Wednesday, March 25, 2009

കാരണം

കാരണമില്ലാതെ സംഭവിക്കില്ലൊരു
കാര്യവും എന്നത്‌ സത്യമാണെങ്കിലും
ആരറിഞ്ഞൂ, പ്രേമമെന്തുകൊണ്ടെപ്പോ-
ളൊരാളോട്‌ തോന്നുവാനുള്ളൊരു കാരണം.

പോയജന്മങ്ങളിലെപ്പൊഴോ ഒന്നായ-
തായിരിയ്ക്കാം, പിന്നെ വേര്‍പെട്ടകലേയ്ക്ക്‌
പോയതും, മുന്‍പേ വിധിച്ചത്‌ പോലെയാ
നായികയെത്തന്നെ വീണ്ടും ലഭിയ്ക്കുവാന്‍ !

കാണുന്നമാത്രയില്‍ ഉള്ളിന്റെയുള്ളിലെ
കോണിലൊരിക്കിളി, ദൂരെനിന്നെത്തുന്ന
വേണുനാദംപോലെ, മായികദര്‍ശനം
പ്രാണനിലേതോ കുളിരല വീശിടും..

എന്തുകൊണ്ടാണ്‌ ചിലര്‍ക്കുള്ളിലീരസ-
തന്ത്രപരിണാമമെന്നതറിയില്ല.
എന്തിനെന്നുള്ള ചോദ്യങ്ങള്‍ പലപ്പൊഴും
ചിന്തകള്‍ക്കപ്പുറത്താകുവാനും മതി..

2 comments:

  1. ഉത്തരവും ഇവിടെ തന്നെ ഉണ്ടല്ലോ...

    "പോയജന്മങ്ങളിലെപ്പൊഴോ ഒന്നായ-
    തായിരിയ്ക്കാം, പിന്നെ വേര്‍പെട്ടകലേയ്ക്ക്‌
    പോയതും, മുന്‍പേ വിധിച്ചത്‌ പോലെയാ
    നായികയെത്തന്നെ വീണ്ടും ലഭിയ്ക്കുവാന്‍!"

    നല്ല കവിത. എനിക്കിഷ്ടമായി.

    ReplyDelete
  2. നന്ദി, ആര്യന്‍. വീണ്ടും വരിക. ഞാന്‍ താങ്കളെ നിരാശപ്പെടുത്തില്ല..

    ReplyDelete