Saturday, February 21, 2009

കുളിര്‍മഴ

കാത്തിരിപ്പൂ ഞാന്‍ നിന്നെ, എത്രയോനേരമായ്‌ ഈ
പൂത്തപൂമരക്കൊമ്പിന്‍താഴെ, എന്‍പ്രാണേശ്വരാ
നേര്‍ത്തൊരിളംകാറ്റല്ലാതാരുമില്ലിവിടെ ദു:-
ഖാര്‍ത്തയെന്‍നിശ്വാസങ്ങള്‍ ഏറ്റുവാങ്ങുവാനായി..

ഇന്നലെ,യാത്രാമൊഴി ചൊല്ലുന്നനേരം കാതില്‍
ചൊന്നകാര്യങ്ങള്‍ നീയിന്നെങ്ങനെ മറന്നീടും?
എന്നെ ലഭിച്ചീടുകില്‍ ജന്മം സഫലം വേറെ-
യൊന്നുമേവേണ്ടായെന്നും;മറ്റുമോര്‍മ്മിയ്ക്കുന്നില്ലേ?

തെല്ലകലത്തായൊരു പൂംകുയില്‍നാദംകേട്ട്‌
പുല്ലാങ്കുഴലാണെന്ന് ധരിച്ചൂ, വിവശ ഞാന്‍
പല്ലവാധരങ്ങളാക്കവിളില്‍ചേര്‍ത്ത്‌,കാതില്‍
മെല്ലവേ നിന്‍നാമങ്ങള്‍ ചൊല്ലുവാന്‍ കൊതിയായീ..

വന്നണഞ്ഞാലും വേഗം മാധവാ മനോഹരാ
വന്നണഞ്ഞാലും നിന്നെ വിളിപ്പൂ യമുനയും
വന്നണഞ്ഞാലും എന്നില്‍ നിലാവായ്‌ നിറഞ്ഞീടാന്‍
വന്നണഞ്ഞാലും കുളിര്‍ മഴപോല്‍പെയ്തിറങ്ങാന്‍

6 comments:

  1. കൊള്ളാമല്ലോ മാഷേ...
    ഇനിയും നല്ല പോസ്റ്റുകൾ എഴുതൂ...

    ReplyDelete
  2. ആര്യന്‍, ഇ-മെയില്‍ വരുന്നപോലെ എന്നീല്‍ വരുന്നതാണീ വരികള്‍. ഇനിയും വരട്ടേ. ഞാനവ എഴുതി പോസ്റ്റ് ചെയ്യാം.
    ഇവിടെ വന്നതിന്നും, വായിച്ചതിന്നും, ഒരു കമന്റ് ഇടാന്‍ ദയവുകാണിച്ചതിനും നന്ദി..

    ReplyDelete
  3. ഈ കുളിർമഴയിൽ ഞാൻ നനഞ്ഞു കണ്ണനെ പോലെ!എല്ലാ നന്മകളും !

    ReplyDelete
  4. രാധ വിളിച്ചിട്ടു മാധവനെത്തിയോ.......വരാതിരിയ്ക്കാനാവില്ലല്ലോ കണ്ണന്‌.....

    നല്ല വരികള്‍.......

    ReplyDelete
  5. ആ കള്ളക്കിറുമാണി വരൂലാ...എത്ര കവികള്‍ രാധയ്ക്ക് വക്കാലത്തെടുത്തൂ...എന്തായി...അത് മാധവേട്ടന്റെ കൌമാരകാലലീല മാത്രം...പിന്നെ പ്രേമമുള്ളപ്പോള്‍ മാത്രമെ പ്രേമമുള്ളൂ...

    ReplyDelete
  6. മഹി, മയില്‍പ്പീലീ..നന്ദി.
    ഹരീ, നിന്റെ വരികളിലൂടെ ഞാന്‍ നിന്നെ കൂടുതലറിയുന്നൂ..
    നിനക്കും നന്ദി.

    ReplyDelete