Wednesday, October 31, 2007

ലക്ഷിണയ്ക്ക്‌*



ഹേ ലക്ഷിണേ, മിഥിലപുരിതന്‍ കാവ്യങ്ങള്‍ വായിച്ചു ഞാന്‍
ഹാ, ലക്ഷം തവണയുരുവിടാനുള്ളില്‍ വളര്‍ന്നൂ കൊതി
ഈ ലക്ഷണം തികഞ്ഞകവിതാഹാരങ്ങള്‍ കണ്ടോരെനി-
ക്കോ? ലക്ഷണം കെട്ട കവിതാഭാസങ്ങളയ്യോ ശിവാ..!

-----------------------------------------------------
*ലക്ഷിണ- മിഥിലയിലെ പ്രസിദ്ധ കവയിത്രിയായിരുന്നു. ശാസ്ത്രകലാദികളില്‍ നിപുണ. ജ്യോതിഷ്‌ രാശികളെ കൂട്ടിയിണക്കി, ഒരു സുന്ദരിയുടെ സങ്കടം എത്ര മനോഹരമായി അവര്‍ വെളിവാക്കുന്നു

മേഷാരോഹനിഭം നിരീക്ഷ്യ വൃഷഭം മത്വൈവയാ ദ്വന്ദ്വഭാ-
വാപ്ത്യൈ കര്‍ക്കടവത്‌ പ്രതീപഗമനാ സിംഹാവലഗ്നാഞ്ചിത
കന്യാസാ വ തുലാപി വൃശ്ചിക സമൈര്‍ ബാണൈര്‍ ധനുഷ്യര്‍ഷിതൈ-
രാമുക്താ മകരദ്ധ്വജേന കലിതാ കുംഭസ്തനീ മീനദൃക്‌


ഒഴുകിയൊഴുകി..



സിന്ദൂരവര്‍ണ്ണം കവിളിലണിഞ്ഞാണ്‌
സന്ധ്യ, നിന്നെപ്പോലെ, യിന്നലെ വന്നത്‌
ചന്ദനക്കാറ്റായൊരല്‍പനേരം നിന്നു
എന്നന്തരംഗത്തില്‍, മന്ദസ്മിതവുമായ്‌

പിന്നെ; പതുക്കെ യിരുള്‍പരന്നീടവേ
മിന്നിനിന്നൂ, രണ്ടു വൃശ്ചികത്താരകള്‍
എന്നെനോക്കി ചിരിതൂകവേ മാറി ഞാന്‍
കിന്നരനായ്‌, സന്ധ്യയപ്സര കന്യയായ്‌

വിണ്ണിന്നപാരതീരങ്ങളില്‍ കൈകോര്‍ത്ത്‌
പിന്നെയൊഴുകീ, യൊഴുകീ നടക്കവേ
മുന്നിലായ്‌, നെയ്ത്തിരിത്താലങ്ങളുമേന്തി
എണ്ണിയാല്‍തീരാത്ത താരവൃന്ദങ്ങളും

Tuesday, October 30, 2007

കള്ളക്കണ്ണന്‍

ഉണ്ണിക്കണ്ണന്റെയോരോ വികൃതികള്‍ പറയാനമ്മമാര്‍ ആ യശോദ-
പ്പെണ്ണിന്‍മുന്നിലെത്തീട്ടവരുടെദുരിതം മെല്ലെ വര്‍ണ്ണിച്ചിടുമ്പോള്‍
കണ്ണില്‍ നീര്‍നിറച്ചും കപടവിരുതിനാല്‍ ദു:ഖഭാവം നടിച്ചും
കണ്ണന്‍നില്‍ക്കുന്നതോര്‍ക്കേ ചിരിവരുമുള്ളില്‍ ഉള്ളമാലറ്റുപോകും

Monday, October 29, 2007

ഒരു ഗണേശ സ്തുതി



അമ്പത്തൊന്നക്ഷരങ്ങള്‍ മുഴുവനുമെഴുതാനിന്നുമാവില്ലയെന്നാല്‍
അമ്പത്തേഴ്‌ വസന്തമിവനില്‍ പൂക്കാതെ, കായ്ക്കാതെ പോയ്‌
വമ്പത്തംകൊണ്ട്‌ കടലാസ്സില്‍ ചില വരകള്‍ കോറിവയ്ക്കുന്നൊരെന്നെ
തുമ്പിക്കയ്യും കൊമ്പുമുള്ളഭഗവാന്‍ നിത്യം തുണച്ചീടണം


Friday, October 26, 2007

മറന്നേയ്ക്കൂ..


ഒരുമിച്ച്‌ നാം കണ്ട സ്വപ്നങ്ങള്‍ പൂക്കാതെ
വെറുതെ കൊഴിഞ്ഞ്‌ നിലത്തു വീണെപ്പൊഴോ
ഒരു തിരി വെട്ടത്തിലേയ്ക്ക്‌ പറന്നെത്തി
ചിറകറ്റുവീണ ശലഭജാലങ്ങള്‍പോല്‍

പുതുജീവിതം തുടങ്ങുമ്പൊഴെന്‍ നെഞ്ചിലെ
ചിതയിലെത്തീയാല്‍ അടുപ്പുകൂട്ടീടുക
മൃദുമെത്ത തട്ടിവിരിയ്ക്കുമ്പോളോര്‍ക്കേണ്ട
ഹൃദയംപുകഞ്ഞിങ്ങ്‌ നില്‍ക്കുന്നൊരെന്നെ നീ

ഇനിയെന്റെ പേര്‌ നീ മായ്ക്കൂ, മനസ്സിലെ
കനകാമ്പരപ്പൂക്കള്‍ കോര്‍ത്തൊരു മാലകൊ-
ണ്ടണിയിച്ച ചിത്രത്തെ നിന്‍മിഴിനീര്‍വീണ്‌
നനയുന്നതിന്‍മുന്‍പഴിച്ചു നീ മാറ്റുക.

Thursday, October 25, 2007

അമ്മ.


എല്ലാര്‍ക്കുമുണ്ടാമൊരമ്മ,മനസ്സിന്റെ-
യുള്ളില്‍, കരയുമ്പോളാശ്വാസമേകിടാന്‍
അല്ലലകറ്റുവാന്‍, നേര്‍വഴികാട്ടുവാ-
നില്ല, യീയമ്മയല്ലാതെ മറ്റാശ്രയം

തെറ്റുകള്‍, പോയജന്മത്തിലറിയാതെ-
യൊട്ടുവളരെ ഞാന്‍ ചെയ്തിരിയ്കാ, മിരുള്‍
ചുറ്റിലും മൂടിക്കിടപ്പുണ്ടതില്‍ നിന്ന്‌
പെറ്റമ്മയെപ്പോല്‍ ക്ഷമിച്ച്‌ രക്ഷിക്കണം

എന്നും പ്രണവശ്രുതി പോലെയെന്‍കാതില്‍
വന്ന്‌ മുഴങ്ങേണം 'അമ്മേ' വിളിപ്പൂ ഞാന്‍
എന്നുമമൃതായി യെന്നന്തരംഗത്തില്‍
വന്ന്‌ നിറയണം 'അമ്മേ' തൊഴുന്നു ഞാന്‍

---------------------------------------
ഇന്ന്‌, കോട്ടയത്തുനിന്ന്‌ തിരുവല്ലയ്ക്കു പോകവേബസ്സില്‍, അടുത്തിരുന്ന ഒരപരിചിതന്‍ 'അമ്മ'
യുടെ ഒരു ഫോട്ടോ തന്ന്‌ പ്രാര്‍ത്ഥിച്ചാല്‍ എല്ലാ
ദു:ഖാങ്ങളും അമ്മ അകറ്റുമെന്ന്‌ പറഞ്ഞു.
പിന്നീടൊന്നും പറയാതെ, ചിങ്ങവനത്ത്‌ ഇറങ്ങി.

Monday, October 22, 2007

കൂടും, കിളിയും



കുളിരുന്നുവോ, സഖീ, യീചെറുപൂമര-
ത്തളിരിളംകൂട്ടിലടുത്തിരിയ്കൂ
പുലരി വരുംവരെ നീയെന്റെനെഞ്ചില്‍ നിന്‍-
തളരും ചിറകുകള്‍ ചേര്‍ത്ത്‌ വയ്ക്കൂ

ഇരതേടിയകലേയ്ക്കുപോയ ഞാനെത്തിയി-
ട്ടരനാഴിക പോലുമായതില്ല
ഇരുള്‍വന്നു മൂടുന്നതിന്‍മുന്‍പീകൂട്ടില്‍ നിന്‍-
വരവ്‌ ഞാന്‍ നോക്കിയിരുന്നിരുന്നൂ

ഇനി, നിലാവസ്തമിച്ചുദയം വരുംവരെ,
പനിമതി മാഞ്ഞുപോം നേരംവരെ
നനവാര്‍ന്ന പീലിത്തലോടല്‍പോലൊഴുകുമീ-
യനുഭൂതികള്‍ നമുക്കാസ്വദിക്കാം

ഇതളിടും പൂക്കളില്‍ ശലഭങ്ങളെത്തുന്ന
പദവിന്യാസത്തിനായ്‌ കാത്തിരിയ്ക്കാം
ഹൃദയാഭിലാഷങ്ങള്‍ കൊഞ്ചലായ്‌ കുറുകുന്ന
പുതു പുതു സ്വപ്നങ്ങള്‍ കണ്ടിരിയ്ക്കാം..


എന്നെ ഇവിടെ വിട്ടേയ്ക്കൂ



ഒരുമിച്ച്‌ യാത്ര തുടങ്ങിയ നാള്‍മുതല്‍
ഒരു ലക്ഷ്യം ഉണ്ടായിരുന്നൂ
ഒരു നവ ലോകമീയവനിയില്‍ തീര്‍ക്കണം
പൊരുതേണ മതുനേടുവാനായ്‌

ഇടയില്‍, പ്രലോഭനച്ചുഴികള്‍കണ്ട്‌ മന-
മിടറിയോ, ചുവടുകള്‍പിഴച്ചോ?
പടികളുണ്ടേറെയെന്നാലുമീ യാത്ര ഞാന്‍
തുടരുവാന്‍ തന്നേയുറച്ചൂ

പറയാതെതന്നെ നീ നല്‍കിയതൊക്കെയെന്‍
ചിറകറ്റമനസ്സിലുണ്ടെന്നാല്‍
ഇനിയെന്നെയിവിടെവിട്ടേയ്ക്കൂ, ഞാനീവഴി
തനിയേ നടന്നു പൊയ്ക്കൊള്ളാം

--------------------------------------
സുഹൃത്തും, സഹപാഠിയും, സഹയാത്രികനുമായിരുന്ന ഒരു സഖാവിനോട്‌, വേദനയോടെ...


Tuesday, October 16, 2007

വിടില്ല.

കരയുന്നതെന്തിന്നു യമുനയുമെന്നൊപ്പം
കരിമുകില്‍വര്‍ണ്ണനില്ലാഞ്ഞോ?
വിരിയാത്തതെന്തിന്നു കനകാമ്പരപ്പൂക്കള്‍
ഹരിയെന്നരികിലില്ലാഞ്ഞോ?

മനതാരില്‍ ഞാന്‍കണ്ട സ്വപ്നങ്ങളൊക്കെയും
നനയുന്നൂ, കണ്ണീര്‍ മഴയില്‍
ഇനിയിന്നു വരികില്ലവന്‍ ഞാന്‍ കൊരുത്തോരു
വനമാല വാടിക്കരിഞ്ഞൂ

പരിമളം കാറ്റില്‍ പരക്കുന്നു, മുരളിതന്‍
തരളസംഗീതവും കേള്‍പ്പൂ
വരവായവന്‍, വിടില്ലൊട്ടിക്കിടക്കുമാ-
വിരിമാറിലീരാത്രി മുഴുവന്‍.

---------------------------------------

എന്തുകൊണ്ടെപ്പൊഴും രാധ, രാധ എന്ന്
ചിന്തിക്കാറുണ്ട്‌, ഈ ഞാനും
ആ ഒരു പേര്‌ മനസ്സിലൊരുപാട്‌ ബിമ്പങ്ങളെ
കൊണ്ടുവരും. ഇത്രയ്ക്കു സജസ്റ്റീവ്‌ ആയ ഒരു പേര്‌
ഇവിടെ ഉണ്ടായിട്ടില്ല എന്നു തോന്നുന്നു. പ്രേമം
എന്ന സ്വര്‍ഗീയ വികാരത്തിന്റെ ജീവനുള്ള
സങ്കല്‍പമാണെനിക്ക്‌, രാധ. എന്റെ മനസ്സില്‍
എന്നും രാധയുണ്ടായിരുന്നു. ഇന്നുമുണ്ട്‌. ഇനി
എന്നും ഉണ്ടായിരിക്കണമെന്ന ആഗ്രഹവുമുണ്ട്‌

Monday, October 15, 2007

നീ തിരികെ വരും..

ചിറകുകരിഞ്ഞ രാപ്പാടി ഞാന്‍, ഉണ്ടെന്നില്‍
മുറിവുണങ്ങാത്തൊരു ഹൃദയം
ഒരുനാളില്‍നീവന്ന് തഴുകീടുമാശ്വാസ-
മരുളുമെന്നെന്മനം ചൊല്ലീ

ഒരുപാഴ്ക്കിനാവിന്റെ പിറകേനടന്ന നീ
തിരികെയെന്നെത്തേടിയെത്തും
വരവീണാനാദമന്നുയരുമെന്നില്‍ രാഗ-
സ്വരജതികള്‍ പൂക്കള്‍ വിടര്‍ത്തും

അറിയുമോ, നീമാത്രമേയുള്ളു നെഞ്ചിലി-
ന്നെരിയുന്ന തീയൊന്നണയ്ക്കാന്‍
കരിയുമെന്‍ മോഹപുഷ്പങ്ങള്‍ മനസ്സില്‍, നീ-
യരികത്തണയുകില്ലെങ്കില്‍

Sunday, October 14, 2007

മഴ..


ആഷാഡ മാസത്തിലന്നൊരു സന്ധ്യയില്‍
ആശാമുകുളങ്ങള്‍ നെഞ്ചിലൊളിപ്പിച്ച്‌
ആലോലനീലനയനങ്ങള്‍ കൊണ്ടെന്നില്‍
ആയിരം നൊമ്പരപ്പൂക്കള്‍ വിടര്‍ത്തി നീ

പിന്നെ, നനുത്ത മഴയില്‍ നനഞ്ഞുനാം
നിന്നൂ, പരസ്പരമൊന്നും പറഞ്ഞില്ല-
യെന്നോമലേ, മഴ നമ്മില്‍ സംഗീതമാ-
യന്നാദ്യമായാണ്‌ പെയ്ത്‌ നിറഞ്ഞത്‌

പിന്നെയും വന്നൂ തുലാവര്‍ഷ സന്ധ്യകള്‍
മിന്നലും,ഞെട്ടുമിടിയുമായ്‌ കര്‍ക്കിടം
എന്നോര്‍മയില്‍ മഴത്തുള്ളികള്‍വീഴവേ
നിന്നെയല്ലാതെ മറ്റാരെയോര്‍മിച്ചിടാന്‍?

Friday, October 12, 2007

അപ്സരസ്സിന്റെ പ്രാര്‍ത്ഥന


ദേവാ,ഞാന്‍ വന്നൂ ഭവാനെത്തിരഞ്ഞുകൊ-
ണ്ടീവാന വീഥിയിലൂടെ, മനസ്സിന്റെ
പൂവിലനുരാഗമോടെ, സുഗന്ധനി-
ലാവ്‌ നീലാമ്പരി കേട്ടുനിന്നീടവേ

എത്ര യുഗങ്ങളായ്‌ കാത്തിരുന്നൂ, നിന്നെ-
യെത്ര നിനക്കായി വാര്‍ത്തു ഞാന്‍ കണ്ണുനീര്‍
നക്ഷത്രജാലങ്ങള്‍ പോലെ തിളങ്ങുമാ
നേത്രങ്ങളെന്റെ നേര്‍ക്കൊന്നുയര്‍ത്തീടുമോ?

വിണ്‍ഗംഗ വിട്ടു വരുന്നൊരീയെന്നെ നീ
മണ്‍വീണയാക്കി മടിയിലേറ്റോമനി-
ച്ചൊന്നെന്റെ ദേഹമൃദുലതന്തുക്കളില്‍
നിന്‍വിരല്‍ തൊട്ടൊരു രാഗമുണര്‍ത്തുമോ?

-----------------------------------------

ലെനിന്‍ രാജേന്ദ്രന്‍, രാജാ രവിവര്‍മയെക്കുറിച്ച്‌
ചെയ്യാനിരിയ്ക്കുന്ന ചിത്രത്തില്‍, പുരൂരവസ്സിന്റെ
തപസ്സിളക്കാന്‍ ദേവന്മാര്‍ പറഞ്ഞയച്ച ഊര്‍വശി
യുടെ (കപട)പ്രണയാഭ്യര്‍ഥനയെപ്പറ്റി ഒരു ഗാനം
വേണമെന്ന 'യുവ' മനോരമയുടെ പരസ്യം
കണ്ട്‌ എഴുതി അയച്ചത്‌


Friday, October 5, 2007

രാധ, ഞാന്‍...


രാധ ഞാന്‍; കണ്ണാ എന്നെ മറന്നോ, നിദ്രാഹീന-
രാവുകള്‍, വൃന്ദാവന ലീലാവിലാസങ്ങളും?
രാജീവനയനാ, ഈ യമുനാതീരത്ത്‌ ഞാന്‍
രാഗലോലുപയായി കാത്തിരിയ്ക്കുന്നൂ നിന്നെ

താരങ്ങള്‍, അരിമുല്ലപ്പൂക്കള്‍പോല്‍ ചിരിയ്ക്കുന്നു-
ണ്ടീരാവു വിരിച്ചിട്ട നീലകമ്പളത്തിന്മേല്‍
നേര്‍ത്തൊരു മേഘക്കീറിന്‍പിന്നിലായ്ചന്ദ്രനെന്തോ-
ഓര്‍ത്തു കണ്ണുകള്‍പൊത്തി വെളുക്കെച്ചിരിയ്ക്കുന്നൂ

പുഞ്ചിരിതൂകീ വേഗം വന്നണഞ്ഞാലും നീയീ
നെഞ്ചിലെത്തുടിപ്പുകള്‍ തേങ്ങലായ്‌ തീരുംമുമ്പേ
മഞ്ചമൊന്നൊരുക്കീ കാത്തിരിപ്പൂ രാപ്പാടിതന്‍
കൊഞ്ചലും കളിവാക്കും എത്ര ഞാന്‍ സഹിച്ചീടും

Thursday, October 4, 2007

നെഞ്ചിലെ കുരുവി



ആദ്യമായ്‌കണ്ടന്ന് നിന്നോടനുരാഗ-
മായിരുന്നില്ലെന്റെയുള്ളില്‍
(ആ വികാരം മനസ്സില്‍ തിരിയിട്ടതെ-
ന്നായിരുന്നെന്നറിയില്ല)
ആയിരം നെയ്‌തിരിനാളങ്ങള്‍ തന്‍ പ്രഭ
ആരാധനയോടെ കണ്ടു
ഒന്നുമുരിയാടുവാന്‍ കഴിയാതെ ഞാന്‍
നിന്നുപോയ്‌, വിസ്മയത്താലേ
ഒന്നു തൊഴുതുവോ, കൈക്കുമ്പിള്‍ കൂപ്പി നിന്‍
മുന്നില്‍, പരിഭ്രമത്താലേ
ഇന്നുമോര്‍ക്കുന്നു ഞാന്‍ ആ നിമിഷങ്ങളെ
ഇന്നലെയാണെന്നപോലെ
കണ്ണുനീര്‍ വര്‍ഷങ്ങള്‍,നിശ്വാസ വേനലുകള്‍
ഒന്നിനും മായ്കാനായില്ല
അറിയുമോ?, ഞാന്‍ കണ്ട സ്വപ്നങ്ങളൊക്കെയി-
ന്നെരിയുന്നൂ, നെഞ്ചിലെ ചിതയില്‍
ഒരുചെറു നിശ്വാസമായ്‌ ഇന്നുമുള്ളിലൊരു
കുരുവി കേഴുന്നൂ, മൃദുവായ്‌