Tuesday, July 19, 2011

ആകാശതാമര..

----------------
താരകേ ! കണ്ടുവോ നീയെന്റെയാകാശ-
താമരപ്പെണ്ണിനെ ? ചേതോഹരാംഗിയെ ?
ഏതോ വിദൂര വിജനസ്ഥലികളില്‍
വേദനതന്‍ തപ്തബാഷ്പങ്ങള്‍ വീഴ്ത്തുവോള്‍ ?

തീരങ്ങള്‍ തേടും തിരകളേ! കേട്ടുവോ
ആരോമലാളിന്റെ തേന്‍ മൊഴിച്ചിന്തുകള്‍ ?
ആരോഹണങ്ങളവരോഹണങ്ങളാ-
മീണങ്ങള്‍ ആ മണിവീണയുതിര്‍ത്തുവോ ?

ഓര്‍മ്മകള്‍പോലും വിറങ്ങലിച്ചിങ്ങുഞാ-
നീമരച്ചോട്ടില്‍ തനിച്ചിരുന്നീടവേ,
ആ മുഖം മാത്രം തെളിയുന്നു, മായ്ക്കുവാ-
നാവാതെ, കണ്ണീര്‍ മറയ്ക്കുന്നുവെങ്കിലും...

ഞാന്‍ മാത്രം, തനിയെ..

----------------------
ദിനരാത്രങ്ങളുടെ അകലങ്ങളേയും
സ്ഥല കാലങ്ങളുടെ രഥവേഗങ്ങളേയും
ശബ്ദതന്‍‌മാത്രകളാല്‍ അതിജീവിച്ച്;
നീയെന്റെ കര്‍ണ്ണപുടങ്ങളില്‍ പ്രണയമായി,
ജീവനില്‍ മൃതസഞ്ജീവനിയായി,
ആത്മാവില്‍ അമൃതവര്‍‌ഷിണിയായി
എന്നിലേയ്‌ക്കലിഞ്ഞൊഴുകിയിറങ്ങി..
നിബിഢവനങ്ങളും
സപ്തസാഗരങ്ങളും, മണലാരണ്യങ്ങളും
നമുക്കിടയില്‍നിന്നും തെന്നിവഴിമാറി.
സ്വപ്നച്ചിറകുകളില്‍
പറന്നുയരുമ്പോളൊക്കെ
ചുറ്റും താരകങ്ങള്‍
കണ്‍‌ചിമ്മുന്നുണ്ടായിരുന്നു.
പിന്നീട്
ആ ഗാനധാര നിലച്ചപ്പോള്‍
ഞാന്‍ തനിച്ചായെന്നറിഞ്ഞു
ഞാന്‍ മാത്രം
ഇവിടെ
തനിയെ...

കൃഷ്ണാ, ഗുരുവായൂരപ്പാ!

---------------------
ഗുരുവായൂര്‍ വരുമ്പോഴൊക്കെ
കണ്ണനെ തൊഴുതശേഷം
കല്യാണപ്പന്തലിനരികെ ചെന്നു നില്‍ക്കാറുണ്ട്.
ഇന്നു മുന്നൂറിലേറെ...
തിക്കിലും, തിരക്കിലും പെട്ട്,
വിയര്‍ത്തുകുളിച്ച്,
അവശരും, വിവശരുമായ വധൂവരന്മാരും, ബന്ധുക്കളും
ഒരുക്കുന്ന കോമഡി സീന്‍ കാണാനെന്തു രസം ...
ഒന്നരമിനിറ്റുകൊണ്ട് കെട്ടു കഴിഞ്ഞാല്‍ ,
ആ മുഖങ്ങളെല്ലാം വിളിച്ചു പറയും...
“ഹവൂ ! രക്ഷപ്പെട്ടെന്നാ തോന്നുന്നേ, ന്റെ കണ്ണാ..”
“ആപ്പിലായെന്നാ തോന്നുന്നേ, കൃഷ്ണാ..”
“ഒരെണ്ണം ഒരു വിധം കഴിച്ചിലായി, ഗുരുവായൂരപ്പാ !”
പാന്‍ കേക്കും, റൂഷും, ലിപ്സ്റ്റിക്കും ഒലിച്ചിറങ്ങുന്ന വധുവിന്റെ
മുഖത്ത്, തന്റെ മുഖം മോര്‍ഫ് ചെയ്തും;
കഴുത്തില്‍ ,നെറ്റിപ്പട്ടം ചാര്‍ത്തിയാലെന്നപോലെയും
കയ്യില്‍‌ ‍, മുട്ടോളം നിറയുന്നതുമായ
മഞ്ഞലോഹപ്പൊലിമകണ്ടും ആശങ്കപ്പെടുന്ന
ഭാവി വധുകുമാരികള്‍ ..
അവകണ്ട്, അസൂയയോടെ നെടുവീര്‍പ്പിടുന്ന
ഭാവി വരകുമാരന്മാര്‍ ..
ഛായാഗ്രാഹകപ്പരിഷകളുടെ
വിവിധതരം അഭ്യാസപ്രകടനങ്ങള്‍ ..
കെട്ടുകഴിഞ്ഞുള്ള സദ്യയെപ്പറ്റിയോര്‍ത്ത്‌
മനസ്സുകലുഷിതമാക്കുന്നവര്‍
ശരണാര്‍ത്തരായെത്തിയവരും,
കല്യാണത്തിനെത്തിയവരും,
വെറുതെ തൊഴാനെത്തിയവരും,
വഴിവാണിഭക്കാരും,
വായീനോക്കികളും,
ഭിക്ഷക്കാരും...
ആകെ പത്തു പതിനയ്യായിരത്തിനുമീതെ വരും..
പൂഴിവാരിവിതറിയാല്‍ , താഴെവീഴില്ല..
എല്ലാരെയും കാത്തുരക്ഷിപ്പാന്‍
ഒരേ ഒരു ഗുരുവായൂരപ്പനും..
കൃഷ്ണാ, ഗുരുവായൂരപ്പാ !

അന്ധന്‍ .

------------
എനിക്ക് കിനാവുകളുണ്ടായിരുന്നില്ല.
അനുഭവങ്ങളുടെ ചാട്ടവാറടിയേറ്റ്
മരവിച്ച മനസ്സെങ്ങിനെ കിനാവു കാണും ?
എനിക്ക് മോഹങ്ങളുണ്ടായിരുന്നില്ല.
ദാഹജലം‌പോലുമില്ലാതെ
വലഞ്ഞലഞ്ഞ മരുഭൂവില്‍
മോഹങ്ങള്‍ മരീചികകളായി.
എനിക്ക് മധുരിക്കുന്ന ഓര്‍മ്മകളുണ്ടായിരുന്നില്ല
സ്നേഹരാഹിത്യത്താല്‍ വരണ്ട മനസ്സിലെ
ഓര്‍മ്മകളെല്ലാം കയ്പ്പേറിയതായിരുന്നു.
നീയാണെനിക്ക്
കിനാക്കളും, മോഹങ്ങളും,
മധുരോദാരമായ ഓര്‍മ്മകളും തന്നത്..
എന്നിട്ട് ?
എന്നില്‍നിന്നും അവയെയൊക്കെ
ചോദിക്കാതെ തിരിച്ചെടുത്ത്,
യത്രപോലും പറയാതെ നടന്നകന്നു..
കാഴ്ച്ച തിരിച്ചുകിട്ടിയശേഷം,
വീണ്ടും അന്ധനായപോലെ
ഇന്ന് ഞാന്‍ .....

വേനലറുതി..

വേനലറുതി..
-----------------
ആഷാഢമേഘങ്ങളേ,
നിങ്ങള്‍ക്ക് സ്വാഗതം .!
മകരമഞ്ഞേറ്റ് തണുത്തുറഞ്ഞ ഹൃദയങ്ങളെ,
ഒരു പ്രണയച്ചൂടാലെന്നവണ്ണം
ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍
എന്നാലാവുന്നത് ഞാന്‍ ചെയ്തു.
പൂവാക, രുധിരശോഭയേറ്റിയ വീഥികള്‍ ;
ഉത്സവമേളങ്ങളുടെ തിമിര്‍പ്പുകള്‍ ;
കൊതിയൂറുന്ന മാമ്പഴത്തിന്റെ മണം, രുചി ;
തണല്‍തേടാനുഴറുന്ന മദ്ധ്യാഹ്നങ്ങള്‍‌ ;
ആലസ്യമധുരിമയാര്‍ന്ന സായാഹ്നങ്ങള്‍ ;
മനസ്സിലും, ശരീരത്തിലും
സ്വേദകണങ്ങളുയര്‍ത്തുന്ന രാത്രികള്‍ ...
എല്ലാം മതിയാക്കുന്നു.
ഇനി, ഞാനിറങ്ങട്ടെ..
ചിങ്ങമെത്തുമ്പൊഴും,
ഒന്നു പുറത്തിറങ്ങാനാവാത്ത
“ഈ നശിച്ച മഴ“
എന്നു പറയേണ്ടിവരുമ്പോഴെങ്കിലും
നിങ്ങള്‍ എന്നെയോര്‍ക്കും..
അതു വരെ..

Saturday, October 24, 2009

ഞാനിതാ തിരിച്ചെത്തീ..

പ്രിയരെ,
ഇതിലെ വന്ന്, ഈ തിണ്ണയിലല്പം ഇരുന്ന്, എന്നെ വായിച്ച്, പ്രോത്സാഹിപ്പിച്ചവരോട് ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു. ഒന്നൊന്നരമാസമായി ഞാന്‍ ഇവിടെ രചനകള്‍ പോസ്റ്റ് ചെയ്യാറില്ല. ഇടയ്ക്ക് ശ്ലോകഭ്രാന്ത് പിടിപെട്ടു. “സൌപര്‍ണ്ണിക”, “വേദി” മുതലായ കമ്മ്യൂണിറ്റികളില്‍, സമസ്യാപൂരണം, അക്ഷരശ്ലോകം, ശ്ലോകങ്ങള്‍ വൃത്താനുവൃത്തം എഴുതല്‍ എന്നിവയില്‍ മുങ്ങിപ്പോയി. ഏതാണ്ട്, നൂറോളം “ശ്ലോകങ്ങള്‍” രചിയ്ക്കുകയും ചെയ്തു. പ്രേമഗീതങ്ങളോ, പ്രാര്‍ത്ഥനകളോ അല്ലാത്തസ്ഥ്തിയ്ക്ക് അവ ഇവിടെ പോസ്റ്റു ചെയ്യുന്നില്ല. അതിനു ഞാന്‍ വേറൊരു ബ്ലോഗ് തുടങ്ങുന്നകാര്യം ആലോചിയ്ക്കുന്നു. ശ്ലോകമെഴുത്ത് ഉപേക്ഷിയ്ക്കാതെതന്നെ, ഇനിമുതല്‍, ഇവിടെവരാന്‍ ഞാന്‍ ശ്രദ്ധിയ്ക്കാം. എന്നോട് കാണിച്ച സഹകരണങ്ങള്‍ തുടര്‍ന്നും ഉണ്ടാവണേ..
സ്നേഹാദരവുകളോടെ..
കുട്ടന്‍ ഗോപുരത്തിങ്കല്‍.

സ്നേഹദീപം

നിന്നെയെന്നോമനേയൊന്നുദര്‍ശിയ്ക്കുകില്‍-
ത്തന്നെയെന്‍‌കണ്ണുകള്‍ക്കന്നു സായൂജ്യമായ്.
നൊന്നോടൊരുവാക്കുമിണ്ടിയാല്‍, ചൊല്ലേണ്ട
പിന്നെയീചുണ്ടുഅള്‍, മന്ത്രാക്ഷരങ്ങളെ.

തെല്ലകലത്ത് നീ നിന്നുചിരിയ്ക്കവേ
മല്ലീശരന്‍ ബാണമെയ്യാന്‍ തുടങ്ങിടും
മെല്ലെ, മുഖത്തുതലോടിയാല്‍ കൈകളില്‍
മുല്ലമലരിന്‍ സുഗന്ധം പതിഞ്ഞിടും.

നിന്നെ, മനസ്സിലിട്ടോമനിച്ചീടവേ
പൊന്നേ, മറന്നുപോകുന്നു ഞാനൊക്കെയും.
എന്നിനി നീവരുമെന്റെകുടിലിലെ
മണ്‍ചിരാതില്‍ സ്നേഹദീപം കൊളുത്തുവാന്‍ ..