Monday, September 29, 2008
സാഫല്യം.
എന്നും കണികണ്ടുണരുവാനീമുഖം
തന്നു; ദൈവങ്ങളെന്‍ പ്രാര്‍ത്ഥന കേള്‍ക്കയാല്‍
ഒന്നുമേ ചോദിച്ചതില്ല വര, മിവള്‍
തന്നേ സഖിയായ് വരേണമെന്നെന്നിയേ.
എന്നോ, വിചാരിച്ചിരിയ്ക്കാതെ കണ്ടതും;
കണ്ണിലെത്താരകള്‍ പൂത്ത്‌വിരിഞ്ഞതും;
പിന്നിട്ട ജന്മാന്തരങ്ങളോര്‍മ്മിച്ചതും;
പിന്നെ, നീയാത്മസഖിയെന്നറിഞ്ഞതും.
ആരെങ്കിലും തമ്മിലിഷ്ടമായാലത്
തീരേ ദഹിക്കില്ലയാര്‍ക്കും; അതിനൊരു
കാരണമൊന്നുമില്ലേലും പണിപ്പെട്ട്
ദൂരെയകറ്റുവാന്‍ കച്ചകെട്ടും ജനം
എന്നെക്കുറിച്ചോര്‍ത്ത് നിന്റെ തലയിണ
കണ്ണീരുവീണ് കുതിര്‍ന്നിരുന്നെങ്കിലും,
എന്നില്‍ നീയര്‍പ്പിച്ച വിശ്വാസമാണെന്റെ-
പൊന്നേ, യിവിടെയെത്തിച്ചത് നമ്മളെ.
Friday, September 26, 2008
യാഥാര്‍ത്ഥ്യം
ബോധമനസ്സിലിരുന്നൊരാളേന്നോട്
ചോദിച്ചു; തീരുമാനങ്ങളെടുത്തുവോ ?
വേദന തോന്നുമാദ്യം, നിന്റെ ജീവിത-
പ്പാത നീ താണ്ടുമ്പോള്‍ കൂട്ടിനുണ്ടാമിത്
ചുണ്ടില്‍ അറിയാതെ മൊട്ടിടും പുഞ്ചിരി,
മിണ്ടുവാന്‍ വെമ്പും മനസ്സൊരുനാള്‍ തമ്മില്‍
കണ്ടില്ലയെങ്കിലസ്വസ്ഥത, യിത്രയു-
മുണ്ടാകുമാദ്യാനുരാഗികള്‍ക്കൊക്കെയും.
പിന്നെയാണെത്തുക ചാപല്യജാലങ്ങള്‍
നിന്നെക്കുരങ്ങാക്കിമാറ്റുവാന്‍, നീയത്
മുന്നേ തിരിച്ചറിഞ്ഞീടുക, പ്രേമമീ-
മണ്ണില്‍ തുലച്ചെത്ര സാധുജന്മങ്ങളെ.
Tuesday, September 23, 2008
ഗന്ധര്‍വന്‍.
ഇനിയുണരൂ സഖീ, നിന്‍മിഴിക്കോണിലെ
നനവിന്ന് നാനാര്‍ത്ഥമെഴുതട്ടെ ഞാന്‍.
കനവിലുമെന്‍ ചുടുചുംബനമേറ്റ് നിന്‍
മനമലിഞ്ഞോ, ചൊടി മുറിവേറ്റുവോ ?
ഉണരുമ്പോളരികെയുണ്ടാവില്ല ഞാന്‍, സ്വര്‍ണ്ണ-
മണിമേഘരഥമേറി മറയുമെന്നോ ?
മണല്‍ ചുട്ടുപൊള്ളുമൊരു മരുഭൂവിലുച്ചയ്ക്ക്
തണല്‍തേടി ദാഹമോടുഴലിയെന്നോ ?
ഇനിയുണരൂ സഖീ, പിരിയുവാന്‍ നേരമായ്
നിണമാര്‍ന്ന കവിളുമായരുണനെത്തീ
ഇനി മടങ്ങട്ടെ ഞാനിരുള്‍വീഴ്കെയെത്തിടാം
പനിമതിയില്‍ ചേര്‍ന്നലിയട്ടെ ഞാന്‍
Monday, September 22, 2008
പുതുദിവസം
മാനത്ത്‌നിന്ന് മഴക്കാറൊഴിഞ്ഞെന്നില്‍
വേനല്‍ക്കിനാവുകള്‍പൂത്തു
കാനനമൈന മൃദുപഞ്ചമങ്ങളില്‍
വേണുവുമൂതിത്തുടങ്ങി.
ആരോമലാളെയുണര്‍ത്താതെഴുന്നേറ്റ്
നേരെ, നടക്കാനിറങ്ങി.
ദൂരെ, പടിഞ്ഞാറ് മാനത്ത്‌നിന്നൊരു
താരക നോക്കിച്ചിരിച്ചൂ.
എന്നുമുണര്‍ന്ന്കഴിഞ്ഞാലുടനെ ഞാന്‍
നന്ദി ദൈവത്തോട് ചൊല്ലും
ഇന്നലെയോളമെന്നെത്തുണച്ചോരുനീ
ഇന്നേകി, പുത്തനൊരുനാള്‍ !
Saturday, September 20, 2008
എന്റെ കണ്ണാ..
കരിമുകില്‍കണ്ണാ നീ
മുരളികയൂതി എന്‍
കരളിലെക്കദനങ്ങള്‍ക്കറുതിയേകൂ..
വിരഹി ഈ രാധ നിന്‍
വരവ് കാത്തിരിപ്പാണീ
കരയുന്നയമുനതന്നരികില്‍ കണ്ണാ..
കളിവാക്ക്ചൊല്ലുന്ന
കളിത്തോഴിമാര്‍പോയീ
കളിയാടാനണയൂ നീ മധുസൂദനാ..
Friday, September 19, 2008
കുറ്റബോധം
അറിയാതെ കയറിപ്പെരുത്തോരു ലഹരിപോല്‍
അരുതാത്തൊരുസ്നേഹമുറവെടുത്തു
അറിയില്ല; ആരാണതാദ്യമായ് ചൊല്ലിയ-
തൊരുപക്ഷേ നീയായിരുന്നിരിയ്ക്കാം
കരള്‍ പിന്നെ നൊന്തു; നിണമൊഴുകി; ഏതോ
കരിനാഗദംശനമേറ്റപോലെ
കരകാണാക്കടലിന്‍ കയങ്ങളില്‍ തുഴയില്ലാ-
ത്തൊരുതോണിപോലെ മനസ്സലഞ്ഞു
എന്തോ ഒരാഭിചാരംചെയ്തു നീയെന്നില്‍.
എന്തായിരുന്നു നിന്‍ ഗൂഢലക്ഷ്യം?
വെന്തുരുകിപ്പുകഞ്ഞീടുമ്പൊഴൊക്കെയും
ചിന്തയില്‍ നിന്‍മുഖം മാത്രമാകാന്‍?
പനിമതിപോല്‍ നിന്നില്‍ പെയ്തപ്പൊഴൊക്കെയും
മനതാരില്‍ കുറ്റബോധം നിറഞ്ഞു.
കനിവാര്‍ന്ന് തിരികെത്തരൂ നീയെനിക്കെന്നെ
ഇനിയെങ്കിലും തരൂ ശാപമോക്ഷം.
Thursday, September 18, 2008
ജാലകം
ഞാനെന്‍ജനാലയില്‍ക്കൂടിനോക്കുംനേരം
കാണുന്ന കാഴ്ചകള്‍ വേറെയാണെപ്പൊഴും
ഞാനറിയുന്നില്ലിതെന്ത്‌കൊണ്ടാ ണെന്റെ
തോന്നലോ?, ജാലകത്തിന്‍ ഇന്ദ്രജാലമോ?
വേനല്‍പുറത്ത് തിളയ്ക്കവേ നോക്കിയാല്‍
കാനനശീതളഛായ കാണായ്‌വരും
മിന്നലും, കാറ്റും, മഴയുമെങ്കില്‍ ജനല്‍
തെന്നല്‍ തഴുകുന്ന പൂവാടികാട്ടിടും
വഞ്ചിയ്ക്കുവാന്‍ കോപ്പ് കൂട്ടുകാര്‍ കൂട്ടവേ
നെഞ്ചിലേറ്റും സുഹൃത്തുക്കള്‍ കാണായ്‌വരും
നെഞ്ചില്‍ നെരിപ്പോടെരിഞ്ഞ് പുകയവേ
പുഞ്ചിരിപ്പൂനിലാവായ് നിന്‍മുഖം വരും
പിന്നെ,എനിക്കത് ശീലമായ്, ഈമുറി
തന്നിലൊറ്റയ്ക്കടച്ചിട്ടത് കാരണം.
ജന്നലില്‍ക്കാണുന്നതല്ല, പുറത്തുള്ള-
തെന്നുറപ്പായി ഞാനിന്നറിഞ്ഞീടുന്നു.
Wednesday, September 17, 2008
എന്റെ കവിത.
വാക്കുകള്‍ പൂത്തുലഞ്ഞീടുമീ വാടിയില്‍
നോക്കുകുത്തി; എന്‍കവിത.
വാക്കുകള്‍ മാരിവില്‍തീര്‍ക്കുമീമാനത്ത്
കാക്കക്കറുപ്പെന്‍ കവിത.
ഒട്ടും നിറവും മണവുമില്ലാത്തൊരു
കാട്ടുപൂവാണെന്‍ കവിത.
മറ്റുകവിതകളോടൊത്തുനില്‍ക്കുവാന്‍
പറ്റാത്തതാണെന്‍ കവിത.
സാരോപദേശമോ, തീവ്രപ്രണയമോ
തീരെയില്ലാത്ത കവിത.
ആരുവായിക്കുന്നു; ഞാനെഴുതുന്നൊരീ
ആരാന്റെമുല്ലക്കവിത...
Thursday, September 11, 2008
മാവേലീ, ഇവിടേം വരണേ..
ഇന്നമ്മ, ജോലിതീര്‍ത്ത് തെക്കെ മാളികവീട്ടില്‍-
നിന്ന്, ഞങ്ങള്‍ക്കുണ്ണാനായ് പൊതിച്ചോര്‍ കൊണ്ടുവരും.
ഇന്നുവരെ ഞാന്‍ കണ്ടിട്ടില്ലാത്ത വിഭവങ്ങള്‍
ഇന്നോണമല്ലേ; വയര്‍ നിറയെത്തിന്നാമല്ലോ
അച്ഛനിന്നലെവരാന്‍ വൈകിയിട്ടുണ്ടാമമ്മ-
യുച്ചത്തില്‍ കരഞ്ഞത് കേട്ടു,ഞാനുറക്കത്തില്‍.
ഉച്ചയ്ക്ക് തിന്നാന്‍ പഴംകഞ്ഞിയുണ്ടടുക്കളേല്‍
പച്ചവെള്ളവുംകൂട്ടി കുടിച്ചാല്‍ വിശക്കില്ല.
ഉള്ളതില്‍ പുതിയതു, മത്രയ്ക്കു കീറാതെയു-
മുള്ളകുപ്പായമിട്ടു; അനുജത്തിയും ഞാനും.
പള്ള കാലിയാണേലും പൂവിട്ടു; ബലിയെഴു-
ന്നള്ളിയിങ്ങെത്തീടുമ്പോള്‍ വരവേല്‍ക്കേണ്ടെ, നമ്മള്‍.?
പ്രിയപ്പെട്ട എന്റെ മോളൂ,
വന്നിട്ട് മൂന്നാലുമാസമായെങ്കിലും
ഒന്നിനോടും നല്ലപോലെ പൊരുത്തമായ്-
ത്തീര്‍ന്നില്ല; ആകെ മടുപ്പ്‌തോന്നുന്നെന്റെ
പൊന്നേ, കരയരുതെന്നെയോര്‍ത്തിന്ന് നീ
ഓരോദിവസവും, ഓരോനിമിഷവും
ഓരോനിശ്വാസത്തിലും നിന്റെയോര്‍മ്മകള്‍..
പോരാഞ്ഞ്, നീയെന്നെ കെട്ടിപ്പിടിച്ചന്ന്
പോരാനിറങ്ങവേ കാതില്‍മൊഴിഞ്ഞതും..
എന്നാണ് ഞാന്‍ തിരിച്ചെത്തിയെന്‍കൈകളാല്‍
പൊന്നിന്‍കുടത്തെയെന്‍മാറോട്ചേര്‍ത്തിട്ടാ-
കണ്ണില്‍നോക്കി,ചുണ്ടിലുമ്മവെയ്ക്കാന്‍ മോഹ-
മെന്നിലിരുന്ന് തുടിയ്ക്കയാണെപ്പൊഴും
ഒന്നിനോടും നല്ലപോലെ പൊരുത്തമായ്-
ത്തീര്‍ന്നില്ല; ആകെ മടുപ്പ്‌തോന്നുന്നെന്റെ
പൊന്നേ, കരയരുതെന്നെയോര്‍ത്തിന്ന് നീ
ഓരോദിവസവും, ഓരോനിമിഷവും
ഓരോനിശ്വാസത്തിലും നിന്റെയോര്‍മ്മകള്‍..
പോരാഞ്ഞ്, നീയെന്നെ കെട്ടിപ്പിടിച്ചന്ന്
പോരാനിറങ്ങവേ കാതില്‍മൊഴിഞ്ഞതും..
എന്നാണ് ഞാന്‍ തിരിച്ചെത്തിയെന്‍കൈകളാല്‍
പൊന്നിന്‍കുടത്തെയെന്‍മാറോട്ചേര്‍ത്തിട്ടാ-
കണ്ണില്‍നോക്കി,ചുണ്ടിലുമ്മവെയ്ക്കാന്‍ മോഹ-
മെന്നിലിരുന്ന് തുടിയ്ക്കയാണെപ്പൊഴും
Wednesday, September 3, 2008
എന്റെ ഓണം
മറവി, മാറാലതീര്‍ക്കുംമനസ്സില്‍ നേര്‍ത്ത
ചിറകുമായെത്തുന്ന തുമ്പിയാണോണം
നിറവ്, നറുംനിലാവായ്‌ചിരിയ്ക്കും ഞാറ്റു-
പുരയിലെ പുന്നെല്ലിന്‍ ഗന്ധമാണോണം
പൂക്കളമിട്ട്, മാവേലിയെത്തുന്നതും
നോക്കിനില്‍ക്കും മുഗ്ദ ബാല്യമാണോണം
പപ്പടം, പായസം, തുമ്പില; അച്ഛന്റെ-
യൊപ്പമിരുന്നുണ്ട സദ്യയാണോണം
നീര്‍ച്ചാലിന്‍പാട് കവിളിലുള്ളമ്മതന്‍
നേര്‍ത്തൊരു തൂമന്ദഹാസമാണോണം
പുത്തനുടുപ്പിട്ട് കൊഞ്ചിക്കുഴഞ്ഞാടി-
യെത്തുന്ന പൊന്നനുജത്തിയാണോണം
എത്തിയ്ക്കുവാനുള്ള രണ്ടറ്റവും തമ്മില്‍
എത്താതിരിയ്ക്കുമ്പോളെന്തിനിണോണം
കത്തിയൊടുങ്ങുമീ ജീവനില്‍ പൂക്കാല-
മെത്തീടുമെന്നുള്ളൊരാശയാണോണം !
(മധുസൂദനന്‍സാറിനോടുള്ള കടപ്പാട്
മറച്ചുവയ്ക്കുന്നില്ല...)
Tuesday, September 2, 2008
മകളേ, മറക്കല്ലേ
ഓര്‍ക്കണമച്ഛനിപ്പോള്‍ പറയുന്നൊരീ
വാക്കുകളെന്നും, മകളേ
നേര്‍ക്കുനേര്‍വന്ന് ചിരിച്ചുകാട്ടുന്നവ-
രൊക്കെ മനുഷ്യരാവില്ല
വല്ലാത്ത കാലമാണിപ്പോള്‍ മനസ്സുകള്‍-
ക്കുള്ളില്‍ മൃഗീയത മാത്രം
ഇല്ലിറ്റു സ്നേഹം, ദയ, ഭയഭക്തികള്‍
തെല്ലുമില്ലാ മനുഷ്യത്വം
നന്മ തിന്മാദികള്‍ വെവ്വേറെ കാണണം
ഉണ്മയും പൊയ്യുമേതെന്നും
അമ്മയും ഞാനും നിനക്ക് നല്‍കീടുന്ന
ഉമ്മ, തിരിച്ചറിയേണം
തൊട്ടതാരെന്നും, അതെന്തിനായിട്ടെന്നും
പെട്ടെന്നു നീ അറിയേണം
ഏട്ടനോ, ഞാനോ തൊടുന്നതില്‍ നിന്നുവേ-
റിട്ടര്‍ത്ഥം എന്തതിനെന്നും
വാക്കിനാല്‍ നോവിച്ചിടാ, മധുരിയ്ക്കുന്ന
വാക്കില്‍ മയങ്ങിവീഴല്ലേ
ഓര്‍ക്കേണമെപ്പൊഴും എന്തുചെയ്യുമ്പൊഴും
ആര്‍ക്കാണതില്‍ ചേതമെന്നും
ഒറ്റയ്ക്ക് പോകണം നീ നിന്റെ പാതയില്‍
മറ്റൊരാളെത്തുംവരേയ്ക്കും
തെറ്റുകണ്ടാല്‍ തിരുത്തീടുവാനച്ഛന്
പറ്റുമോ, അന്നറിയില്ല.
ഓര്‍ക്കുക, അച്ഛനിപ്പോള്‍ നിന്നോടോതിയ
വക്കുകള്‍, എന്നും മകളേ...
Subscribe to:
Posts (Atom)