Wednesday, July 2, 2008

മിഥുനത്തിലെ മഴ


എതോമിഥുനപ്പകുതിയിലെന്‍ വീട്ടു-
വാതില്‍പ്പടിയില്‍ മഴയില്‍കുതിര്‍ന്ന നീ
പാതിമെയ്‌കാട്ടിയകത്തേയ്ക്കുനോക്കിയി-
ട്ടോതി 'കുടയൊന്നെനിയ്ക്കു തന്നീടുമോ?'

കെട്ടാതഴിച്ചിട്ട നിന്‍ മുടിയില്‍നിന്ന്
ഇറ്റിറ്റുവീണു ജലകണങ്ങള്‍ ചെറു-
മുത്തുകള്‍പോലെ, പിന്നീടവയൊന്നായി
ചുറ്റും ചെറിയ തടാകങ്ങള്‍ തീര്‍ത്തതും;

കാലില്‍പതിഞ്ഞ ചെളി ചവിട്ടിത്തുട-
ച്ചാലിലപോലെ വിറയ്ക്കും നിനക്കന്ന്
ശീലക്കുടയും, കരയുള്ളതോര്‍ത്തുമായ്‌
കോലായിലേയ്ക്ക്‌ കടന്ന് ഞാന്‍ വന്നതും;

പിന്നെ, വര്‍ഷങ്ങള്‍! വര്‍ഷങ്ങളില്‍ നമ്മള-
ന്നൊന്നായ്‌ നനഞ്ഞൊരുമിച്ചൊഴുകി, പിന്നെ-
യെന്നോ പിരിഞ്ഞതും; വീണ്ടുമൊന്നാകുമെ-
ന്നെന്നോട്‌ ചൊല്ലുന്നു; ഇന്നുമെന്‍ മാനസം

5 comments:

  1. കവിത വായിച്ചു. നന്നായി..ഒന്നു നനഞ്ഞ സുഖം.

    ReplyDelete
  2. beautiful..
    especially the last
    4 lines
    [nigoodabhoomi]

    ReplyDelete
  3. ഓര്‍മ്മകള്ക്കെന്ത് സുഗന്ധം.
    ഒത്തിരി ഇഷ്ടമായി.

    ReplyDelete
  4. മിഥുനപ്പാതിപോലെ ഓര്‍മ്മപ്പെരുമഴ. അഭിനന്ദനം.

    ReplyDelete
  5. ജേപി,ഗോപക്, സിന്ധൂ,ചാന്തൂ..
    നിങ്ങള്‍ക്കെല്ലാം ഇഷ്ടമായെന്നറിഞ്ഞപ്പോള്‍ എനിക്കെന്ത് സന്തോഷമായീയെന്നോ..

    ReplyDelete