Tuesday, April 15, 2008

വണ്ടേ, വരേണ്ടാ..


വണ്ടേ, വരേണ്ടെന്റെ ചാരത്ത്‌. എന്നുള്ളി-
ലുണ്ടായിരുന്ന നറുമണം വാര്‍ന്ന്പോയ്‌.
മിണ്ടാന്‍ മടിയുണ്ട്‌; തേനുമില്ലെന്നിലി-
ന്നിണ്ടല്‍ കളഞ്ഞ്‌ ഞാന്‍ ചൊല്ലിടാം, കേള്‍ക്ക നീ.

എന്ന് മൊട്ടിന്‍ നിദ്രവിട്ട്‌ ഞാന്‍ പൂവിന്റെ
വന്യസൗന്ദര്യത്തില്‍ മുങ്ങി നിവര്‍ന്നുവോ
അന്ന്തൊട്ടെന്മുന്നിലെന്നുമവന്‍ പാറി-
വന്നെന്നെ നോക്കിച്ചിരിച്ച്‌ കടന്നുപോം

പേരറിയില്ല, കുലവും 'കടന്നല്‍'എ-
ന്നാരുമെന്നോട്‌ പറഞ്ഞതുമില്ലന്ന്.
ദൂരെയെങ്ങോതാമസം; പിന്നെ മെല്ലെവ-
ന്നാരുമറിയാതെ പൂന്തേന്‍ നുകര്‍ന്നവന്‍

തെല്ലുമേവേദനിച്ചില്ലാദ്യ സ്പര്‍ശനം
പൊള്ളുന്ന ദംശനം, പിന്നെയറിഞ്ഞു ഞാന്‍
ഇല്ല; ഇനിയാര്‍ക്കുമേകുവാനെന്നുള്ളി-
ലില്ല തുടിപ്പും, മധുവും, സുഗന്ധവും.

വണ്ടേ, വരേണ്ടെന്റെ ചാരത്ത്‌, പാഴ്ച്ചെടി-
ത്തണ്ടുപോലാണു ഞാനിന്നെന്നറിക നീ
മിണ്ടാതെ ഞാനിങ്ങു നില്‍ക്കില്‍ നിരാശത-
യുണ്ടാം നിനക്ക്‌- പറന്ന്പൊയ്ക്കൊള്‍കനീ

5 comments:

  1. കൊള്ളാം നല്ലവരികള്‍

    ReplyDelete
  2. അസാമാന്യമായ താളബോധം.

    ReplyDelete
  3. അനൂപ്, ശിവകുമാര്‍, ഹാരിസ്..
    എല്ലാവരോടും നന്ദി..

    ReplyDelete