Thursday, May 14, 2009

പഴയ ഒരു വണ്ടി

"അഛനടങ്ങിയൊതുങ്ങിയാമൂലയ്ക്ക്‌
ഒച്ചവയ്ക്കാതെയിരിയ്ക്കുന്നുണ്ടോ?
ഉച്ചയായില്ല;യരിയടുപ്പത്തിട്ട്‌,
പച്ചക്കറിയൊന്നരിഞ്ഞോട്ടെ ഞാന്‍."

കാലത്ത്‌തന്നുരണ്ടിഡ്ഡലി,മോളിവള്‍;
ചോലവെള്ളംപോലെ ചായയൊന്നും,
ജോലിയൊന്നുംചെയ്യുവാനില്ല,യെങ്കിലും
മേലനങ്ങാതെയിരുന്നുകൂട

പാല്‌, പത്രം, വാങ്ങിയെത്തിക്കണം അതി-
കാലത്തുതന്നെ;യതുകഴിഞ്ഞാല്‍,
'ആലോകി'നെ യൂണിഫോറമിടീയ്ക്കണം
സ്കൂളുബസ്സില്‍ കേറ്റിവിട്ടീടണം.

ഇല്ല, പണിപിന്നെയൊന്നു,മെന്നാകിലും
ചെല്ലണംമാര്‍ക്കറ്റില്‍'പര്‍ച്ചേസി'നു
ബില്ലടയ്ക്കാനുമുണ്ടാകും ചിലപ്പോഴ-
തെല്ലാം കഴിയുമ്പോളുച്ചയാകും.

എന്തെങ്കിലുംതരും ചോറിനു കൂട്ടായി
വെന്തതോ, തീരെരുചിയ്ക്കാത്തതോ
എന്തുവന്നാലുമുറങ്ങുമുച്ചയ്ക്കല്‍പം
അന്തിയ്ക്കുമുന്‍പ്‌ആലോകുമെത്തും.

പിന്നെയെന്തെങ്കിലുംചെയ്ത്‌നേരമ്പോക്കു-
മെന്നുമുറങ്ങാന്‍കിടക്കുംവരെ
എന്നെത്തനിച്ചാക്കിപോയിസഖിയെന്നാ-
ലിന്നുമാഓര്‍മ്മകള്‍കൂട്ടിനുണ്ട്‌

ചിന്തിയ്ക്കില്‍ദുസ്സഹം ഒറ്റയാന്‍ജീവിതം
എന്തുചെയ്യാന്‍! വിധിയാണിതെല്ലാം
അന്തകന്‍വന്ന്വിളിയ്ക്കുന്നതുവരെ
ഉന്തി, ഉരുണ്ട്‌ ഈ വണ്ടിപോട്ടെ...

1 comment: