Monday, June 29, 2009

തീരങ്ങള്‍‌ തേടി..

ചെന്താമരപ്പൂങ്കവിളില്‍ നനവുമായ്‌
സന്ധ്യ, വിരഹിയായ് നിന്നൂ.
ചന്ദനശീതളമന്ദാനിലന്‍‌ എന്റെ
ചിന്തയില്‍ ഹിന്ദോളമായി..

ദൂരെ, ദേവാലയമുറ്റത്തൊരായിരം
താരകള്‍‌ കൈത്തിരിനീട്ടി.
പേരറിയാത്തൊരാദേവിയെയോര്‍ത്ത്‌ കൈ-
ത്താരുകള്‍ കൂപ്പി ഞാന്‍ നിന്നൂ..

കാലില്‍ത്തഴുകിമടങ്ങും തിരയുടെ
നീലിമയെങ്ങോ മറഞ്ഞു.
കാളിമവാനില്‍പ്പടര്‍ന്നു, വിളര്‍ത്തൊരു
ബാലേന്ദു മെല്ലെത്തെളിഞ്ഞു..

ഏകാകിയാമെന്റെദു:ഖങ്ങളുമായി
ശോകാര്‍ദ്രചിന്തയില്‍ മുങ്ങി.
മൂകം ഈതീരംവെടിഞ്ഞകലേയ്ക്ക് ഞാന്‍‌
‍പോകുന്നു; തീരങ്ങള്‍ തേടി..

Sunday, June 28, 2009

പകരം തരാന്‍..

കണികാണുവാന്‍കൊതിച്ചെത്ര ഞാന്‍ നിന്‍മിഴി-
യിണകളെയ്യുന്ന കൂരമ്പുകളെ
മണിവില്ലുപോലുള്ളപുരികംകുലച്ച്‌ ഞാ-
നണയുന്നതുംകാത്തിരുന്നപ്പൊഴും..

ഒരുഗൂഢമന്ദസ്മിതം ചുണ്ടിലെപ്പൊഴും
കരുതിനീ, എന്നെ വിവശനാക്കാന്‍
അരികെ, കൊതിയോടണഞ്ഞപ്പൊഴൊക്കെ നീ
ഒരുവാക്കുമെന്നോട്‌ മിണ്ടിയില്ല..

അകതാരില്‍ ഞാനെന്നുമോമനിച്ചീടുമാ
മുഖദര്‍ശനത്തിന്നനുവദിച്ച്‌
സഖി, നീപകര്‍ന്നൊരാ അനുരാഗവായ്പിന്ന്
പകരംതരാനൊന്നുമെന്നിലില്ല...

Monday, June 22, 2009

ജന്മസാഫല്യം..

അലസയാം‌യമുനതന്‍‌തീരത്തിലാരാത്രി
പലഗോപികള്‍ നിന്‍ സഖികളായി
ഇളകിയാടി മേനി നിന്റെകുഴലിന്റെ-
വിളികേട്ടൊരാലസ്യനൃത്തമായി‌

അവിരാമമാമാറില്‍‌ചേര്‍ന്നലിഞ്ഞീടുവാന്
‍കവിളിലെന്‍‌ചുണ്ടുകള്‍ ചേര്‍ത്തീടുവാന്
‍പവിഴാധരങ്ങളില്‍ ഉമ്മവച്ചീടുവാന്
‍കവിയുന്നുമോഹമെന്നുള്ളില്‍ കണ്ണാ..

വരികനീ, കണ്ണിന്നുപീയൂഷധാരയായ്‌
കരിമുകില്‍‌വര്‍ണ്ണാ, മധുസൂധനാ
തരിക, തീജ്വാലപോലുള്ളനിന്‍സ്നേഹത്തി-
ലെരിയട്ടെ; സഫലമാകട്ടെ ജന്മം..

Friday, June 19, 2009

എന്‍‌യേശുനാഥനേ..

നാഥാ, എന്‍‌പാപങ്ങളൊക്കെപ്പൊറുക്കണേ
വീഥിയിലുള്ളൊരീ മുള്ളുകള്‍ മാറ്റണേ
വേദനയെല്ലാമൊഴിവാക്കിയെന്നുമെന്
‍ചേതനയില്‍‌ നിന്റെനാമം നിറയ്ക്കണേ..

(നാഥാ, എന്‍‌പാപങ്ങള്‍..)

ചോരചിന്തി, ക്കാല്‍‌വരിയില്‍‌ക്കുരിശിലെ

കാരിരുമ്പാണിയില്‍ നീ കിടന്നപ്പൊഴും
ദൂരേയിരിയ്ക്കുന്ന താതനോടോതി നീ
കാരുണ്യമോടെ, യവര്‍‌ക്കു‍മാപ്പേകുവാന്‍..

(നാഥാ, എന്‍‌പാപങ്ങള്‍..)

ഇന്ന്‌ഞാനാശ്രയം തേടിയെത്തി, നിന്റെ

മുന്നില്‍‌നമിപ്പൂ; എന്‍‌പ്രാര്‍ത്ഥനകേള്‍ക്കണേ
എന്നില്‍‌നിറയണേ സ്നേഹമായ്, എന്‍‌കൂടെ
എന്നുമുണ്ടാകണേ, എന്‍‌യേശുനാഥനേ....

(നാഥാ, എന്‍‌പാപങ്ങള്‍..)‍

Thursday, June 18, 2009

ശ്രീലളിതേ..

ഭുവനേശ്വരിയാദേവീ-
സവിധേ കൈകള്‍കൂപ്പവേ,
അവളെന്നിലുണര്‍ത്തുന്നൂ
ശിവപഞ്ച‌പദങ്ങളെ

വരദായിനി നീയേകും
കരയുന്നോര്‍ക്ക് സാന്ത്വനം.
അറിയും, നിന്‍‌കടാക്ഷങ്ങള്‍
‍തരുവാന്‍‌കുമ്പിടുന്നു‌ഞാന്‍

നീയാണാദ്യാക്ഷരം ഭദ്രേ
നീയാണല്ലോവെളിച്ചവും
നീയാണെന്നാത്മസംഗീതം
ധീയോയോന: പ്രജോതയാത്

(ഈ വരികള്‍ ‌എഴുതുമ്പോള്‍‌ ഇതു ‘പത്ഥ്യാവക്ത്രം’ എന്ന വൃത്തമാണെന്ന്‌ എനിയ്ക്കറിയില്ലായിരുന്നു.പിന്നീട്, വൃത്തമഞ്ജരി നോക്കിയപ്പോളാണ്‌ മനസ്സിലായത്..അമ്മേ, മൂകാംബികേ, നിനക്കായിരം പ്രണാമം.)

Wednesday, June 17, 2009

വീണ്ടും കണ്ടപ്പോള്‍

ഒരുപാട്‌കാലംകഴിഞ്ഞ്‌നാം കണ്ടപ്പോള്‍
പരിചയമില്ലാത്തഭാവം നടിച്ചു നീ
ഇരുഹൃദയങ്ങള്‍ പണ്ടൊന്നായ്‌ തുടിച്ചതും,
ഒരുമിച്ചതും ഓര്‍മ്മയില്‍നിന്ന് മാഞ്ഞുവോ ?

അനുരാഗമെന്തെന്നറിയുന്നതിന്‍മുന്‍പ്‌
മനതാരില്‍ കൂടൊന്ന് കൂട്ടുവാനെത്തി നീ
അനുദിനം, മധുരിയ്ക്കുമൊരുനൊമ്പരം പോലെ
കനവിലും, നിനവിലുമതിനെത്തഴുകി ഞാന്‍

ഗതിമാറിയരുവികള്‍ വേറിട്ടൊഴുകിയാ-
കഥപിന്നെയറിയാക്കടംകഥയായതും;
അതിവേഗമീകാലചക്രത്തിരിച്ചിലില്‍
പുതുവേഷമാടുവാന്‍ വിധി നിശ്ചയിച്ചതും..

ഒരുപാട്‌കാലംകഴിഞ്ഞ്‌ നാം കണ്ടപ്പോ-
ളറിയാത്തഭാവം നടിച്ചതെന്തന്ന് നീ ?
പറയേണ്ടയിനി, ഇതിനുത്തരമെന്നോട്‌
അറിയുന്നു; ജീവിതയാഥാര്‍ത്ഥ്യമാണിവ.

Tuesday, June 16, 2009

അംബികേ..

നീലാംബുജങ്ങള്‍ വിരിഞ്ഞൂ മനസ്സിലാ
ശൈലേശപുത്രീകടാക്ഷങ്ങളേല്‍ക്കയാല്‍
നീലനിശീഥിനീവീഥിയില്‍ താരകള്‍
താലങ്ങള്‍നീട്ടീ; തിരുവരവേല്‍പ്പിനായ്‌.

തേജോമയിയാമവളെന്റെയുള്ളിലെ
ബീജാക്ഷരങ്ങളെ തൊട്ടുണര്‍ത്തീടവേ,
ആജീവശ്വാസനിശ്വാസങ്ങളേറ്റെന്റെ-
യീജീവിതം ധന്യപൂര്‍ണ്ണമായംബികേ..

അക്ഷരങ്ങള്‍കൊണ്ടനുഗ്രഹിച്ചീടണം,
രക്ഷയേകേണം, അരികിലുണ്ടാവണം,
ഇക്ഷിതി ഞാന്‍വിട്ടുപോകുന്നനാള്‍വരെ.
ദാക്ഷായണീ, ദൈത്യഹാരിണീ കൈതൊഴാം.

Monday, June 15, 2009

നീലാംബരി.

എങ്ങോ നിശാഗന്ധിപൂത്ത സുഗന്ധത്തെ-
യിങ്ങോളമെത്തിച്ച്‌, ജാലകവാതില്‍ക്കല്‍
തങ്ങും കുളിര്‍ക്കാറ്റ്‌ നിന്റെ സന്ദേശങ്ങ-
ളെങ്ങാനുമെന്നെയേല്‍പ്പിയ്ക്കുവാന്‍ നില്‍ക്കയോ?

കൂടണയാന്‍ വൈകിയോരിണപ്പക്ഷിയെ
തേടുന്നരാപ്പാടി കേഴുംമൃദുസ്വരം
കോടമഞ്ഞിന്‍ നേര്‍ത്തവെള്ളപ്പുടവയെ
മാടിയൊതുക്കിയെന്‍ചാരത്തണയുന്നൂ..

ദൂരെയേതോ മണ്‍കുടിലില്‍, കിനാവിലെന്‍
പേരുരുവിട്ട്‌, കരിനീള്‍മിഴികളില്‍
തോരാത്തകണ്ണീരുമായേകയായെന്റെ-
യാരോമലാളിരിപ്പുണ്ടെന്നറിവൂ ഞാന്‍..

ഇന്നുമെനിയ്ക്കുറങ്ങീടുവാനാവില്ല
എന്നെത്തെയുംപോലെ, എന്റെ സ്വപ്നങ്ങളില്‍
നിന്നെ മനസ്സിന്‍ മടിയില്‍ക്കിടത്തി ഞാന്‍
നിന്നിലലിഞ്ഞ്‌, നീലാമ്പരിയായിടാം..

Sunday, June 14, 2009

ശ്രീലങ്ക.. 04.06.09

കഴിഞ്ഞാഴ്ച, ഒരു മുഴുവന്‍ ദിവസവും കൊളംബോയില്‍ കറങ്ങാനൊത്തു.
ആകെ ഭീതിദമായ ഒരന്തരീക്ഷം ഇപ്പോഴും അവിടെ ചൂഴ്‌ന്ന്നില്‍ക്കുന്നതായി തോന്നി. നഗരവീഥികളിലും;കട,കമ്പോളങ്ങളിലും;വലിപ്പച്ചെറുപ്പമില്ലാതെ വാഹനങ്ങളിലും ശ്രീലങ്കന്‍ കൊടികളും തോരണങ്ങളും തൂക്കിയിരിയ്ക്കുന്നു. പുലിത്തലവന്റെ മരണം അവരിപ്പോഴും ആഘോഷിയ്ക്കുകയാണെന്ന്,ഡ്രൈവര്‍ പറഞ്ഞു. മരിച്ച്‌, ആഴ്ചകളായിട്ടും വിജയാഘോഷങ്ങള്‍ ഇത്ര നീളണമെങ്കില്‍, ജീവിച്ചിരിയ്ക്കെ അയാളെ അവരെത്ര ഭയപ്പെട്ടിരിയ്ക്കണം.

എങ്ങും, രാജപക്സേയുടെ കൂറ്റന്‍ കട്ടൗട്ടുകള്‍. അതിനടുത്തായി,ശ്രീലങ്കയുടെ
രണ്ടു ഭൂപടങ്ങള്‍. ഒന്നില്‍, ചുവപ്പുനിറത്തില്‍ എല്‍.റ്റി.റ്റി.ഇ അധീനതയില്‍
ആയിരുന്ന ഭാഗവും; മറ്റതില്‍,ഇപ്പോള്‍ മോചിതമായെന്ന മുഴുവന്‍ വെള്ള ശ്രീലങ്കയും.

റോഡുനീളെ, ഇരുന്നൂറ്‌മീറ്റര്‍ ഇടവിട്ട്‌, ഓട്ടോമാറ്റിക്‌ മെഷീന്‍ഗണ്‍ പിടിച്ച
പട്ടാളക്കുട്ടികള്‍. ഇരുപതൊ, ഇരുപത്തിരണ്ടോ വയസ്സുതോന്നിയ്ക്കുന്ന;അനാഗത ശ്മശ്രുക്കള്‍.കൈകാണിയ്ക്കാതെതന്നെ ഡ്രൈവര്‍ വണ്ടിനിറുത്തുന്നു, ഇറങ്ങിച്ചെന്ന് കാര്‍ഡ്‌ കാണിച്ച്‌ ഒരു പുസ്തകത്തില്‍ ഒപ്പിടുന്നു. രണ്ട്‌ പട്ടാളക്കുട്ടികള്‍ വാഹനത്തിന്റെ ഇരുവാതിലുകളും തുറന്ന് പരിശോധിയ്ക്കുന്നു.സംശയത്തിന്റെ ദൃഷ്ടികളോടെ ഐ ഡി ചോദിയ്ക്കുന്നു. എന്തിനു വന്നു, എവിടെ തങ്ങുന്നു,എവിടെപ്പോകുന്നു, എത്രദിവസം ഇവിടെയുണ്ടാകും അതിനുശേഷം എവിടെ പോകും എന്നിങ്ങനെ അലോസരത്തിന്റെ വക്കോളമെത്തുന്ന സൗഹൃദമില്ലായ്മകലര്‍ന്ന അന്വേഷണങ്ങള്‍.

"എല്‍.റ്റി.റ്റി.ഇ കില്‍ഡ്‌ ഫിഫ്റ്റിതൗസന്‍ഡ്‌ സോള്‍ജിയേഴ്സ്‌.യങ്ങ്‌ വണ്‍സ്‌ ആര്‍ റിക്രൂട്ടഡ്‌ നൗ. സെക്യൂരിറ്റി ഈസ്‌ വെരി വെരി ഇമ്പോര്‍ടന്റ്‌ നൗ" നാലടി പൊക്കവും സിന്‍ഹള ബുദ്ധമതക്കാരനും, എന്തിനേയോ ഇപ്പോഴും
ഭയപ്പെടുന്നപോലെ പെരുമാറുന്നവനുമായ ഡ്രൈവര്‍ സിരിനായകെ പറഞ്ഞു.ഒരുപഴയ ബുദ്ധവിഹാരത്തില്‍ അയാള്‍ ഞങ്ങളോടൊപ്പം അകത്തുവന്നെങ്കിലും, മാണിക്യപിള്ളയാര്‍ എന്ന ഗണപതിക്കോവിലില്‍ അയാള്‍ പുറത്തുതന്നെ നിന്നു. തമിഴന്മാരുടെ ആ അമ്പലത്തിലെ അഞ്ചുപൂജാരികളുടേയും കണ്ണുകളില്‍ ഭയം ഓളംവെട്ടുന്നതു കാണാമായിരുന്നു. കേരളത്തില്‍നിന്നാണെന്നറിഞ്ഞപ്പോള്‍സ്വകാര്യമായി അവര്‍ പ്രസാദമെല്ലാം ഫ്രീ ആയി തന്നു.

ദേവശാപമേറ്റ ഒരു നാടാണു ശ്രീലങ്ക. ഒരിയ്ക്കല്‍നോക്കിയാല്‍,വീണ്ടും നോക്കാന്‍മടിയ്ക്കുന്ന ഐശ്വര്യമില്ലാത്ത, ഭംഗിയില്ലാത്ത സ്ത്രീകളും യുവതികളും. കിരാതമുഖവും, ചതുരത്തലയുമുള്ള ആണുങ്ങളും. യക്ഷ-നാഗന്‍മാരും കടല്‍ക്കൊള്ളക്കാരും, പിന്നീട്‌ ബുദ്ധഭിക്ഷുക്കളും പണിത നാട്‌. തമിഴന്‍ കുടിയേറി ചായത്തോട്ടങ്ങളുണ്ടായപ്പോള്‍ പുരോഗമിച്ച നാട്‌. ഫെബ്‌.1948 വരെ അവരെ നമ്മെപ്പോലെ, വെള്ളക്കാരും ഭരിച്ചു. തേയിലയും തേങ്ങയും തന്നെ പ്രധാന ഇടപാട്‌.പിന്നെ, മീനും

എന്നാല്‍, തലമുറകളായി തമിഴനിവിടെ രണ്ടാംതരം പൗരനാണ്‌. ജയിക്കാന്‍ തമിഴനു 70 മാര്‍ക്ക്‌ വേണം സിന്‍ഹളക്കാരനു 60 മതി. ജോലി, സര്‍ക്കാരില്‍ കിട്ടുക വളരെ പ്രയാസം. ഇതിനു പുറമെയാണു അഞ്ചെട്ടാളുകള്‍ രാത്രികളില്‍
വന്ന് ആണുങ്ങളെ അടിച്ചോടിച്ച്‌, പെണ്ണുങ്ങളെ ബലാല്‍സംഗം ചെയ്യല്‍. മൂന്നു തലമുറയായി ജീവിച്ചുവന്ന ചുറ്റുപാടുകളില്‍നിന്ന് ബലം പ്രയാഗിച്ച്‌ നിഷ്ക്കാസനം ചെയ്യിക്കല്‍.

ലങ്കയുടെ മൂന്നിലൊന്ന് ഭരിച്ചിരുന്ന എല്‍.റ്റി.റ്റി.ഇയ്ക്ക്‌ ഡോളര്‍ വേണ്ടിയിരുന്നു. സ്വന്തമായി ഭക്ഷണം, ആശുപത്രി, ബാങ്ക്‌ പാസ്പോര്‍ട്ടും ആയുധവും മറ്റുമൊക്കെയുണ്ടാവാന്‍. അതിനുവേണ്ടി അവര്‍ ആയുധവും മയക്കുമരുന്നും കടത്തും. ലോകത്ത്‌ എവിടെവേണേലും ബോംബുവയ്ക്കും, രാജീവ്‌ ഗാന്ധിയെവരെ വധിയ്ക്കും.

യാത്രയ്ക്കിടെ, ലണ്ടനില്‍, പാര്‍ലമെന്റ്‌ഹൗസിന്റെ മുന്നില്‍ പത്തറുപതാളുകളുടെ കൂട്ടം കണ്ടു. 'സ്റ്റോപ്‌ ജെനോസൈഡ്‌ ഓഫ്‌ റ്റമിള്‍സ്‌ ഇന്‍ ശ്രീലങ്ക" എന്ന പ്ലക്കാര്‍ഡുകളുമേന്തി. സെന്‍സര്‍ ചെയ്യപ്പെട്ട മാദ്ധ്യമറിപ്പോര്‍ട്ടുകളില്‍ സത്യം കാണാന്‍ വിഷമമാണ്‌.

രാജപക്സേ,പട്ടാളയുദ്ധം ഒരുപക്ഷേ ജയിച്ചുകാണും. എന്നാല്‍ തമിഴ്‌മനസ്സുകളെജയിക്കാനായില്ലെങ്കില്‍, ഓര്‍ക്കുക, വീണ്ടും ഒരു പ്രഭാകരന്‍ ഉയര്‍ന്ന്‌വന്നേയ്ക്കും.ഇന്നല്ലെങ്കില്‍ നാളെ..

Saturday, June 13, 2009

ഉണ്മയോ സ്വപ്നമോ..

പറയൂ പ്രിയംവദേ, സുരതാവസാനത്തിന്‍
നിറവിന്റെ ശൂന്യതതാണ്ടി നാം മറ്റൊരു
മറവിതന്‍ കാണക്കയത്തിന്റെയാഴത്തില്‍
മറയുന്നതിന്‍മുന്‍പിതുണ്മയോ സ്വപ്നമോ?

ഒരുചെറുമോഹമായ്‌ എന്റെ മനസ്സിന്റെ-
യിരുളിലെ മണ്‍ചിരാതില്‍, കടക്കണ്ണിലെ
തിരിനീട്ടിയെത്തിയനാള്‍തൊട്ട്‌ നീയെന്റെ
കരളിന്‍മിടിപ്പിന്റെ ജതിതാളമായതും;

അകതാരില്‍തളിരിട്ട പൂക്കള്‍കൊഴിഞ്ഞ്‌, നീ-
യകലേയ്ക്ക്‌, എന്നെത്തനിച്ചാക്കി പോയതും;
സഖി, നിന്റെ സാമീപ്യമില്ലാതെ ഞാന്‍ കേണു
പകലുമിരവിലും ഒരുപാടലഞ്ഞതും..

അരികത്ത്‌നിന്നെയെത്തിച്ചു, മാലാഖമാര്‍
ഒരുനാള്‍, കനിഞ്ഞെന്റെ പ്രാര്‍ത്ഥനകേള്‍ക്കയാല്‍
മരുഭൂമി മലര്‍വാടിയായ്‌ പൂത്തുലഞ്ഞതും,
അറിയില്ല, ചൊല്ലൂ. ഇതുണ്മയോ?, സ്വപ്നമോ?

സ്വപ്നങ്ങള്‍ ധൂര്‍ത്തടിച്ചവന്‍

ആരിരംരാവില്‍ നീയെന്റെസ്വപ്നങ്ങളില്‍
നായികയായ്‌വന്ന്, ചെംതളിര്‍ച്ചുണ്ടിനാല്‍
മായികവിഭ്രമം നല്‍കിയത്‌ എന്തി-
നായിരുന്നൂ, എന്റെ ദേവീമനോഹരീ..

കോരിത്തരിപ്പിന്റെയാനിമിഷങ്ങളില്‍
വാരിപ്പുണര്‍ന്ന് ഞാന്‍ നിന്നിലലിയവേ
മാറിലെപ്പൈങ്കിളി മെല്ലെ പുറത്തേയ്ക്ക്‌
പാറിപ്പറക്കാന്‍ കൊതിച്ചതറിഞ്ഞു ഞാന്‍

ഞാനെന്റെസ്വപ്നങ്ങള്‍ ധൂര്‍ത്തടിച്ചിപ്പൊഴീ
കാനനമദ്ധ്യത്തിലൂടെയലയവേ
കാണുന്നു ഞാന്‍, മുന്നിലീ നീണ്ടപാതയില്‍
വേനലില്‍ വെന്ത മരങ്ങള്‍, നിഴലുകള്‍..