Wednesday, March 26, 2008

യാഗാശ്വം


മടുത്തൂ, യാഗാശ്വത്തെപ്പോലെയീയാത്ര, പിടി-
കൊടുക്കാം, ആരെങ്കിലും എതിരേവരുന്നെങ്കില്‍
പിടിച്ച്‌ കെട്ടാന്‍, പണ്ട്‌, വന്ന രാജാക്കന്‍മാര്‍ക്ക്‌
കടക്കണ്ണേറുപോലും തടുക്കാന്‍ കഴിഞ്ഞില്ല

പട്ടുവസ്ത്രങ്ങള്‍, സ്വര്‍ണ്ണാഭരണങ്ങളും പിന്നെ
പൊട്ടിയ ഹൃദയങ്ങളെന്നിവ കാല്‍ക്കല്‍ വച്ചൂ.
തട്ടിയകറ്റീ, കളിപ്പാട്ടങ്ങള്‍ പോലെ, എന്നെ
കെട്ടുവാനവര്‍ക്കാര്‍ക്കും യോഗ്യത തീരെപ്പോര

മേലുനോവുന്നൂ, കാഴ്ച്ച മങ്ങുന്നൂ, വിയര്‍ക്കുന്നൂ
കാലുകള്‍ കുഴയുന്നൂ, വേഗത കുറയുന്നൂ..
താലവുമേന്തിനിന്നയാളുകള്‍ മറയുന്നൂ
മേല, യീയാത്രയിനി തുടരാനൊട്ടും വയ്യ.

പിടിച്ചുകെട്ടാനെന്നെ യിവിടെയാരുമില്ലേ?
മടുത്തൂ, മതിയായി; തനിച്ചുള്ളൊരീയാത്ര

7 comments:

  1. ഇഷ്ടപ്പെട്ടു, മാഷെ..

    ReplyDelete
  2. തനിച്ചുള്ള യാത്രയില്‍ ഒരു കൂട്ട് വരും...

    “മേലുനോവുന്നൂ, കാഴ്ച്ച മങ്ങുന്നൂ, വിയര്‍ക്കുന്നൂ
    കാലുകള്‍ കുഴയുന്നൂ, വേഗത കുറയുന്നൂ... “

    “പിടിച്ചുകെട്ടാനെന്നെ യിവിടെയാരുമില്ലേ?“

    ഈശ്വരാ തെന്താപ്പൊ പറ്റ്യെ???

    ReplyDelete
  3. ആരെയെങ്കിലും കിട്ടും മാഷേ...
    :)

    ReplyDelete
  4. പുന്ചിരിയില്‍ തേന്‍ പുരട്ടി
    കടമിഴിയില്‍ അമ്പുനിറച്ച്..
    ഒരു കുളിര്‍ തെന്നല്‍ പോലെ..
    അവള്‍ വരും കുറച്ചു കൂടി കാത്തിരിക്കൂ...........
    ആശംസകള്‍

    ReplyDelete
  5. പാമരന്‍, പ്രിയാ, ശ്രീ, ഫസല്‍..
    എല്ലാവരോടും നന്ദി. പക്ഷേ ഇത് ഒരു ‘പെണ്‍ കുതിര‘ ആണെന്നകാര്യം ആരും അംഗീകരിക്കാത്തതില്‍ എനിക്ക് സങ്കടമുണ്ട്..അതിനെപ്പറ്റി വ്യക്തമായ സൂചനകള്‍ ഉണ്ടായിരുന്നിട്ട്‌പോലും

    ReplyDelete
  6. ചെറുപ്പത്തില്‍, ഞങ്ങളുടെമുന്നിലൂടെ ചവിട്ടിക്കുതിച്ച് ഒരു ‘യാഗാശ്വം’ കടന്ന്‌പോയിരുന്നു. അവരിന്നും അവിവാഹിതയായി തുടരുന്നൂ..

    ReplyDelete
  7. വളരെ നന്നായിറ്രിക്കുന്നു, കവിത. ഒരു ലളിതമായ ഈണത്തില്‍ ഞാനതു ചൊല്ലിയത് ഇവിടെ ഉണ്ട്.

    ReplyDelete