Tuesday, April 29, 2008
ഓര്‍മ്മയില്ലേ ? ഒന്നും ?
പോയജന്‍മങ്ങളിലേതോ ഒരഞ്ജാത-
മായികസ്വപ്നത്തില്‍ നാമൊന്നുചേര്‍ന്നതും
പോയ്‌വരാമെന്നോതി, നീ പിന്നെ ദൂരേയ്ക്ക്
പോയതും; പിന്നെ വരാതെയിരുന്നതും-
നീവരുമ്പോള്‍ അടയാളത്തിനായ് ഞാനെന്റെ
ജീവന്റെ നെയ്ത്തിരി ജാലകവാതിലില്‍
രാവും പകലും കെടാതെസൂക്ഷിച്ചുവെ-
ച്ചാവുംവിധം നൊയ്‌മ്പുകള്‍ നോറ്റിരുന്നതും-
പിന്നെ, ഒരുദിനം രാത്രി, മഴയത്ത്
മിന്നലും കാറ്റുമേറ്റാത്തിരി കെട്ടതും.
പിന്നെ, യീജന്‍മമൊരുദശാസന്ധിയില്‍
നിന്നെ ഞാന്‍ കണ്ടൂ, അറിഞ്ഞതില്ലെന്നെ, നീ..
ഒന്നും നിനക്കോര്‍മ്മയില്ലേ?; മനോഹരീ
ഒന്നും? മറവിയ്ക്കും മായ്ക്കുവാനാവാത്ത
പൊന്നിന്‍കിനാക്കളില്‍ നീന്തിത്തുടിച്ചതും?
പിന്നെ നാമൊന്നായ് പൊലിഞ്ഞ് പൊഴിഞ്ഞതും?
Wednesday, April 23, 2008
രാവും, നിലാവും ദേശ് രാഗവും
എത്രയോ ദൂരത്ത് നില്‍ക്കുന്ന നിന്നടു-
ത്തെത്രയും വേഗത്തിലെത്താന്‍ കൊതിപ്പു, ഞാന്‍
അത്രമേലാസക്തി നിന്നോടെനിയ്ക്കുണ്ടി-
തെത്രയോവട്ടം പറഞിരിയ്ക്കുന്നു, ഞാന്‍
അങ്ങ് താഴ്വാരത്തിലേതോ മരച്ചോട്ടില്‍-
നിന്നോരിടയന്റെ പുല്ലാങ്കുഴലിലൂ-
ടെങ്ങുമൊഴുകുന്ന ‘ദേശ് ‘രാഗത്തില്‍ ഞാന്‍
മുങ്ങുന്നെന്നുള്ളില്‍ നിലാവ് പരക്കുന്നു
താരകള്‍ കണ്‍ചിമ്മി എന്നെനോക്കുന്നൊരീ-
യീറന്‍ രജനിയില്‍ നിദ്രാവിഹീനനായ്
ദൂരെപ്പുലരിവന്നെത്തുന്നതും നോക്കി-
യേറെ വിവശനായ് ഞാനിങ്ങിരിയ്ക്കുന്നൂ.
Tuesday, April 22, 2008
അമ്മ
എന്നായിരുന്നെന്റെയമ്മ മരിച്ചത്?
ഇന്നലെയോ, മിനിയാന്നോ? *
ഇന്നെന്റെകൂടെയില്ലമ്മ; യാവാല്‍സല്യ-
മെന്നാലുമെന്നില്‍ നിറവൂ.
ഏറെക്കരഞ്ഞോ വ്യഥയാല്‍?, വയറ്റില്‍ ഞാ-
നൂറിയകാലം മുതല്‍ക്കേ?
മാറിടം രണ്ടു, മമ്മായി പൊക്കിള്‍ക്കൊടി
വേര്‍പെടുത്തുമ്പോള്‍ തുടിച്ചോ?
ഓരോചുവടിലും കൈവിരല്‍ത്തുമ്പായി
ഓരോ കളിയ്ക്കും തുണയായ്
ഓരോമൊഴികള്‍ക്കുമര്‍ത്ഥാന്തരങ്ങളായ്
ഓരോപടവിലും താങ്ങായ്..
ആരോവിരിച്ചിട്ടു, ജീവിതപ്പാതയില്‍
കാരിരുമ്പാണികള്‍, പിന്നെ
കൂരിരുള്‍ കണ്‍കളെ മൂടവേയുള്ളില്‍നി-
ന്നാരോ വിളിച്ചിടും- 'മോനേ..'
എന്നായിരുന്നെന്റെയമ്മ മരിച്ചത്?
ഇന്നലെയോ, മിനിയാന്നോ?
എന്നിലെയമ്മ മരിച്ചില്ലയിന്നുമെന്‍
മുന്നിലുണ്ടെന്നുള്ളിലുണ്ട്
------------------
* ആശയത്തിന് ആല്‍ബേര്‍ കമ്മ്യുവിനോടുള്ള
കടപ്പാട് മറച്ച് വയ്ക്കുന്നില്ല
Friday, April 18, 2008
സമസ്യ
ഏപ്രില്‍ 10നു ‘ആരാണ് ഞാന്‍‘എന്നൊരു സമസ്യ ഇട്ടിരുന്നു. വായിച്ച ആരും അതിനുത്തരം തരാഞ്ഞതില്‍ എനിക്ക് വളരെ സങ്കടമുണ്ട്। അതിന്റെ ഉത്തരം: ‘കാക്ക’
മാഞ്ഞ കുങ്കുമം
കാത്ത്,കാത്തെന്‍ കണ്‍കളാകെത്തളര്‍ന്നു. വ-
ന്നെത്തുവാന്‍ താമസമെന്തെന്നറിഞ്ഞീല
പേര്‍ത്ത് മിടിച്ചൂ വലത്ത്‌കണ്‍പോളയും
ആര്‍ത്തനാദം മുഴക്കിക്കേണു, ഹൃത്തടം
ഞെട്ടിയുണര്‍ന്നു മയക്കത്തില്‍ നിന്ന് ഞാന്‍.
പൊട്ടിച്ചിതറും പളുങ്ക്‍പാത്രംപോലെ
പെട്ടെന്ന് ഫോണില്‍ മണിയടിച്ചീടവേ
ഞെട്ടറ്റുവീണെന്റെ ജീവിതപ്പൂവുകള്‍
അന്നെന്‍കിനാവിന്‍ ചിറകുകളറ്റുപോയ്
പിന്നിട്ടപാതകള്‍ ഓര്‍മ്മകള്‍ മാത്രമായ്
കണ്ണീരുവീണെന്റെ കാഴ്ച മറഞ്ഞുപോയ്
എന്‍നെറ്റിയില്‍നിന്ന് കുങ്കുമംമാഞ്ഞുപോയ്
ന്നെത്തുവാന്‍ താമസമെന്തെന്നറിഞ്ഞീല
പേര്‍ത്ത് മിടിച്ചൂ വലത്ത്‌കണ്‍പോളയും
ആര്‍ത്തനാദം മുഴക്കിക്കേണു, ഹൃത്തടം
ഞെട്ടിയുണര്‍ന്നു മയക്കത്തില്‍ നിന്ന് ഞാന്‍.
പൊട്ടിച്ചിതറും പളുങ്ക്‍പാത്രംപോലെ
പെട്ടെന്ന് ഫോണില്‍ മണിയടിച്ചീടവേ
ഞെട്ടറ്റുവീണെന്റെ ജീവിതപ്പൂവുകള്‍
അന്നെന്‍കിനാവിന്‍ ചിറകുകളറ്റുപോയ്
പിന്നിട്ടപാതകള്‍ ഓര്‍മ്മകള്‍ മാത്രമായ്
കണ്ണീരുവീണെന്റെ കാഴ്ച മറഞ്ഞുപോയ്
എന്‍നെറ്റിയില്‍നിന്ന് കുങ്കുമംമാഞ്ഞുപോയ്
Tuesday, April 15, 2008
വണ്ടേ, വരേണ്ടാ..
വണ്ടേ, വരേണ്ടെന്റെ ചാരത്ത്. എന്നുള്ളി-
ലുണ്ടായിരുന്ന നറുമണം വാര്‍ന്ന്പോയ്.
മിണ്ടാന്‍ മടിയുണ്ട്; തേനുമില്ലെന്നിലി-
ന്നിണ്ടല്‍ കളഞ്ഞ് ഞാന്‍ ചൊല്ലിടാം, കേള്‍ക്ക നീ.
എന്ന് മൊട്ടിന്‍ നിദ്രവിട്ട് ഞാന്‍ പൂവിന്റെ
വന്യസൗന്ദര്യത്തില്‍ മുങ്ങി നിവര്‍ന്നുവോ
അന്ന്തൊട്ടെന്മുന്നിലെന്നുമവന്‍ പാറി-
വന്നെന്നെ നോക്കിച്ചിരിച്ച് കടന്നുപോം
പേരറിയില്ല, കുലവും 'കടന്നല്‍'എ-
ന്നാരുമെന്നോട് പറഞ്ഞതുമില്ലന്ന്.
ദൂരെയെങ്ങോതാമസം; പിന്നെ മെല്ലെവ-
ന്നാരുമറിയാതെ പൂന്തേന്‍ നുകര്‍ന്നവന്‍
തെല്ലുമേവേദനിച്ചില്ലാദ്യ സ്പര്‍ശനം
പൊള്ളുന്ന ദംശനം, പിന്നെയറിഞ്ഞു ഞാന്‍
ഇല്ല; ഇനിയാര്‍ക്കുമേകുവാനെന്നുള്ളി-
ലില്ല തുടിപ്പും, മധുവും, സുഗന്ധവും.
വണ്ടേ, വരേണ്ടെന്റെ ചാരത്ത്, പാഴ്ച്ചെടി-
ത്തണ്ടുപോലാണു ഞാനിന്നെന്നറിക നീ
മിണ്ടാതെ ഞാനിങ്ങു നില്‍ക്കില്‍ നിരാശത-
യുണ്ടാം നിനക്ക്- പറന്ന്പൊയ്ക്കൊള്‍കനീ
Friday, April 11, 2008
കടലാസ്സുപൂക്കള്‍
ആര്‍ക്കുവേണ്ടി വിടരുന്നീ കടലാസ്സ്-
പൂക്കള്‍, വിവിധവര്‍ണ്ണത്തില്‍?
ഓര്‍ക്കുക, ചൂടാനെടുക്കില്ല; പൂജയ്ക്ക്
ചേര്‍ക്കുകില്ലിപ്പൂക്കളാരും.
പൂക്കളേയല്ലിവ, ചെന്നടുത്തെത്തിച്ച്
നോക്കിയാല്‍ പൂക്കളെക്കാണാം
പൂക്കള്‍ക്ക്‌ചുറ്റും നിരന്ന്‌നില്‍ക്കുന്നത്
പൂക്കളേപ്പോലുള്ളിലകള്‍.
ചന്തമുണ്ടെങ്കിലും ഗന്ധമില്ലാതെപി-
ന്നെന്തിനീപ്പൂ വിടരുന്നൂ?
സന്തതം പൂമ്പാറ്റ വന്ന്‌തലോടിലും
പൂന്തേനുമില്ല; ഫലവും.
ആര്‍ക്കുവേണ്ടി വിടരുന്നീ കടലാസ്സ്-
പൂക്കള്‍ തോട്ടത്തില്‍, മനസ്സില്‍?
ഓര്‍ക്കുക, കാരണം വേണ്ട കാര്യങ്ങള്‍ക്ക്
ആര്‍ക്കറിയാമിതിന്നര്‍ത്ഥം..
Thursday, April 10, 2008
ആരാണ് ഞാന്‍?
പേര്, രണ്ടക്ഷരമാണെന്റെ. ആയത്
നേരെപറയുകില്‍ തീരെരസമില്ല
പോരെങ്കിലെന്നെ ദര്‍ശിപ്പതോ, ഞാന്‍ വന്ന്
ചാരത്ത് നില്‍പ്പതോ ഇഷ്ടമല്ലാര്‍ക്കുമേ
ഒട്ടുമേസംശയംവേണ്ടെന്റെ പേരിതില്‍
ഒറ്റസ്വരാക്ഷരമില്ല; ചില്ലും. കൂട്ടി-
കെട്ടുവാനുള്ളൊരു ദീര്‍ഘമിടയ്ക്കുചേര്‍-
ത്തിട്ടില്ലയെങ്കില്‍ വേറൊന്നായിമാറും ഞാന്‍
ആദ്യാക്ഷരമെന്‍സ്വരം; കേട്ടുണര്‍ന്നിരു-
ന്നാദ്യത്തെയാളുകള്‍; ക്ഷുത്തടക്കാനെന്തു-
മാദ്യംലഭിച്ചതംശിക്കും; എന്നാലിപ്പോള്‍
ചോദ്യമിതാണ്- ഞാനാരെന്റെ പേരെന്ത്?
അപേക്ഷ:കൊഞ്ഞനംകുത്തരുതുത്തരമ്മുട്ടിയാല്‍
Tuesday, April 8, 2008
ഇന്നലെ
സ്വര്‍ണ്ണവര്‍ണ്ണപുഷ്പങ്ങളണിഞ്ഞൊരു
കൊന്ന, മേടപ്പുലരിയിലെന്നപോല്‍
കണ്ണിനിമ്പംപകര്‍ന്ന് നീ യിന്നലെ
നിന്നു; പൊന്നിനെപൊന്നണിയിച്ചപോല്‍.
ഏറെയുണ്ടായിരുന്നവിടാളുകള്‍
വേറെ, വേറെ കാര്യങ്ങള്‍ക്ക്‍വന്നവര്‍
മാറിനിന്നൂ, ചിരിച്ചൂ കടക്കണ്ണി-
നേറതെങ്കിലും കിട്ടിയാല്‍ ഭാഗ്യമായ്.
തെന്നിമാറി മേഘങ്ങളകലവേ
മിന്നിനില്‍ക്കും ശശിബിംബമെന്നപോല്‍
പിന്നെ, നീ താരറാണിയെപ്പോല്‍നിന്ന്
എന്നെ കണ്ണാലുഴിഞ്ഞു; ചിരിച്ചു നീ
വല്ലതുമൊന്ന് മിണ്ടിയാല്‍ സ്വപ്നമാം
ചില്ലുമേട തകര്‍ന്നിടും, വാക്കുകള്‍
ഇല്ല, വന്നില്ല എന്‍ കണ്ഠനാളത്തില്‍.
ഇല്ലുറങ്ങാന്‍ കഴിഞ്ഞില്ല, യിന്നലെ...
Tuesday, April 1, 2008
കൂട്ടുകാരി
നീയെനിയ്ക്കാരാണെന്നതിപ്പോഴുമറിയില്ലൊ-
രായിരംവട്ടം ഞാനതെന്നോട് ചോദിച്ചിട്ടും
പോയജന്മത്തിലൊന്നായ്തീര്‍ന്നതിന്‍ ശേഷം വിട്ട്-
പോയതിന്‍ തുടര്‍ച്ചയോ; പൂരകങ്ങളോ നമ്മള്‍?
വര്‍ണ്ണരാജികളാലെന്‍ കണ്ണിന് കുളിരേകും
വിണ്ണിലെ വിസ്മയമാം മഴവില്ലെനിയ്ക്ക് നീ
സ്വര്‍ണ്ണനൂല്‍ തന്ത്രികളാല്‍ വീണയില്‍മീട്ടീടുന്ന
കര്‍ണ്ണപീയൂഷഗാനാമൃതമാണെനിയ്ക്ക് നീ
തൂലികത്തുമ്പിലിരുന്നാശയം വിതുമ്പുമ്പോള്‍
പീലിനീര്‍ത്താടാന്‍വരും വാക്കാം മയൂരം നീയേ
പേലവാംഗങ്ങളൊക്കെത്തളരുമ്പോള്‍ സുഗന്ധ
താലവൃന്ദത്താല്‍ നീയെന്‍ കരളിന്‍കുളിരാകും
നിന്നരികേനില്‍ക്കുമ്പോള്‍, നിന്നോട് കൊഞ്ചുമ്പോള്‍ ഞാ-
നെന്നെ മറന്നീടുന്നൂ, ചുറ്റിലും നിന്ന് യക്ഷ-
കിന്നരന്‍മാര്‍ പാടുന്നൂ; ദേവകള്‍ ചൊരിയുന്ന
പൊന്നരിപ്പൂക്കളാലേ മേലാകെ കുളിരുന്നൂ
നീയെനിയ്ക്കാരാണെന്നതറിയാഞ്ഞെന്നോട് ഞാ-
നായിരംവട്ടം ചോദിച്ചുത്തരം ലഭിച്ചീല
പോയജന്മം ഞാന്‍ ചെയ്ത പുണ്യങ്ങളാവാം നിന്നെ
മായികവിസ്മയംപോല്‍ കൂട്ടായി ലഭിച്ചത്...
Subscribe to:
Posts (Atom)