Monday, October 6, 2008

ഞാന്‍; ദീപസ്തംഭം


ദൂരത്ത്‌നിന്നെത്തിടുന്നവര്‍ക്കീ ശാന്തി-
തീരത്തണയുവാനാശ്വസിയ്ക്കാന്‍;
തീരങ്ങള്‍ തേടാന്‍പുറപ്പെടുന്നോര്‍ക്കൊക്കെ
നേരായ വെട്ടം പകര്‍ന്ന്നല്‍കാന്‍.

അരികത്ത്‌വന്നെന്റെ കാല്‍തൊട്ട്‌ വന്ദിച്ച്‌
തിരികെ മടങ്ങുന്ന തിരകളെന്നില്‍
അറിയാതെ വാല്‍സല്യമുറവിടീയ്ക്കുന്നെന്റെ
കരളില്‍, ഇതൊരുപാട്‌ കാലമായി

അലറി, ത്തലമുടിക്കെട്ടഴിച്ചാഞ്ഞെന്റെ
തലതൊട്ട്‌ വീശുന്ന കാറ്റുമൂലം
അലതല്ലിയവര്‍തന്നെ മുട്ടോളമെത്തി നീ-
രലമാലതീര്‍ത്ത്‌ പിന്‍വാങ്ങിടുന്നു.

കരളിലിരുട്ട്‌മൂടുമ്പോള്‍ അരുന്ധതി*
മറയവേ, കടലിന്‍അഗാധതയില്‍
ഒരുപാട്‌പേര്‍പോയി, അവരെയോര്‍ത്തിന്നെന്നി-
ലറിയാതെയുയരുന്നു നിശ്വാസങ്ങള്‍.

മഴ, കാറ്റ്‌, മഞ്ഞെന്നതറിയാതെയെന്നില്‍നി-
ന്നൊഴുകും പ്രകാശരേണുക്കള്‍ നിത്യം
മിഴിയിലോ കനലാണ്‌, പക്ഷേയാര്‍ക്കെങ്കിലും
വഴികാട്ടുവാനായതെത്രഭാഗ്യം !
--------------------------------------
1.)*അരുന്ധതിയെ കാണാന്‍കഴിയുമെങ്കില്‍ മരണം അടുത്തെങ്ങുമുണ്ടാവില്ലെന്നത്‌ ഒരു പഴയ മുക്കുവ സങ്കല്‍പം.
2.) ഈ വരികള്‍ക്ക്‌ പ്രേരണയായത്‌ പ്രീതാ ശ്രീനിയുടെ ഒരു കവിതയാണ്‌



3 comments:

  1. എന്നിട്ട് വേണം അവര്‍ടെ വഴിതെറ്റിയ്ക്കാന്‍

    ReplyDelete
  2. pRiyaa,
    light house aareyum vazhi thetiykkaarilla.vazhiyariyaaththavarkk vazhikaattukayaanu pathivu..

    ReplyDelete
  3. മഴകാറ്റു മഞ്ഞേറ്റു മുറിയാതെയെന്നുമി-
    പ്പഴശീലുകള്‍ പെയ്തു പെയ്തു പോവേ
    പുഴവീണ്ടുമുണരുന്ന ശ്രുതിയാണു കേള്‍പ്പ-
    തെന്നറിയുന്നു ഹാ! മലയാണ്മ ധന്യ!

    ReplyDelete