസിലും കയറ്റിപ്പിടിച്ചുനടന്നിരുന്ന,
ഞാനൊരു തികഞ്ഞപരാജയമാണെന്ന്
നേരത്തേ അറിഞ്ഞ, ഒരച്ഛൻ
അകത്തെവിടെയോ
അബോധാവസ്ഥയിലെന്നോണം
മയങ്ങിക്കിടപ്പുണ്ടാവും.
അദ്ദേഹമിതറിയുന്നതും, അറിയാത്തതും
ഒരുപോലെയാണല്ലോ..

പിന്നെയൊരാളുള്ളത്
എന്റെ ആത്മാംശമെന്ന് തെറ്റിദ്ധരിച്ചയാളാണ്.
വീൺ‌വാക്കുപോലുള്ള വാഗ്ദാനങ്ങളും,
പ്രതിജ്ഞകളും,
കണ്ണീർമണവും, രുചിയുമുള്ള വാക്കുകളും തന്ന
എന്റെ ആരോമലാൾ
ബാധ്യതയൊഴിഞ്ഞപോലെ
അവളൊരുപക്ഷേ ആശ്വസിച്ചേക്കും.
മനസ്സിൽ മരുഭൂമികളുണ്ടാവുന്നതെങ്ങിനെയെന്ന്
എന്നെ മനസ്സിലാക്കിത്തന്ന
എന്റെ ആരോമലാൾ....
അവളും ഇതറിയണ്ട

അപ്പോ..
ഞാനിറങ്ങട്ടെ..

No comments:

Post a Comment