Thursday, March 26, 2009

നഷ്ടങ്ങള്‍

ഇന്നലെ,അബദ്ധത്തില്‍ മുപ്പത്തിയെട്ട്‌വര്‍ഷം
മുന്നിലെ ഡയറിയെന്‍ അലമാരയില്‍കണ്ടു.
പിന്നെയാകൗമാരത്തിന്‍ വിഹ്വലതകള്‍ ഇഴ-
തുന്നിയപദങ്ങള്‍ ഞാന്‍ വായിച്ച്‌ ചിരിച്ചേറെ.

കണ്ടു ഞാനതില്‍ മാര്‍ച്ച്‌മാസത്തെത്താളില്‍ പീലി-
ത്തണ്ടൊന്ന്, ഉണങ്ങിയ പനിനീര്‍ദലങ്ങളും
ചുണ്ടുകള്‍ വിതുമ്പിയോ, ഒന്നിച്ച്‌ നടന്നവര്‍
രണ്ടായിടുമ്പോള്‍ കുറിച്ചിട്ട വാക്കുകള്‍കണ്ട്‌.

കേള്‍ക്കുന്നു മൊബൈല്‍നാദം, മകന്റെതാവാം റസൂല്‍
പൂക്കുട്ടിയുടെ "ജെയ്ഹോ", ഉറപ്പായ്ചൊല്ലാമിനി
ആക്കുട്ടിയെക്കിട്ടില്ല ഉറക്കെവിളിച്ചാലും
നോക്കണ്ട, ചുരുങ്ങിയതരമണിക്കൂര്‍നേരം

ഒന്ന് ഞാനറിയുന്നു നഷ്ടമായ്‌ ലോകത്തിന്ന്
ഇന്നലെ സ്നേഹംതന്ന സ്നിഗ്ദത, മധുരിമ.
പിന്നെ, യാന്ത്രികത, ആവേഗം എല്ലാംചേരുമ്പോള്‍
പിന്നിലായ്‌ പോവുന്നു ഞാന്‍, എന്‍കുറ്റമല്ലെങ്കിലും

1 comment: