കരളിലെ മോഹങ്ങള്‍ ആര്‍ത്ത്‌കേഴുമ്പോഴു-
മറിയാത്ത ഭാവം നടിച്ചെങ്കിലും
കരിമഷിയെഴുതിയകണ്ണില്‍ത്തിളങ്ങിയ
മറുപടി, കാട്ടിക്കൊടുത്തു നിന്നെ
അരികത്തിരുന്നര്‍ത്ഥമില്ലാത്തവാക്കുകള്‍
വെറുതേയുരുവിടുമ്പോഴുമെന്നെ
കരപല്ലവങ്ങളാല്‍ കെട്ടിവരിഞ്ഞ് നിന്‍
നിറമാറിലേയ്ക്കണച്ചെന്ന് തോന്നി.
പിരിയാന്‍ സമയമായപ്പൊള്‍ നീ കാല്‍ത്തള
ചെറുതായിളക്കി, മുഖം കുനിച്ച്,
ഒരുനേര്‍ത്ത മന്ദഹാസത്തിലൊളിപ്പിച്ചൊ-
രരിമുല്ലപ്പൂവെന്‍ മുഖത്തെറിഞ്ഞൂ...
Friday, October 31, 2008
Wednesday, October 29, 2008
ഒരു പ്രേമഗാനം
ഇനിയും, കുളിര്‍ചൂടുമീ
വനിയില്‍, കിളിപാടുമോ
മണിവീണയില്‍ ഉയരും
പ്രണയാര്‍ദ്ര ഗീതികകള്‍
മനസ്സില്‍പ്പകര്‍ന്ന് നല്‍കിടുന്നു
മധുര മധുകണങ്ങള്‍
(ഇനിയും..)
പറയാന്‍മറന്നൂ ഞാന്‍
പിരിയും വേളയില്‍
കരളിന്നുള്ളിലായി
ഉരുകും നൊമ്പരങ്ങള്‍
അറിയാതെ നീര്‍ തുളുമ്പിനിന്‍
കരിനീലമിഴികളില്‍
(ഇനിയും..)
ഇനി ഞാനൊരുക്കീടും
പനിനീര്‍പ്പൂ മേടയില്‍
കനിവോടെ വന്നിടാമോ
തുണയായെന്നെന്നും
കനവില്‍ത്തെളിഞ്ഞൊരായിരം
തിരികൊളുത്തിടാനായ്
(ഇനിയും..)
വനിയില്‍, കിളിപാടുമോ
മണിവീണയില്‍ ഉയരും
പ്രണയാര്‍ദ്ര ഗീതികകള്‍
മനസ്സില്‍പ്പകര്‍ന്ന് നല്‍കിടുന്നു
മധുര മധുകണങ്ങള്‍
(ഇനിയും..)
പറയാന്‍മറന്നൂ ഞാന്‍
പിരിയും വേളയില്‍
കരളിന്നുള്ളിലായി
ഉരുകും നൊമ്പരങ്ങള്‍
അറിയാതെ നീര്‍ തുളുമ്പിനിന്‍
കരിനീലമിഴികളില്‍
(ഇനിയും..)
ഇനി ഞാനൊരുക്കീടും
പനിനീര്‍പ്പൂ മേടയില്‍
കനിവോടെ വന്നിടാമോ
തുണയായെന്നെന്നും
കനവില്‍ത്തെളിഞ്ഞൊരായിരം
തിരികൊളുത്തിടാനായ്
(ഇനിയും..)
Tuesday, October 28, 2008
ദീപാവലി
പാപങ്ങള്‍ചെയ്തതിനാലെ, കുറെയേറെ
ശാപങ്ങളേറ്റവനെങ്കിലും, ഇന്നലെ
ദീപംകൊളുത്തി ഞാന്‍എന്റെഗൃഹത്തിലും
കോപ, താപങ്ങള്‍ നിറയും മനസ്സിലും.
വിണ്ണില്‍നിറയെച്ചെറുതാരകള്‍, ഇങ്ങ്
മണ്ണില്‍, ചിരാതില്‍, ചെറുതിരികള്‍; എന്റെ
കണ്ണില്‍ കിനാവിന്‍ പ്രഭയും, ഹൃദയത്തി-
ലെണ്ണിയാല്‍തീരാത്ത വാക്കും നിറഞ്ഞിതേ.
എന്നുമെന്നുള്ളില്‍ തിമിര്‍ക്കുമസുരരെ
കൊന്നെന്നെനേര്‍വഴി കാട്ടേണമംബികേ
എന്നുംതൊഴുന്നേന്‍, കരങ്ങള്‍പദ്‌മങ്ങളായ്
എന്നുമര്‍പ്പിയ്ക്കുന്നു പാദയുഗ്മങ്ങളില്‍
ശാപങ്ങളേറ്റവനെങ്കിലും, ഇന്നലെ
ദീപംകൊളുത്തി ഞാന്‍എന്റെഗൃഹത്തിലും
കോപ, താപങ്ങള്‍ നിറയും മനസ്സിലും.
വിണ്ണില്‍നിറയെച്ചെറുതാരകള്‍, ഇങ്ങ്
മണ്ണില്‍, ചിരാതില്‍, ചെറുതിരികള്‍; എന്റെ
കണ്ണില്‍ കിനാവിന്‍ പ്രഭയും, ഹൃദയത്തി-
ലെണ്ണിയാല്‍തീരാത്ത വാക്കും നിറഞ്ഞിതേ.
എന്നുമെന്നുള്ളില്‍ തിമിര്‍ക്കുമസുരരെ
കൊന്നെന്നെനേര്‍വഴി കാട്ടേണമംബികേ
എന്നുംതൊഴുന്നേന്‍, കരങ്ങള്‍പദ്‌മങ്ങളായ്
എന്നുമര്‍പ്പിയ്ക്കുന്നു പാദയുഗ്മങ്ങളില്‍
Sunday, October 26, 2008
മുരിങ്ങമംഗലത്തപ്പാ..
ഒരുവരം മാത്രമെനിയ്ക്കുനീയേകണേ
മുരിങ്ങമംഗലത്തപ്പാ,കരുണാമയാ
തിരുമുഖമെന്നെന്നും കണികണ്ടുണരുവാന്‍
കരുണയോടെന്നെനീയനുഗ്രഹിയ്ക്കൂ..
ധനുഞ്ജയന്‍,അജയ്യനാണിവനെന്നഹങ്കാരം
എനിയ്ക്കുള്ളിലൊരുനാളുമുദിച്ചിടാതെ
ധന,ധാന്യ,ദേഹസുഖങ്ങളേകീടണം
ദിനവും ഞാന്‍കൈകൂപ്പിത്തൊഴുതിടുന്നേന്‍
തരുമോ നീ ദു:ഖശതങ്ങളെ നേരിടാന്‍
ഒരുവില്ലെനിയ്ക്ക്, കിരാതമൂര്‍ത്തേ
കരളിലെവില്വദലമാലചാര്‍ത്താം ഞാന്‍
തിരുമിഴിതുറന്നെന്നെയനുഗ്രഹിയ്ക്കൂ..
മുരിങ്ങമംഗലത്തപ്പാ,കരുണാമയാ
തിരുമുഖമെന്നെന്നും കണികണ്ടുണരുവാന്‍
കരുണയോടെന്നെനീയനുഗ്രഹിയ്ക്കൂ..
ധനുഞ്ജയന്‍,അജയ്യനാണിവനെന്നഹങ്കാരം
എനിയ്ക്കുള്ളിലൊരുനാളുമുദിച്ചിടാതെ
ധന,ധാന്യ,ദേഹസുഖങ്ങളേകീടണം
ദിനവും ഞാന്‍കൈകൂപ്പിത്തൊഴുതിടുന്നേന്‍
തരുമോ നീ ദു:ഖശതങ്ങളെ നേരിടാന്‍
ഒരുവില്ലെനിയ്ക്ക്, കിരാതമൂര്‍ത്തേ
കരളിലെവില്വദലമാലചാര്‍ത്താം ഞാന്‍
തിരുമിഴിതുറന്നെന്നെയനുഗ്രഹിയ്ക്കൂ..
Saturday, October 25, 2008
രാധ കാത്തിരിയ്ക്കുന്നൂ..
വൃന്ദാവനവും ഞാനും കാത്തിരിപ്പാണീരാവില്‍
നന്ദഗോപാലാ, കണ്ണാ, വന്നണഞ്ഞാലും വേഗം
ചന്ദനസുഗന്ധമായ് എന്നില്‍നീനിറയുന്നൂ
മന്ദമാരുതനില്‍ ഞാന്‍ നിന്‍ശ്വാസമറിയുന്നൂ
ഇന്നലെപിരിയുമ്പോളെന്നെനെഞ്ചോട്ചേര്‍ത്ത്
ചൊന്നകാര്യങ്ങളൊക്കെ മറന്നോ, മായക്കണ്ണാ
ഇന്ന് നീ വരുന്നേരം മുടിയില്‍ച്ചൂടിയ്ക്കുവാന്‍
മന്ദാരമലര്‍മാല കൊരുത്ത്‌നില്‍പാണ് ഞാന്‍
മതി, കാത്തിരുന്ന് ഞാന്‍മുഷിഞ്ഞൂ മുകില്‍വര്‍ണ്ണാ
മതിയാക്കുക എന്റെ ക്ഷമയെപ്പരീക്ഷിയ്ക്കല്‍
മതിതോറ്റുപോം നിന്റെ മുഖമെന്‍കയ്യാല്‍കോരി
മതിയാകുവോളമാ അധരം നുകരട്ടെ..
നന്ദഗോപാലാ, കണ്ണാ, വന്നണഞ്ഞാലും വേഗം
ചന്ദനസുഗന്ധമായ് എന്നില്‍നീനിറയുന്നൂ
മന്ദമാരുതനില്‍ ഞാന്‍ നിന്‍ശ്വാസമറിയുന്നൂ
ഇന്നലെപിരിയുമ്പോളെന്നെനെഞ്ചോട്ചേര്‍ത്ത്
ചൊന്നകാര്യങ്ങളൊക്കെ മറന്നോ, മായക്കണ്ണാ
ഇന്ന് നീ വരുന്നേരം മുടിയില്‍ച്ചൂടിയ്ക്കുവാന്‍
മന്ദാരമലര്‍മാല കൊരുത്ത്‌നില്‍പാണ് ഞാന്‍
മതി, കാത്തിരുന്ന് ഞാന്‍മുഷിഞ്ഞൂ മുകില്‍വര്‍ണ്ണാ
മതിയാക്കുക എന്റെ ക്ഷമയെപ്പരീക്ഷിയ്ക്കല്‍
മതിതോറ്റുപോം നിന്റെ മുഖമെന്‍കയ്യാല്‍കോരി
മതിയാകുവോളമാ അധരം നുകരട്ടെ..
Wednesday, October 22, 2008
പ്രേരണ.
തട്ടിമാറ്റുവതെങ്ങിനെ തോളത്ത്
തട്ടിടുന്ന സുഹൃത്തിന്‍ കരങ്ങളെ
ഒട്ടുനന്നെന്ന്‌ചൊല്ലി എഴുതുവാന്‍
വിട്ടുമാറാതെ പ്രേരണയേകുവോന്‍
കെട്ടുകെട്ടായ് മനസ്സില്‍ക്കിടക്കുന്നു
കെട്ടുപോകാത്തൊരുപാട് വാക്കുകള്‍
വെട്ടമിത്തിരിനാംകൊടുക്കേണ്ടേ യി-
രുട്ട് മാറ്റുവാന്‍ ഹൃത്തിന്നറകളില്‍?
തെറ്റുകളേറെയുണ്ടാമിവകളില്‍
കുറ്റമറ്റതല്ലെന്റെ രചനകള്‍
ചുറ്റിലെങ്ങാന്‍ കവിതയെക്കാണുവാന്‍
പറ്റിയെങ്കിലെന്‍ജന്മം സഫലമായ്
തട്ടിടുന്ന സുഹൃത്തിന്‍ കരങ്ങളെ
ഒട്ടുനന്നെന്ന്‌ചൊല്ലി എഴുതുവാന്‍
വിട്ടുമാറാതെ പ്രേരണയേകുവോന്‍
കെട്ടുകെട്ടായ് മനസ്സില്‍ക്കിടക്കുന്നു
കെട്ടുപോകാത്തൊരുപാട് വാക്കുകള്‍
വെട്ടമിത്തിരിനാംകൊടുക്കേണ്ടേ യി-
രുട്ട് മാറ്റുവാന്‍ ഹൃത്തിന്നറകളില്‍?
തെറ്റുകളേറെയുണ്ടാമിവകളില്‍
കുറ്റമറ്റതല്ലെന്റെ രചനകള്‍
ചുറ്റിലെങ്ങാന്‍ കവിതയെക്കാണുവാന്‍
പറ്റിയെങ്കിലെന്‍ജന്മം സഫലമായ്
ഞാന്‍ വിവേക്.
മോളേ, നീ വല്ലാതെ ബോറടിച്ചോ? ഇന്ന്
കോളേജിലേയ്ക്കൊന്നും പോയില്ലയോ?
കൂളായി നീ മൊബെയിലോണാക്കെടീ നല്ല
ബോളീവുഡ് ഫോട്ടോയും പാട്ടും തരാം.
മറ്റേത് വേണേലും ചോദിച്ചോളൂ, നിന്റെ
പൊട്ടിച്ചിരികേള്‍ക്കാന്‍. അല്ലെങ്കില്‍ നീ
പെട്ടെന്നീ ബൈക്കിന്‍ പിറകിലേറൂ ഒന്നായ്
ചുറ്റിക്കറങ്ങാം ഈ സിറ്റിമൊത്തം.
പിന്നെ, ഒരയിസ്ക്രീം നുണഞ്ഞിറക്കി നമ്മള്‍
കണ്ണില്‍ക്കണ്ണില്‍ നോക്കി തെല്ലിരിയ്ക്കാം
പിന്നെ,കവിതയില്‍ മാറ്റിനിയ്ക്ക് സ്വല്‍പ-
മൊന്നിച്ചിരിയ്ക്കാം 'കര്‍സ്'ഉം കാണാം
കോളേജിലേയ്ക്കൊന്നും പോയില്ലയോ?
കൂളായി നീ മൊബെയിലോണാക്കെടീ നല്ല
ബോളീവുഡ് ഫോട്ടോയും പാട്ടും തരാം.
മറ്റേത് വേണേലും ചോദിച്ചോളൂ, നിന്റെ
പൊട്ടിച്ചിരികേള്‍ക്കാന്‍. അല്ലെങ്കില്‍ നീ
പെട്ടെന്നീ ബൈക്കിന്‍ പിറകിലേറൂ ഒന്നായ്
ചുറ്റിക്കറങ്ങാം ഈ സിറ്റിമൊത്തം.
പിന്നെ, ഒരയിസ്ക്രീം നുണഞ്ഞിറക്കി നമ്മള്‍
കണ്ണില്‍ക്കണ്ണില്‍ നോക്കി തെല്ലിരിയ്ക്കാം
പിന്നെ,കവിതയില്‍ മാറ്റിനിയ്ക്ക് സ്വല്‍പ-
മൊന്നിച്ചിരിയ്ക്കാം 'കര്‍സ്'ഉം കാണാം
Monday, October 20, 2008
ഒരു യുഗ്മഗാനം
അങ്ങ് ദൂരെയിരുന്ന്, അവന്‍:
നീലനിലാവിന്റെ ലാളാനങ്ങള്‍ എന്റെ
മേലാകെ പൂക്കള്‍വിരിച്ചരാവില്‍
നീലോല്‍പലമിഴിയാളേ മറന്നു ഞാന്‍
ഈലോകവും, ദേവസംഗീതവും
(നീലനിലാവിന്റെ...)
ഇങ്ങിവിടെ ഏകയായിരുന്ന് അവള്‍:
എന്നുമെന്‍ സ്വപ്നശതങ്ങളില്‍ വന്ന് നീ
എന്നില്‍ നിറയുന്നു സംഗീതമായ്
എന്ന് നീവന്നെത്തുമെന്റെ മോഹങ്ങളെ
പൊന്നിന്‍മണിത്താലി ചാര്‍ത്തീടുവാന്‍
(നീലനിലാവിന്റെ...)
അവന്‍:
പോയജന്മങ്ങളിലൊക്കവേ നീയെന്റെ-
തായിരുന്നോമനേ, ഓര്‍മ്മയില്ലേ
ആയിരമാശാകുസുമസൗരഭ്യവു-
മായിയരികത്തണഞ്ഞിടാം ഞാന്‍
അവള്‍:
നീലനിലാവിന്റെ ലാളനങ്ങള്‍ എന്റെ
മേലാകെ പൂക്കള്‍വിരിച്ചനാളില്‍
അവന്‍:
നീലോല്‍പലമിഴിയാളേ, മറന്നു ഞാന്‍
ഈലോകവും, ദേവസംഗീതവും
Friday, October 17, 2008
ശിവരഞ്ജിനി
വേദനയൂറുന്ന മൗനദു:ഖങ്ങളാല്‍
നാദമിടറാന്‍ തുടങ്ങവേ നീ
ചേതനയില്‍ ഹര്‍ഷബിന്ദുക്കള്‍ തൂകിയൊ-
രാദിനമിന്നുമോര്‍മ്മിയ്ക്കുന്നു ഞാന്‍.
ആരുമിതേവരെതന്നില്ല സ്നേഹമാ
കൂരിരുട്ടില്‍ തിരിനീട്ടിയില്ല,
താരകള്‍മാത്രം മിഴിനീര്‍ പൊഴിച്ചുനി-
ന്നാരുമേ സാന്ത്വനമേകിയില്ല
നീനിറഞ്ഞെന്നില്‍ നിലാക്കുളിരായിയെന്‍
വേനല്‍ക്കിനാക്കളില്‍ തൂമഴയായ്
ഞാനറിയാതെയുണര്‍ന്നീടുന്നൂ എന്റെ
പ്രാണനില്‍ ദേവാ, ശിവരഞ്ജിനി
നാദമിടറാന്‍ തുടങ്ങവേ നീ
ചേതനയില്‍ ഹര്‍ഷബിന്ദുക്കള്‍ തൂകിയൊ-
രാദിനമിന്നുമോര്‍മ്മിയ്ക്കുന്നു ഞാന്‍.
ആരുമിതേവരെതന്നില്ല സ്നേഹമാ
കൂരിരുട്ടില്‍ തിരിനീട്ടിയില്ല,
താരകള്‍മാത്രം മിഴിനീര്‍ പൊഴിച്ചുനി-
ന്നാരുമേ സാന്ത്വനമേകിയില്ല
നീനിറഞ്ഞെന്നില്‍ നിലാക്കുളിരായിയെന്‍
വേനല്‍ക്കിനാക്കളില്‍ തൂമഴയായ്
ഞാനറിയാതെയുണര്‍ന്നീടുന്നൂ എന്റെ
പ്രാണനില്‍ ദേവാ, ശിവരഞ്ജിനി
Thursday, October 16, 2008
അക്ഷരങ്ങള്‍
മണിവീണയെന്തിന്നു പാടാന്‍ മടിയ്ക്കുന്നു
പ്രണയിനി അരികിലില്ലായ്കയാലോ ?
അണയാന്‍തുടങ്ങുമീമണ്‍ചിരാതില്‍ സ്നേഹ-
കണികകള്‍ വീണ്ടും നിറയ്ക്കുമോ നീ ?
ഒരുനിലാത്തുണ്ടെന്റെ ജാലകവാതിലില്‍
വെറുതേചിരിച്ചുകൊണ്ടെത്തിനോക്കി
ഒരുമേഘശകലത്തിനാലേ മുഖം മറ-
ച്ചൊരുവേള നിന്നഭാവത്തിലാകാം.
അറിയില്ല; ഇനിയൊരുപൂക്കാലമെന്നുള്ളില്‍
വിരിയുമോ ?, പാടുമോ ഹൃദയവീണ ?
നിറയുമോ ജീവനില്‍ സ്നേഹാര്‍ദ്രരശ്മികള്‍ ?
മറയുമോ എന്നില്‍നിന്നക്ഷരങ്ങള്‍ ?
Wednesday, October 15, 2008
താരാട്ട്
എന്നെനിന്‍മാറോട്‌ചേര്‍ത്തണച്ച് പിടിച്ചാലും
നിന്നിലേയ്ക്കലിഞ്ഞലിഞ്ഞില്ലാതെയാവട്ടെ ഞാന്‍
പിന്നെ, നിന്‍വ്രണിതമാം ഓര്‍മ്മതന്‍തീരങ്ങളില്‍
ചെന്നലഞ്ഞീടാം, നമുക്കൊന്നിച്ച് രാപ്പാര്‍ത്തീടാം
ഇന്നലെ സന്ധ്യയ്ക്ക് ഞാന്‍ തനിച്ചീക്കടവത്ത്
നിന്നെയോര്‍ത്തിരുന്നെത്ര കണ്ണുനീര്‍ ചൊരിഞ്ഞെന്നോ
വന്നില്ല സമാശ്വാസം തരുവാന്‍ പടിഞ്ഞാറ്
എന്നും വരാറുള്ളൊരാ സാന്ധ്യതാരകപോലും
എന്ന് പെയ്തിറങ്ങുംനീയെന്നുള്ളില്‍ മഴയായി
എന്നെന്റെ ചിരാതില്‍ നീ പൊന്‍തിരി തെളിയിയ്ക്കും
എന്ന് നീയെന്‍വീണതന്‍ തന്ത്രിയില്‍ രാഗം മീട്ടും
എന്നെന്റെയശാന്തമാം മനസ്സില്‍ താരാട്ടാകും
Tuesday, October 14, 2008
വൃന്ദാവനസാരംഗ
നന്ദകുമാരാ, നിന്‍മുരളിയില്‍ നീ
വൃന്ദാവനസാരംഗയുണര്‍ത്തൂ
ഇന്ദീവരനയനങ്ങളുമായീ
സുന്ദരിരാധ കാത്തിരിയ്ക്കുന്നൂ.
നിന്‍തിരുമാറില്‍ പടര്‍ന്നലിഞ്ഞീടാന്‍
നിന്‍ഹൃദയത്തിന്‍ സ്പന്ദങ്ങളാവാന്‍
നിന്‍വേണുവിലെ നിശ്വാസമാവാന്‍
നിന്‍കാല്‍ത്തളയിലെ താളങ്ങളാവാന്‍
നിന്‍പ്രിയരാധ ഞാന്‍ കാത്തിരിയ്ക്കുന്നു.
ഓടിയെങ്ങോ മറയുന്ന മേഘങ്ങളും
മാടിവിളിയ്ക്കുന്ന വാസന്ത ചന്ദ്രനും
പാടുന്നകാനന മൈനകളും നിന്നെ
തേടുന്നു കണ്ണാ നീവരൂ വേഗം.
കോടക്കാര്‍വര്‍ണ്ണാ നീവരൂ വേഗം
വൃന്ദാവനസാരംഗയുണര്‍ത്തൂ
ഇന്ദീവരനയനങ്ങളുമായീ
സുന്ദരിരാധ കാത്തിരിയ്ക്കുന്നൂ.
നിന്‍തിരുമാറില്‍ പടര്‍ന്നലിഞ്ഞീടാന്‍
നിന്‍ഹൃദയത്തിന്‍ സ്പന്ദങ്ങളാവാന്‍
നിന്‍വേണുവിലെ നിശ്വാസമാവാന്‍
നിന്‍കാല്‍ത്തളയിലെ താളങ്ങളാവാന്‍
നിന്‍പ്രിയരാധ ഞാന്‍ കാത്തിരിയ്ക്കുന്നു.
ഓടിയെങ്ങോ മറയുന്ന മേഘങ്ങളും
മാടിവിളിയ്ക്കുന്ന വാസന്ത ചന്ദ്രനും
പാടുന്നകാനന മൈനകളും നിന്നെ
തേടുന്നു കണ്ണാ നീവരൂ വേഗം.
കോടക്കാര്‍വര്‍ണ്ണാ നീവരൂ വേഗം
Friday, October 10, 2008
മുത്തപ്പാ..
കത്തിപ്പടരും കുറേ ദു:ഖങ്ങളുമായി ഞാ
നെത്തീ പറശ്ശീനിയില്‍; ഇന്നലെ വൈകുന്നേരം
മുത്തപ്പനപ്പോള്‍ തന്റെ വെള്ളാട്ടിനായിട്ടങ്ങോ-
ട്ടെത്തി; ഞാന്‍ കണ്ടു ചേതോഹരമാം തിരുരൂപം
തെച്ചിയും തുളസിയും ചേര്‍ത്ത്‌കെട്ടിയ മാല
ഉച്ചിയില്‍, കൊടുമുടിക്കിരീടം നിറച്ചുണ്ട്
പച്ചരി, മഞ്ഞള്‍, ചുണ്ണാമ്പരച്ച് കൂട്ടുണ്ടാക്കി-
ത്തേച്ച്, മേനിയിലാകെ; വരകള്‍ വര്‍ണ്ണങ്ങളും.
മയ്യിട്ട കണ്ണ്‍, കരിമഷിയാല്‍; വളയിട്ട
കയ്യൊന്നില്‍ വാളും; വില്ലു,മമ്പുമറ്റേക്കയ്യിലും
മെയ്യാകെയിളക്കിക്കൊണ്ടിങ്ങെത്തിയീമുത്തപ്പന്‍-
തെയ്യത്തിനുണ്ട് താടി, നരച്ച മേല്‍മീശയും
വട്ടത്തില്‍ കഴുത്തില്‍ക്കെട്ടരയില്‍ ചെന്തില്‍ക്കെട്ട്
മുട്ടോളമെത്തും കാണിമുണ്ട്, പട്ടുകച്ചയും
എട്ടുദിക്കുകള്‍ ഞെട്ടും 'മലയിറക്കത്താളം'
കൊട്ടുന്ന ചെണ്ട,കുഴല്‍, ഇലത്താളമേളവും.
മേളം മുറുകേ, കാലില്‍ ചിലമ്പ്‌കിലുക്കിക്കൊ-
ണ്ടാളുകള്‍ക്കിടയൂടെ നടന്നൂ, മുത്തപ്പനും
മേലൊന്നുമിടാതെ, മുണ്ടരയില്‍ ചുറ്റിക്കൃട്ടി
താളത്തില്‍ നടക്കുന്നൂ, കൂടെയാ 'മടയന്‍'ഉം
വേട്ടയ്ക്ക് പോവാനൊരുങ്ങുന്നപോല്‍ ഒരുക്കങ്ങള്‍
കൂട്ടി മുത്തപ്പന്‍ പിന്നെയനുഗ്രഹിച്ചെല്ലാരേം
കൊട്ട് നിലച്ചു, പീഠം നീട്ടിയ മടയനെ
തൊട്ടനുഗ്രഹിച്ചതിലിരുന്നൂ മുത്തപ്പനും
പിന്നെ, അനുഗ്രഹങ്ങള്‍ തേടി ഭക്തന്മാരെല്ലാം
മുന്നോട്ട് ചെന്ന് കൈകള്‍കൂപ്പി, ദക്ഷിണവച്ചു
എന്നോട് ചൊല്ലീ "ഒരു രക്ഷകനെപ്പോലെ ഞാന്‍
എന്നുമുണ്ടായാല്‍പോരെ?" "മതി", ഞാന്‍ തലതാഴ്ത്തി
ഒന്നോര്‍ക്കുകില്‍ ഇത്രയ്ക്ക് ജനകീയദൈവത്തെ
പിന്നോക്കവര്‍ഗ്ഗക്കാര്‍ക്ക് കിട്ടിയതെന്തിന്നാവാം
പിന്നെ, മലബാറിലെ വിവിധ മതക്കാര്‍ക്ക്
ഒന്ന് വിളിച്ചാല്‍ മതി. എത്തുമത്രേ മുത്തപ്പന്‍.
Monday, October 6, 2008
മൂന്നാമത്തെ സ്വപ്നം.
ഇന്നലെ ഞാന്‍കണ്ട വര്‍ണ്ണസ്വപ്നങ്ങളി-
ലൊന്നുമേയുണ്ടായിരുന്നില്ല നീ
എന്നും കിടക്കവേ നീയെന്റെസ്വപ്നത്തില്‍
വന്നെങ്കിലെന്ന് കൊതിച്ചിരുന്നു.
കള്ളമല്ലിങ്ങോട്ട് വന്നതില്‍പ്പിന്നെ ഞാ-
നെല്ലാം നിറത്തിലേ കാണാറുള്ളു.
നല്ലനിറമുള്ള സ്വപ്നങ്ങളാണവ.
അല്ല, കറുപ്പും വെളുപ്പുമല്ല.
എന്റെസ്വപ്നങ്ങള്‍ക്ക് വര്‍ണ്ണങ്ങള്‍മാത്രമ-
ല്ലുണ്ട് രാഗങ്ങള്‍, നറുമണവും.
നിന്നെത്തിരഞ്ഞ്‌നടക്കുമെന്നാലവ
കണ്ടില്ലനിന്നെയിതുവരെയും
എന്നെത്തിരയുന്ന നിന്റെ സ്വപ്നങ്ങളും,
നിന്നെത്തിരഞ്ഞീടുമെന്‍സ്വപ്നവും
എന്നോ, എവിടെയോ കണ്ടുമുട്ടീടുകില്‍
മൂന്നാമതായൊരു സ്വപ്നമുണ്ടാം.
കാണുമാസ്വപ്നത്തെ മൂന്നാമതായൊരാള്‍
മാനസം കല്ലുപോലല്ലാത്തൊരാള്‍.
വീണയില്‍ തന്ത്രികള്‍ മീട്ടവേ വേറൊരു
വീണ, കൂടെപ്പാടുമെന്ന്കേള്‍പ്പൂ!!
ഞാന്‍; ദീപസ്തംഭം
ദൂരത്ത്‌നിന്നെത്തിടുന്നവര്‍ക്കീ ശാന്തി-
തീരത്തണയുവാനാശ്വസിയ്ക്കാന്‍;
തീരങ്ങള്‍ തേടാന്‍പുറപ്പെടുന്നോര്‍ക്കൊക്കെ
നേരായ വെട്ടം പകര്‍ന്ന്നല്‍കാന്‍.
അരികത്ത്‌വന്നെന്റെ കാല്‍തൊട്ട് വന്ദിച്ച്
തിരികെ മടങ്ങുന്ന തിരകളെന്നില്‍
അറിയാതെ വാല്‍സല്യമുറവിടീയ്ക്കുന്നെന്റെ
കരളില്‍, ഇതൊരുപാട് കാലമായി
അലറി, ത്തലമുടിക്കെട്ടഴിച്ചാഞ്ഞെന്റെ
തലതൊട്ട് വീശുന്ന കാറ്റുമൂലം
അലതല്ലിയവര്‍തന്നെ മുട്ടോളമെത്തി നീ-
രലമാലതീര്‍ത്ത് പിന്‍വാങ്ങിടുന്നു.
കരളിലിരുട്ട്‌മൂടുമ്പോള്‍ അരുന്ധതി*
മറയവേ, കടലിന്‍അഗാധതയില്‍
ഒരുപാട്‌പേര്‍പോയി, അവരെയോര്‍ത്തിന്നെന്നി-
ലറിയാതെയുയരുന്നു നിശ്വാസങ്ങള്‍.
മഴ, കാറ്റ്, മഞ്ഞെന്നതറിയാതെയെന്നില്‍നി-
ന്നൊഴുകും പ്രകാശരേണുക്കള്‍ നിത്യം
മിഴിയിലോ കനലാണ്, പക്ഷേയാര്‍ക്കെങ്കിലും
വഴികാട്ടുവാനായതെത്രഭാഗ്യം !
--------------------------------------
1.)*അരുന്ധതിയെ കാണാന്‍കഴിയുമെങ്കില്‍ മരണം അടുത്തെങ്ങുമുണ്ടാവില്ലെന്നത് ഒരു പഴയ മുക്കുവ സങ്കല്‍പം.
2.) ഈ വരികള്‍ക്ക് പ്രേരണയായത് പ്രീതാ ശ്രീനിയുടെ ഒരു കവിതയാണ്
Saturday, October 4, 2008
ലേഡിചാറ്റര്‍ലിയും ഞാനും..
നെറ്റില്‍വന്നൊടുക്കത്തെ നാവുമായൊരു ലേഡി-
ചാറ്റര്‍ലി,യിവള്‍ക്ക് മറ്റെന്ത് പേരേകീടും ഞാന്‍
പറ്റില്ലയറിയുവാന്‍ അവനോ, അവളോ ഈ
പെട്ടിയിലൊളിച്ചിരുന്നെന്തുമേ ചൊല്ലാമല്ലോ
ചന്തമുണ്ടാവില്ലിവള്‍ക്കൊട്ടുമേകാണാ, നല്ലേ-
ലെന്തിന് മീരാജാസ്മിന്‍ ചിത്രത്തെ പ്രൊഫെയിലാക്കി ?
എന്തിക്കിളിക്കാര്യവും ചൊല്ലിടാമിവളോട്.
ജന്തുസ്വഭാവം കണ്ടാലപ്പൊഴേ ലോഗൗട് ആകും.
ചെറുപ്പംതൊട്ടേ ഞരമ്പിളകിക്കിടക്കുന്ന
ചെറുപയ്യനോ ? അതോ കഷണ്ടിക്കിളവനോ ?
നിറുത്താനൊരുക്കമല്ലവള്‍ കൊഞ്ചുന്നൂ "ചേട്ടാ
മറുത്ത് പറയല്ലേ. വിളിയ്ക്കാം, നമ്പര്‍ തരൂ"
പറയാം ബൈ ബൈ; പിന്നെ, യിറങ്ങാമിവിടെനി-
ന്നുറക്കെ വിളിയ്ക്കുന്നു, ഭാര്യ, ചോറുണ്ണാനായി.
"കുറച്ചിലാണേ മക്കളറിഞ്ഞാലിക്കാര്യങ്ങള്‍
മറന്നുപോയോ, വയസ്സെത്രയായെന്നാഭാവം ?"
ഇവള്‍, മറ്റൊരുറാണി, ഇവിടം ഭരിയ്ക്കുന്ന,
ഇവനെ ഭരിയ്ക്കുന്ന കിരീടമില്ലാറാണി
ഇവള്‍ക്കുമുണ്ട്, നാക്കിന്നൊന്നരമുഴം നീളം
ഇവളോടക്കാര്യം ഞാന്‍ പറഞ്ഞാല്‍..ശിവ, ശിവ...
Thursday, October 2, 2008
തകര്‍ന്ന മുരളിക.
ഈറന്‍മിഴിയുമിടറും ചുവടുമായ്
ഈ മുളംകാടിന്നരികിലൂടെ
ഈറക്കുഴലിലിഴയുമൊരീണത്തിന്‍
ഈരടിയൂതിയവനലഞ്ഞൂ
ഗാനമുതിര്‍ക്കാതെ പൂമരക്കൊമ്പൊന്നില്‍
കാനനമൈന കാതോര്‍ത്തിരുന്നു,
പൂനിലാത്തുണ്ടൊന്ന് മേഘപ്പുതപ്പിനാല്‍
വാനിലൊളിച്ചിരുന്നെത്തിനോക്കി.
പാടേമറന്നവനൂതിയവേണുവി-
ലൂടേയൊഴുകി, ശിവരഞ്ജിനി.
കോടമഞ്ഞോ, ഇലച്ചാര്‍ത്തിന്റെ കണ്ണീരോ
മോടിയിലിറ്റിറ്റുവീണുഭൂവില്‍.
പെട്ടെന്ന് ഗാനം നിലച്ചു, മുളങ്കാട്
ഞെട്ടിയുണരവേ കാണുമാറായ്
ഒട്ടും ചലനമില്ലാത്തൊരു ദേഹവും,
പൊട്ടിപ്പൊളിഞ്ഞ മുരളികയും..
Wednesday, October 1, 2008
അമ്മേ..
എത്രയോ ദൂരേയ്ക്ക് ഞാന്‍ പോയീടുകിലുമമ്മേ
എത്തീടുമൊടുവിലാ മടിയില്‍ തലചായ്ക്കാന്‍
പത്ത്‌മാസത്തോളവും, അതില്‍പ്പിന്നെയും നിന്നെ
എത്ര ഞാന്‍കരയിച്ചൂ; ചിരിച്ചപ്പോഴൊക്കെ നീ.
കൊച്ചരിപ്പല്ലാലെ ഞാന്‍ കടിച്ചൂ മുലക്കണ്ണില്‍,
പിച്ചവെയ്ക്കവേ വീണ് കരഞ്ഞൂ, കരയിച്ചൂ.
അച്ഛന്റെനെഞ്ചത്തേറി താളങ്ങള്‍ ചവിട്ടുമ്പോള്‍
ഒച്ചവെയ്ക്കാതെയുള്ളില്‍ കരഞ്ഞോ ചിരിച്ചോ നീ?.
എണ്ണയിട്ടുഴിഞ്ഞെന്നെ കുളിപ്പിച്ചൊരുക്കീ, മ-
ണ്ണെണ്ണത്തിരി വെട്ടത്തില്‍ പാഠങ്ങള്‍ പഠിപ്പിച്ചു.
പിന്നെ, ഞാനൊറ്റയ്ക്കിരുന്നുറക്കെ വായിക്കവേ
കണ്ണിമപൂട്ടാതെനീയിരുന്നന്നെന്നെ നോക്കി.
വിണ്ണിലെത്താരാഗണമുതിര്‍ക്കും വെളിച്ചം നിന്‍
കണ്ണിലെത്തിളക്കമായ് മാറി; ഞാന്‍ വിസ്മയിച്ചൂ!
മണ്ണിന്റെ, തുളച്ചോരു കുടവും തോളില്‍ വച്ച്
മണ്ണിലേയ്ക്കൊടുങ്ങാനായച്ഛന് ജലം നല്‍കേ
കണ്ണിലാണെരിഞ്ഞതാ ചിതയെന്നറിഞ്ഞേനുള്‍-
ക്കണ്ണാലെയീഭൂമിയില്‍ നമ്മളൊറ്റയ്ക്കായെന്നും.
കത്തുന്ന വെയിലിലും; കുടയില്ലാതെ നന-
ഞ്ഞെത്തുമ്പൊഴുമെന്‍തല തുവര്‍ത്തിത്തരാറില്ലേ
വറ്റെനിയ്ക്കായിപ്പകുത്തേകിയാവെള്ളം കുടി-
ച്ചുറ്റുനോക്കുമെന്‍കണ്ണില്‍ 'വിശപ്പാറിയോ'യെന്ന്.
നിന്നനുഗ്രഹമൊന്ന് കൊണ്ടുമാത്രമാണമ്മേ
പിന്നെ, ഞാന്‍ പരീക്ഷകള്‍ ഒന്നൊന്നായ് ജയിച്ചത്.
ഇന്ന്, ഞാനിരിയ്ക്കുമീ കുളിര്‍ന്ന മുറിയിലെന്‍
മുന്നിലുണ്ടമ്മ,എന്റെ കണ്ണിലും; മനസ്സിലും..
എത്തീടുമൊടുവിലാ മടിയില്‍ തലചായ്ക്കാന്‍
പത്ത്‌മാസത്തോളവും, അതില്‍പ്പിന്നെയും നിന്നെ
എത്ര ഞാന്‍കരയിച്ചൂ; ചിരിച്ചപ്പോഴൊക്കെ നീ.
കൊച്ചരിപ്പല്ലാലെ ഞാന്‍ കടിച്ചൂ മുലക്കണ്ണില്‍,
പിച്ചവെയ്ക്കവേ വീണ് കരഞ്ഞൂ, കരയിച്ചൂ.
അച്ഛന്റെനെഞ്ചത്തേറി താളങ്ങള്‍ ചവിട്ടുമ്പോള്‍
ഒച്ചവെയ്ക്കാതെയുള്ളില്‍ കരഞ്ഞോ ചിരിച്ചോ നീ?.
എണ്ണയിട്ടുഴിഞ്ഞെന്നെ കുളിപ്പിച്ചൊരുക്കീ, മ-
ണ്ണെണ്ണത്തിരി വെട്ടത്തില്‍ പാഠങ്ങള്‍ പഠിപ്പിച്ചു.
പിന്നെ, ഞാനൊറ്റയ്ക്കിരുന്നുറക്കെ വായിക്കവേ
കണ്ണിമപൂട്ടാതെനീയിരുന്നന്നെന്നെ നോക്കി.
വിണ്ണിലെത്താരാഗണമുതിര്‍ക്കും വെളിച്ചം നിന്‍
കണ്ണിലെത്തിളക്കമായ് മാറി; ഞാന്‍ വിസ്മയിച്ചൂ!
മണ്ണിന്റെ, തുളച്ചോരു കുടവും തോളില്‍ വച്ച്
മണ്ണിലേയ്ക്കൊടുങ്ങാനായച്ഛന് ജലം നല്‍കേ
കണ്ണിലാണെരിഞ്ഞതാ ചിതയെന്നറിഞ്ഞേനുള്‍-
ക്കണ്ണാലെയീഭൂമിയില്‍ നമ്മളൊറ്റയ്ക്കായെന്നും.
കത്തുന്ന വെയിലിലും; കുടയില്ലാതെ നന-
ഞ്ഞെത്തുമ്പൊഴുമെന്‍തല തുവര്‍ത്തിത്തരാറില്ലേ
വറ്റെനിയ്ക്കായിപ്പകുത്തേകിയാവെള്ളം കുടി-
ച്ചുറ്റുനോക്കുമെന്‍കണ്ണില്‍ 'വിശപ്പാറിയോ'യെന്ന്.
നിന്നനുഗ്രഹമൊന്ന് കൊണ്ടുമാത്രമാണമ്മേ
പിന്നെ, ഞാന്‍ പരീക്ഷകള്‍ ഒന്നൊന്നായ് ജയിച്ചത്.
ഇന്ന്, ഞാനിരിയ്ക്കുമീ കുളിര്‍ന്ന മുറിയിലെന്‍
മുന്നിലുണ്ടമ്മ,എന്റെ കണ്ണിലും; മനസ്സിലും..
Subscribe to:
Posts (Atom)