Friday, February 6, 2009

ഭീരു.

ഞാനീതണലിലേകാകിയായുണ്ടെന്ന-
താണീവഴിക്കവളെത്തുവാന്‍ കാരണം.
കാണേണമെന്നുള്ളിലാശയില്ലാത്തതി-
ലാണേ, യൊഴിഞ്ഞിങ്ങ്‌മാറി ഞാന്‍ നിന്നത്‌.

ആരോ ചെവിയിലവളോട്ചൊല്ലിയ-
താരായിരിയ്ക്കാം? അയല്‍വീട്ടുകാരിയോ?
തോരാതെവായിട്ടലച്ചുകൊണ്ടെപ്പൊഴും
ചാരേനടക്കുന്നൊരാകൂട്ടുകാരിയോ?

യാത്രചോദിയ്ക്കുവാനാകാം, ഇനിവൃഥാ
കാത്തിരിയ്ക്കേണ്ടെന്ന്‌ചൊല്ലി; മിഴികളില്‍
സൂത്രത്തിലശ്രു നിറച്ച്‌, കുറച്ചെണ്ണ
കത്തുമെന്‍നെഞ്ചിലൊഴിച്ചെരിയിക്കുവാന്‍?

"എന്നെ നിനക്കുവേണ്ടല്ലേ, സമയമു-
ണ്ടൊന്നുവിളിയ്ക്കൂ, വരാം നിന്റെകൂടെ ഞാന്‍"
എന്നവള്‍ചൊല്ലീ;യിരുട്ടുപരന്നെന്റെ-
കണ്ണില്‍ അതിന്‍ശേഷമോര്‍മ്മകള്‍ മാഞ്ഞുപോയ്‌.

പിന്നെ,യിരുട്ടിന്റെ മാറാലമെല്ലെയെന്‍
കണ്ണില്‍നിന്നല്‍പ്പാല്‍പ്പമൂര്‍ന്നിറങ്ങീടവേ,
മുന്നില്‍ അകലെയായ്‌ പോകുന്നകണ്ടവള്‍
ചൊന്നിരിയ്ക്കാം "ഭീരു"വെന്നരണ്ടക്ഷരം

4 comments:

  1. വെറുതെയെങ്കിലും കൂടെവരാനായൊന്നു വിളിയ്ക്കാമായിരുന്നില്ലേ.....കുറ്റബോധമെങ്കിലുമൊഴിവാക്കാമായിരുന്നല്ലോ......വളരെ ഹൃദയസ്പര്‍ശിയായിത്തോന്നി ഈ കവിത.....

    ReplyDelete
  2. ആരുമല്ലായിരുന്ന ഞാന്‍,‍സ്നേഹിച്ചുകൂടായിരുന്നു.
    ഒരുജന്മമോ തുലഞ്ഞു; മറ്റൊന്നെങ്കിലും രക്ഷപ്പെടട്ടേ എന്നാണന്ന് തോന്നിയത്..ഇന്ന്, വിളിയ്ക്കാഞ്ഞതിനെയോര്‍ത്ത് വ്യാകുലപ്പെടുന്നു. നഷ്ടമായതെന്തെന്ന് അറിയുuന്നു. വിധിയില്ലാത്തതാവാം കാരണം..

    ReplyDelete
  3. വെരി നൈസ്.
    നല്ല വരികള്‍, സുഹൃത്തെ... ഇപ്പോള്‍ നഷ്ട ബോധം തോന്നുന്നു, അല്ലെ?
    മനസ്സിലാവും...

    ReplyDelete
  4. ആര്യന്‍, താങ്കള്‍ക്കത് മനസ്സിലായല്ലോ. എനിയ്ക്ക് സന്തോഷമായി..നന്ദി..

    ReplyDelete