Sunday, June 14, 2009

ശ്രീലങ്ക.. 04.06.09

കഴിഞ്ഞാഴ്ച, ഒരു മുഴുവന്‍ ദിവസവും കൊളംബോയില്‍ കറങ്ങാനൊത്തു.
ആകെ ഭീതിദമായ ഒരന്തരീക്ഷം ഇപ്പോഴും അവിടെ ചൂഴ്‌ന്ന്നില്‍ക്കുന്നതായി തോന്നി. നഗരവീഥികളിലും;കട,കമ്പോളങ്ങളിലും;വലിപ്പച്ചെറുപ്പമില്ലാതെ വാഹനങ്ങളിലും ശ്രീലങ്കന്‍ കൊടികളും തോരണങ്ങളും തൂക്കിയിരിയ്ക്കുന്നു. പുലിത്തലവന്റെ മരണം അവരിപ്പോഴും ആഘോഷിയ്ക്കുകയാണെന്ന്,ഡ്രൈവര്‍ പറഞ്ഞു. മരിച്ച്‌, ആഴ്ചകളായിട്ടും വിജയാഘോഷങ്ങള്‍ ഇത്ര നീളണമെങ്കില്‍, ജീവിച്ചിരിയ്ക്കെ അയാളെ അവരെത്ര ഭയപ്പെട്ടിരിയ്ക്കണം.

എങ്ങും, രാജപക്സേയുടെ കൂറ്റന്‍ കട്ടൗട്ടുകള്‍. അതിനടുത്തായി,ശ്രീലങ്കയുടെ
രണ്ടു ഭൂപടങ്ങള്‍. ഒന്നില്‍, ചുവപ്പുനിറത്തില്‍ എല്‍.റ്റി.റ്റി.ഇ അധീനതയില്‍
ആയിരുന്ന ഭാഗവും; മറ്റതില്‍,ഇപ്പോള്‍ മോചിതമായെന്ന മുഴുവന്‍ വെള്ള ശ്രീലങ്കയും.

റോഡുനീളെ, ഇരുന്നൂറ്‌മീറ്റര്‍ ഇടവിട്ട്‌, ഓട്ടോമാറ്റിക്‌ മെഷീന്‍ഗണ്‍ പിടിച്ച
പട്ടാളക്കുട്ടികള്‍. ഇരുപതൊ, ഇരുപത്തിരണ്ടോ വയസ്സുതോന്നിയ്ക്കുന്ന;അനാഗത ശ്മശ്രുക്കള്‍.കൈകാണിയ്ക്കാതെതന്നെ ഡ്രൈവര്‍ വണ്ടിനിറുത്തുന്നു, ഇറങ്ങിച്ചെന്ന് കാര്‍ഡ്‌ കാണിച്ച്‌ ഒരു പുസ്തകത്തില്‍ ഒപ്പിടുന്നു. രണ്ട്‌ പട്ടാളക്കുട്ടികള്‍ വാഹനത്തിന്റെ ഇരുവാതിലുകളും തുറന്ന് പരിശോധിയ്ക്കുന്നു.സംശയത്തിന്റെ ദൃഷ്ടികളോടെ ഐ ഡി ചോദിയ്ക്കുന്നു. എന്തിനു വന്നു, എവിടെ തങ്ങുന്നു,എവിടെപ്പോകുന്നു, എത്രദിവസം ഇവിടെയുണ്ടാകും അതിനുശേഷം എവിടെ പോകും എന്നിങ്ങനെ അലോസരത്തിന്റെ വക്കോളമെത്തുന്ന സൗഹൃദമില്ലായ്മകലര്‍ന്ന അന്വേഷണങ്ങള്‍.

"എല്‍.റ്റി.റ്റി.ഇ കില്‍ഡ്‌ ഫിഫ്റ്റിതൗസന്‍ഡ്‌ സോള്‍ജിയേഴ്സ്‌.യങ്ങ്‌ വണ്‍സ്‌ ആര്‍ റിക്രൂട്ടഡ്‌ നൗ. സെക്യൂരിറ്റി ഈസ്‌ വെരി വെരി ഇമ്പോര്‍ടന്റ്‌ നൗ" നാലടി പൊക്കവും സിന്‍ഹള ബുദ്ധമതക്കാരനും, എന്തിനേയോ ഇപ്പോഴും
ഭയപ്പെടുന്നപോലെ പെരുമാറുന്നവനുമായ ഡ്രൈവര്‍ സിരിനായകെ പറഞ്ഞു.ഒരുപഴയ ബുദ്ധവിഹാരത്തില്‍ അയാള്‍ ഞങ്ങളോടൊപ്പം അകത്തുവന്നെങ്കിലും, മാണിക്യപിള്ളയാര്‍ എന്ന ഗണപതിക്കോവിലില്‍ അയാള്‍ പുറത്തുതന്നെ നിന്നു. തമിഴന്മാരുടെ ആ അമ്പലത്തിലെ അഞ്ചുപൂജാരികളുടേയും കണ്ണുകളില്‍ ഭയം ഓളംവെട്ടുന്നതു കാണാമായിരുന്നു. കേരളത്തില്‍നിന്നാണെന്നറിഞ്ഞപ്പോള്‍സ്വകാര്യമായി അവര്‍ പ്രസാദമെല്ലാം ഫ്രീ ആയി തന്നു.

ദേവശാപമേറ്റ ഒരു നാടാണു ശ്രീലങ്ക. ഒരിയ്ക്കല്‍നോക്കിയാല്‍,വീണ്ടും നോക്കാന്‍മടിയ്ക്കുന്ന ഐശ്വര്യമില്ലാത്ത, ഭംഗിയില്ലാത്ത സ്ത്രീകളും യുവതികളും. കിരാതമുഖവും, ചതുരത്തലയുമുള്ള ആണുങ്ങളും. യക്ഷ-നാഗന്‍മാരും കടല്‍ക്കൊള്ളക്കാരും, പിന്നീട്‌ ബുദ്ധഭിക്ഷുക്കളും പണിത നാട്‌. തമിഴന്‍ കുടിയേറി ചായത്തോട്ടങ്ങളുണ്ടായപ്പോള്‍ പുരോഗമിച്ച നാട്‌. ഫെബ്‌.1948 വരെ അവരെ നമ്മെപ്പോലെ, വെള്ളക്കാരും ഭരിച്ചു. തേയിലയും തേങ്ങയും തന്നെ പ്രധാന ഇടപാട്‌.പിന്നെ, മീനും

എന്നാല്‍, തലമുറകളായി തമിഴനിവിടെ രണ്ടാംതരം പൗരനാണ്‌. ജയിക്കാന്‍ തമിഴനു 70 മാര്‍ക്ക്‌ വേണം സിന്‍ഹളക്കാരനു 60 മതി. ജോലി, സര്‍ക്കാരില്‍ കിട്ടുക വളരെ പ്രയാസം. ഇതിനു പുറമെയാണു അഞ്ചെട്ടാളുകള്‍ രാത്രികളില്‍
വന്ന് ആണുങ്ങളെ അടിച്ചോടിച്ച്‌, പെണ്ണുങ്ങളെ ബലാല്‍സംഗം ചെയ്യല്‍. മൂന്നു തലമുറയായി ജീവിച്ചുവന്ന ചുറ്റുപാടുകളില്‍നിന്ന് ബലം പ്രയാഗിച്ച്‌ നിഷ്ക്കാസനം ചെയ്യിക്കല്‍.

ലങ്കയുടെ മൂന്നിലൊന്ന് ഭരിച്ചിരുന്ന എല്‍.റ്റി.റ്റി.ഇയ്ക്ക്‌ ഡോളര്‍ വേണ്ടിയിരുന്നു. സ്വന്തമായി ഭക്ഷണം, ആശുപത്രി, ബാങ്ക്‌ പാസ്പോര്‍ട്ടും ആയുധവും മറ്റുമൊക്കെയുണ്ടാവാന്‍. അതിനുവേണ്ടി അവര്‍ ആയുധവും മയക്കുമരുന്നും കടത്തും. ലോകത്ത്‌ എവിടെവേണേലും ബോംബുവയ്ക്കും, രാജീവ്‌ ഗാന്ധിയെവരെ വധിയ്ക്കും.

യാത്രയ്ക്കിടെ, ലണ്ടനില്‍, പാര്‍ലമെന്റ്‌ഹൗസിന്റെ മുന്നില്‍ പത്തറുപതാളുകളുടെ കൂട്ടം കണ്ടു. 'സ്റ്റോപ്‌ ജെനോസൈഡ്‌ ഓഫ്‌ റ്റമിള്‍സ്‌ ഇന്‍ ശ്രീലങ്ക" എന്ന പ്ലക്കാര്‍ഡുകളുമേന്തി. സെന്‍സര്‍ ചെയ്യപ്പെട്ട മാദ്ധ്യമറിപ്പോര്‍ട്ടുകളില്‍ സത്യം കാണാന്‍ വിഷമമാണ്‌.

രാജപക്സേ,പട്ടാളയുദ്ധം ഒരുപക്ഷേ ജയിച്ചുകാണും. എന്നാല്‍ തമിഴ്‌മനസ്സുകളെജയിക്കാനായില്ലെങ്കില്‍, ഓര്‍ക്കുക, വീണ്ടും ഒരു പ്രഭാകരന്‍ ഉയര്‍ന്ന്‌വന്നേയ്ക്കും.ഇന്നല്ലെങ്കില്‍ നാളെ..


No comments:

Post a Comment