Saturday, June 22, 2019

ആഴക്കടലിലെ ആത്മാക്കൾ 22.06.2017

ആഴക്കടലിലെ ആത്മാക്കള്‍..
---------------------------------------------
1976. ആലുപ്പുഴയിലെ “മുല്ലപ്പന്തല്‍” എന്ന (കു) പ്രസിദ്ധമായ കള്ളുഷാപ്പില്‍, തോട്ടുവക്കത്തിരുന്ന്, കുളിര്‍ക്കാറ്റേറ്റ്, ഞാനും ഗോപിയും
അമൃതതുല്യമായ സുരപാനം നടത്തുന്നു. രണ്ടുകുപ്പിയും, ഞണ്ടുകറിയും ചെന്നപ്പോള്‍ സപ്‌ളേയര്‍ തങ്കപ്പന്‍ ചോദിച്ചു. “കരിമീന്‍ പൊള്ളിച്ചതു വേണ്ടേ?”
തോട്ടിലൂടെ തുഴഞ്ഞുനടന്നിരുന്ന ഏറ്റവും വലിയ കരിമീനെ ചൂണ്ടി ഞാന്‍ പറഞ്ഞു.. “എനിക്ക് ലവനെ വേണം...”
ഗോപി, പിന്നെ വലുതിനെ ചൂണ്ടിക്കാട്ടി. തങ്കപ്പന്‍ ഒരു വട്ടവലകൊണ്ടുവന്ന് അവയെ പിടിച്ച്, അടുക്കളയിലേയ്ക്കുപോയി..അതിനിടെ, വലിയ കരിമീന്‍, വട്ടവലയില്‍ക്കിടന്ന്, തന്റെ ഉണ്ടക്കണ്ണുകള്‍കൊണ്ട് എന്നെ നോക്കുന്നുണ്ടായിരുന്നു..
പതിനഞ്ചുമിനിട്ടുകഴിഞ്ഞ്, രണ്ടു കരിമീന്‍പൊള്ളിച്ചത് മേശപ്പുറത്തെത്തി.
വാഴയിലയുടെ നൂല്‍ക്കെട്ടഴിച്ചപ്പോള്‍ത്തന്നെ വായില്‍ വെള്ളമൂറുന്ന വാസന..
പിന്നെയൊരു രണ്ടുകുപ്പിയും ചേര്‍ത്ത് അവനെ അകത്തേയ്ക്ക് ചെലുത്തി..
നടുവിലെ വലിയ മുള്ളുമാത്രം ബാക്കിവരുന്ന എന്റെ കരിമീന്‍തീറ്റ തങ്കപ്പനു നന്നേ ബോധിച്ചു.
“സാറിനു കരിമീന്‍ തിന്നാനറിയാം..”
ഞാന്‍ പറഞ്ഞു..
“തങ്കപ്പാ എന്നാല്‍ തിന്നപ്പെടാന്‍ കഴിഞ്ഞതില്‍ ജന്മസാഫല്യംകണ്ട് ആഴക്കടലില്‍ ഈ കരിമീന്റെ ആത്മാവ് സന്തോഷത്തോടെ, അവിടത്തെ ദേവതയോട്, ഇനിയൊരു മീനായും.. ചാളയായോ, അയിലയായോ, ഐക്കൂറയായോ, സ്രാവായോ, എന്തിനു, തിമിംഗലമായിപ്പോലും പുനര്‍ജ്ജന്മം തരല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നുണ്ടാവും..“
“ആഴക്കടല്‍ ? ആത്മാവ് ?”
തങ്കപ്പനു സംശയം തീരുന്നില്ല.. ഞാന്‍ വിശദീകരിച്ചു..
“തങ്കപ്പാ നമ്മളും, മൃഗങ്ങളും ഒക്കെ മരിച്ചാല്‍, നമ്മുടെ ആത്മാക്കള്‍, അങ്ങ് മുകളിലോട്ട്.. സ്വര്‍ഗ്ഗത്തിലോ, നരകത്തിലോ പോവും.. മീനുകള്‍ മരിച്ചാല്‍ അവരുടെ ആത്മാവ് അങ്ങ് ആഴക്കടലിലാ പോവുക..”
.
കള്ളുഷാപ്പിലെ സപ്‌ളെയര്‍പണി പത്തിരുപത് കൊല്ലമായി.. ഇങ്ങനൊന്ന് ആദ്യമായാ തങ്കപ്പന്‍ കാണുന്നതും, കേള്‍ക്കുന്നതും.

No comments:

Post a Comment