Tuesday, February 3, 2009

മരുപ്പച്ച.

സാഗരനീലമിഴികളില്‍ മോഹന-
രാഗമുണര്‍ന്ന് നിറഞ്ഞൊഴുകീടവേ,
ഏകാകിയാമെന്റെ വന്യദു:ഖങ്ങളില്‍
ആ ഗാനവീചികള്‍ സ്നേഹാര്‍ദ്രധാരയായ്‌..

താനേമുഴങ്ങുന്നൊരിക്‍താരയില്‍നിന്ന്
തേനൂറുമാഗാനമെന്നില്‍ നിറയവേ,
തീനാളമാണെന്റെചുറ്റുമെന്നാകിലും
ഹാ! നിന്റെയോര്‍മ്മകള്‍ ചേതോഹരം, സഖീ..

ഏതോ ശരത്‌കാലസന്ധ്യ, മനസ്സിന്റെ
വാതായനങ്ങളില്‍ക്കൂടി നിലാവിന്റെ
ശീതളസ്പര്‍ശം, ചകോരങ്ങള്‍ പാടുന്ന
ശോകാന്തഗീതം; ഇവകളോര്‍മ്മിപ്പു ഞാന്‍..

ഈമണല്‍ക്കാട്ടിന്‍വിജനതയില്‍ എന്റെ-
യോമല്‍ക്കിനാക്കള്‍ ചിറകറ്റ്‌വീഴവേ,
നീമാത്രമുണ്ടെനിയ്ക്കാശ്വാസമേകുവാന്‍
ഹേ മധുപാത്രമേ, നിന്നെത്തൊഴുന്നു ഞാന്‍..

3 comments:

  1. മണല്‍ക്കാറ്റിന്റെ വിജനതയില്‍ ആശ്വാസമേകുവാനൊരാളെങ്കിലുമുണ്ടല്ലൊ...അതു തന്നെ ധാരാളം......

    എല്ലാ കവിതകളിലും വിരഹം, ഏകാന്തത, നൈരാശ്യം.....എന്തുപറ്റി......

    കവിത നന്നായിട്ടുണ്ട്‌.......

    ഓ:ടോ: മുജ്ജന്മപുണ്യമെന്ന കവിത പാടിക്കേട്ടപ്പോള്‍ ഒന്നുകൂടി മനോഹരമായിരിയ്ക്കുന്നു....

    ReplyDelete
  2. അതൊരേകാകിയായ പ്രവസിയുടെ ദു:ഖങ്ങളാണ്‍്, മയില്‍പ്പീലീ..
    ജീവന്റെ ജീവനായി കരുതിയ ഒരാള്‍ കൈവിട്ടുപോയ ഒരു സങ്കടം ഇന്നും എന്നിലുണ്ട്..മരിയ്ക്കും വരെ അതെന്റെ കൂടെയുണ്ടാവും..
    ഇടയ്ക്ക് എനിയ്ക്ക് ലഭിച്ചു എന്ന് സ്വപ്നവും കാണും..
    എന്നെ വായിക്കുന്നതിന് ഞാന്‍ കടപ്പെട്ടിരിയ്ക്കുന്നൂ..

    ReplyDelete