Friday, September 28, 2007
അന്നപൂര്‍ണ്ണേ
അന്നപൂര്‍ണ്ണേ തൊഴുകയ്യുമായ് ഞാന്‍ നിന്റെ
സന്നിധി തേടിവന്നല്ലോ
എന്നുമെനിക്കക്ഷരങ്ങളും അന്നവും
തന്നു കാത്തീടേണമമ്മേ
ഇന്നെന്റെയുള്ളില്‍ വിളങ്ങുന്നതെല്ലാം നീ
തന്നതല്ലാതെ വേറില്ല
ഇന്നെന്റെ മുന്നിലെ പാത്രത്തിലുള്ളതും
തന്നത് നീ മാത്രമല്ലോ
കണ്ണീരു വീഴ്ത്താനിടവരാതെന്‍ ഇരു
ഉണ്ണികളെക്കാത്തിടേണം
കണ്ണില്‍ക്കരിന്തിരി കത്തുംവരെ നിന്റെ
കണ്ണുകള്‍ എന്‍ നേര്‍ക്കു വേണം
Thursday, September 27, 2007
ശാരികേ
ശാരികേ, തേന്മാവിന്റെ ചെറുചില്ലകള്‍വിട്ടെന്‍
ചാരത്തണഞ്ഞാലും നീ കാകളിയീണംമൂളി
തോരാത്ത ദു:ഖ്ങ്ങള്‍തന്‍ കണ്ണുനീര്‍മഴനന-
ഞ്ഞീറന്‍മനസ്സോടല്ലോ ഞാന്‍ തനിച്ചിങ്ങു നില്‍പൂ
ഓമനേ, നിനക്കേകാം പുന്നെല്ലിന്‍മണികളും
പൂമധുവൂറും ചെറു പഴങ്ങള്‍, നറും തേനും
താമസം വേണ്ട; അല്‍പ വിശ്രമം, പിന്നെ പുതു-
വ്യോമതീരങ്ങള്‍ തേടി പറന്നു പൊയ്ക്കോളൂ നീ
നീയടുത്തണയുകില്ലെങ്കിലീ ചെറുമുല്ല-
പ്പൂവിന്റെ സുഗന്ധത്തെ എങ്ങിനെയറിയാന്‍ ഞാന്‍
നീയെന്റെ മടിയിലില്ലെങ്കില്‍ ഞാന്‍ നിലാവിന്റെ
ശീതള സ്പര്‍ശങ്ങളെ എങ്ങിനെയണിഞ്ഞീടും
Wednesday, September 19, 2007
കഴിയുമോ...
അകതാരില്‍ നാം മാത്രമായിരുന്നൂ എത്ര-
യകലെയിരുന്നാലു, മോര്‍മയില്ലേ?
അകലാന്‍കഴിയില്ലൊരിക്കലുമെന്നുനാം
അറിയാതഹങ്കരിച്ചെത്ര കാലം!
നിഴല്‍വീണ സന്ധ്യ, നിലാവുള്ളരാത്രികള്‍,
മഴപെയ്ത് തോര്‍ന്ന പുലരികളും
ഒഴുകുമീ പുഴയുടെയോളങ്ങളും നമ്മി-
ലിഴചേര്‍ത്ത മധുരാനുഭൂതികളും.
എഴുതാന്‍മറന്നൊരാ പ്രണയാഭിലാഷങ്ങള്‍
മിഴിനീരില്‍ മാഞ്ഞുപോയെന്നിരിയ്ക്കാം
കഴിയുമോ?, എന്നെ മറക്കുവാനീജന്മം
മുഴുവന്‍ശ്രമിച്ചാലുമെന്നോമനേ
Monday, September 17, 2007
ഉണ്ണിക്കണ്ണാ
കണ്ണുകള്‍ക്കുള്‍ക്കാഴ്ചയേകുവാന്‍ കാര്‍മുകില്‍-
വര്‍ണ്ണാ, നിന്‍ ദര്‍ശനമുണ്ടാവണം
കാതുകള്‍ ഗാനാമൃതം ശ്രവിച്ചീടുവാന്‍
കോലക്കുഴലിന്റെ നാദം വേണം
ജന്മങ്ങളേറെ കടന്നു ഞാനിങ്ങെത്തി
നിന്മേനിയെന്നും കണികാണുവാന്‍
എന്നുള്ളില്‍ ആത്മഹര്‍ഷങ്ങളുണര്‍ത്തുവാന്‍
എന്നുമെന്നോടൊപ്പമുണ്ടാവണം
വെണ്ണ നേദിക്കാനെന്‍ കയ്യിലില്ലാ നിന്നെ-
വര്‍ണ്ണിക്കാന്‍ വാക്കുകളൊട്ടുമില്ല
കണ്ണാ, എനിക്കൊന്നും വേണ്ട; നീയെന്നെതൃ-
ക്കണ്ണാലിടയ്ക്കൊന്നുഴിഞ്ഞാല്‍ മതി..
--------------------------------------
ഇന്നലെ, അംബലപ്പുഴ പോയിരുന്നു.
കണ്ണനെക്കണ്ടെന്റെ കണ്‍ നിറഞ്ഞൂ
Thursday, September 13, 2007
നേരം പുലര്‍ന്നില്ല...
മഞ്ഞല പുല്‍നാമ്പിന്റെ കവിളില്‍ പ്രഭാതത്തില്‍
കുഞ്ഞുവൈഡൂര്യങ്ങള്‍തന്‍ കണങ്ങള്‍തിളക്കവേ,
തേഞ്ഞൊരു ചന്ദ്രക്കല വാനവീഥിയില്‍നിന്ന്
മാഞ്ഞുപോവുന്നൂ, നേരം ഉടനേ പുലര്‍ന്നേക്കും
മുത്തേ, ഞാന്‍ കഴിഞ്ഞാഴ്ച നിന്‍പേരിലയച്ചോരു
കത്തിന്റെ മറുപടി കിട്ടിയില്ലിന്നേവരെ
പത്ത്‌നാള്‍ കഴിഞ്ഞല്ലോ, ഇഷ്ടമായില്ലേയെന്റെ
ചിത്തത്തില്‍വിരിഞ്ഞോരാ ചെമ്പനീര്‍ പുഷ്പങ്ങളെ
ഒന്ന് കാണുവാന്‍ നിന്റെ ചെന്തളിര്‍ മുഖം; പിന്നെ
ഒന്നുരിയാടാന്‍; നിന്റെ മഞ്ജീര നാദം കേള്‍ക്കാന്‍
ഒന്നെന്റെ മാറില്‍ചേര്‍ത്ത് പുണര്‍ന്നൊരുമ്മ നല്‍കാന്‍
എന്നുള്ളില്‍ പുലര്‍കാലേ മോഹങ്ങള്‍ പൂവിടുന്നൂ
Saturday, September 8, 2007
ലയനം
എന്ത് ഞാനറിയുന്നൂ; ഈവിശ്വമാകേ നിന്റെ
ചിന്തയിലിളകിയ ഒരു കുഞ്ഞോളമല്ലെ.
മണ്‍തരിതൊട്ട് മഹാബ്രഹ്മാണ്ഡങ്ങള്‍വരെ നിന്‍
വിണ്‍ഗംഗാതീരം തൊട്ട് നമിയ്ക്കും പുല്‍നാമ്പുകള്‍
ഉള്ളതുണ്ടായിരുന്നൂ; ഉണ്ടായിരിയ്കും; എന്നാല്‍
ഇല്ലാത്തതുണ്ടായിരുന്നില്ലിനിയുണ്ടാവില്ല.
ഉള്ളവയില്ലാതാക്കന്‍; ഇല്ലാത്തതുണ്ടാക്കാനും
ഇല്ലൊരുവഴി; നിന്റെയനുവാദമില്ലാതെ.
മറുതീരങ്ങള്‍തേടിയാത്മാക്കള്‍ യാത്രയ്ക്കിടെ
ചെറിയോരിടവേള ഇവിടെത്തങ്ങീ, യെന്നാല്‍
അറിയുന്നീലയെപ്പോള്‍, എന്ന്, ഈ യാത്ര തീര്‍ന്ന്
പരമപദം പൂകി നിന്നുള്ളില്‍ ലയിച്ചീടും
--------------------------------------
ഇന്നലെ(08/09) സ്വാമി സന്ദീപ് ചൈതന്യയുടെ
ഗീതാപ്രഭാഷണം കേട്ടപ്പോള്‍ മനസ്സിലായത്
Wednesday, September 5, 2007
ഹരി, മുരളി...
ഹരി;* തന്‍ മുരളിയില്‍ 'മിയാകീ മല്‍ഹാറി'ന്റെ
സ്വരഗംഗയില്‍ നീന്താന്‍ ജീവനിശ്വാസമേകെ
അരികത്തിരുന്നൂനീ, എന്‍കരംഗ്രഹിച്ചന്ന്
ചെറുപുഞ്ചിരിയോടെ ഷണ്മുഖാനന്ദ ഹാളില്‍
നിറഞ്ഞൂ പിന്നെ നിന്റെ മിഴികള്‍, സ്വപ്നങ്ങള്‍തന്‍
നിറദീപങ്ങള്‍, ഏതോ മുജ്ജന്മസ്മരണയാല്‍
വിറച്ചു മെല്ലെ നിന്റെ ചൊടികള്‍, വിരലുകള്‍-
നിറഞ്ഞൂ രാഗാലാപം ഹാളിലും, മനസ്സിലും
വിരഹാര്‍ദ്രയാം രാധ, യമുനാ തീരം, സന്ധ്യ,
കരിമേഘങ്ങള്‍ മെല്ലെ ഉയരുന്നൂ, രാഗവും
അരികേ പ്രാണേശ്വരി വിതുമ്പീടവേ ഞാനും
കരഞ്ഞുപോയീടുമോ എന്നുള്ളില്‍ ഭയം തോന്നി
* ഹരിപ്രസാദ് ചൗരാസിയ
Monday, September 3, 2007
ഒരു സന്ധ്യാനേരത്ത്
ഇങ്ങടുത്തില്ലല്ലോ നീ, പിന്നെ നിന്‍കൊലുസ്സിന്റെ
കിങ്ങിണിമണിനാദമെങ്ങിനെ കേള്‍ക്കുന്നൂ ഞാന്‍
എങ്ങുനിന്നോയെത്തുന്നൂ എള്ളെണ്ണതേച്ച; ഇട-
തിങ്ങിയ കാര്‍കൂന്തലിന്‍ തുളസിക്കതിര്‍ഗന്ധം.
മിഴികള്‍ ജ്വലിച്ചല്ലോ കര്‍പ്പൂര നാളംപോലെ
മൊഴികള്‍ നെടുവീര്‍പ്പിന്‍ പടവില്‍ ചിതറിയോ
ഒഴുകീ കണ്ണീര്‍, തുടുകവിളില്‍ക്കൂടി മെല്ലെ-
യഴിഞ്ഞൂ പൂഞ്ചേലയും; സന്ധ്യ സാക്ഷിയായ് നിന്നൂ.
ഇടയ്ക; ഇടനെഞ്ചിന്‍ തേങ്ങലോ കരളിന്റെ
തുടിപ്പാല്‍ ഇടറുന്ന ദ്രുത താളങ്ങളാണോ ?
പിടഞ്ഞു കേഴുന്നൊരു തമ്പുരു, ഏതോരാഗ-
മിടഞ്ഞു; നീയേകിയ രോമഹര്‍ഷങ്ങളോര്‍ക്കെ.
Saturday, September 1, 2007
പ്രണയഗീതങ്ങള്‍...
മനുഷ്യനുണ്ടായ കാലം മുതല്‍
അടിസ്ഥാന വികാരങ്ങളായ ഭയം, വിശപ്പ്
എന്നിവയ്കൊപ്പം പ്രണയവുമുണ്ടായിരുന്നു.
കാല,ദേശ, ലിംഗ, പ്രായ ഭേദമില്ലാതെ,
കാരണങ്ങളില്ലാതെ പ്രണയമുണ്ടാവാം.
ആരെയെങ്കിലും, എപ്പോഴെങ്കിലും, ഒരിയ്കലെങ്കിലും
ഒരുവേള, അവനവനെത്തന്നെയെങ്കിലും
പ്രണയിക്കാത്ത ഒരാളുമുണ്ടാവില്ല.
പ്രകൃതിയുള്ളിടത്തോളം, പ്രണയവുമുണ്ടാവും
അനേക രൂപങ്ങളുള്ള, അവര്‍ണ്ണനീയ ഭാവങ്ങളുള്ള
പ്രണയമെന്ന അനിര്‍വചനീയ പ്രതിഭാസത്തെപ്പറ്റി;
പഞ്ചേന്ദ്രിയാനുഭവങ്ങള്‍ക്കുമപ്പുറത്തുള്ള
പ്രണയാനുഭൂതികളെക്കുറിച്ച് ഏതാനും വരികള്‍
എഴുതുകയായിരുന്നു.
ഇപ്പോഴത് നൂറിലേറെ ആയതുകൊണ്ട് അതൊരു
പുസ്തകമാക്കാമെന്നു കരുതുന്നു.
കമന്റടിച്ചും, ഫോണ്‍ വിളിച്ചും, കത്തെഴുതിയും
നേരിട്ടും അഭിപ്രായങ്ങളറിയിച്ചവരോട് എനിക്ക്
അളവറ്റ നന്ദിയുണ്ട്
അടിസ്ഥാന വികാരങ്ങളായ ഭയം, വിശപ്പ്
എന്നിവയ്കൊപ്പം പ്രണയവുമുണ്ടായിരുന്നു.
കാല,ദേശ, ലിംഗ, പ്രായ ഭേദമില്ലാതെ,
കാരണങ്ങളില്ലാതെ പ്രണയമുണ്ടാവാം.
ആരെയെങ്കിലും, എപ്പോഴെങ്കിലും, ഒരിയ്കലെങ്കിലും
ഒരുവേള, അവനവനെത്തന്നെയെങ്കിലും
പ്രണയിക്കാത്ത ഒരാളുമുണ്ടാവില്ല.
പ്രകൃതിയുള്ളിടത്തോളം, പ്രണയവുമുണ്ടാവും
അനേക രൂപങ്ങളുള്ള, അവര്‍ണ്ണനീയ ഭാവങ്ങളുള്ള
പ്രണയമെന്ന അനിര്‍വചനീയ പ്രതിഭാസത്തെപ്പറ്റി;
പഞ്ചേന്ദ്രിയാനുഭവങ്ങള്‍ക്കുമപ്പുറത്തുള്ള
പ്രണയാനുഭൂതികളെക്കുറിച്ച് ഏതാനും വരികള്‍
എഴുതുകയായിരുന്നു.
ഇപ്പോഴത് നൂറിലേറെ ആയതുകൊണ്ട് അതൊരു
പുസ്തകമാക്കാമെന്നു കരുതുന്നു.
കമന്റടിച്ചും, ഫോണ്‍ വിളിച്ചും, കത്തെഴുതിയും
നേരിട്ടും അഭിപ്രായങ്ങളറിയിച്ചവരോട് എനിക്ക്
അളവറ്റ നന്ദിയുണ്ട്
Subscribe to:
Posts (Atom)