Tuesday, December 30, 2008

നിശാഗന്ധി

പെട്ടെന്ന് മുന്നില്‍വന്ന് ചിരിച്ചനേരം ഒരു
കസ്റ്റമറാണെന്ന് ഞാന്‍ കരുതി, സന്തോഷിച്ചു.
ഇഷ്ടമില്ലെനിയ്ക്കെല്ലാം പറയാന്‍, പത്രത്തിലെ-
കുട്ടീ, നീ കുഴയ്ക്കുന്ന ചോദ്യങ്ങള്‍ചോദിയ്ക്കല്ലേ.

പേരുവയ്ക്കരുതെന്റെ പടവുമല്ലേല്‍ത്തന്നെ
തീരാത്ത കുഴപ്പങ്ങള്‍ ഇന്നെനിയ്ക്കേറെയുണ്ട്‌.
മാറിനിന്നീടാമല്‍പം, ഏതാനുംനിമിഷങ്ങള്‍
പോരെ, യതിന്ന് പൈസ തരണം, തിരക്കുണ്ട്‌.

അമ്മാവനൊരാള്‍, ഞാനന്നേഴിലാ,ണെന്നെപ്പിടി-
ച്ചുമ്മവച്ചപ്പോഴതിന്‍ പൊരുള്‍ ഞാനറിഞ്ഞില്ല.
സമ്മതിച്ചില്ലേല്‍ വീട്ടുകാര്യങ്ങള്‍ കുഴയും അ-
ന്നമ്മ, കിടപ്പിലാണെന്നഛനോ പണിയില്ല.

ഇല്ലഞ്ചുപൈസ വീട്ടില്‍, വിശന്നാല്‍ കരയുവാ-
നല്ലാതെയറിയാത്ത മൂന്ന് കുട്ടികളുണ്ട്‌.
വല്ലജോലിയും ചെയ്ത്‌ ജീവിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍
എല്ലാര്‍ക്കുമൊന്നേ വേണ്ടൂ, എന്റെയീശരീരത്തെ.

നാട്ടില്‍ ഞാനത്രയ്ക്കങ്ങോട്ടറിയപ്പെട്ടില്ലേലും
കൂട്ടിനന്നാളുണ്ടായി, ജോലിയില്‍ തിരക്കായി.
പട്ടിണിമാറി, പിള്ളേര്‍പഠിച്ചുവലുതായി
പട്ടണമൊരുപേരിട്ടെനിയ്ക്ക്‌, 'നിശാഗന്ധി'.

അന്നൊക്കെയെന്നെത്തേടി കാറിലെത്തിടും വീടിന്‍-
മുന്നിലാളുകള്‍, ഇപ്പോഴത്രയ്ക്ക്‌ തിരക്കില്ല.
ഇന്ന്, ഞാന്‍ മൊബൈലിലെ അഡ്രസ്സില്‍ ഓട്ടോയേറി-
ചെന്നാണ്‌, നാളെപ്പോക്ക്‌ കാല്‍നടയായിട്ടാവാം.

ഇല്ലെനിയ്ക്കൊരുദു:ഖം, തൊഴിലാണിതുമെന്ന-
തല്ലാതെ, തെറ്റാണിതെന്നൊട്ടുമേ തോന്നീട്ടില്ല.
ഇല്ല, നാളെയെപ്പറ്റി ചിന്ത, കാശിനാണേലും
വല്ലോര്‍ക്കുമല്‍പം സുഖം കിട്ടുമെങ്കിലായ്ക്കോട്ടെ।


അറിയാമെന്നെപ്പോലെയുള്ളവര്‍ വിസ്മ്രിതിയില്‍
മറയും, തീരാരോഗബാധയില്‍, ദാരിദ്ര്യത്തില്‍
പറയും തള്ളിയെന്നെ, ഞാന്‍‌വളര്‍ത്തിയോര്‍പോലും
മരണം വരുമ്പോളും തിരിഞ്ഞ്‌നോക്കില്ലെന്നും..

Wednesday, December 24, 2008

പ്രവാസി

ഇന്നലെയുറക്കത്തിലെപ്പൊഴോ നീ വന്നെന്നെ
ചന്ദനക്കുളിര്‍ത്തൈലം പൂശുന്നതായിത്തോന്നി.
പിന്നെ, ഞാനുണര്‍ന്നപ്പോള്‍, എങ്ങിനെയറിയില്ലാ-
സുന്ദരസുഗന്ധമെന്‍ മുറിയില്‍തങ്ങി നിന്നൂ.

ഒത്തിരിനാളായല്ലോ കണ്ടിട്ട്‌ ഞാനെന്‍ പ്രിയ-
മുത്തിനെ, സ്വപ്നങ്ങളില്‍ വരാറുണ്ടെന്നുമവള്‍.
കത്തുന്നഹൃത്തിലവള്‍ കുറിച്ച സന്ദേശങ്ങള്‍
എത്തിയ്ക്കുവാന്‍ താരകള്‍ കണ്ണിറുക്കിക്കാട്ടുന്നു.

എന്ത്‌ നേടുവാന്‍, മരുഭൂവിലീ ഹോമാഗ്നിയില്‍
വെന്തുരുകുമ്പോള്‍, ഞാനെന്‍ സ്വപ്നങ്ങളര്‍പ്പിച്ചിട്ട്‌?
എന്ത്‌ ബാക്കിയായീടും ദിനങ്ങള്‍ കൊഴിയവേ
എന്തസംബന്ധം, ഇതോ ജീവിതം? അറിയില്ല.

Friday, December 19, 2008

സുഹൃത്തിനോട്‌..

തന്ത്രികള്‍പൊട്ടി, നാദം നിലച്ച വെറുമൊരു
തമ്പുരു, യിനിയെന്നില്‍ രാഗങ്ങളുയരില്ല.
തങ്കക്കിനാക്കള്‍ എന്നേ പടിയിറങ്ങിപ്പോയോ-
രങ്കണമിതിലാരും വിരുന്ന് വരാനില്ല.

ഏകനായ്‌, വടക്കിനിക്കോലായിലിരിയ്ക്കവേ
ശോകമെന്‍സ്വന്തം, ബന്ധുവായിയെന്‍ മിഴിനീരും.
മൂവന്തിനേരത്തന്ന് മഞ്ഞലക്കുളിര്‍പോലെ
നീവന്നു, നിലാവിന്റെ നനുത്ത ചിറകേറി.

എന്നില്‍നീ നിറഞ്ഞല്ലോ സാന്ത്വനസ്പര്‍ശംപോലെ;
എന്നുള്ളിലുയര്‍ന്നല്ലോ സിന്ധുഭൈരവീരാഗം.
അന്നോളമറിയാത്തോരഭൗമസുഹൃദ്ബന്ധം
തന്നു നീ, സഖേ, നിന്നെയൊന്ന് ഞാന്‍ നമിച്ചോട്ടെ!

Friday, December 5, 2008

മനസ്സിലെ കിളി..

ഇന്നലെ, ചെമ്പനീര്‍പൂക്കള്‍പറഞ്ഞു, നീ
വന്നിടും സ്വപ്നത്തിലെന്ന്, മെല്ലെ.
പിന്നെ, ഉറങ്ങാന്‍കിടന്നെങ്ങിലും നിദ്ര
വന്നില്ലതിനാലേ സ്വപ്നങ്ങളും..

എപ്പോഴോ, നിന്നെയോര്‍ത്തോര്‍ത്ത്‌ കിടക്കവേ
ഇപ്പുലര്‍വേളയും വന്നണഞ്ഞൂ.
അല്‍പംനിരാശതയെന്നുള്ളില്‍ബാക്കി-
അതിപ്പോഴുമുണ്ടെന്റെയോമലാളേ..

അല്ലെങ്കില്‍; കണ്ണൊന്നടച്ചാല്‍ മനസ്സിന്റെ
ചില്ലയില്‍, പൂത്തോരുകൊമ്പിലെ കൂടിന്റെ-
യുള്ളിലിരിയ്ക്കുന്ന നിന്നോട്‌ കൊഞ്ചുവാന്‍
ഇല്ലാത്തസ്വപ്നങ്ങള്‍ കൂട്ടെനിയ്ക്കെന്തിന്‌?


Wednesday, December 3, 2008

എന്ന് നാമൊന്നാകും?

ഇല്ലേ, നിനക്കൊന്നുമെന്നോട്‌ ചൊല്ലുവാ-
നില്ലേ? , വെറുംമുളംതണ്ടായിരുന്നെന്നെ
പുല്ലാങ്കുഴലാക്കി, പാതയോരത്തെപ്പാഴ്‌-
കല്ലായിരുന്നെന്നെ വൈഢൂര്യമാക്കി നീ.

പിന്നെ, സ്വപ്നങ്ങള്‍തന്‍ നീലക്കയങ്ങളി-
ലെന്നെ മറന്നു ഞാന്‍ നീന്തിയൊഴുകവേ..
കണ്ണില്‍, നിലാവിന്റെ തൂവല്‍ത്തലോടലോ-
ടിന്നുമെന്‍ചാരെ നീ നില്‍പ്പതറിവൂ ഞാന്‍

നിന്‍നാവില്‍നിന്നൂര്‍ന്ന സ്നേഹവചസ്സുകള്‍
എന്‍മാനസത്തില്‍ തിരികളൊരായിരം
പൊന്‍നാളമായ്‌തെളിയുന്നെന്റെയോമലേ-
യെന്നാണ്‌ നാമിനിയൊന്നായിമാറുക ?


Wednesday, November 26, 2008

ശരണമയ്യപ്പാ...

തലയിലുണ്ടിരുമുടിക്കെട്ട്‌; മനസ്സിലീ
മലവാഴുമയ്യപ്പനും....(2)
കലിയുഗവരദാ,യിരുള്‍മൂടുമെന്നില്‍നീ
പുലരിയായ്‌ വന്നുദിയ്ക്കൂ; പൊന്നമ്പിളി-
ക്കലപോലെ നീ തിളങ്ങൂ
(തലയിലുണ്ടിരുമുടിക്കെട്ട്‌...)

ഒരുനൂറ്‌ ജന്മമെടുത്തു; ഞാന്‍ പാപങ്ങള്‍
ഒരുപാട്‌ചെയ്തതിനാല്‍....(2)
എരിയുന്ന കര്‍പ്പൂരത്തിരിപോലെയെന്നില്‍ നീ
നിറയേണമെന്നയ്യപ്പാ; നീവരം
ചൊരിയേണമെന്നിലയ്യാ
(തലയിലുണ്ടിരുമുടിക്കേട്ട്‌...)

കളഭാഭിഷേകവും കണ്ട്‌, ഞാന്‍ മെല്ലെയീ
മലയിറങ്ങുന്നനേരം....(2)
അലമാലപോല്‍ പുനര്‍ജന്മത്തിന്‍ പൊരുളെന്നില്‍
അലയടിച്ചെത്തിടുന്നു; പൊന്നമ്പലം
തെളിയുന്നുയെന്‍മനസ്സില്‍
(തലയിലുണ്ടിരുമുടിക്കെട്ട്‌...)


(ഉടുക്കിന്റെ താളത്തോടൊപ്പം പാടാന്‍ ചിട്ടപ്പെടുത്തിയത്‌..)

Thursday, November 20, 2008

മണിത്താലി.

എന്നെ നിനക്ക്‌ മറക്കുവാനാകുമോ
പൊന്നേ, നീയെത്രയതിന്ന് ശ്രമിയ്ക്കിലും ?
എന്നെന്നെയിഷ്ടമെന്നാദ്യം പറന്‍ഞ്ഞതിന്‍
മുന്നെയറിഞ്ഞു ഞാന്‍, നീയെന്‍സഖിയെന്ന്

വിണ്ണില്‍ ‍താരങ്ങള്‍ചിരിയ്ക്കെ, കൂത്തമ്പല-
മണ്ണില്‍ കളികണ്ടലിഞ്ഞിരുന്നീടവേ,
കണ്ണിമയ്ക്കാതന്ന് നിന്നുപോയ്‌ ഞാന്‍ കഴല്‍-
ക്കണ്ണിയെനോക്കി;യറിഞ്ഞതില്ലന്ന് നീ.

എത്രവസന്തങ്ങള്‍ പിന്നെക്കടന്നുപോയ്‌
എത്രവര്‍ഷങ്ങള്‍, ശിശിരങ്ങള്‍, നാം രണ്ടു-
മത്രമേല്‍ സ്നേഹിച്ചിരുന്നൂ പരസ്പര-
മെത്രതാലോലിച്ചിരുന്നു കിനാക്കളെ...

കണ്ണില്‍തീ യച്ഛന്റെ; ജാലകവാതിലില്‍
കണ്ണുകള്‍നിന്റെ, കരഞ്ഞ്‌ കലങ്ങിയും.
തിണ്ണയില്‍നിന്ന് മുറ്റത്തേയ്ക്കിറങ്ങി ഞാന്‍
കണ്ണിലിരുട്ടും, തകര്‍ന്ന മനസ്സുമായ്‌.

എന്നെ നിനക്ക്‌ മറക്കുവാനാകുമോ
പൊന്നേ, നീയെത്രയകലേയ്ക്‌ക്‍പോകിലും ?
അന്ന് ഞാനുണ്ടാവുകില്ല, നിന്‍മാറത്ത്‌
പൊന്നിന്‍ മണിത്താലി വേറൊരാള്‍ ചാര്‍ത്തിയാല്‍

Tuesday, November 18, 2008

പഥികന്‍

ആരെന്നെയോര്‍ത്തിടാന്‍, ഞാനൊരുനാളിലീ-
തീരംവെടിഞ്ഞകലേയ്ക്‌ക്‍പോയീടുകില്‍ ?
ആരുമുണ്ടാവില്ലറിയാമെനിയ്കെന്റെ-
യാരോമലാള്‍പോലുമെന്നെമറന്നിടും.

പേരറിയാത്ത വിജനസ്ഥലികളില്‍,
കൂരിരുള്‍തിങ്ങും നിബിഢവനങ്ങളില്‍,
പാരം നടക്കേണമീഭാണ്ഡവുമേറ്റി
തോരാമഴയിലും, വേനല്‍ത്തിളപ്പിലും.

ഏതോനിലാപ്പക്ഷിയെന്നോ മനസ്സിന്റെ
വേദനതീര്‍ക്കുവാന്‍ പാടിയ പാട്ടുകള്‍,
പാതയോരത്തല്‍പനേരമിരിയ്ക്കവേ
കാതിലൊരാശ്വാസമായ്‌ മുഴങ്ങീടുമോ ?

എന്നിലെയെന്നെത്തിരഞ്ഞുനടന്നു ഞാ-
നിന്നേവരെക്കണ്ടതില്ലതിന്‍ശേഷമാ-
ണിന്നെന്റെയാത്ര തുടരുവാനിപ്പാത-
മുന്നോട്ട്‌നീളുന്നിടത്ത്‌ നില്‍ക്കുന്നു, ഞാന്‍..

Tuesday, November 11, 2008

ശ്വസിയ്ക്കുന്ന മൃതദേഹം.

വീണുടഞ്ഞാദ്യരാവില്‍ത്തന്നെയെന്‍ സ്വപ്ന-
വീണയും; മോഹതാരങ്ങളും ഭൂമിയില്‍
കാണാക്കയത്തിന്നഗാധതലങ്ങളില്‍
വീണപോലന്ന് ചിതറിയെന്‍മാനസം

മായികവിഭ്രമജാലങ്ങളാലെന്നെ-
യായിരംകൈകളാല്‍ കോരിത്തരിപ്പിച്ച
നീയെവിടേയെന്ന് ഞാന്‍തിരഞ്ഞീടവേ-
യായിരുന്നാശരമെന്നെത്തുളച്ചത്‌.

കണ്ണിലിരുട്ട്‌പടര്‍ന്നൂ; ഒരുതുള്ളി-
ത്തണ്ണീരിനായ്‌ കരള്‍കേണുവെന്നാകിലും
മണ്ണിലിറ്റിറ്റായ്പതിച്ചത്‌ ചൂടുള്ള
കണ്ണുനീരെല്ല; നിണമെന്നറിഞ്ഞു ഞാന്‍.

എത്രയോനേരം കഴിഞ്ഞ്‌ ശവഘോഷ-
യാത്രയ്ക്കൊരുങ്ങിയെറുമ്പുകള്‍ വന്നതും;
നൃത്തം ചവിട്ടി, താളത്തിലാത്മാവുകള്‍.
അത്രയേ ഉണ്ടായിരുന്നുള്ളു ഓര്‍മ്മകള്‍

ഇന്നീജനലിന്നഴിയില്‍ തലചായ്ച്ച്‌
മുന്നോട്ട്‌നീങ്ങും പൊടിപ്പാതയെനോക്കി
കണ്ണീരുവറ്റി; മരപ്പാവപോലൊരു-
പെണ്ണ്- ശ്വസിയ്ക്കും മൃതദേഹമാണിവള്‍ !

Friday, October 31, 2008

പറയാന്‍ മടി.

കരളിലെ മോഹങ്ങള്‍ ആര്‍ത്ത്‌കേഴുമ്പോഴു-
മറിയാത്ത ഭാവം നടിച്ചെങ്കിലും
കരിമഷിയെഴുതിയകണ്ണില്‍ത്തിളങ്ങിയ
മറുപടി, കാട്ടിക്കൊടുത്തു നിന്നെ

അരികത്തിരുന്നര്‍ത്ഥമില്ലാത്തവാക്കുകള്‍
വെറുതേയുരുവിടുമ്പോഴുമെന്നെ
കരപല്ലവങ്ങളാല്‍ കെട്ടിവരിഞ്ഞ്‌ നിന്‍
നിറമാറിലേയ്ക്കണച്ചെന്ന് തോന്നി.

പിരിയാന്‍ സമയമായപ്പൊള്‍ നീ കാല്‍ത്തള
ചെറുതായിളക്കി, മുഖം കുനിച്ച്‌,
ഒരുനേര്‍ത്ത മന്ദഹാസത്തിലൊളിപ്പിച്ചൊ-
രരിമുല്ലപ്പൂവെന്‍ മുഖത്തെറിഞ്ഞൂ...

Wednesday, October 29, 2008

ഒരു പ്രേമഗാനം

ഇനിയും, കുളിര്‍ചൂടുമീ
വനിയില്‍, കിളിപാടുമോ
മണിവീണയില്‍ ഉയരും
പ്രണയാര്‍ദ്ര ഗീതികകള്‍
മനസ്സില്‍പ്പകര്‍ന്ന് നല്‍കിടുന്നു
മധുര മധുകണങ്ങള്‍
(ഇനിയും..)

പറയാന്‍മറന്നൂ ഞാന്‍
പിരിയും വേളയില്‍
കരളിന്നുള്ളിലായി
ഉരുകും നൊമ്പരങ്ങള്‍
അറിയാതെ നീര്‍ തുളുമ്പിനിന്‍
കരിനീലമിഴികളില്‍
(ഇനിയും..)

ഇനി ഞാനൊരുക്കീടും
പനിനീര്‍പ്പൂ മേടയില്‍
കനിവോടെ വന്നിടാമോ
തുണയായെന്നെന്നും
കനവില്‍ത്തെളിഞ്ഞൊരായിരം
തിരികൊളുത്തിടാനായ്‌
(ഇനിയും..)


Tuesday, October 28, 2008

ദീപാവലി

പാപങ്ങള്‍ചെയ്തതിനാലെ, കുറെയേറെ
ശാപങ്ങളേറ്റവനെങ്കിലും, ഇന്നലെ
ദീപംകൊളുത്തി ഞാന്‍എന്റെഗൃഹത്തിലും
കോപ, താപങ്ങള്‍ നിറയും മനസ്സിലും.

വിണ്ണില്‍നിറയെച്ചെറുതാരകള്‍, ഇങ്ങ്‌
മണ്ണില്‍, ചിരാതില്‍, ചെറുതിരികള്‍; എന്റെ
കണ്ണില്‍ കിനാവിന്‍ പ്രഭയും, ഹൃദയത്തി-
ലെണ്ണിയാല്‍തീരാത്ത വാക്കും നിറഞ്ഞിതേ.

എന്നുമെന്നുള്ളില്‍ തിമിര്‍ക്കുമസുരരെ
കൊന്നെന്നെനേര്‍വഴി കാട്ടേണമംബികേ
എന്നുംതൊഴുന്നേന്‍, കരങ്ങള്‍പദ്‌മങ്ങളായ്‌
എന്നുമര്‍പ്പിയ്ക്കുന്നു പാദയുഗ്മങ്ങളില്‍


Sunday, October 26, 2008

മുരിങ്ങമംഗലത്തപ്പാ..

ഒരുവരം മാത്രമെനിയ്ക്കുനീയേകണേ
മുരിങ്ങമംഗലത്തപ്പാ,കരുണാമയാ
തിരുമുഖമെന്നെന്നും കണികണ്ടുണരുവാന്‍
കരുണയോടെന്നെനീയനുഗ്രഹിയ്ക്കൂ..

ധനുഞ്ജയന്‍,അജയ്യനാണിവനെന്നഹങ്കാരം
എനിയ്ക്കുള്ളിലൊരുനാളുമുദിച്ചിടാതെ
ധന,ധാന്യ,ദേഹസുഖങ്ങളേകീടണം
ദിനവും ഞാന്‍കൈകൂപ്പിത്തൊഴുതിടുന്നേന്‍

തരുമോ നീ ദു:ഖശതങ്ങളെ നേരിടാന്‍
ഒരുവില്ലെനിയ്ക്ക്‌, കിരാതമൂര്‍ത്തേ
കരളിലെവില്വദലമാലചാര്‍ത്താം ഞാന്‍
തിരുമിഴിതുറന്നെന്നെയനുഗ്രഹിയ്ക്കൂ..


Saturday, October 25, 2008

രാധ കാത്തിരിയ്ക്കുന്നൂ..

വൃന്ദാവനവും ഞാനും കാത്തിരിപ്പാണീരാവില്‍
നന്ദഗോപാലാ, കണ്ണാ, വന്നണഞ്ഞാലും വേഗം
ചന്ദനസുഗന്ധമായ്‌ എന്നില്‍നീനിറയുന്നൂ
മന്ദമാരുതനില്‍ ഞാന്‍ നിന്‍ശ്വാസമറിയുന്നൂ

ഇന്നലെപിരിയുമ്പോളെന്നെനെഞ്ചോട്ചേര്‍ത്ത്‌
ചൊന്നകാര്യങ്ങളൊക്കെ മറന്നോ, മായക്കണ്ണാ
ഇന്ന് നീ വരുന്നേരം മുടിയില്‍ച്ചൂടിയ്ക്കുവാന്‍
മന്ദാരമലര്‍മാല കൊരുത്ത്‌നില്‍പാണ്‌ ഞാന്‍

മതി, കാത്തിരുന്ന് ഞാന്‍മുഷിഞ്ഞൂ മുകില്‍വര്‍ണ്ണാ
മതിയാക്കുക എന്റെ ക്ഷമയെപ്പരീക്ഷിയ്ക്കല്‍
മതിതോറ്റുപോം നിന്റെ മുഖമെന്‍കയ്യാല്‍കോരി
മതിയാകുവോളമാ അധരം നുകരട്ടെ..

Wednesday, October 22, 2008

പ്രേരണ.

തട്ടിമാറ്റുവതെങ്ങിനെ തോളത്ത്‌
തട്ടിടുന്ന സുഹൃത്തിന്‍ കരങ്ങളെ
ഒട്ടുനന്നെന്ന്‌ചൊല്ലി എഴുതുവാന്‍
വിട്ടുമാറാതെ പ്രേരണയേകുവോന്‍

കെട്ടുകെട്ടായ്‌ മനസ്സില്‍ക്കിടക്കുന്നു
കെട്ടുപോകാത്തൊരുപാട്‌ വാക്കുകള്‍
വെട്ടമിത്തിരിനാംകൊടുക്കേണ്ടേ യി-
രുട്ട്‌ മാറ്റുവാന്‍ ഹൃത്തിന്നറകളില്‍?

തെറ്റുകളേറെയുണ്ടാമിവകളില്‍
കുറ്റമറ്റതല്ലെന്റെ രചനകള്‍
ചുറ്റിലെങ്ങാന്‍ കവിതയെക്കാണുവാന്‍
പറ്റിയെങ്കിലെന്‍ജന്മം സഫലമായ്‌


ഞാന്‍ വിവേക്‌.

മോളേ, നീ വല്ലാതെ ബോറടിച്ചോ? ഇന്ന്
കോളേജിലേയ്ക്കൊന്നും പോയില്ലയോ?
കൂളായി നീ മൊബെയിലോണാക്കെടീ നല്ല
ബോളീവുഡ്‌ ഫോട്ടോയും പാട്ടും തരാം.

മറ്റേത്‌ വേണേലും ചോദിച്ചോളൂ, നിന്റെ
പൊട്ടിച്ചിരികേള്‍ക്കാന്‍. അല്ലെങ്കില്‍ നീ
പെട്ടെന്നീ ബൈക്കിന്‍ പിറകിലേറൂ ഒന്നായ്‌
ചുറ്റിക്കറങ്ങാം ഈ സിറ്റിമൊത്തം.

പിന്നെ, ഒരയിസ്ക്രീം നുണഞ്ഞിറക്കി നമ്മള്‍
കണ്ണില്‍ക്കണ്ണില്‍ നോക്കി തെല്ലിരിയ്ക്കാം
പിന്നെ,കവിതയില്‍ മാറ്റിനിയ്ക്ക്‌ സ്വല്‍പ-
മൊന്നിച്ചിരിയ്ക്കാം 'കര്‍സ്‌'ഉം കാണാം

Monday, October 20, 2008

ഒരു യുഗ്മഗാനം


അങ്ങ്‌ ദൂരെയിരുന്ന്, അവന്‍:
നീലനിലാവിന്റെ ലാളാനങ്ങള്‍ എന്റെ
മേലാകെ പൂക്കള്‍വിരിച്ചരാവില്‍
നീലോല്‍പലമിഴിയാളേ മറന്നു ഞാന്‍
ഈലോകവും, ദേവസംഗീതവും
(നീലനിലാവിന്റെ...)

ഇങ്ങിവിടെ ഏകയായിരുന്ന് അവള്‍:
എന്നുമെന്‍ സ്വപ്നശതങ്ങളില്‍ വന്ന് നീ
എന്നില്‍ നിറയുന്നു സംഗീതമായ്‌
എന്ന് നീവന്നെത്തുമെന്റെ മോഹങ്ങളെ
പൊന്നിന്‍മണിത്താലി ചാര്‍ത്തീടുവാന്‍
(നീലനിലാവിന്റെ...)
അവന്‍:
പോയജന്മങ്ങളിലൊക്കവേ നീയെന്റെ-
തായിരുന്നോമനേ, ഓര്‍മ്മയില്ലേ
ആയിരമാശാകുസുമസൗരഭ്യവു-
മായിയരികത്തണഞ്ഞിടാം ഞാന്‍

അവള്‍:
നീലനിലാവിന്റെ ലാളനങ്ങള്‍ എന്റെ
മേലാകെ പൂക്കള്‍വിരിച്ചനാളില്‍
അവന്‍:
നീലോല്‍പലമിഴിയാളേ, മറന്നു ഞാന്‍
ഈലോകവും, ദേവസംഗീതവും

Friday, October 17, 2008

ശിവരഞ്ജിനി

വേദനയൂറുന്ന മൗനദു:ഖങ്ങളാല്‍
നാദമിടറാന്‍ തുടങ്ങവേ നീ
ചേതനയില്‍ ഹര്‍ഷബിന്ദുക്കള്‍ തൂകിയൊ-
രാദിനമിന്നുമോര്‍മ്മിയ്ക്കുന്നു ഞാന്‍.

ആരുമിതേവരെതന്നില്ല സ്നേഹമാ
കൂരിരുട്ടില്‍ തിരിനീട്ടിയില്ല,
താരകള്‍മാത്രം മിഴിനീര്‍ പൊഴിച്ചുനി-
ന്നാരുമേ സാന്ത്വനമേകിയില്ല

നീനിറഞ്ഞെന്നില്‍ നിലാക്കുളിരായിയെന്‍
വേനല്‍ക്കിനാക്കളില്‍ തൂമഴയായ്‌
ഞാനറിയാതെയുണര്‍ന്നീടുന്നൂ എന്റെ
പ്രാണനില്‍ ദേവാ, ശിവരഞ്ജിനി

Thursday, October 16, 2008

അക്ഷരങ്ങള്‍


മണിവീണയെന്തിന്നു പാടാന്‍ മടിയ്ക്കുന്നു
പ്രണയിനി അരികിലില്ലായ്കയാലോ ?
അണയാന്‍തുടങ്ങുമീമണ്‍ചിരാതില്‍ സ്നേഹ-
കണികകള്‍ വീണ്ടും നിറയ്ക്കുമോ നീ ?

ഒരുനിലാത്തുണ്ടെന്റെ ജാലകവാതിലില്‍
വെറുതേചിരിച്ചുകൊണ്ടെത്തിനോക്കി
ഒരുമേഘശകലത്തിനാലേ മുഖം മറ-
ച്ചൊരുവേള നിന്നഭാവത്തിലാകാം.

അറിയില്ല; ഇനിയൊരുപൂക്കാലമെന്നുള്ളില്‍
വിരിയുമോ ?, പാടുമോ ഹൃദയവീണ ?
നിറയുമോ ജീവനില്‍ സ്നേഹാര്‍ദ്രരശ്മികള്‍ ?
മറയുമോ എന്നില്‍നിന്നക്ഷരങ്ങള്‍ ?

Wednesday, October 15, 2008

താരാട്ട്‌


എന്നെനിന്‍മാറോട്‌ചേര്‍ത്തണച്ച്‌ പിടിച്ചാലും
നിന്നിലേയ്ക്കലിഞ്ഞലിഞ്ഞില്ലാതെയാവട്ടെ ഞാന്‍
പിന്നെ, നിന്‍വ്രണിതമാം ഓര്‍മ്മതന്‍തീരങ്ങളില്‍
ചെന്നലഞ്ഞീടാം, നമുക്കൊന്നിച്ച്‌ രാപ്പാര്‍ത്തീടാം

ഇന്നലെ സന്ധ്യയ്ക്ക്‌ ഞാന്‍ തനിച്ചീക്കടവത്ത്‌
നിന്നെയോര്‍ത്തിരുന്നെത്ര കണ്ണുനീര്‍ ചൊരിഞ്ഞെന്നോ
വന്നില്ല സമാശ്വാസം തരുവാന്‍ പടിഞ്ഞാറ്‌
എന്നും വരാറുള്ളൊരാ സാന്ധ്യതാരകപോലും

എന്ന് പെയ്തിറങ്ങുംനീയെന്നുള്ളില്‍ മഴയായി
എന്നെന്റെ ചിരാതില്‍ നീ പൊന്‍തിരി തെളിയിയ്ക്കും
എന്ന് നീയെന്‍വീണതന്‍ തന്ത്രിയില്‍ രാഗം മീട്ടും
എന്നെന്റെയശാന്തമാം മനസ്സില്‍ താരാട്ടാകും


Tuesday, October 14, 2008

വൃന്ദാവനസാരംഗ

നന്ദകുമാരാ, നിന്‍മുരളിയില്‍ നീ
വൃന്ദാവനസാരംഗയുണര്‍ത്തൂ
ഇന്ദീവരനയനങ്ങളുമായീ
സുന്ദരിരാധ കാത്തിരിയ്ക്കുന്നൂ.

നിന്‍തിരുമാറില്‍ പടര്‍ന്നലിഞ്ഞീടാന്‍
നിന്‍ഹൃദയത്തിന്‍ സ്പന്ദങ്ങളാവാന്‍
നിന്‍വേണുവിലെ നിശ്വാസമാവാന്‍
നിന്‍കാല്‍ത്തളയിലെ താളങ്ങളാവാന്‍
നിന്‍പ്രിയരാധ ഞാന്‍ കാത്തിരിയ്ക്കുന്നു.

ഓടിയെങ്ങോ മറയുന്ന മേഘങ്ങളും
മാടിവിളിയ്ക്കുന്ന വാസന്ത ചന്ദ്രനും
പാടുന്നകാനന മൈനകളും നിന്നെ
തേടുന്നു കണ്ണാ നീവരൂ വേഗം.
കോടക്കാര്‍വര്‍ണ്ണാ നീവരൂ വേഗം

Friday, October 10, 2008

മുത്തപ്പാ..


കത്തിപ്പടരും കുറേ ദു:ഖങ്ങളുമായി ഞാ
നെത്തീ പറശ്ശീനിയില്‍; ഇന്നലെ വൈകുന്നേരം
മുത്തപ്പനപ്പോള്‍ തന്റെ വെള്ളാട്ടിനായിട്ടങ്ങോ-
ട്ടെത്തി; ഞാന്‍ കണ്ടു ചേതോഹരമാം തിരുരൂപം

തെച്ചിയും തുളസിയും ചേര്‍ത്ത്‌കെട്ടിയ മാല
ഉച്ചിയില്‍, കൊടുമുടിക്കിരീടം നിറച്ചുണ്ട്‌
പച്ചരി, മഞ്ഞള്‍, ചുണ്ണാമ്പരച്ച്‌ കൂട്ടുണ്ടാക്കി-
ത്തേച്ച്‌, മേനിയിലാകെ; വരകള്‍ വര്‍ണ്ണങ്ങളും.

മയ്യിട്ട കണ്ണ്‍, കരിമഷിയാല്‍; വളയിട്ട
കയ്യൊന്നില്‍ വാളും; വില്ലു,മമ്പുമറ്റേക്കയ്യിലും
മെയ്യാകെയിളക്കിക്കൊണ്ടിങ്ങെത്തിയീമുത്തപ്പന്‍-
തെയ്യത്തിനുണ്ട്‌ താടി, നരച്ച മേല്‍മീശയും

വട്ടത്തില്‍ കഴുത്തില്‍ക്കെട്ടരയില്‍ ചെന്തില്‍ക്കെട്ട്‌
മുട്ടോളമെത്തും കാണിമുണ്ട്‌, പട്ടുകച്ചയും
എട്ടുദിക്കുകള്‍ ഞെട്ടും 'മലയിറക്കത്താളം'
കൊട്ടുന്ന ചെണ്ട,കുഴല്‍, ഇലത്താളമേളവും.

മേളം മുറുകേ, കാലില്‍ ചിലമ്പ്‌കിലുക്കിക്കൊ-
ണ്ടാളുകള്‍ക്കിടയൂടെ നടന്നൂ, മുത്തപ്പനും
മേലൊന്നുമിടാതെ, മുണ്ടരയില്‍ ചുറ്റിക്കൃട്ടി
താളത്തില്‍ നടക്കുന്നൂ, കൂടെയാ 'മടയന്‍'ഉം

വേട്ടയ്ക്ക്‌ പോവാനൊരുങ്ങുന്നപോല്‍ ഒരുക്കങ്ങള്‍
കൂട്ടി മുത്തപ്പന്‍ പിന്നെയനുഗ്രഹിച്ചെല്ലാരേം
കൊട്ട്‌ നിലച്ചു, പീഠം നീട്ടിയ മടയനെ
തൊട്ടനുഗ്രഹിച്ചതിലിരുന്നൂ മുത്തപ്പനും

പിന്നെ, അനുഗ്രഹങ്ങള്‍ തേടി ഭക്തന്മാരെല്ലാം
മുന്നോട്ട്‌ ചെന്ന് കൈകള്‍കൂപ്പി, ദക്ഷിണവച്ചു
എന്നോട്‌ ചൊല്ലീ "ഒരു രക്ഷകനെപ്പോലെ ഞാന്‍
എന്നുമുണ്ടായാല്‍പോരെ?" "മതി", ഞാന്‍ തലതാഴ്ത്തി

ഒന്നോര്‍ക്കുകില്‍ ഇത്രയ്ക്ക്‌ ജനകീയദൈവത്തെ
പിന്നോക്കവര്‍ഗ്ഗക്കാര്‍ക്ക്‌ കിട്ടിയതെന്തിന്നാവാം
പിന്നെ, മലബാറിലെ വിവിധ മതക്കാര്‍ക്ക്‌
ഒന്ന് വിളിച്ചാല്‍ മതി. എത്തുമത്രേ മുത്തപ്പന്‍.

Monday, October 6, 2008

മൂന്നാമത്തെ സ്വപ്നം.


ഇന്നലെ ഞാന്‍കണ്ട വര്‍ണ്ണസ്വപ്നങ്ങളി-
ലൊന്നുമേയുണ്ടായിരുന്നില്ല നീ
എന്നും കിടക്കവേ നീയെന്റെസ്വപ്നത്തില്‍
വന്നെങ്കിലെന്ന് കൊതിച്ചിരുന്നു.

കള്ളമല്ലിങ്ങോട്ട്‌ വന്നതില്‍പ്പിന്നെ ഞാ-
നെല്ലാം നിറത്തിലേ കാണാറുള്ളു.
നല്ലനിറമുള്ള സ്വപ്നങ്ങളാണവ.
അല്ല, കറുപ്പും വെളുപ്പുമല്ല.

എന്റെസ്വപ്നങ്ങള്‍ക്ക്‌ വര്‍ണ്ണങ്ങള്‍മാത്രമ-
ല്ലുണ്ട്‌ രാഗങ്ങള്‍, നറുമണവും.
നിന്നെത്തിരഞ്ഞ്‌നടക്കുമെന്നാലവ
കണ്ടില്ലനിന്നെയിതുവരെയും

എന്നെത്തിരയുന്ന നിന്റെ സ്വപ്നങ്ങളും,
നിന്നെത്തിരഞ്ഞീടുമെന്‍സ്വപ്നവും
എന്നോ, എവിടെയോ കണ്ടുമുട്ടീടുകില്‍
മൂന്നാമതായൊരു സ്വപ്നമുണ്ടാം.

കാണുമാസ്വപ്നത്തെ മൂന്നാമതായൊരാള്‍
മാനസം കല്ലുപോലല്ലാത്തൊരാള്‍.
വീണയില്‍ തന്ത്രികള്‍ മീട്ടവേ വേറൊരു
വീണ, കൂടെപ്പാടുമെന്ന്കേള്‍പ്പൂ!!

ഞാന്‍; ദീപസ്തംഭം


ദൂരത്ത്‌നിന്നെത്തിടുന്നവര്‍ക്കീ ശാന്തി-
തീരത്തണയുവാനാശ്വസിയ്ക്കാന്‍;
തീരങ്ങള്‍ തേടാന്‍പുറപ്പെടുന്നോര്‍ക്കൊക്കെ
നേരായ വെട്ടം പകര്‍ന്ന്നല്‍കാന്‍.

അരികത്ത്‌വന്നെന്റെ കാല്‍തൊട്ട്‌ വന്ദിച്ച്‌
തിരികെ മടങ്ങുന്ന തിരകളെന്നില്‍
അറിയാതെ വാല്‍സല്യമുറവിടീയ്ക്കുന്നെന്റെ
കരളില്‍, ഇതൊരുപാട്‌ കാലമായി

അലറി, ത്തലമുടിക്കെട്ടഴിച്ചാഞ്ഞെന്റെ
തലതൊട്ട്‌ വീശുന്ന കാറ്റുമൂലം
അലതല്ലിയവര്‍തന്നെ മുട്ടോളമെത്തി നീ-
രലമാലതീര്‍ത്ത്‌ പിന്‍വാങ്ങിടുന്നു.

കരളിലിരുട്ട്‌മൂടുമ്പോള്‍ അരുന്ധതി*
മറയവേ, കടലിന്‍അഗാധതയില്‍
ഒരുപാട്‌പേര്‍പോയി, അവരെയോര്‍ത്തിന്നെന്നി-
ലറിയാതെയുയരുന്നു നിശ്വാസങ്ങള്‍.

മഴ, കാറ്റ്‌, മഞ്ഞെന്നതറിയാതെയെന്നില്‍നി-
ന്നൊഴുകും പ്രകാശരേണുക്കള്‍ നിത്യം
മിഴിയിലോ കനലാണ്‌, പക്ഷേയാര്‍ക്കെങ്കിലും
വഴികാട്ടുവാനായതെത്രഭാഗ്യം !
--------------------------------------
1.)*അരുന്ധതിയെ കാണാന്‍കഴിയുമെങ്കില്‍ മരണം അടുത്തെങ്ങുമുണ്ടാവില്ലെന്നത്‌ ഒരു പഴയ മുക്കുവ സങ്കല്‍പം.
2.) ഈ വരികള്‍ക്ക്‌ പ്രേരണയായത്‌ പ്രീതാ ശ്രീനിയുടെ ഒരു കവിതയാണ്‌



Saturday, October 4, 2008

ലേഡിചാറ്റര്‍ലിയും ഞാനും..


നെറ്റില്‍വന്നൊടുക്കത്തെ നാവുമായൊരു ലേഡി-
ചാറ്റര്‍ലി,യിവള്‍ക്ക്‌ മറ്റെന്ത്‌ പേരേകീടും ഞാന്‍
പറ്റില്ലയറിയുവാന്‍ അവനോ, അവളോ ഈ
പെട്ടിയിലൊളിച്ചിരുന്നെന്തുമേ ചൊല്ലാമല്ലോ

ചന്തമുണ്ടാവില്ലിവള്‍ക്കൊട്ടുമേകാണാ, നല്ലേ-
ലെന്തിന്‌ മീരാജാസ്മിന്‍ ചിത്രത്തെ പ്രൊഫെയിലാക്കി ?
എന്തിക്കിളിക്കാര്യവും ചൊല്ലിടാമിവളോട്‌.
ജന്തുസ്വഭാവം കണ്ടാലപ്പൊഴേ ലോഗൗട്‌ ആകും.

ചെറുപ്പംതൊട്ടേ ഞരമ്പിളകിക്കിടക്കുന്ന
ചെറുപയ്യനോ ? അതോ കഷണ്ടിക്കിളവനോ ?
നിറുത്താനൊരുക്കമല്ലവള്‍ കൊഞ്ചുന്നൂ "ചേട്ടാ
മറുത്ത്‌ പറയല്ലേ. വിളിയ്ക്കാം, നമ്പര്‍ തരൂ"

പറയാം ബൈ ബൈ; പിന്നെ, യിറങ്ങാമിവിടെനി-
ന്നുറക്കെ വിളിയ്ക്കുന്നു, ഭാര്യ, ചോറുണ്ണാനായി.
"കുറച്ചിലാണേ മക്കളറിഞ്ഞാലിക്കാര്യങ്ങള്‍
മറന്നുപോയോ, വയസ്സെത്രയായെന്നാഭാവം ?"

ഇവള്‍, മറ്റൊരുറാണി, ഇവിടം ഭരിയ്ക്കുന്ന,
ഇവനെ ഭരിയ്ക്കുന്ന കിരീടമില്ലാറാണി
ഇവള്‍ക്കുമുണ്ട്‌, നാക്കിന്നൊന്നരമുഴം നീളം
ഇവളോടക്കാര്യം ഞാന്‍ പറഞ്ഞാല്‍..ശിവ, ശിവ...

Thursday, October 2, 2008

തകര്‍ന്ന മുരളിക.


ഈറന്‍മിഴിയുമിടറും ചുവടുമായ്‌
ഈ മുളംകാടിന്നരികിലൂടെ
ഈറക്കുഴലിലിഴയുമൊരീണത്തിന്‍
ഈരടിയൂതിയവനലഞ്ഞൂ

ഗാനമുതിര്‍ക്കാതെ പൂമരക്കൊമ്പൊന്നില്‍
കാനനമൈന കാതോര്‍ത്തിരുന്നു,
പൂനിലാത്തുണ്ടൊന്ന് മേഘപ്പുതപ്പിനാല്‍
വാനിലൊളിച്ചിരുന്നെത്തിനോക്കി.

പാടേമറന്നവനൂതിയവേണുവി-
ലൂടേയൊഴുകി, ശിവരഞ്ജിനി.
കോടമഞ്ഞോ, ഇലച്ചാര്‍ത്തിന്റെ കണ്ണീരോ
മോടിയിലിറ്റിറ്റുവീണുഭൂവില്‍.

പെട്ടെന്ന് ഗാനം നിലച്ചു, മുളങ്കാട്‌
ഞെട്ടിയുണരവേ കാണുമാറായ്‌
ഒട്ടും ചലനമില്ലാത്തൊരു ദേഹവും,
പൊട്ടിപ്പൊളിഞ്ഞ മുരളികയും..

Wednesday, October 1, 2008

അമ്മേ..

എത്രയോ ദൂരേയ്ക്ക്‌ ഞാന്‍ പോയീടുകിലുമമ്മേ
എത്തീടുമൊടുവിലാ മടിയില്‍ തലചായ്ക്കാന്‍
പത്ത്‌മാസത്തോളവും, അതില്‍പ്പിന്നെയും നിന്നെ
എത്ര ഞാന്‍കരയിച്ചൂ; ചിരിച്ചപ്പോഴൊക്കെ നീ.

കൊച്ചരിപ്പല്ലാലെ ഞാന്‍ കടിച്ചൂ മുലക്കണ്ണില്‍,
പിച്ചവെയ്ക്കവേ വീണ്‌ കരഞ്ഞൂ, കരയിച്ചൂ.
അച്ഛന്റെനെഞ്ചത്തേറി താളങ്ങള്‍ ചവിട്ടുമ്പോള്‍
ഒച്ചവെയ്ക്കാതെയുള്ളില്‍ കരഞ്ഞോ ചിരിച്ചോ നീ?.

എണ്ണയിട്ടുഴിഞ്ഞെന്നെ കുളിപ്പിച്ചൊരുക്കീ, മ-
ണ്ണെണ്ണത്തിരി വെട്ടത്തില്‍ പാഠങ്ങള്‍ പഠിപ്പിച്ചു.
പിന്നെ, ഞാനൊറ്റയ്ക്കിരുന്നുറക്കെ വായിക്കവേ
കണ്ണിമപൂട്ടാതെനീയിരുന്നന്നെന്നെ നോക്കി.

വിണ്ണിലെത്താരാഗണമുതിര്‍ക്കും വെളിച്ചം നിന്‍
കണ്ണിലെത്തിളക്കമായ്‌ മാറി; ഞാന്‍ വിസ്മയിച്ചൂ!

മണ്ണിന്റെ, തുളച്ചോരു കുടവും തോളില്‍ വച്ച്‌
മണ്ണിലേയ്ക്കൊടുങ്ങാനായച്ഛന്‌ ജലം നല്‍കേ
കണ്ണിലാണെരിഞ്ഞതാ ചിതയെന്നറിഞ്ഞേനുള്‍-
ക്കണ്ണാലെയീഭൂമിയില്‍ നമ്മളൊറ്റയ്ക്കായെന്നും.

കത്തുന്ന വെയിലിലും; കുടയില്ലാതെ നന-
ഞ്ഞെത്തുമ്പൊഴുമെന്‍തല തുവര്‍ത്തിത്തരാറില്ലേ
വറ്റെനിയ്ക്കായിപ്പകുത്തേകിയാവെള്ളം കുടി-
ച്ചുറ്റുനോക്കുമെന്‍കണ്ണില്‍ 'വിശപ്പാറിയോ'യെന്ന്.

നിന്നനുഗ്രഹമൊന്ന് കൊണ്ടുമാത്രമാണമ്മേ
പിന്നെ, ഞാന്‍ പരീക്ഷകള്‍ ഒന്നൊന്നായ്‌ ജയിച്ചത്.
ഇന്ന്, ഞാനിരിയ്ക്കുമീ കുളിര്‍ന്ന മുറിയിലെന്‍
മുന്നിലുണ്ടമ്മ,എന്റെ കണ്ണിലും; മനസ്സിലും..


Monday, September 29, 2008

സാഫല്യം.


എന്നും കണികണ്ടുണരുവാനീമുഖം
തന്നു; ദൈവങ്ങളെന്‍ പ്രാര്‍ത്ഥന കേള്‍ക്കയാല്‍
ഒന്നുമേ ചോദിച്ചതില്ല വര, മിവള്‍
തന്നേ സഖിയായ്‌ വരേണമെന്നെന്നിയേ.

എന്നോ, വിചാരിച്ചിരിയ്ക്കാതെ കണ്ടതും;
കണ്ണിലെത്താരകള്‍ പൂത്ത്‌വിരിഞ്ഞതും;
പിന്നിട്ട ജന്മാന്തരങ്ങളോര്‍മ്മിച്ചതും;
പിന്നെ, നീയാത്മസഖിയെന്നറിഞ്ഞതും.

ആരെങ്കിലും തമ്മിലിഷ്ടമായാലത്‌
തീരേ ദഹിക്കില്ലയാര്‍ക്കും; അതിനൊരു
കാരണമൊന്നുമില്ലേലും പണിപ്പെട്ട്‌
ദൂരെയകറ്റുവാന്‍ കച്ചകെട്ടും ജനം

എന്നെക്കുറിച്ചോര്‍ത്ത്‌ നിന്റെ തലയിണ
കണ്ണീരുവീണ്‌ കുതിര്‍ന്നിരുന്നെങ്കിലും,
എന്നില്‍ നീയര്‍പ്പിച്ച വിശ്വാസമാണെന്റെ-
പൊന്നേ, യിവിടെയെത്തിച്ചത്‌ നമ്മളെ.

Friday, September 26, 2008

യാഥാര്‍ത്ഥ്യം


ബോധമനസ്സിലിരുന്നൊരാളേന്നോട്‌
ചോദിച്ചു; തീരുമാനങ്ങളെടുത്തുവോ ?
വേദന തോന്നുമാദ്യം, നിന്റെ ജീവിത-
പ്പാത നീ താണ്ടുമ്പോള്‍ കൂട്ടിനുണ്ടാമിത്‌

ചുണ്ടില്‍ അറിയാതെ മൊട്ടിടും പുഞ്ചിരി,
മിണ്ടുവാന്‍ വെമ്പും മനസ്സൊരുനാള്‍ തമ്മില്‍
കണ്ടില്ലയെങ്കിലസ്വസ്ഥത, യിത്രയു-
മുണ്ടാകുമാദ്യാനുരാഗികള്‍ക്കൊക്കെയും.

പിന്നെയാണെത്തുക ചാപല്യജാലങ്ങള്‍
നിന്നെക്കുരങ്ങാക്കിമാറ്റുവാന്‍, നീയത്‌
മുന്നേ തിരിച്ചറിഞ്ഞീടുക, പ്രേമമീ-
മണ്ണില്‍ തുലച്ചെത്ര സാധുജന്മങ്ങളെ.

Tuesday, September 23, 2008

ഗന്ധര്‍വന്‍.


ഇനിയുണരൂ സഖീ, നിന്‍മിഴിക്കോണിലെ
നനവിന്ന്‌ നാനാര്‍ത്ഥമെഴുതട്ടെ ഞാന്‍.
കനവിലുമെന്‍ ചുടുചുംബനമേറ്റ്‌ നിന്‍
മനമലിഞ്ഞോ, ചൊടി മുറിവേറ്റുവോ ?

ഉണരുമ്പോളരികെയുണ്ടാവില്ല ഞാന്‍, സ്വര്‍ണ്ണ-
മണിമേഘരഥമേറി മറയുമെന്നോ ?
മണല്‍ ചുട്ടുപൊള്ളുമൊരു മരുഭൂവിലുച്ചയ്ക്ക്‌
തണല്‍തേടി ദാഹമോടുഴലിയെന്നോ ?

ഇനിയുണരൂ സഖീ, പിരിയുവാന്‍ നേരമായ്‌
നിണമാര്‍ന്ന കവിളുമായരുണനെത്തീ
ഇനി മടങ്ങട്ടെ ഞാനിരുള്‍വീഴ്കെയെത്തിടാം
പനിമതിയില്‍ ചേര്‍ന്നലിയട്ടെ ഞാന്‍

Monday, September 22, 2008

പുതുദിവസം


മാനത്ത്‌നിന്ന് മഴക്കാറൊഴിഞ്ഞെന്നില്‍
വേനല്‍ക്കിനാവുകള്‍പൂത്തു
കാനനമൈന മൃദുപഞ്ചമങ്ങളില്‍
വേണുവുമൂതിത്തുടങ്ങി.

ആരോമലാളെയുണര്‍ത്താതെഴുന്നേറ്റ്‌
നേരെ, നടക്കാനിറങ്ങി.
ദൂരെ, പടിഞ്ഞാറ്‌ മാനത്ത്‌നിന്നൊരു
താരക നോക്കിച്ചിരിച്ചൂ.

എന്നുമുണര്‍ന്ന്കഴിഞ്ഞാലുടനെ ഞാന്‍
നന്ദി ദൈവത്തോട്‌ ചൊല്ലും
ഇന്നലെയോളമെന്നെത്തുണച്ചോരുനീ
ഇന്നേകി, പുത്തനൊരുനാള്‍ !

Saturday, September 20, 2008

എന്റെ കണ്ണാ..


കരിമുകില്‍കണ്ണാ നീ
മുരളികയൂതി എന്‍
കരളിലെക്കദനങ്ങള്‍ക്കറുതിയേകൂ..

വിരഹി ഈ രാധ നിന്‍
വരവ്‌ കാത്തിരിപ്പാണീ
കരയുന്നയമുനതന്നരികില്‍ കണ്ണാ..

കളിവാക്ക്ചൊല്ലുന്ന
കളിത്തോഴിമാര്‍പോയീ
കളിയാടാനണയൂ നീ മധുസൂദനാ..

Friday, September 19, 2008

കുറ്റബോധം


അറിയാതെ കയറിപ്പെരുത്തോരു ലഹരിപോല്‍
അരുതാത്തൊരുസ്നേഹമുറവെടുത്തു
അറിയില്ല; ആരാണതാദ്യമായ്‌ ചൊല്ലിയ-
തൊരുപക്ഷേ നീയായിരുന്നിരിയ്ക്കാം

കരള്‍ പിന്നെ നൊന്തു; നിണമൊഴുകി; ഏതോ
കരിനാഗദംശനമേറ്റപോലെ
കരകാണാക്കടലിന്‍ കയങ്ങളില്‍ തുഴയില്ലാ-
ത്തൊരുതോണിപോലെ മനസ്സലഞ്ഞു

എന്തോ ഒരാഭിചാരംചെയ്തു നീയെന്നില്‍.
എന്തായിരുന്നു നിന്‍ ഗൂഢലക്ഷ്യം?
വെന്തുരുകിപ്പുകഞ്ഞീടുമ്പൊഴൊക്കെയും
ചിന്തയില്‍ നിന്‍മുഖം മാത്രമാകാന്‍?

പനിമതിപോല്‍ നിന്നില്‍ പെയ്തപ്പൊഴൊക്കെയും
മനതാരില്‍ കുറ്റബോധം നിറഞ്ഞു.
കനിവാര്‍ന്ന് തിരികെത്തരൂ നീയെനിക്കെന്നെ
ഇനിയെങ്കിലും തരൂ ശാപമോക്ഷം.

Thursday, September 18, 2008

ജാലകം


ഞാനെന്‍ജനാലയില്‍ക്കൂടിനോക്കുംനേരം
കാണുന്ന കാഴ്ചകള്‍ വേറെയാണെപ്പൊഴും
ഞാനറിയുന്നില്ലിതെന്ത്‌കൊണ്ടാ ണെന്റെ
തോന്നലോ?, ജാലകത്തിന്‍ ഇന്ദ്രജാലമോ?

വേനല്‍പുറത്ത്‌ തിളയ്ക്കവേ നോക്കിയാല്‍
കാനനശീതളഛായ കാണായ്‌വരും
മിന്നലും, കാറ്റും, മഴയുമെങ്കില്‍ ജനല്‍
തെന്നല്‍ തഴുകുന്ന പൂവാടികാട്ടിടും

വഞ്ചിയ്ക്കുവാന്‍ കോപ്പ്‌ കൂട്ടുകാര്‍ കൂട്ടവേ
നെഞ്ചിലേറ്റും സുഹൃത്തുക്കള്‍ കാണായ്‌വരും
നെഞ്ചില്‍ നെരിപ്പോടെരിഞ്ഞ്‌ പുകയവേ
പുഞ്ചിരിപ്പൂനിലാവായ്‌ നിന്‍മുഖം വരും

പിന്നെ,എനിക്കത്‌ ശീലമായ്‌, ഈമുറി
തന്നിലൊറ്റയ്ക്കടച്ചിട്ടത്‌ കാരണം.
ജന്നലില്‍ക്കാണുന്നതല്ല, പുറത്തുള്ള-
തെന്നുറപ്പായി ഞാനിന്നറിഞ്ഞീടുന്നു.

Wednesday, September 17, 2008

എന്റെ കവിത.


വാക്കുകള്‍ പൂത്തുലഞ്ഞീടുമീ വാടിയില്‍
നോക്കുകുത്തി; എന്‍കവിത.
വാക്കുകള്‍ മാരിവില്‍തീര്‍ക്കുമീമാനത്ത്‌
കാക്കക്കറുപ്പെന്‍ കവിത.

ഒട്ടും നിറവും മണവുമില്ലാത്തൊരു
കാട്ടുപൂവാണെന്‍ കവിത.
മറ്റുകവിതകളോടൊത്തുനില്‍ക്കുവാന്‍
പറ്റാത്തതാണെന്‍ കവിത.

സാരോപദേശമോ, തീവ്രപ്രണയമോ
തീരെയില്ലാത്ത കവിത.
ആരുവായിക്കുന്നു; ഞാനെഴുതുന്നൊരീ
ആരാന്റെമുല്ലക്കവിത...

Thursday, September 11, 2008

മാവേലീ, ഇവിടേം വരണേ..


ഇന്നമ്മ, ജോലിതീര്‍ത്ത്‌ തെക്കെ മാളികവീട്ടില്‍-
നിന്ന്, ഞങ്ങള്‍ക്കുണ്ണാനായ്‌ പൊതിച്ചോര്‍ കൊണ്ടുവരും.
ഇന്നുവരെ ഞാന്‍ കണ്ടിട്ടില്ലാത്ത വിഭവങ്ങള്‍
ഇന്നോണമല്ലേ; വയര്‍ നിറയെത്തിന്നാമല്ലോ

അച്ഛനിന്നലെവരാന്‍ വൈകിയിട്ടുണ്ടാമമ്മ-
യുച്ചത്തില്‍ കരഞ്ഞത്‌ കേട്ടു,ഞാനുറക്കത്തില്‍.
ഉച്ചയ്ക്ക്‌ തിന്നാന്‍ പഴംകഞ്ഞിയുണ്ടടുക്കളേല്‍
പച്ചവെള്ളവുംകൂട്ടി കുടിച്ചാല്‍ വിശക്കില്ല.

ഉള്ളതില്‍ പുതിയതു, മത്രയ്ക്കു കീറാതെയു-
മുള്ളകുപ്പായമിട്ടു; അനുജത്തിയും ഞാനും.
പള്ള കാലിയാണേലും പൂവിട്ടു; ബലിയെഴു-
ന്നള്ളിയിങ്ങെത്തീടുമ്പോള്‍ വരവേല്‍ക്കേണ്ടെ, നമ്മള്‍.?

പ്രിയപ്പെട്ട എന്റെ മോളൂ,

വന്നിട്ട്‌ മൂന്നാലുമാസമായെങ്കിലും
ഒന്നിനോടും നല്ലപോലെ പൊരുത്തമായ്‌-
ത്തീര്‍ന്നില്ല; ആകെ മടുപ്പ്‌തോന്നുന്നെന്റെ
പൊന്നേ, കരയരുതെന്നെയോര്‍ത്തിന്ന് നീ

ഓരോദിവസവും, ഓരോനിമിഷവും
ഓരോനിശ്വാസത്തിലും നിന്റെയോര്‍മ്മകള്‍..
പോരാഞ്ഞ്‌, നീയെന്നെ കെട്ടിപ്പിടിച്ചന്ന്
പോരാനിറങ്ങവേ കാതില്‍മൊഴിഞ്ഞതും..

എന്നാണ്‌ ഞാന്‍ തിരിച്ചെത്തിയെന്‍കൈകളാല്‍
പൊന്നിന്‍കുടത്തെയെന്‍മാറോട്ചേര്‍ത്തിട്ടാ-
കണ്ണില്‍നോക്കി,ചുണ്ടിലുമ്മവെയ്ക്കാന്‍ മോഹ-
മെന്നിലിരുന്ന് തുടിയ്ക്കയാണെപ്പൊഴും

Wednesday, September 3, 2008

എന്റെ ഓണം


മറവി, മാറാലതീര്‍ക്കുംമനസ്സില്‍ നേര്‍ത്ത
ചിറകുമായെത്തുന്ന തുമ്പിയാണോണം
നിറവ്‌, നറുംനിലാവായ്‌ചിരിയ്ക്കും ഞാറ്റു-
പുരയിലെ പുന്നെല്ലിന്‍ ഗന്ധമാണോണം

പൂക്കളമിട്ട്‌, മാവേലിയെത്തുന്നതും
നോക്കിനില്‍ക്കും മുഗ്ദ ബാല്യമാണോണം
പപ്പടം, പായസം, തുമ്പില; അച്ഛന്റെ-
യൊപ്പമിരുന്നുണ്ട സദ്യയാണോണം

നീര്‍ച്ചാലിന്‍പാട്‌ കവിളിലുള്ളമ്മതന്‍
നേര്‍ത്തൊരു തൂമന്ദഹാസമാണോണം
പുത്തനുടുപ്പിട്ട്‌ കൊഞ്ചിക്കുഴഞ്ഞാടി-
യെത്തുന്ന പൊന്നനുജത്തിയാണോണം

എത്തിയ്ക്കുവാനുള്ള രണ്ടറ്റവും തമ്മില്‍
എത്താതിരിയ്ക്കുമ്പോളെന്തിനിണോണം
കത്തിയൊടുങ്ങുമീ ജീവനില്‍ പൂക്കാല-
മെത്തീടുമെന്നുള്ളൊരാശയാണോണം !

(മധുസൂദനന്‍സാറിനോടുള്ള കടപ്പാട്‌
മറച്ചുവയ്ക്കുന്നില്ല...)

Tuesday, September 2, 2008

മകളേ, മറക്കല്ലേ


ഓര്‍ക്കണമച്ഛനിപ്പോള്‍ പറയുന്നൊരീ
വാക്കുകളെന്നും, മകളേ
നേര്‍ക്കുനേര്‍വന്ന് ചിരിച്ചുകാട്ടുന്നവ-
രൊക്കെ മനുഷ്യരാവില്ല

വല്ലാത്ത കാലമാണിപ്പോള്‍ മനസ്സുകള്‍-
ക്കുള്ളില്‍ മൃഗീയത മാത്രം
ഇല്ലിറ്റു സ്നേഹം, ദയ, ഭയഭക്തികള്‍
തെല്ലുമില്ലാ മനുഷ്യത്വം

നന്മ തിന്മാദികള്‍ വെവ്വേറെ കാണണം
ഉണ്മയും പൊയ്യുമേതെന്നും
അമ്മയും ഞാനും നിനക്ക്‌ നല്‍കീടുന്ന
ഉമ്മ, തിരിച്ചറിയേണം

തൊട്ടതാരെന്നും, അതെന്തിനായിട്ടെന്നും
പെട്ടെന്നു നീ അറിയേണം
ഏട്ടനോ, ഞാനോ തൊടുന്നതില്‍ നിന്നുവേ-
റിട്ടര്‍ത്ഥം എന്തതിനെന്നും

വാക്കിനാല്‍ നോവിച്ചിടാ, മധുരിയ്ക്കുന്ന
വാക്കില്‍ മയങ്ങിവീഴല്ലേ
ഓര്‍ക്കേണമെപ്പൊഴും എന്തുചെയ്യുമ്പൊഴും
ആര്‍ക്കാണതില്‍ ചേതമെന്നും

ഒറ്റയ്ക്ക്‌ പോകണം നീ നിന്റെ പാതയില്‍
മറ്റൊരാളെത്തുംവരേയ്ക്കും
തെറ്റുകണ്ടാല്‍ തിരുത്തീടുവാനച്ഛന്‌
പറ്റുമോ, അന്നറിയില്ല.

ഓര്‍ക്കുക, അച്ഛനിപ്പോള്‍ നിന്നോടോതിയ
വക്കുകള്‍, എന്നും മകളേ...


Friday, August 29, 2008

ദീര്‍ഘനിശ്വാസങ്ങള്‍

എന്നോട്‌മാത്രം പറയുവാനായ്‌ നിന-
ക്കെന്നുമുണ്ടായിരുന്നായിരം വാക്കുകള്‍.
പിന്നെ, പറഞ്ഞത്‌തന്നെ വീണ്ടും പറ-
ഞെന്നെ വിഷമത്തിലാക്കിയിരുന്നു, നീ.

എത്രകേട്ടാലും മടുപ്പെനിയ്ക്കാവില്ല-
യത്രയ്ക്കു ഞാനാസ്വദിച്ചിരുന്നാസ്വരം
ചിത്രവീണാനാദമെന്നപോലെന്‍ തപ്ത-
ചിത്തത്തിലെന്നുമമൃത്‌ നിറച്ചത്‌

ഇന്നുനീ ആരോട്‌ കാതരയായ്‌ നിന്റെ
പൊന്നിന്‍കൊലുസ്സിട്ട മഞ്ജീര നാദത്തെ
കിന്നാരമായ്‌ മൊഴിയുന്നു; അതോര്‍ക്കവേ
എന്നിലുയരുന്നു, ദീര്‍ഘനിശ്വാസങ്ങള്‍..

Wednesday, August 27, 2008

രാധയും, മീരയും പിന്നെ, പാവമീ ഞാനും.


രാധ.
ഇന്നെന്റെ കണ്ണനെ ചൂടിയ്ക്കുവാന്‍ ഒരു
മന്ദാര മലര്‍മാല ഞാന്‍ കൊരുത്തു
വന്നണയൂ, വേഗമെന്‍മോഹനാ കാ-
ളിന്ദിതീരത്ത്‌ ഞാന്‍ കാത്ത്‌നില്‍പൂ.

മീര.
പാടി ഞാന്‍ നിന്നപദനങ്ങളീ മലര്‍-
വാടി പുളകമണിഞ്ഞു; കൃഷ്ണാ
ഓടിയണഞ്ഞാലുമെന്നരികത്ത്‌ നിന്‍
ഓടക്കുഴലുമായ്‌ ഹേ! മുരാരേ.

ഞാന്‍.
ഒരുപീലിത്തണ്ടുമായ്‌ ഞാന്‍ വരുന്നു എന്റെ
ഗുരുവായൂരപ്പാ, നിന്‍ മുടിയില്‍ ചൂടാന്‍
ഒരുവരം നീയെനിയ്ക്കേകീടണം നിന്റെ
തിരുവുടലെന്നെന്നും കണികാണുവാന്‍.


Tuesday, August 26, 2008

ഓളങ്ങളോട്‌


അലയുമോളങ്ങളേ പുഴയുടെയത്മാവില്‍
അലതല്ലും ദു:ഖങ്ങളറിയുന്നുവോ?
ഇവിടെയിരുന്ന് കിനാവുകള്‍ നെയ്തൊരാ
യുവമിഥുനങ്ങളെ ഓര്‍മ്മയുണ്ടോ?

മഴതോര്‍ന്നൊരുസന്ധ്യയ്ക്കിവിടെ മിഴിപൂട്ടി
തൊഴുകയ്യുമായ്‌നിന്നു ഹൃദയേശ്വരി
പഴയൊരു പരിചിതഗാനത്തിന്നീരടി
ഒഴുകിപ്പടര്‍ന്നിരു മനസ്സുകളില്‍.

പിരിയവേ, കരള്‍പൊട്ടി കേണുയാചിച്ചവള്‍
തരുമോ എനിയ്ക്കു നീ അഭയമെന്ന്
അറിയില്ല; ഞാനെന്നെ സ്നേഹിപ്പോര്‍ക്കെന്തിന്‌
തിരികെ നല്‍കീടുന്നു നൊമ്പരങ്ങള്‍

മരതകപ്പട്ട്‌


മരതകപ്പട്ട്‌ വിരിച്ചൊരീമലയുടെ
മടിയില്‍ ഞാന്‍ നിന്നെയും കാത്തിരിപ്പൂ
മനസ്സിലുണ്ടായിരം മധുരക്കിനാവുകള്‍
മിഴികളില്‍ നിറയുന്നു നിന്‍മുഖവും.

മഴമുകില്‍വില്ല് തെളിയവേയുള്ളില്‍നിന്‍
അഴകാര്‍ന്ന രൂപമുദിച്ചുയര്‍ന്നു
തഴുകിക്കടന്നുപോയ്‌ ഒരിളംകുളിര്‍ത്തെന്നല്‍
ഒഴുകിയെത്തീ നിന്‍ സുഗന്ധമൊപ്പം

കരിവളയിളകുന്ന നാദമോ, കൊലുസ്സിന്റെ
ചെറുമണിശബ്ദമോ കേള്‍ക്കുന്നു, ഞാന്‍
അരികിലണയൂ സഖീ, നിന്നെ ഞാനെന്റെ
വിരിമാറില്‍ചേര്‍ത്ത്‌ പുണര്‍ന്നിടട്ടെ.

Thursday, August 14, 2008

ഇനി..


ഇനി നീ കാണില്ലെന്നെ നിന്‍മോഹസ്വപ്നങ്ങളില്‍
ഇനി നീ തേടേണ്ടെന്നെ നിന്‍ശ്യാമതീരങ്ങളില്‍
ഇനിയെന്‍ മണിവീണ പാടില്ല നിനക്കായി
ഇനിയെന്‍സ്വരത്തില്‍ നീ കേള്‍ക്കില്ല നീലാമ്പരി

ഇനി നിന്‍ പാദസ്പര്‍ശം ഏല്‍ക്കുന്നയിടത്തെല്ലാം
ഇനിയും വിടരട്ടെ സൗഗന്ധമലരികള്‍
ഇനി നിന്‍ മിഴികള്‍തന്‍ സാന്ദ്രനീലിമയോര്‍ത്ത്‌
ഇനിയും തലതല്ലിക്കരഞ്ഞീടട്ടെ, കടല്‍

ഇനി നിന്‍ ചിരികണ്ട്‌ നിലാവ്‌ നാണിയ്ക്കട്ടെ
ഇനി നീ തൊട്ടാലുള്ളില്‍ നെയ്യാമ്പല്‍ വിടരട്ടെ
ഇനി നിന്നാശ്ലേഷങ്ങള്‍ അഗ്നിയായ്‌പടരട്ടെ
ഇനിയോര്‍ത്തീടേണ്ടെന്റെ ആദ്യചുംബനത്തെ നീ

ഇനി ഞാന്‍ പറയേണ്ടതെന്തെന്നറിയുന്നില്ല
ഇനി യാത്രാമൊഴികള്‍ക്കെന്തര്‍ത്ഥമറിയില്ല
ഇനി നീ മറന്നേയ്ക്കൂ; മായ്ക്കുകയെന്‍ചിത്രത്തെ
ഇനി ഞാന്‍നല്‍കീടട്ടെ നിറയേയാശംസകള്‍...

Tuesday, August 12, 2008

ഓണം 2008


ഇന്ന്കാലത്തൊരാള്‍ ഗേറ്റിന്റെയപ്പുറം
നിന്ന്ചോദിച്ചു. "സര്‍, പൂക്കളം വേണമോ?"
മുന്നിലായ്‌ നീര്‍ത്തിപ്പിടിച്ചപത്രത്താളില്‍-
നിന്ന് മുഖംപൊക്കി ആരെന്ന് നോക്കി ഞാന്‍.

"നോക്ക്‌ സര്‍, ഓണമിങ്ങെത്തി; മുറ്റത്തൊരു
പൂക്കളം വേണ്ടെ? മാവേലിക്കെഴുന്നള്ളുവാന്‍?"
തൂക്കിയിട്ടുണ്ടൊരുസഞ്ചി, തോള,ത്തെന്നെ-
നോക്കിച്ചിരിച്ചയാള്‍ മുറ്റം കടന്നെത്തി.

സിപ്പ്‌ തുറന്ന് പുറത്തേയ്ക്കെടുത്തയാള്‍
പേപ്പറില്‍ നന്നായ്‌ പൊതിഞ്ഞ കാര്‍ഡ്‌ബോര്‍ഡുകള്‍
തപ്പിത്തടഞ്ഞെഴുന്നേല്‍ക്കവേ കണ്ടു ഞാന്‍
മുപ്പതോളം പൂക്കളങ്ങള്‍ ! പ്ലാസ്റ്റിക്കിന്റെ !!

"വാഷബിള്‍, അമ്പത്‌മൈക്രോണിന്‍ താഴെ; റീ-
യൂസബിള്‍; ഫോള്‍ഡബിള്‍; ലാസ്റ്റിങ്ങുമാണിത്‌.
പൈസ; രണ്ടെണ്ണമെടുത്താല്‍ നൂറ്റമ്പത്‌.
പൂവിന്‌ പൊന്നിന്‍വിലയല്ലേ മാര്‍കറ്റില്‍?"

പെട്ടെന്ന് ഞാന്‍, കളംതീര്‍ക്കുവാന്‍ പൂതേടും
കുട്ടിയായ്‌; പിന്നോട്ട്‌പോയ്‌ വര്‍ഷമമ്പത്‌
കാട്ടിലും, മേട്ടിലും, പാടവരമ്പത്തും
തോട്ടിന്‍കരയിലുമൊക്കെയലഞ്ഞതും
കൊച്ചുപൂക്കള്‍, മഴയത്ത്‌, കളത്തീന്നൊ-
ലിച്ചുപോയപ്പോള്‍ കരഞ്ഞ്‌; കോടിയുടു-
ത്തഛന്റെകൂടെയിരുന്ന് വയറുനി-
റച്ചുണ്ടതും; പിന്നെയാര്‍പ്പുവിളിച്ചതും...

വേണ്ടയെനിക്ക്‌ നിന്‍ പ്ലാസ്റ്റിക്ക്‌ പൂക്കളം
വേണ്ട; യിനിനാളെ നീവരും വില്‍ക്കുവാന്‍
രണ്ട്‌"ക്യാപ്‌സ്യൂളു"മായ്‌ ഒന്നോണസദ്യേടേം
രണ്ടാമത്തേത്‌ പാല്‍പ്പായസത്തിന്റെയും.



Thursday, August 7, 2008

തടവ്‌


കാണുവാന്‍മാത്രം കൊതിച്ചൊരെന്‍മുന്നില്‍
കണിക്കൊന്നയായി നീ പൂത്ത്‌നിന്നു.
കേള്‍ക്കുവാന്‍മാത്രം കൊതിച്ചപ്പൊഴാശബ്ദം
കോള്‍മയിര്‍കൊള്ളിയ്ക്കും ഗാനങ്ങളായ്‌.
പൂവൊന്ന്ചോദിച്ചതേയുള്ളെനിയ്ക്കായ്‌ നീ
പൂവസന്തത്തിന്‍പടിതുറന്നൂ.
വാനിലുയരുവാനെന്റെമോഹങ്ങള്‍ക്ക്‌
പൂനിലാവിന്റെ ചിറകു നല്‍കീ.
ഓമനിച്ചീടാനൊരോര്‍മ്മ ഞാന്‍ ചോദിച്ചു.
ഓമനേ, നീ തന്നെനിയ്ക്ക്‌ നിന്നെ.
വിട്ടുപോവാതിരിയ്ക്കാനൊടുവില്‍ കരള്‍-
ക്കൂട്ടില്‍ നീയെന്നെ തടവിലിട്ടൂ..

Wednesday, August 6, 2008

മഴമുകിലൊളിവര്‍ണ്ണാ..


കരിന്തിരിമണം നിറഞ്ഞുനില്‍ക്കുമീ-
യിരുള്‍മുറിയില്‍ ഞാന്‍ തനിച്ചിരിയ്ക്കുന്നു
കരുണതോന്നണേയിവളിലെന്നെന്നും
കരുണസാഗരാ, ദയാനിധേ, കൃഷ്ണാ..

അറിയാതേചെയ്തോരപരാധങ്ങളും
അറിഞ്ഞുചെയ്തുപോയവയുമൊക്കെവേ
അറിവിന്‍വാരിധേ, പൊറുത്തിടേണം നീ
കരിമുകില്‍വര്‍ണ്ണാ, കദനനാശകാ..

ഇതുവരെ നിന്റെ തുണയുണ്ടായിരു-
ന്നതുകൊണ്ട്‌ ഞാനിന്നിവിടെവന്നെത്തി.
അധികദൂരമില്ലിനിനടക്കുവാന്‍
അതിനാല്‍നേര്‍വഴിയെനിക്കുകാട്ടണം..

വഴിയില്‍, മാളത്തില്‍ ദുരിതജാലങ്ങള്‍
ഇഴജന്തുക്കള്‍പോല്‍ പതിയിരിപ്പുണ്ടാം
മഴമുകിലൊളിമണിവര്‍ണ്ണാ നിന്റെ
മിഴികളെന്റെമേല്‍ പതിയണേ, സദാ..

Sunday, August 3, 2008

ശിഷ്ടജീവിതം


പുല്ലുമേഞ്ഞൊരുകുടില്‍; അരികത്തായി ഒരു
കല്ലോലിനിയും വേണം; കുളിര്‍കാറ്റേറ്റിരിയ്ക്കാന്‍
കല്ലുകെട്ടിയപടവുകളും; തണലേകാന്‍
ചില്ലകളേറേയുള്ള മരങ്ങള്‍ ചുറ്റും വേണം.

വേണ്ട വൈദ്യുതി, ദൂരഭാഷിണി, പത്രം, പാലും;
വേണ്ട വാഹനങ്ങളും ദൂരെയെങ്ങോട്ട്‌ പോകാന്‍?
രണ്ടുമൂന്ന് പാത്രങ്ങള്‍ മതിയാകും ഭക്ഷണം
ഉണ്ടാക്കുവാനും, അത്‌ വിളമ്പിവെച്ചീടാനും.

ഇട്ടിരുന്നെന്തെങ്കിലും കഴിക്കാന്‍ മരത്തിന്റെ
വട്ടപ്പലകമതി; മേശ, കസേര, പിന്നെ
കട്ടിലുമുണ്ടാവണം; ഓരോന്ന്മതി; പക്ഷേ
പാട്ടുപാടുന്നപെട്ടി ഒഴിവാക്കീടാന്‍ വയ്യ.

കൊച്ചലമാരവേണം, വായിച്ച പുസ്തകങ്ങള്‍
വച്ചിടാന്‍, എഴുതുവാനിത്തിരി കടലാസ്സും...
ഉച്ചത്തില്‍ ചിരിച്ചോളൂ, കിട്ടുമോ ഇതിനേക്കാള്‍
മെച്ചമായൊരു ശിഷ്ടജീവിതം ആര്‍ക്കെങ്കിലും?

Friday, August 1, 2008

ജാതി


"ഏതാ ജാതി ?"
"കണ്ടിട്ടു മനസ്സിലായില്ലേ ?"
"ഇല്ല"
"കണ്ടിട്ടു മനസ്സിലാകാത്തവന്‌ കേട്ടാലെങ്ങിനെ മനസ്സിലാകും"

(ശ്രീ നരായണ ഗുരു; ഒരു യാത്രയ്ക്കിടയില്‍)

നമ്പിയാരല്ല മേനോനോ നായരോ
നമ്പൂരിയല്ല ചോനോ ചെറുമനോ
അമ്പലവാസിയല്ലിവന്‍ പട്ടരോ
തമ്പുരാനല്ല തമ്പിയോ പിള്ളയോ

"എന്ത്‌ ജോലിചെയ്തൂ നിന്റെ പൂര്‍വികര്‍
സന്തതികള്‍ക്ക്‌ ഭക്ഷണം നല്‍കുവാന്‍?"

"നന്തുണി മീട്ടി പാടുമവര്‍ക്ക്‌ ധ-
ന്വന്തരിയായിരുന്നു സര്‍വസ്സ്വവും
മന്ത്രവും, ഒറ്റമൂലി മരുന്നുംകൊ-
ണ്ടെന്തസുഖവും മാറ്റിയിരുന്നവര്‍
എന്തിന്‌, നാട്ടുരാജനെ, കൊട്ടാര-
മന്ത്രിമാരെവരെ ചികിത്സിപ്പവര്‍
പത്ത്‌നൂറ്‌വര്‍ഷങ്ങളായെങ്കിലും
പുത്തനായ്‌ അറിവേറെവന്നെങ്കിലും
ഹൃത്തടത്തില്‍ സ്മരിയ്ക്കേയുടനവര്‍
എത്തിടാറുണ്ടനുഗ്രഹമേകുവാന്‍.

Tuesday, July 29, 2008

പീഢനം

തൊട്ടുമുന്നിലെ സീറ്റില്‍
മൊബെയിലും പിടിച്ചൊരു
കുട്ടിയുണ്ടിരിയ്ക്കുന്നു
പ്ലസ്‌ടൂവോ, ഫസ്റ്റ്ബീയേയോ
ഇട്ടിരിയ്ക്കുന്നതേതോ
സ്കൂളിന്റെ യൂണിഫോമും
കൂട്ടിനായടുത്തുണ്ടാ-
പ്രായത്തില്‍ വേറെയൊന്നും

ഇട്ടലയ്ക്കുന്നുണ്ടവള്‍
കണ്ണുകള്‍, ചുണ്ടും, നാവും
മറ്റവയവങ്ങള്‍ക്ക്‌
ഒട്ടുമില്ലനക്കവും
പൊട്ടിച്ചിരികള്‍ പിന്നെ
കൊഞ്ചലും, പരിഭവം-
മൊട്ടിടും ചിണുങ്ങലും..
ഭാഷണം തീരുന്നില്ല

ഉറ്റവരോടാവില്ലി-
മ്മട്ടുസംസാരം എന്നാല്‍
ചുറ്റുമന്യരുണ്ടെന്ന
ബോധമെങ്കിലും വേണ്ടേ ?
ഒട്ടുമത്ഭുതം വേണ്ടാ
'നാളത്തെ' പത്രത്തിലീ
കുട്ടീടെ പേരുംകാണാം
'പീഢന'ത്തിനുതാഴെ..

പ്രിയപ്പെട്ട ഋഷിയ്ക്ക്‌


(ഉണ്ട്‌, പ്രായമൊരല്‍പമധികമാ-
യുണ്ടതുകൊണ്ട്‌ പേര്‍വിളിയ്ക്കട്ടെ, ഞാന്‍)

സിദ്ധിവേണം കവിതയെഴുതുവാന്‍.
ബുദ്ധിമുട്ടിയാല്‍ വാക്കുകള്‍ വന്നിടാ.
ശ്രദ്ധയോടെ വായിക്കുകിലഞ്ജലീ-
ബദ്ധരായ്‌ നമ്മള്‍ കൈകൂപ്പിനിന്നിടും.

ഉണ്ടതഞ്ചെട്ടുപേര്‍ക്കതില്‍ താങ്കളു-
മുണ്ട്‌ മുന്നില്‍; വായിക്കവേ തോന്നിടാ-
റുണ്ട്‌ അത്ഭുതം, മോഹ, മതുപോലെ
രണ്ട്‌ നാല്‌ വരികളെഴുതുവാന്‍

അത്തിപ്പറ്റ, ബാലേന്ദുവും ഷാജിയും
കത്തിനില്‍ക്കുന്നൊരീകാവ്യ വേദിയെ
വൃത്ത, പ്രാസാലങ്കാരങ്ങളൊപ്പിച്ച്‌
വൃത്തികേടാക്കിയോ ഞാന്‍?, ക്ഷമിയ്ക്കുക..

എന്തതിശയം പുല്‍ക്കൊടിയേ സുഹൃദ്‌-
ബന്ധമേകാനരയാല്‍ ക്ഷണിയ്ക്കയോ?
എന്തറിയില്ലെനിക്കതിന്‍ അര്‍ഹത
എന്തുമാവട്ടെ, സമ്മതം ഹേ സഖേ!

Wednesday, July 23, 2008

കവിത. 23 ജൂലായ്‌ 2008


ഇന്ന്, ഞാനെന്തായാലും എഴുതും കവിതയ-
തൊന്നാംതരമാണെന്ന് സമ്മതിക്കേണം നിങ്ങള്‍
ഇന്നലെ, തറ പറ തെറ്റാതെയെഴുതാത്തോര്‍
ഇന്ന് ഹാ! കാവ്യാകാശത്താരകള്‍! പ്രതിഭകള്‍!!

ഒത്തിരിശ്രമിച്ചൂ ഞാന്‍ നാടകം, പാട്ട്‌, പിന്നെ
ഇത്തിരി മിമിക്രിയും, കഥയും പെയിന്റിങ്ങും
എത്തിയില്ലൊരിടത്തും; സമ്മതിച്ചില്ലാ ജനം.
പത്തുപന്ത്രണ്ട്‌വരി എഴുതാനാണോ പണി?

വൃത്തമോ അലങ്കാരഭംഗിയോവേണ്ട; യാതോ-
രെത്തും പിടിയും കിട്ടാതാവണം വായിപ്പോര്‍ക്ക്‌
അര്‍ത്ഥമില്ലാത്ത കുറേ വാക്കുകള്‍ വേണം പിന്നെ-
യിത്തിരി പ്രേമം, ദു:ഖം, വിരഹം മേംപൊടിയ്ക്കായ്‌

ഒന്നാം വരിയില്‍
രണ്ട്‌,മൂന്ന് വാക്കുകള്‍ മതി.
പിന്നെ,
താഴോട്ട്‌ താഴോ-
ട്ടെഴുതിപ്പോയീടേണം
ഒന്നിനും
തമ്മില്‍ ബന്ധം
ഒട്ടുമുണ്ടായിക്കൂടാ.
നന്നായി ശ്രമിച്ചീടില്‍
കവിത
ബഹുകേമം..

Tuesday, July 22, 2008

എ.ഡി.രാമചന്ദ്രന്‍.


ലക്ഷ്മണാ, വരൂ, ചാരത്തിരിയ്ക്കൂ; സീതാദേവി
ഭക്ഷണം പാകംചെയ്യാന്‍ ഇപ്പോള്‍ ഗമിച്ചേയുള്ളു
ഇക്ഷണം, നിനക്കെല്ലാമറിയാം, എങ്കില്‍പ്പോലും
ഇക്ഷിതിയിലെന്‍ ദു:ഖം വേറെയാരോടുചൊല്ലാന്‍.

കൊട്ടാരമതില്‍ക്കെട്ടില്‍ വളര്‍ന്ന ശിശുക്കള്‍നാം
എത്തിയതേതോകാട്ടില്‍, രാക്ഷസന്മാരെക്കൊല്ലാന്‍!
കിട്ടീ, മടങ്ങുംവഴി ക്ഷോണിപുത്രിയെ, പക്ഷേ
പട്ടമഹഷിയാക്കാന്‍ പറ്റിയില്ലതിന്‍മുമ്പേ

അഛന്റെ വാഗ്ദാനത്തിന്‍ മറവില്‍ കൈകേയിതന്‍
ഇഛയ്ക്കുവഴങ്ങി നാം ഇക്കാട്ടിലെത്തിച്ചേര്‍ന്നു.
സ്വഛമായ്‌ ജീവിയ്ക്കുവാന്‍ കഴിയി'ല്ലവിടു'ന്നേല്‍-
പ്പിച്ചോരവതാരത്തിന്‍ ലക്ഷ്യം നിറവേറ്റേണം.

കൊല്ലേണമൊരുപാട്‌ രാക്ഷസന്‍മാരെ, പിന്നെ
തള്ളേണമീദേവിയെ തനിയേ കാനനത്തില്‍
അല്ലല്‍, ഭാര്യാപുത്രാദി വിരഹം, സരയുവിന്‍
കല്ലോലജാലങ്ങളില്‍ ഒഴുകിത്തീരുംവരെ..

ലക്ഷ്മണാ, ഉറങ്ങുവാനാവില്ലയെനിക്കൊട്ടും.
പക്ഷിയമ്പേറ്റുവീഴ്കെ കരഞ്ഞ മുനിയ്ക്കിത്‌
പക്ഷേ, യറിയായ്കയോ?, അറിഞ്ഞിരിയ്ക്കാം, ഒരു-
പക്ഷേയതാവാം അത്‌ 'രാമായണ'മായതും..

Thursday, July 17, 2008

ആദ്യദര്‍ശനം


എന്നാണ്‌നിന്നെ ഞാനാദ്യമായ്‌ കണ്ടതെ-
ന്നിന്നുമോര്‍ക്കുന്നു ഞാന്‍; വര്‍ഷങ്ങളമ്പതാ-
യെന്നാലും നീയാണ്‌ ജന്മങ്ങളായ്‌ കാത്ത്‌
നിന്നൊരെന്‍ ആത്മസഖിയെന്നറിഞ്ഞതും.

കണ്ടു, ഞാനുത്സവപ്പന്തലിനപ്പുറ-
ത്തുണ്ടായിരുന്ന മരങ്ങളില്‍ ചങ്ങല
കൊണ്ട്ബന്ധിച്ച രണ്ടാനകളെ ചിരി-
കൊണ്ടുമയക്കാന്‍ ശ്രമിയ്ക്കുന്ന കുട്ടിയെ.

എട്ടുവയസ്സതോ, പത്തോ, പരിഷ്ക്കാര-
മൊട്ടുമില്ലാത്ത; കൊലുസ്സിട്ട; പാവാട-
യ്ക്കൊട്ടുമിണങ്ങാത്ത പട്ടുകുപ്പായവു-
മിട്ട്‌; വിടര്‍ന്നകണ്ണുള്ളൊരെന്‍ മുത്തിനെ.

മറ്റൊന്നുമോര്‍ക്കാതെ ഞാന്‍ ചെന്ന് കൈകളെ
കൂട്ടിപ്പിടിച്ചെന്നിലേയ്ക്കടുപ്പിയ്ക്കവേ,
പൊട്ടീ, കരിവള; നൊന്തുവോ? കണ്ണില്‍നി-
ന്നിറ്റുവീണൂ രണ്ടു കണ്ണുനീര്‍ത്തുള്ളികള്‍.

ഒച്ചവെച്ചില്ല, തിരിച്ചറിഞ്ഞോ എന്റെ
സ്പര്‍ശം, മനസ്സില്‍ സ്മൃതികളുണര്‍ത്തിയോ?
കൊച്ചനുജത്തിവന്നോതിയിച്ചേച്ചിയെ
അഛനന്വേഷിപ്പതേറെസമയമായ്‌.

മുമ്പേനടന്നു; തിരിഞ്ഞുനോക്കാതെ നീ
അമ്പലമുറ്റത്ത്‌നിന്നുയരുന്ന പെ-
രുമ്പറ, എന്റെ ഹൃദയത്തുടിപ്പായി
ഒമ്പതാമുത്സവകേളീകലാശമായ്‌..


പിറന്നാളാശംസ..


കൂരിരുള്‍തിങ്ങുമെന്‍ജീവനില്‍പൂത്ത വെണ്‍-
താരകയാണ്‌, നീ 'ആത്മസഖീ'
ചാരുമുഖീ, നിനക്കീസുദിനത്തില്‍ ഞാന്‍
നേരുന്നു "ജന്മദിനാശംസകള്‍!"


Wednesday, July 16, 2008

കരിന്തിരി


കണ്ണുകള്‍ചേര്‍ത്തടച്ചാലുമറിവു ഞാന്‍
എന്നിലേയ്ക്കാഴ്‌ന്നിറങ്ങീടുമാ ദുര്‍ഗന്ധ
മെന്നും; മദ്യത്തിന്റെ, വായുടെ, ദേഹത്ത്‌
നിന്നൊലിച്ചീടുന്നൊരാ വിയര്‍പ്പിന്റെയും.

കണ്ണീരുവീണു നനഞ്ഞ തലയിണ
തന്നില്‍ മുഖംപൂഴ്ത്തി, തേങ്ങലടക്കവേ
പിന്നിലേയ്ക്കോടിയണയും മനസ്സൊരു
പൊന്നിന്‍കിനാവിന്റെ ശീതളഛായയില്‍

എന്നാണ്‌, ഞാന്‍തന്നെ നഷ്ടപ്പെടുത്തിയ-
തെന്നിലെയെന്നെ ? പകരമായ്‌ കിട്ടിയ-
തെണ്ണമണക്കുന്നൊരീ മരുഭൂമിയോ ?
എന്നില്‍കരിന്തിരി ഗന്ധം നിറഞ്ഞുവോ ?


Friday, July 11, 2008

എതിരേല്‍പ്പ്‌


വീണക്കമ്പിമുറുക്കീ ഞാനെന്‍
പ്രാണനില്‍ തിങ്ങിനിറഞ്ഞൊഴുകീടുമൊ-
രീണത്തില്‍ ശ്രുതി മീട്ടിപ്പാടീ
ഗാന, മൊരാളിന്‌മാത്രം കേള്‍ക്കാന്‍

ഏതോ പേരറിയാത്തൊരു കാനന-
വീഥിയിലേകാന്തതയിലലഞ്ഞിടു-
മേതോപഥികന്‍ ചെവിയോര്‍ക്കേയാ
ചേതോഹരമാം ഗാനം കേട്ടു.

ചന്ദനമദഭരഗന്ധമുണര്‍ന്നൂ
ചന്ദ്രിക നേര്‍ത്തൊരു പൂംതുകില്‍ തീര്‍ത്തൂ
ഗന്ധര്‍വന്‍മാര്‍ രാഗം മൂളീ
മന്ദസമീരനുമൊഴുകിയണഞ്ഞൂ.

കാനനദേവതമാര്‍ വഴികാട്ടീ
വാനവര്‍കൂടെയകമ്പടിയായീ
ഗാനവിലോലുപനെത്താറായീ
ഞാനവനെയെതിരേല്‍ക്കാന്‍ നില്‍പൂ..

Monday, July 7, 2008

വയസ്സായി..


നിന്നെ ഞാനാദ്യമായ്‌ മാറോട്ചേര്‍ത്ത്‌ പു-
ണര്‍ന്ന നാള്‍; കൊയ്തപുന്നെല്ലിന്റെ ഗന്ധവും
എണ്ണപടര്‍ന്ന കവിളിലൊഴുകിയ
കണ്ണീര്‍നനവുമുണ്ടിന്നുമെന്നോര്‍മ്മയില്‍..

പുല്ലുമാടത്തിലിരുന്നു ഞാന്‍ പാടിയ
പല്ലവികേട്ട്‌, ചിരാതിലെ രാത്തിരി
തെല്ലുംകെടാതെ നീ എന്നെയും കാത്തിരു-
ന്നില്ലേ?, നിലാവ്‌ മറയുന്നതുവരെ?

മുണ്ടകന്‍ മുപ്പൂവ്‌ കൊയ്തിരുന്നാപാട-
മുണ്ടായിരുന്നാസ്ഥലത്ത്‌ കോണ്‍ക്രീറ്റിന്റെ
കണ്ടാലതിശയിക്കുന്ന മഹാസൗധ
മുണ്ടായ്‌, സിമിന്റിന്റെ പെട്ടിപോല്‍ വീടുകള്‍

നീയെത്ര ദൂരെ; യീ ഞാനുമറിയാതെ
പോയെത്ര ഞാറ്റുവേല, തിരുവാതിര?
വായുവേഗത്തില്‍ നാടോടിടുമ്പോള്‍ വയ-
സ്സായെന്നതാവാമീ ചിന്തയ്ക്കു കാരണം..

Friday, July 4, 2008

സംതൃപ്തന്‍


എന്താഭിചാരം, മുത്തേ, ചെയ്തു നീയെന്നില്‍;ഇന്നെന്‍
ചിന്തകള്‍ നിന്നെപ്പറ്റി മാത്രമായ്‌ മാറീടുവാന്‍?
എന്തിനെന്‍പഞ്ചേന്ദ്രിയങ്ങളെ നീ കൂട്ടിക്കെട്ടി
പന്തുതട്ടുംപോല്‍ തട്ടിക്കളിച്ച്‌ രസിയ്ക്കുന്നു

നിദ്രയില്‍ സ്വപ്നച്ചിറകേറി നീവന്ന് മൗന-
മുദ്രിതച്ചുണ്ടുകളാല്‍ ചുംബിച്ചുണര്‍ത്തി; എന്നോ
ഭദ്രമായ്‌ മനസ്സിന്റെ അറയില്‍പൂട്ടിവച്ച
രുദ്രവീണയില്‍ മനോമോഹനരാഗം മീട്ടി.

നിന്നെ ഞാന്‍ മറക്കുവാന്‍ ശ്രമിയ്ക്കുമ്പോഴൊക്കെയ-
തെന്നില്‍നിന്നെന്നെപ്പറിച്ചകറ്റുംപോലെത്തോന്നി
പിന്നെ,യീസ്നേഹത്തിന്റെ തീരാവ്യഥയില്‍നിന്നും
ഇന്നെനിയ്ക്കൊട്ടും വേണ്ടാ മോചനം; സംതൃപ്തന്‍ ഞാന്‍


Wednesday, July 2, 2008

മിഥുനത്തിലെ മഴ


എതോമിഥുനപ്പകുതിയിലെന്‍ വീട്ടു-
വാതില്‍പ്പടിയില്‍ മഴയില്‍കുതിര്‍ന്ന നീ
പാതിമെയ്‌കാട്ടിയകത്തേയ്ക്കുനോക്കിയി-
ട്ടോതി 'കുടയൊന്നെനിയ്ക്കു തന്നീടുമോ?'

കെട്ടാതഴിച്ചിട്ട നിന്‍ മുടിയില്‍നിന്ന്
ഇറ്റിറ്റുവീണു ജലകണങ്ങള്‍ ചെറു-
മുത്തുകള്‍പോലെ, പിന്നീടവയൊന്നായി
ചുറ്റും ചെറിയ തടാകങ്ങള്‍ തീര്‍ത്തതും;

കാലില്‍പതിഞ്ഞ ചെളി ചവിട്ടിത്തുട-
ച്ചാലിലപോലെ വിറയ്ക്കും നിനക്കന്ന്
ശീലക്കുടയും, കരയുള്ളതോര്‍ത്തുമായ്‌
കോലായിലേയ്ക്ക്‌ കടന്ന് ഞാന്‍ വന്നതും;

പിന്നെ, വര്‍ഷങ്ങള്‍! വര്‍ഷങ്ങളില്‍ നമ്മള-
ന്നൊന്നായ്‌ നനഞ്ഞൊരുമിച്ചൊഴുകി, പിന്നെ-
യെന്നോ പിരിഞ്ഞതും; വീണ്ടുമൊന്നാകുമെ-
ന്നെന്നോട്‌ ചൊല്ലുന്നു; ഇന്നുമെന്‍ മാനസം

Saturday, June 28, 2008

കിനാക്കിളി


മെല്ലെവന്നെന്റെ കിനാവിന്റെയേകാന്ത
ചില്ലുജനാലയില്‍ പൂഞ്ചിറകാലൊരു
പല്ലവികോറി, തിരികെയാപൂമര-
ച്ചില്ലയിലേയ്ക്ക്‌ പറന്നൊരു പൈങ്കിളീ,

കട്ടിലില്‍നിന്നെണീയ്ക്കാതെ, നിദ്രാദേവി
വിട്ടുപോയിട്ടും നയനങ്ങളെപ്പാതി-
പൂട്ടി, ആലസ്യം മുഴുവന്‍ നുകര്‍ന്നുകൊ-
ണ്ടൊട്ടുനേരം കിടന്നീടവേയോര്‍ത്തു, ഞാന്‍.

ഇന്നലെ, പാതിമയക്കത്തിലാവണം
വന്നതവളെന്‍ കവിളിലും, ചുണ്ടിലും
തന്ന മധുരിയ്ക്കുമായിരം ചുംബന-
മിന്നീപുലര്‍വേള ധന്യമാക്കീടുന്നു.

ഇന്ന്, ഞാനെങ്ങുപോയീടിലും; എന്തൊക്കെ-
യെന്നെത്തെയുംപോലെ ചെയ്യുമെന്നാകിലും
എന്നെ വിടാതെ, പിന്നാലെ വന്നീടുമെന്‍
പൊന്നേ, വിടര്‍ന്ന നിന്‍കണ്ണുകള്‍. നിശ്ചയം!

Tuesday, June 24, 2008

ആരും തനിച്ചല്ല


ആരുമില്ലാത്തവരായിയീലോകത്തി-
ലാരുമില്ലെന്നതറിയുന്നു ഞാന്‍.
ആരെങ്കിലും കാത്തിരിയ്ക്കാനില്ലാത്തോരായ്‌
ആരുമുണ്ടാവില്ലതുമറിയാം.

അന്യരാണെല്ലാരു,മെന്നെച്ചതിച്ചേയ്ക്കു-
മെന്നുറപ്പിച്ചൊരു കൂട്ടിലേറി
മുന്നിലും, പിന്നിലും വാതിലടയ്ക്കുകില്‍
പിന്നെയെന്തര്‍ഥമീജീവിതത്തില്‍?

ചുറ്റിലും കാണ്മൂ സഹായഹസ്തങ്ങളും
നീട്ടിനില്‍ക്കുന്ന സുഹൃദ്‌സമൂഹം
മറ്റുള്ള ക്രൂരമനസ്സുകാര്‍ കാട്ടുന്ന-
തൊറ്റതിരിഞ്ഞുള്ള സംഭവങ്ങള്‍.

നന്മയിനിയും നശിച്ചില്ലയെന്നുള്ളൊ-
രുണ്മയറിയാന്‍ കുറച്ചു വൈകി.
ജന്മം തരുമ്പോള്‍ തലയില്‍ വരച്ചിട്ട
കര്‍മ്മമെന്തെന്നറിയേണമിനി.

Sunday, June 22, 2008

ചേതോഹരം

കെട്ടിപ്പുണര്‍ന്നാത്മനിര്‍വൃതികൊള്ളവേ
പെട്ടെന്ന്‌തന്നെ മേല്‍സ്ഥായിയിലെത്തി, ആ
പാട്ട്‌ നിലച്ചു; താളത്തിന്റെയാവേഗ-
മൊട്ടുതളര്‍ന്ന കടുംതുടിയായ്‌; അടി-
ത്തട്ടുകാണാത്ത കിണറ്റിനാഴങ്ങളില്‍-
പ്പെട്ട്‌ തഴോട്ട്‌, താഴോട്ട്‌ കുതിയ്ക്കവേ..
പൊന്‍താരകങ്ങള്‍ മനസ്സിന്നാകാശത്ത്‌
കണ്‍ചിമ്മി ചിമ്മിച്ചിരിച്ചതും മാഞ്ഞുപോയ്‌
വെണ്മേഘമാലയ്ക്കിടയില്‍ വെളിച്ചത്തിന്‍
തന്മാത്രകള്‍ അലിഞ്ഞില്ലാതെയാകയായ്‌
എങ്ങും നിശ്ശബ്ദത ബോധമനസ്സിതില്‍
തിങ്ങുന്ന ശൂന്യത; പിന്നെ, പ്രളയമായ്‌!

ഏതൊകരയിലണഞ്ഞു പിന്നീടൊരു
ഭീദിതസ്വപ്നത്തില്‍ നിന്നുണര്‍ന്നെന്നപോല്‍
ഏതോ വിധി തന്നൊരാ അനുഭൂതിയെ
ചേതോഹരം എന്ന് പേര്‍ ചൊല്ലിടുന്നു, ഞാന്‍

Tuesday, June 17, 2008

നമ:ശിവായ


നീലകണ്ഠാനിന്‍മാറില്‍ കൂവളത്തിലകോര്‍ത്ത
മാലയൊന്നു ഞാന്‍ ചാര്‍ത്താം നീയനുഗ്രഹിക്കേണം
കാലപാശമെന്‍നേര്‍ക്ക്‌ നീളുമ്പോഴും നിന്‍ വിശ്വ-
താളത്തിനാധാരമാം തുടി ഞാന്‍ കേട്ടീടേണം.

മെയ്‌ പ്പാതിപകുത്ത്‌ നീയന്നെന്റെയമ്മയ്ക്കേകി
സല്‍പ്പേരുനശിപ്പിയ്ക്കാന്‍ ജടയില്‍ മറ്റൊരുത്തി
മുപ്പാരിലുംശിരസ്സ്‌ നമിപ്പെല്ലാരും നിന്നെ
തൃപ്പാദപൂജചെയ്‌വോരെന്നെ നീ തുണയ്ക്കേണം.

ഉണ്ണികള്‍ രണ്ടുണ്ടല്ലോ പേരുകേട്ടവരൊരാള്‍
എണ്ണിയാലൊടുങ്ങാത്ത ഭൂതഗണത്തിന്‍ നാഥന്‍
വര്‍ണ്ണമയിലേറുന്നവന്‍ മറ്റൊരാള്‍, കൈലാസത്തില്‍
പുണ്ണ്യഭൂമിയിലെത്താന്‍ എന്നെ നീ വിളിയ്ക്കേണം.

ശത്രുസംഹാരത്തിന്നായ്‌ തൃക്കണ്ണ്‍ തുറക്ക നീ
മിത്രപാലനത്തിന്നായ്‌ പ്രസാദം തരേണം നീ
യാത്ര, ജീവിതയാത്ര ചെയ്യവേയങ്ങോളം നിന്‍
നേത്രങ്ങളെന്‍രക്ഷയ്ക്കായ്‌ കൂടെയുണ്ടായീടണം.



Monday, June 16, 2008

റ്റെലിഫോണ്‍


നിന്നോട്‌ മിണ്ടുവാനൊത്തില്ല രണ്ടുനാള്‍
പൊന്നേ, പണിത്തിരക്കായിരുന്നു.
ഒന്നുമില്ലേലുമാക്കൊഞ്ചല്‍ കേള്‍ക്കാനായി-
യെന്നുമെന്‍ കാത്‌ കൊതിച്ചിരുന്നു.

ആദ്യത്തെയാ"ഹലോ"യില്‍ത്തന്നെയെന്നുള്ളില്‍
ഏതോശരത്ക്കാല സന്ധ്യ പൂക്കും.
ശീതളമായൊരു ഛായയിലേയ്ക്കുള്ള
വാതായനങ്ങള്‍ തുറക്കയായീ..

മെല്ലെക്കുണുങ്ങിയൊഴുകിയകലുന്ന
കല്ലോലിനിയില്‍ വീണെന്നപോലെ
എല്ലാംമറഞ്ഞ്‌ മറന്നുപോകും ദൂര-
മില്ലാതെയാവും, സ്ഥല, കാലവും.

പിന്നെ, കുറേക്കഴിഞ്ഞാണു ഞാനെത്തുക-
യെന്നില്‍; കഴിഞ്ഞ നിമിഷങ്ങളെ
ഒന്നുമുണ്ടാവില്ലയോര്‍മ്മയില്‍ ആശബ്ദ-
മൊന്നുമാത്രം, പിന്നെ നിന്‍മുഖവും

Sunday, June 15, 2008

ദേവീ, മൂകാംബികേ


എത്രനാളായെന്റെ ദേവീ, തിരുമുമ്പി-
ലെത്തുവാനാശിച്ച്‌ നില്‍ക്കുന്നു ഞാന്‍
എത്രയുംവേഗമെനിക്കാ കരുണാര്‍ദ്ര-
നേത്രങ്ങളെ നോക്കി കൈകൂപ്പണം.

പുഞ്ചിരിതന്‍പ്രഭയെപ്പൊഴും തൂവുന്ന
നിന്‍ചൊടിയെനോക്കി കൈകൂപ്പണം.
നെഞ്ചിലെ ദു:ഖച്ചുമടിറക്കീടണം.
നിന്‍ചരണങ്ങളെ കൈകൂപ്പണം.

അക്ഷരം നല്‍ക, മന:സുഖം, പിന്നെ നീ
രക്ഷനല്‍കേണം ശരീരത്തിനും.
ലക്ഷങ്ങളെത്തി നമിയ്ക്കുന്നു ദേവരും
യക്ഷരും, കിന്നരുമൊക്കെയുണ്ട്‌.

എന്നുംതിരുനാമമന്ത്രങ്ങള്‍ ചൊല്ലുവാന്‍
എന്‍നാവിലെന്നും വിളങ്ങിടേണേ
എന്നുമെന്‍കൂടെയുണ്ടാവേണമമ്പികേ
എന്നുമെനിയ്ക്കു തുണയാവണേ


അന്തവും, കുന്തവും


ചുറ്റുംകുറേപ്പേര്‍ ചിരിച്ചുനില്‍ക്കെ സ്നേഹ-
മിറ്റുവീഴുന്നതായ്‌ തോന്നും.
മറ്റുള്ളവരേ മനസ്സിലാക്കുന്നതില്‍
തെറ്റുപറ്റുന്നെനിയ്ക്കിന്നും.

ആയിരം മണ്‍കുടത്തിന്റെ വായ്‌ മൂടിടാ-
മാവില്ലൊരുനാവ്‌ കെട്ടാന്‍
ആയിരംപേര്‍ നല്ലതെന്ന് ചൊന്നാകിലു-
മാവില്ലൊരുത്തന്‍ പഴിയ്ക്കും.

പഞ്ചാരവാക്കുകളോതുന്ന കാമുകി
തഞ്ചം ലഭിച്ചാല്‍ ചതിയ്ക്കും
കൊഞ്ചിക്കുഴയുന്ന നേരത്ത്‌പോലുമാ-
നെഞ്ചില്‍ മറ്റാരാനുമാവാം.

"ഇന്നലെക്കണ്ടതേയില്ല നീയെങ്ങുപോയ്‌?"
എന്ന് ചിരിച്ചു ചോദിയ്ക്കും.
"ഒന്നുകൂടണ്ടെ നമുക്ക്‌?" ചോദിപ്പവര്‍
ഒന്നും സുഹൃത്തുക്കളല്ല.

എന്താണ്‌ ജീവിതമെന്നതറിവില്ല
എന്താണ്‌ സൗഹൃദം?, സ്നേഹം?
ചിന്തിയ്ക്കിലില്ലാ ഒരര്‍ത്ഥവു, മെങ്കിലോ
ചിന്തിച്ചില്ലേലില്ല കുന്തം!

Monday, June 9, 2008

ആത്മസഖി.*

കരളിലെ നൊമ്പരമേഘങ്ങള്‍ പെയ്യവേ
കരയാതിരിയ്ക്കുവതെങ്ങിനെ ഞാന്‍?
ഇരുളിലൊരിത്തിരിവെട്ടം പകര്‍ന്നൊരാ-
ത്തിരികെടാറായിനിയെന്തു ചെയ്യും?

മരുഭൂമികള്‍പോലും മലര്‍വാടിയാക്കാം നീ-
യരികിലുണ്ടെങ്കില്‍, എന്നാത്മസഖീ
വെറുതേ മനസ്സിലിമ്മട്ടു വ്യാമോഹങ്ങള്‍
ഒരുപാട്‌ പൂത്ത്‌ തളിര്‍ത്തിരുന്നു.

ഒരുവാക്ക്‌, പടിയിറങ്ങുന്നതിന്‍ മുമ്പായി
ഉരിയാടിടാതെ നീ യാത്രയായി
തിരികെ നീയെത്തുമെന്നെന്നുള്ളില്‍നിന്നിന്നു-
മറിയാതൊരാഗ്രഹം കാത്ത്‌നില്‍പൂ


----------

* പാവ്ലോ കോയിലോയുടെ 'ബ്രൈഡ' യിലെ പ്രധാനാശയമായ "സോള്‍മേറ്റ്‌".ജന്മാന്തരങ്ങള്‍ക്ക്‌ മുന്‍പ്‌ വേര്‍പെട്ട്‌പോയവര്‍ക്ക്‌ ഒന്നിച്ച്ചേരാതിരിയ്ക്കാനാവില്ല; ജന്മാന്തരങ്ങള്‍ കഴിഞ്ഞാലും

Friday, June 6, 2008

സുഗന്ധസ്വപ്നം

എന്നുമാമുഖം മാത്രമോര്‍മ്മിയ്ക്കയാല്‍
വന്നു, നീയെന്റെ സ്വപ്നത്തിലിന്നലെ
ഒന്നുമെന്നോട്‌ ചൊല്ലിയതില്ല നീ
ഒന്നുമ്മിണ്ടാനെനിയ്ക്കും കഴിഞ്ഞില്ല.

അന്ന്, യാത്രചൊല്ലുമ്പൊഴെത്തെക്കാളു-
മൊന്നുകൂടി തടിച്ചു, മിനുത്തു നീ.
കണ്ണിലെനിലാ,വാവശ്യപുഞ്ചിരി
എന്നിവയ്ക്കൊരു മാറ്റവും കണ്ടില്ല.

എന്നെയിട്ടേച്ച്‌ പോവല്ലേ, പോവല്ലേ
എന്ന് ഞാനെത്ര കേണു പറഞ്ഞിട്ടും
മഞ്ഞണിഞ്ഞ നിശാശലഭത്തെപ്പോല്‍
മാഞ്ഞുപോയ്‌ അകലങ്ങളിലേയ്ക്ക്‌ നീ.

പിന്നെയെപ്പൊഴോ കണ്ണുതുറന്നു ഞാന്‍
നിന്നെനോക്കി യരികിലും ദൂരെയും
നിന്റെ ദേഹസുഗന്ധമപ്പോഴുമെന്‍
മുന്നില്‍നിന്ന് നിറവതറിഞ്ഞു, ഞാന്‍

Friday, May 16, 2008

ഇന്നലെ നീ വന്നപ്പോള്‍..


സന്ധ്യയ്ക്കുവിടര്‍ന്നോരു സ്വര്‍ണ്ണമന്ദാരപ്പൂപോല്‍
സിന്ദൂരവര്‍ണ്ണാംഗേ, നീ ഇന്നലെ വന്നെന്‍മുന്നില്‍.
ചെന്താമരപ്പൂപോലെ തുടുത്ത കവിളോടെ,
ഇന്ദീവരങ്ങള്‍പോലെ വിടര്‍ന്ന മിഴിയോടെ.

പട്ടുപാവാടപിടിച്ചെപ്പൊഴും നിന്‍പിന്നാലെ
ഒട്ടുന്നൊരനുജനെ കൂട്ടാതെ, തേടി, തനി-
ച്ചൊട്ടുനേരമായ്‌ കാത്ത്‌, കാണാഞ്ഞ്‌ മടുത്താന-
ക്കൊട്ടിലിന്‍പിറകിലെയാല്‍ച്ചോട്ടില്‍ നിന്നോരെന്നെ.

പെട്ടെന്ന് മുന്നില്‍ വന്നാല്‍; അല്ലെങ്കില്‍തന്നെ കണ്ടാല്‍
കിട്ടുകില്ലൊന്നും മിണ്ടാന്‍, വാക്കുകള്‍വറ്റിപ്പോകും.
കെട്ടിപ്പുണരാനൊന്നാ കവിളില്‍ ചുംബിയ്ക്കുവാന്‍
ഒട്ടല്ലമോഹം, നിന്നോടെങ്ങിനെ ചൊല്ലീടും ഞാന്‍?

Tuesday, May 13, 2008

പുലരാതിരുന്നെങ്കില്‍..


രാധേ, നിന്‍മൃദുലാധരങ്ങളില്‍ ചുംബിയ്ക്കെയീ
യാദവകുമാരനില്‍ നിര്‍വൃതി നിറയുന്നൂ
പാദാരവിന്ദങ്ങളെ തഴുകും യമുനയ്ക്കും
ചേതോവികാരം മറ്റൊന്നാകുവാനിടയില്ല.

പാതിരാവായിട്ടും, നിന്‍പൂമുഖം കണ്ടിട്ടാവാം
പാതിമെയ്മറച്ചിതാ നാണിച്ച്‌ തിങ്കള്‍ നില്‍പൂ
പാതികൂമ്പിയമുഖത്തോടെ നെയ്യാമ്പല്‍ നോക്കീ
പാതയോരത്തെ മരച്ചോട്ടില്‍ നാമിരിപ്പത്‌

താരഗണങ്ങള്‍ മഞ്ഞിന്‍ ഹര്‍ഷ‌ബാഷ്പങ്ങള്‍ തൂകി.
ദൂരെരാപ്പക്ഷി മൃദുപഞ്ചമങ്ങളും പാടി.
ചാരെ, യെന്‍മടിയില്‍ നീയാലസ്യ ഭാവംപൂണ്ട്‌..
ഈരാവ്‌ പുലരാതെയിങ്ങനെയിരുന്നെങ്കില്‍!!

Monday, May 12, 2008

ആരുമറിയുന്നില്ല..


ഒഴുകിയോളങ്ങള്‍ ദൂരേയ്ക്ക്‌; തീരങ്ങളെ
തഴുകിയിളംകാറ്റില്‍ മെല്ലെ
മിഴിനീര്‍ കവിളിലൂടിറ്റിറ്റ്‌ വീഴവേ
പുഴയത്‌ കണ്ടതേയില്ല.

ഇടനെഞ്ച്‌പൊട്ടിത്തകര്‍ന്നൊരേകാകിയീ
കടവിലുണ്ടെന്നറിയാതെ
പിടയുന്ന ഗദ്ഗദം ഒന്ന്‌ നോക്കീടാതെ
പടിചാരി സന്ധ്യയും പോയീ.

ഇരുള്‍നിറയുന്നതിന്‍മുന്‍പ്‌ സുഗന്ധിയാം
ചെറുകുളിര്‍കാറ്റൊന്ന്‌ വീശി
കരളിലെകദനങ്ങളാരുമറിഞ്ഞില്ല
വെറുതേയിരുന്ന് ഞാന്‍ തേങ്ങീ

Sunday, May 11, 2008

സ്വപ്നം

പൊട്ടിത്തകര്‍ന്ന ഹൃദയമോടെ, മണ്ണില്‍
ഞെട്ടറ്റു വീഴുന്നതിന്നു മുമ്പായ്‌
മൊട്ടൊന്നു നോക്കി; കരുണാര്‍ദ്ര സൂര്യന്റെ
വെട്ടമെങ്ങാനിങ്ങടുത്തെത്തുമോ?

ഒട്ടരികത്തായ്‌ തെളിഞ്ഞ മരുപ്പച്ച
പെട്ടെന്ന് മാറി, മരീചികയായ്‌.
ഒട്ടകങ്ങള്‍ ദാഹനീരിനായ്‌ ദൂരേയ്ക്ക്‌
കൂട്ടമായ്‌ മെല്ലെ നടന്നു നീങ്ങി

ഇല്ലിനിയെന്നാശ പൂവണിഞ്ഞീടില്ല
ഇല്ല; ഈ മൊട്ട്‌ വിടരുകില്ല
എല്ലാമൊരു സ്വപ്നമായിരിയ്ക്കാം. വിധി-
യല്ലാതെ യെന്താണിതിന്റെയര്‍ത്ഥം?

Thursday, May 8, 2008

ഒരിയ്ക്കല്‍ക്കൂടി


മിഴിയില്‍; മനസ്സില്‍ നീമാത്രമുള്ളോരെന്നെ
ഒഴിവാക്കിടല്ലേ; കരഞ്ഞ്‌പോം ഞാന്‍
മഴമേഘമാലകള്‍ തിങ്ങും മനസ്സിന്റെ
വഴിയാകെയിരുള്‍വന്ന് മൂടുന്നുവോ?

ശ്രുതിതേടുമൊരുമുളംതണ്ടായിരുന്നു ഞാന്‍
ഹൃദയേശ്വരീ, നിന്നെക്കാണുംവരെ-
അതില്‍പിന്നെയെന്നുള്ളിലനുരാഗസ്വരജതികള്‍
അതിലോലമഴകോടെയൊഴുകിനീന്തി

കരള്‍വാര്‍ന്ന്, തിരകളീകരയിലേയ്ക്കെത്തിച്ച
ഒരുജലശംഖായിരുന്നന്ന് ഞാന്‍
കരതാരിലേറ്റി, നിന്‍ചൊടിയോട്‌ചേര്‍ത്തെന്നി-
ലൊരുനാദവൈഖരി നീയുണര്‍ത്തി.

മിഴിയില്‍; മനസ്സില്‍ നിന്‍ശ്വാസമായോരെന്നെ
ഒഴിവാക്കിടല്ലേ; തകര്‍ന്ന്പോം ഞാന്‍
മിഴിവാര്‍ന്നതിരിനാളമായിജ്ജ്വലിയ്ക്കുവാന്‍
കഴിയിമോ? ഒരുമാത്രകൂടിയെന്നില്‍?

Tuesday, May 6, 2008

മടുത്തോ; നിനക്കെന്നെ?


സത്യം പറയൂ; മടുത്തോ നിനക്കെന്നെ?
കത്തുന്ന വേനലില്‍നിന്ന് തളിര്‍ച്ചാര്‍ത്തി-
ലെത്തിയോരെന്നെ? പഴയപോല്‍ നീതരും
മുത്തങ്ങള്‍ക്കെന്തേയാ പൊള്ളുന്ന ചൂടില്ല?

ചേര്‍ത്ത്‌ പിടിക്കവേ ഉള്ളിന്റെയുള്ളില്‍ തി-
മിര്‍ത്ത്‌ പെയ്യുന്ന മഴയില്ലിടിയില്ല?
വര്‍ത്തമാനത്തിലെ കൊഞ്ചലില്ലാ? മണി-
മുത്ത്‌ ചിതറും ചിരിയുമിപ്പോഴില്ല?

ഒറ്റയ്ക്കിരിയ്ക്കുന്ന നേരത്ത്‌ ഞാന്‍ കണ്ട
ഒത്തിരി ഒത്തിരി കൊച്ചു കിനാവുകള്‍
ഒക്കവേ ദൂരേയ്ക്ക്‌ പോയി, ഒരുകാറ്റിന്‍
ഒക്കത്തിരുന്ന്, തിരിഞ്ഞൊന്ന് നോക്കാതെ..

സത്യം പറയൂ; മടുത്തോ? മറന്നുവോ
എത്രകണ്ടാലും കൊതിതീരുകില്ലെന്നു-
മെത്ര പുണര്‍ന്നാലുമാശതീരില്ലെന്നു-
മെത്രപറഞ്ഞ്‌ മോഹിപ്പിച്ചതൊക്കെയും?

Saturday, May 3, 2008

വിളിപ്പേരുകള്‍

പൊന്നാണ്‌; പൊന്നിന്‍കുടമാണെനിയ്ക്കു നീ
കണ്ണാണ്‌; കണ്ണിന്‍തിളക്കമാണ്‌.
വിണ്ണിലെ താരാഗണങ്ങള്‍ക്ക്‌ റാണിയാം
വെണ്ണിലാവാണ്‌; വെളിച്ചമാണ്‌

മുത്താണ്‌; ജീവനെപ്പുല്‍കിയുണര്‍ത്തുന്ന
മുത്തങ്ങളാണതിന്‍ നിര്‍വൃതിയും;
മൊത്തിക്കുടിയ്ക്കുന്ന വീഞ്ഞിന്‍ ലഹരിയും
നൃത്തം ചവിട്ടും മയിലുമാണ്‌

പൂവാണ്‌; പൂവിലെത്തേനാണ്‌; കാണാത്ത
പൂംകുയില്‍ പാട്ടിന്റെ പഞ്ചമവും
നോവുകള്‍ക്കാശ്വാസ സാന്ത്വന സ്പര്‍ശനം
നീയെന്റെ ജീവന്റെ ജീവനാണ്‌

Friday, May 2, 2008

അനുജനും; തുമ്പിയും


മുമ്പില്‍ നീ വന്ന് കണ്ണീര്‍ തൂവേണ്ട, കളിക്കാന്‍ ആ
തുമ്പിയെവേണം നിനക്കത്രയല്ലയേ വേണ്ടൂ?
മുമ്പുമിതുപോലെ നീ കരഞ്ഞ്‌, കൈയെത്താത്ത-
കൊമ്പിലെ പൂവും, കായും കൈക്കലാക്കിയിട്ടില്ലേ?

അമ്മായിപ്രസവിച്ചൊരാണ്‍കിടാവിനെക്കണ്ട്‌
അമ്മയോടന്നേചൊല്ലി; കരഞ്ഞ്‌ ശാഠ്യംകൂട്ടി
അമ്മാതിരിയുള്ളൊരു കുഞ്ഞിനെ വേഗം വേണം
നമ്മള്‍ക്കും; ചിരിച്ചമ്മ; യഛനുമതുകേട്ട്‌

നീവന്നു, പിന്നെ, എന്റെ മാത്രമായിരുന്നൂ നീ
ജീവന്റെ നിശ്വാസംപോല്‍ നിന്നെ ഞാന്‍ നെഞ്ചിലേറ്റി
പൂവിതള്‍ക്കൈകാലുകള്‍ വളര്‍ന്നീടവേ നിന്റെ
നോവുകള്‍, ആഹ്ലാദങ്ങള്‍ ഒക്കവേ എന്റേതായി

തുമ്പിയെ വേണം പോലും! കൂര്‍ത്തുള്ള നിന്റെ മീശ-
ത്തുമ്പ്‌ കണ്ടാലാപാവം പേടിച്ച്‌ കരഞ്ഞേയ്ക്കും
മുമ്പില്‍നിന്നെഴുന്നേല്‍ക്കൂ, കണ്ണുകള്‍ തുടയ്ക്കൂ നീ.
ചെമ്പനീര്‍പൂത്തുമ്പിയെ, ശ്രമിയ്ക്കാം, കൊണ്ടെത്തരാന്‍.

(മെയ്‌ ഒന്ന് രാത്രി 12.30ന്‌ തുടങ്ങി 1.15ന്‌
എഴുതി മുഴുമിച്ചു)

--------------------------------
ഈ കവിത ഞാന്‍ എന്റെ സഹോദരിയ്ക്ക്‌ സമര്‍പ്പിയ്ക്കുന്നു. അടുത്ത വീട്ടിലെ സ്ത്രീ ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചത്‌ പോയിക്കണ്ടുവന്ന് അതുപോലെ 'മണിയുള്ള' ഒരു കുഞ്ഞിനെ നമുക്കും വേണമെന്ന് അമ്മയോട്‌വാശിപിടിച്ച്‌ കരഞ്ഞ ആ മൂന്നുവയസ്സുകാരിയ്ക്ക്‌. എന്നെ താഴത്തും തലയിലും വയ്ക്കാതെ കൊണ്ടുനടന്ന്, എന്റെ ഏതാഗ്രഹവും സാധിപ്പിച്ചുതന്ന, തരുന്ന എന്റെ ചേച്ചിയ്ക്ക്‌..


Tuesday, April 29, 2008

ഓര്‍മ്മയില്ലേ ? ഒന്നും ?


പോയജന്‍മങ്ങളിലേതോ ഒരഞ്ജാത-
മായികസ്വപ്നത്തില്‍ നാമൊന്നുചേര്‍ന്നതും
പോയ്‌വരാമെന്നോതി, നീ പിന്നെ ദൂരേയ്ക്ക്‌
പോയതും; പിന്നെ വരാതെയിരുന്നതും-

നീവരുമ്പോള്‍ അടയാളത്തിനായ്‌ ഞാനെന്റെ
ജീവന്റെ നെയ്ത്തിരി ജാലകവാതിലില്‍
രാവും പകലും കെടാതെസൂക്ഷിച്ചുവെ-
ച്ചാവുംവിധം നൊയ്‌മ്പുകള്‍ നോറ്റിരുന്നതും-

പിന്നെ, ഒരുദിനം രാത്രി, മഴയത്ത്‌
മിന്നലും കാറ്റുമേറ്റാത്തിരി കെട്ടതും.
പിന്നെ, യീജന്‍മമൊരുദശാസന്ധിയില്‍
നിന്നെ ഞാന്‍ കണ്ടൂ, അറിഞ്ഞതില്ലെന്നെ, നീ..

ഒന്നും നിനക്കോര്‍മ്മയില്ലേ?; മനോഹരീ
ഒന്നും? മറവിയ്ക്കും മായ്ക്കുവാനാവാത്ത
പൊന്നിന്‍കിനാക്കളില്‍ നീന്തിത്തുടിച്ചതും?
പിന്നെ നാമൊന്നായ്‌ പൊലിഞ്ഞ്‌ പൊഴിഞ്ഞതും?

Wednesday, April 23, 2008

രാവും, നിലാവും ദേശ് രാഗവും

എത്രയോ ദൂരത്ത് നില്‍ക്കുന്ന നിന്നടു-

ത്തെത്രയും വേഗത്തിലെത്താന്‍ കൊതിപ്പു, ഞാന്‍

അത്രമേലാസക്തി നിന്നോടെനിയ്ക്കുണ്ടി-

തെത്രയോവട്ടം പറഞിരിയ്ക്കുന്നു, ഞാന്‍

അങ്ങ് താഴ്വാരത്തിലേതോ മരച്ചോട്ടില്‍-

നിന്നോരിടയന്റെ പുല്ലാങ്കുഴലിലൂ-

ടെങ്ങുമൊഴുകുന്ന ‘ദേശ് ‘രാഗത്തില്‍ ഞാന്‍

മുങ്ങുന്നെന്നുള്ളില്‍ നിലാവ് പരക്കുന്നു

താരകള്‍ കണ്‍ചിമ്മി എന്നെനോക്കുന്നൊരീ-

യീറന്‍ രജനിയില്‍ നിദ്രാവിഹീനനായ്

ദൂരെപ്പുലരിവന്നെത്തുന്നതും നോക്കി-

യേറെ വിവശനായ് ഞാനിങ്ങിരിയ്ക്കുന്നൂ.

Tuesday, April 22, 2008

അമ്മ


എന്നായിരുന്നെന്റെയമ്മ മരിച്ചത്‌?
ഇന്നലെയോ, മിനിയാന്നോ? *
ഇന്നെന്റെകൂടെയില്ലമ്മ; യാവാല്‍സല്യ-
മെന്നാലുമെന്നില്‍ നിറവൂ.

ഏറെക്കരഞ്ഞോ വ്യഥയാല്‍?, വയറ്റില്‍ ഞാ-
നൂറിയകാലം മുതല്‍ക്കേ?
മാറിടം രണ്ടു, മമ്മായി പൊക്കിള്‍ക്കൊടി
വേര്‍പെടുത്തുമ്പോള്‍ തുടിച്ചോ?

ഓരോചുവടിലും കൈവിരല്‍ത്തുമ്പായി
ഓരോ കളിയ്ക്കും തുണയായ്‌
ഓരോമൊഴികള്‍ക്കുമര്‍ത്ഥാന്തരങ്ങളായ്‌
ഓരോപടവിലും താങ്ങായ്‌..

ആരോവിരിച്ചിട്ടു, ജീവിതപ്പാതയില്‍
കാരിരുമ്പാണികള്‍, പിന്നെ
കൂരിരുള്‍ കണ്‍കളെ മൂടവേയുള്ളില്‍നി-
ന്നാരോ വിളിച്ചിടും- 'മോനേ..'

എന്നായിരുന്നെന്റെയമ്മ മരിച്ചത്‌?
ഇന്നലെയോ, മിനിയാന്നോ?
എന്നിലെയമ്മ മരിച്ചില്ലയിന്നുമെന്‍
മുന്നിലുണ്ടെന്നുള്ളിലുണ്ട്‌

------------------
* ആശയത്തിന്‌ ആല്‍ബേര്‍ കമ്മ്യുവിനോടുള്ള
കടപ്പാട്‌ മറച്ച്‌ വയ്ക്കുന്നില്ല

Friday, April 18, 2008

സമസ്യ

ഏപ്രില്‍ 10നു ‘ആരാണ് ഞാന്‍‌‘എന്നൊരു സമസ്യ ഇട്ടിരുന്നു. വായിച്ച ആരും അതിനുത്തരം തരാഞ്ഞതില്‍ എനിക്ക് വളരെ സങ്കടമുണ്ട്। അതിന്റെ ഉത്തരം: ‘കാക്ക’

മാഞ്ഞ കുങ്കുമം

കാത്ത്‌,കാത്തെന്‍ കണ്‍കളാകെത്തളര്‍ന്നു. വ-
ന്നെത്തുവാന്‍ താമസമെന്തെന്നറിഞ്ഞീല
പേര്‍ത്ത്‌ മിടിച്ചൂ വലത്ത്‌കണ്‍പോളയും
ആര്‍ത്തനാദം മുഴക്കിക്കേണു, ഹൃത്തടം

ഞെട്ടിയുണര്‍ന്നു മയക്കത്തില്‍ നിന്ന് ഞാന്‍.
പൊട്ടിച്ചിതറും പളുങ്ക്‍പാത്രംപോലെ
പെട്ടെന്ന് ഫോണില്‍ മണിയടിച്ചീടവേ
ഞെട്ടറ്റുവീണെന്റെ ജീവിതപ്പൂവുകള്‍‌

‍അന്നെന്‍കിനാവിന്‍ ചിറകുകളറ്റുപോയ്‌
പിന്നിട്ടപാതകള്‍ ഓര്‍മ്മകള്‍ മാത്രമായ്‌
കണ്ണീരുവീണെന്റെ കാഴ്ച മറഞ്ഞുപോയ്‌
എന്‍നെറ്റിയില്‍നിന്ന് കുങ്കുമംമാഞ്ഞുപോയ്‌

Tuesday, April 15, 2008

വണ്ടേ, വരേണ്ടാ..


വണ്ടേ, വരേണ്ടെന്റെ ചാരത്ത്‌. എന്നുള്ളി-
ലുണ്ടായിരുന്ന നറുമണം വാര്‍ന്ന്പോയ്‌.
മിണ്ടാന്‍ മടിയുണ്ട്‌; തേനുമില്ലെന്നിലി-
ന്നിണ്ടല്‍ കളഞ്ഞ്‌ ഞാന്‍ ചൊല്ലിടാം, കേള്‍ക്ക നീ.

എന്ന് മൊട്ടിന്‍ നിദ്രവിട്ട്‌ ഞാന്‍ പൂവിന്റെ
വന്യസൗന്ദര്യത്തില്‍ മുങ്ങി നിവര്‍ന്നുവോ
അന്ന്തൊട്ടെന്മുന്നിലെന്നുമവന്‍ പാറി-
വന്നെന്നെ നോക്കിച്ചിരിച്ച്‌ കടന്നുപോം

പേരറിയില്ല, കുലവും 'കടന്നല്‍'എ-
ന്നാരുമെന്നോട്‌ പറഞ്ഞതുമില്ലന്ന്.
ദൂരെയെങ്ങോതാമസം; പിന്നെ മെല്ലെവ-
ന്നാരുമറിയാതെ പൂന്തേന്‍ നുകര്‍ന്നവന്‍

തെല്ലുമേവേദനിച്ചില്ലാദ്യ സ്പര്‍ശനം
പൊള്ളുന്ന ദംശനം, പിന്നെയറിഞ്ഞു ഞാന്‍
ഇല്ല; ഇനിയാര്‍ക്കുമേകുവാനെന്നുള്ളി-
ലില്ല തുടിപ്പും, മധുവും, സുഗന്ധവും.

വണ്ടേ, വരേണ്ടെന്റെ ചാരത്ത്‌, പാഴ്ച്ചെടി-
ത്തണ്ടുപോലാണു ഞാനിന്നെന്നറിക നീ
മിണ്ടാതെ ഞാനിങ്ങു നില്‍ക്കില്‍ നിരാശത-
യുണ്ടാം നിനക്ക്‌- പറന്ന്പൊയ്ക്കൊള്‍കനീ

Friday, April 11, 2008

കടലാസ്സുപൂക്കള്‍


ആര്‍ക്കുവേണ്ടി വിടരുന്നീ കടലാസ്സ്‌-
പൂക്കള്‍, വിവിധവര്‍ണ്ണത്തില്‍?
ഓര്‍ക്കുക, ചൂടാനെടുക്കില്ല; പൂജയ്ക്ക്‌
ചേര്‍ക്കുകില്ലിപ്പൂക്കളാരും.

പൂക്കളേയല്ലിവ, ചെന്നടുത്തെത്തിച്ച്‌
നോക്കിയാല്‍ പൂക്കളെക്കാണാം
പൂക്കള്‍ക്ക്‌ചുറ്റും നിരന്ന്‌നില്‍ക്കുന്നത്
പൂക്കളേപ്പോലുള്ളിലകള്‍.

ചന്തമുണ്ടെങ്കിലും ഗന്ധമില്ലാതെപി-
ന്നെന്തിനീപ്പൂ വിടരുന്നൂ?
സന്തതം പൂമ്പാറ്റ വന്ന്‌തലോടിലും
പൂന്തേനുമില്ല; ഫലവും.

ആര്‍ക്കുവേണ്ടി വിടരുന്നീ കടലാസ്സ്‌-
പൂക്കള്‍ തോട്ടത്തില്‍, മനസ്സില്‍?
ഓര്‍ക്കുക, കാരണം വേണ്ട കാര്യങ്ങള്‍ക്ക്‌
ആര്‍ക്കറിയാമിതിന്നര്‍ത്ഥം..

Thursday, April 10, 2008

ആരാണ്‌ ഞാന്‍?


പേര്‌, രണ്ടക്ഷരമാണെന്റെ. ആയത്‌
നേരെപറയുകില്‍ തീരെരസമില്ല
പോരെങ്കിലെന്നെ ദര്‍ശിപ്പതോ, ഞാന്‍ വന്ന്‌
ചാരത്ത്‌ നില്‍പ്പതോ ഇഷ്ടമല്ലാര്‍ക്കുമേ

ഒട്ടുമേസംശയംവേണ്ടെന്റെ പേരിതില്‍
ഒറ്റസ്വരാക്ഷരമില്ല; ചില്ലും. കൂട്ടി-
കെട്ടുവാനുള്ളൊരു ദീര്‍ഘമിടയ്ക്കുചേര്‍-
ത്തിട്ടില്ലയെങ്കില്‍ വേറൊന്നായിമാറും ഞാന്‍

ആദ്യാക്ഷരമെന്‍സ്വരം; കേട്ടുണര്‍ന്നിരു-
ന്നാദ്യത്തെയാളുകള്‍; ക്ഷുത്തടക്കാനെന്തു-
മാദ്യംലഭിച്ചതംശിക്കും; എന്നാലിപ്പോള്‍
ചോദ്യമിതാണ്‌- ഞാനാരെന്റെ പേരെന്ത്‌?

അപേക്ഷ:കൊഞ്ഞനംകുത്തരുതുത്തരമ്മുട്ടിയാല്‍

Tuesday, April 8, 2008

ഇന്നലെ


സ്വര്‍ണ്ണവര്‍ണ്ണപുഷ്പങ്ങളണിഞ്ഞൊരു
കൊന്ന, മേടപ്പുലരിയിലെന്നപോല്‍
കണ്ണിനിമ്പംപകര്‍ന്ന്‌ നീ യിന്നലെ
നിന്നു; പൊന്നിനെപൊന്നണിയിച്ചപോല്‍.

ഏറെയുണ്ടായിരുന്നവിടാളുകള്‍
വേറെ, വേറെ കാര്യങ്ങള്‍ക്ക്‍വന്നവര്‍
മാറിനിന്നൂ, ചിരിച്ചൂ കടക്കണ്ണി-
നേറതെങ്കിലും കിട്ടിയാല്‍ ഭാഗ്യമായ്‌.

തെന്നിമാറി മേഘങ്ങളകലവേ
മിന്നിനില്‍ക്കും ശശിബിംബമെന്നപോല്‍
പിന്നെ, നീ താരറാണിയെപ്പോല്‍നിന്ന്
എന്നെ കണ്ണാലുഴിഞ്ഞു; ചിരിച്ചു നീ

വല്ലതുമൊന്ന് മിണ്ടിയാല്‍ സ്വപ്നമാം
ചില്ലുമേട തകര്‍ന്നിടും, വാക്കുകള്‍
ഇല്ല, വന്നില്ല എന്‍ കണ്ഠനാളത്തില്‍.
ഇല്ലുറങ്ങാന്‍ കഴിഞ്ഞില്ല, യിന്നലെ...

Tuesday, April 1, 2008

കൂട്ടുകാരി


നീയെനിയ്ക്കാരാണെന്നതിപ്പോഴുമറിയില്ലൊ-
രായിരംവട്ടം ഞാനതെന്നോട്‌ ചോദിച്ചിട്ടും
പോയജന്മത്തിലൊന്നായ്തീര്‍ന്നതിന്‍ ശേഷം വിട്ട്‌-
പോയതിന്‍ തുടര്‍ച്ചയോ; പൂരകങ്ങളോ നമ്മള്‍?

വര്‍ണ്ണരാജികളാലെന്‍ കണ്ണിന്‌ കുളിരേകും
വിണ്ണിലെ വിസ്മയമാം മഴവില്ലെനിയ്ക്ക്‌ നീ
സ്വര്‍ണ്ണനൂല്‍ തന്ത്രികളാല്‍ വീണയില്‍മീട്ടീടുന്ന
കര്‍ണ്ണപീയൂഷഗാനാമൃതമാണെനിയ്ക്ക്‌ നീ

തൂലികത്തുമ്പിലിരുന്നാശയം വിതുമ്പുമ്പോള്‍
പീലിനീര്‍ത്താടാന്‍വരും വാക്കാം മയൂരം നീയേ
പേലവാംഗങ്ങളൊക്കെത്തളരുമ്പോള്‍ സുഗന്ധ
താലവൃന്ദത്താല്‍ നീയെന്‍ കരളിന്‍കുളിരാകും

നിന്നരികേനില്‍ക്കുമ്പോള്‍, നിന്നോട്‌ കൊഞ്ചുമ്പോള്‍ ഞാ-
നെന്നെ മറന്നീടുന്നൂ, ചുറ്റിലും നിന്ന് യക്ഷ-
കിന്നരന്‍മാര്‍ പാടുന്നൂ; ദേവകള്‍ ചൊരിയുന്ന
പൊന്നരിപ്പൂക്കളാലേ മേലാകെ കുളിരുന്നൂ

നീയെനിയ്ക്കാരാണെന്നതറിയാഞ്ഞെന്നോട്‌ ഞാ-
നായിരംവട്ടം ചോദിച്ചുത്തരം ലഭിച്ചീല
പോയജന്മം ഞാന്‍ ചെയ്ത പുണ്യങ്ങളാവാം നിന്നെ
മായികവിസ്മയംപോല്‍ കൂട്ടായി ലഭിച്ചത്‌...

Monday, March 31, 2008

ഒരു രഹസ്യം.


കാവുണ്ട്‌, ചെറുതൊന്നെന്നമ്മവീട്ടില്‍, വിരുന്ന്-
പോവുമ്പൊഴെല്ലാം ഞങ്ങള്‍ കുട്ടികള്‍ അവിടെയ്ക്കും
പോവും, ആ സംഭ്രാന്തിതന്‍ തുരുത്തില്‍ കൈതൊഴാനും;
പൂവുകളിറുക്കാനും; മാമ്പഴം പെറുക്കാനും.

പച്ചമരങ്ങള്‍തീര്‍ക്കും കട്ടിമേലാപ്പിനാല്‍ ന-
ട്ടുച്ചയ്ക്കുപോലും തോന്നും തണുപ്പും; തമസ്സിന്റെ
കച്ചമൂടിക്കിടക്കും നിഗൂഢ ഗന്ധങ്ങളും
തെച്ചിപ്പൂ; കെട്ടതിരി ചിതറിയങ്ങിങ്ങായി.

മണിനാഗങ്ങള്‍, ആരും കാണാതെയവിടെവ-
ന്നിണചേരാറുണ്ടെന്ന് മുത്തശ്ശിപറഞ്ഞിട്ടും
കണിവെയ്ക്കുവാന്‍ പൂക്കള്‍ പെറുക്കാനെന്നപേരില്‍
പണിപറ്റിച്ചൂ; ഞാനന്നൊറ്റയ്ക്ക്‌ കാവില്‍കേറീ

കണ്ടതന്നാണാദ്യമായ്‌ കരിമൂര്‍ഖനെ, ഞാനാ
രണ്ടിണപെട്ടനാവും, തിളങ്ങും ശരീരവും
മിണ്ടുവാനാവാതെ ഞാന്‍ നിന്നൂ; ട്രൗസര്‍ നനഞ്ഞൂ
മിണ്ടിയിട്ടില്ലിക്കാര്യം ആരോടുമിതുവരെ

Sunday, March 30, 2008

വൈകിയോ;ഞാന്‍ ?

നീരസം കളഞ്ഞാലും, രാധേ, ഞാന്‍ വരാന്‍ വൈകി.
ഏറെനേരമായോ നീ കാത്തിരിയ്ക്കുവതെന്നെ ?
കാരണങ്ങളുണ്ടേറെ, പറയാം, സദയം നിന്‍
ചാരത്തിരിയ്ക്കാനെനിയ്ക്കനുവാദമേകുമോ?

പൂമണിത്തേരില്‍ചാരി രുഗ്മിണി നിന്നൂ, കൂടെ
ഭാമയുമുണ്ട്‌ കയ്യില്‍ പൂക്കളും ജലവുമായ്‌
തൂമന്ദഹാസംതൂകിയോതി, "ഞങ്ങളെ ഭവാന്‍
താമസമന്യേ ദേവാലയത്തിലെത്തിക്കേണം"

ആര്‍ത്തയായ്‌, യമുനതന്‍ തീരത്ത്‌ തനിച്ചെന്നെ-
കാത്ത്‌ നീയിരിപ്പുണ്ടെന്നോര്‍ത്തേറെ വലഞ്ഞൂ ഞാന്‍
എത്രയും വേഗം റാണിമാരെ നടയില്‍ വിട്ടാ-
ക്ഷേത്രത്തില്‍നിന്നും തേര്‌ തിരിയ്ക്കെ ഗാനം കേട്ടു.

മീര, തന്‍ എക്‍താരയില്‍ വിരലാല്‍ശൃൂതിമീട്ടി
ഈറന്‍സ്വരങ്ങളാലെ എന്നപദാനം പാടി
തേരങ്ങ്‌ ചേര്‍ത്ത്‌നിര്‍ത്തീട്ടല്‍പമാഗാനംകേട്ടു.
നേരെ ഞാന്‍പോന്നിങ്ങോട്ട്‌- വൈകിയോ ? ചൊന്നാലും നീ


Wednesday, March 26, 2008

യാഗാശ്വം


മടുത്തൂ, യാഗാശ്വത്തെപ്പോലെയീയാത്ര, പിടി-
കൊടുക്കാം, ആരെങ്കിലും എതിരേവരുന്നെങ്കില്‍
പിടിച്ച്‌ കെട്ടാന്‍, പണ്ട്‌, വന്ന രാജാക്കന്‍മാര്‍ക്ക്‌
കടക്കണ്ണേറുപോലും തടുക്കാന്‍ കഴിഞ്ഞില്ല

പട്ടുവസ്ത്രങ്ങള്‍, സ്വര്‍ണ്ണാഭരണങ്ങളും പിന്നെ
പൊട്ടിയ ഹൃദയങ്ങളെന്നിവ കാല്‍ക്കല്‍ വച്ചൂ.
തട്ടിയകറ്റീ, കളിപ്പാട്ടങ്ങള്‍ പോലെ, എന്നെ
കെട്ടുവാനവര്‍ക്കാര്‍ക്കും യോഗ്യത തീരെപ്പോര

മേലുനോവുന്നൂ, കാഴ്ച്ച മങ്ങുന്നൂ, വിയര്‍ക്കുന്നൂ
കാലുകള്‍ കുഴയുന്നൂ, വേഗത കുറയുന്നൂ..
താലവുമേന്തിനിന്നയാളുകള്‍ മറയുന്നൂ
മേല, യീയാത്രയിനി തുടരാനൊട്ടും വയ്യ.

പിടിച്ചുകെട്ടാനെന്നെ യിവിടെയാരുമില്ലേ?
മടുത്തൂ, മതിയായി; തനിച്ചുള്ളൊരീയാത്ര

Tuesday, March 25, 2008

കാരണം


ഈറന്‍ മിഴിയും, തകര്‍ന്ന മനസ്സുമായ്‌
ഏറെയായ്‌ നിന്‍ ജാലകത്തിന്റെ ചില്ലുകള്‍-
തോറും തളര്‍ന്ന ചിറകിട്ടടിയ്ക്കുമീ
ഞാറക്കുരുവിയെ കണ്ടതേയില്ല നീ

പേരറിയാതെയടുത്തതും,പിന്നെ നാം
പേരിന്നുപോലും പിരിയാതിരുന്നതും;
"ആരെതിര്‍ത്താലും നീ വന്നു വിളിയ്ക്കുകില്‍
പോരുമിറങ്ങി ഞാ"നെന്നു പറഞ്ഞതും..

എന്തഴകായിരുന്നൂ മഴവില്ലുകള്‍-
ക്കെന്തായിരുന്നൂ സുഗന്ധമപ്പൂവുകള്‍-
ക്കെന്തായിരുന്നൂ അരുവിതന്‍ സംഗീത-
മെന്തായിരുന്നൂ ചുവന്ന സന്ധ്യാമ്പരം.

എപ്പോഴറിയില്ല; കാര്‍മുകില്‍ വന്നതും
എപ്പൊഴാപ്പൂക്കള്‍കൊഴിഞ്ഞതും; സംഗീത-
മെപ്പോള്‍നിലച്ചതും; സന്ധ്യ കറുത്തതും
എപ്പോഴോ കൂരിരുള്‍ വന്ന് നിറഞ്ഞതും

പിന്നെ, നീയെങ്ങോ പറന്നുപോയ്‌, ദൂരെ,യീ-
യെന്നെ യിവിടെയുപേക്ഷിച്ച്‌ നിര്‍ദ്ദയം.
ഇന്നലെ നീവന്ന്ചേര്‍ന്ന വിവരമാ-
തെന്നലാണെന്നോട്‌ കാതില്‍പ്പറഞ്ഞത്‌.

ഈറന്‍മിഴിയും തകര്‍ന്ന ചിറകുമായ്‌
ഏറെയായ്‌ ഞാനീ മഴയത്തിരിയ്ക്കുന്നു
വേറെയൊന്നും വേണ്ട, യീദു:ഖമേകുവാന്‍
കാരണമെന്തെന്ന് മാത്രം പറയുമോ?

Saturday, March 22, 2008

ശക്തിയില്ല


ദ്രൗപദീ, പൊത്തുന്നു ഞാനെന്റെകണ്ണുകള്‍; തീരാ-
ശാപമിക്കാഴ്ചകാണാന്‍ ശക്തിയീഭീമനില്ല
വേപഥുപൂണ്ടഞ്ചുപേര്‍ നിസ്സഹായരായ്‌ നില്‍പൂ
താപാശ്രുധാരയ്ക്കൊപ്പം രക്തബിന്ദുക്കള്‍ വീഴ്കെ*

നേര്‍ത്തവസ്ത്രത്താല്‍ തീര്‍ത്ത ചുറ്റുകളഴിയവേ
കൂര്‍ത്തകണ്മുനകള്‍ നിന്‍ മേനിയെക്കൊത്തിക്കീറി
ആര്‍ത്തട്ടഹസിപ്പൂ തന്‍മീശതടവിത്തിന്മ
ചീര്‍ത്ത ഊരുവെക്കാട്ടിത്തലോടി, ത്താളംകൊട്ടി

ഒര്‍ത്ത്‌നോക്കുമോ, നീയെന്‍ ജ്യേഷ്ഠനെപ്പുണരുമ്പോള്‍
പാര്‍ത്ഥനായിരുന്നില്ലേ നിന്റെ മനോരഥത്തില്‍?
കാത്ത്‌ ഞാനിരുന്നൂ എന്നൂഴവും നോക്കി നിന്റെ
മൂര്‍ത്തമോഹപ്പൂക്കളെ കൊണ്ടുവന്നര്‍പ്പിയ്ക്കുവാന്‍

കണ്ണനെ വിളിയ്ക്കൂ നീ; കരയൂ മറ്റാര്‍ക്കുമീ
മണ്ണിലിത്തരുണത്തില്‍ രക്ഷനല്‍കാനാവില്ല.
കണ്ണീരുതുടച്ചീടാം, കാര്‍കൂന്തല്‍കെട്ടീടാം ഞാന്‍
പിന്നെ, യിവനെക്കൊന്നാ രക്തത്തില്‍ കൈകള്‍മുക്കി.

ദ്രൗപദീ, പൊത്തുന്നു ഞാനിപ്പൊഴെന്‍ കണ്‍കള്‍, വയ്യാ
പാപമിക്കാഴ്ചകാണാന്‍ ഭീമന്‌ ശക്തിയില്ല.


* വസ്ത്രാക്ഷേപസമയത്ത്‌ ദ്രൗപദി രജസ്വലയായിരുന്നുവത്രെ

Saturday, March 15, 2008

ശരണമയ്യപ്പാ..


എത്രയോ ലക്ഷം ശരണംവിളിച്ചുവ-
ന്നെത്തുന്നിവിടെയിരുമുടിക്കെട്ടുമായ്‌.
ആര്‍ത്തനായ്‌ ഞാനുമിക്കൂട്ടത്തില്‍ നില്‍പൂ നിന്‍
നേത്രങ്ങളെന്‍നേര്‍ക്ക്‌ നീട്ടേണമയ്യപ്പാ..

ഏറെനടന്നു വലഞ്ഞിങ്ങ്‌ ഞാനെത്തി-
യീറന്‍മിഴികളും, തേങ്ങും കരളുമായ്‌
വേറെയില്ലാശ്രയം നീയല്ലാതിന്നെന്റെ
നീറുമഴലുകള്‍ നീക്കേണമയ്യപ്പാ..

പോയജന്മത്തിലറിയാതെ ഞാന്‍ചെയ്തു-
പോയപാപങ്ങള്‍ ക്ഷമിച്ച്‌ മാപ്പേകണം
ഈയൊരുജന്മമൊടുങ്ങുന്നനേരത്ത്‌
നീയെനിക്കേകണം മോക്ഷമെന്നയ്യപ്പാ..

Friday, March 14, 2008

മഴമുത്ത്

ഇറ്റുവീഴുമീ നീര്‍മണിമുത്തുകള്‍‌
ചെറ്റുനേരമെന്‍ കൈക്കുമ്പിളി‌ല്‍‌പിടി-
ച്ചിഷ്ടമോടെന്റെ കണ്‍കളില്‍ ചേര്‍ത്തൊരു
മുത്തമേകാന്‍ മനസ്സ് കൊതിയ്ക്കുന്നു।

ഈമഴയെന്‍‌വരണ്ട മനസ്സാകെ
പൂമഴയായി പെയ്ത് നിറഞെങ്കില്‍!!
മിന്നുമീച്ചെറു മുത്തുക്കുടങളെ
ഇന്ന്കൈവിരലാലെ പെറുക്കും ഞാന്‍।

‍പിന്നെ ഞാനവയെന്റെ കരളിലെ
കിന്നരിയിട്ട പെട്ടിയില്‍ സൂക്ഷിയ്ക്കും!!
എത്തിയോ മഴത്തുള്ളി‍കള്‍ ചിപ്പിയില്‍
മുത്ത്, വേദനയോടെയുണ്ടാക്കുവാന്‍‌ ?


(ഞാനവളെ മാത്രം “മുത്തേ” എന്നു വിളിച്ചു।)

Tuesday, March 11, 2008

നന്ദി


വേര്‍പിരിഞ്ഞോരിണപ്പക്ഷിയെയോര്‍ത്തന്ന്
നീറുംകരളും; നനവാര്‍ന്ന കണ്ണുമായ്‌
കൂരിരുള്‍തിങ്ങും മനസ്സിന്നറവാതില്‍
ചാരി,ഹതാശനായ്‌ ഞാനിരുന്നീടവേ-

നീവന്നു; സ്നേഹത്തിരിയിട്ട കണ്ണുമായ്‌
നോവും മുറിവിലമൃത്‌ പുരട്ടുവാന്‍;
പൂവിന്‍ സുഗന്ധമായെന്നെത്തലോടുവാന്‍;
നാവില്‍ ബീജാക്ഷര മന്ത്രമുണര്‍ത്തുവാന്‍..

ഇന്ന് ഞാന്‍ നിന്നെക്കണികണ്ടുണരുന്നു;
നിന്നെക്കിനാവിലുമോമനിച്ചീടുന്നു;
എന്നുള്ളില്‍ വാക്കുകള്‍ വീണ്ടും വിരിയുന്നു;
നിന്നോട്‌ ചൊല്ലുന്നു നന്ദി; ദൈവത്തോടും.


Friday, March 7, 2008

രാവലിയുന്നൂ


പേരറിയാത്തൊരു ഗാനത്തിന്നീരടി
ചരത്തെവിടെയോനിന്നുയരെ;
ഏറെപ്പരിചിതമാരാഗവും നിന്റെ
ഈറന്‍കവിളുമോര്‍മ്മിയ്ക്കുന്നു ഞാന്‍

പിന്നെ, നിദ്രാഹീനയാമങ്ങള്‍ നീളവേ
നിന്നെ കിനാവുകാണാന്‍കൊതിച്ച്‌
ഒന്നിങ്ങുവന്നിരുന്നെങ്കിലെന്നാശിച്ച്‌
എന്നോമലേ, ഞാന്‍ കരഞ്ഞിരുന്നൂ

താമരമൊട്ടുകള്‍ കൂമ്പിനില്‍ക്കുന്നൊരാ
പൂമേനിയെന്നോട്‌ ചേര്‍ത്ത്‌വച്ച്‌
ആമോദമോടെ ഞാനെന്നെമറക്കുന്ന
രോമഹര്‍ഷങ്ങളില്‍ രാവലിയും..


Tuesday, March 4, 2008

മാനസികാരോഗ്യം


എന്നെയല്ലാതെമറ്റാരെയും നോക്കരു-
തെന്നോടല്ലാതെ നീ മിണ്ടരുതാരോടു-
മെന്നെക്കണികണ്ടുണരണം; രാത്രിയി-
ലെന്നെപ്പുണര്‍ന്ന് കിടക്കണം നിത്യവും

മറ്റാരും കാണാതിരിയ്ക്കാന്‍ പൊതിയണം
ചുറ്റിലും നീ നിന്നെ കട്ടിവസ്ത്രങ്ങളാല്‍
മുറ്റത്ത്‌പോലുമിറങ്ങാതടുക്കള-
ച്ചുറ്റിലടങ്ങിയൊതുങ്ങിക്കഴിയണം

എന്‍പാനപാത്രങ്ങളെന്നും നിറയ്ക്കണം
എന്മുന്നില്‍ മാത്രം നീ ആടണം, പാടണം
എന്‍രുചിനോക്കി നീ വെച്ച്‌ വിളമ്പണം
എന്‍കുഞ്ഞ്‌മക്കളെ പെറ്റുവളര്‍ത്തണം.

ഇത്രയും മാത്രം മതി,യെനിയ്ക്കല്ലാതെ
അത്രയ്ക്കുമേലുന്നും വേണ്ട, തിരിച്ചുട-
നെത്തണം മാനസികാരോഗ്യകേന്ദ്രത്തി-
ലൊട്ടും മുടങ്ങരുതല്ലോ, മരുന്നുകള്‍!

Sunday, March 2, 2008

കരുത്തേകണം..


അല്ല; ഞാന്‍ മുനിയല്ല; കഠിനഹൃദയനു-
മല്ലിവന്‍; പ്രലോഭനങ്ങള്‍ക്കതീതനുമല്ല
ചില്ലുമേടയ്ക്കുള്ളിലാണെന്‍വാസ, മെന്‍നിശ്വാസ-
മല്ലാതെ കൂട്ടായെനിയ്ക്കാരുമേയിവിടില്ല

എന്ത്‌ ഞാന്‍ ചൊന്നാലുമെന്‍ വാക്കുകള്‍ കീറിമുറി-
ച്ചന്തരാര്‍ത്ഥങ്ങള്‍തേടി, എന്നെച്ചവിട്ടിത്താഴ്ത്താന്‍
എന്തുണ്ട്‌ പഴുതെന്ന് ചികഞ്ഞ്‌നോക്കീടുന്ന
ജന്തുക്കള്‍ ഇളിച്ചുംകൊണ്ടരികേതന്നെയുണ്ട്‌

ഒരുകൈ ചിരിച്ചുംകൊണ്ടെന്‍നേര്‍ക്ക്‌ നീട്ടുമ്പോഴും
പിറകില്‍, ഒളിപ്പിച്ച കഠാര, മറുകയ്യില്‍ !
ഒരിയ്ക്കല്‍, അബദ്ധത്തില്‍ വീണെങ്കില്‍ എണീയ്ക്കുവാന്‍
കരുത്തേകണം ഗുരു, ദൈവ,കാര്‍ണവന്മാരെ..

നിന്നെയോര്‍മ്മിച്ചീടുന്നു..


കല്ലുപോലുറച്ചോരീ മെത്തമേല്‍ ശോകം തല-
തല്ലും മനസ്സുമായ്‌ ഞാന്‍ ഉറങ്ങാന്‍ കിടക്കവേ
ചില്ലുവാതിലിലൂടെ വന്ന്,കാറ്റെന്‍ നെറ്റിയില്‍
മെല്ലെത്തലോടുമ്പോള്‍ ഞാന്‍ നിന്നെയോര്‍മ്മിച്ചീടുന്നു

അന്തിച്ചുവപ്പ്‌പടര്‍ ന്നീറന്‍കവിളുമായി
സന്ധ്യാമ്പരത്തില്‍ ശ്യാമ മേഘങ്ങള്‍ നിരക്കവേ
എന്തിനെന്നറിയാതെന്‍ മനസ്സ്‌ തേങ്ങീടുമ്പോള്‍
സുന്ദരീ, സുമുഖീ ഞാന്‍ നിന്നെയോര്‍മ്മിച്ചീടുന്നു

മന്ദാരമലര്‍ക്കാടിന്‍ അപ്പുറത്ത്‌നിന്നെത്തും
മന്ദമാരുതന്‍വന്ന്, പുണര്‍ന്ന് മുകര്‍ന്നാര്‍ദ്ര
ചന്ദനസുഗന്ധംപോല്‍ എന്നുള്ളില്‍നിറയുമ്പോള്‍
സിന്ദൂരവര്‍ണാംഗേ ഞാന്‍ നിന്നെയോര്‍മ്മിച്ചീടുന്നു..

Thursday, February 21, 2008

കാത്ത്‌നില്‍പ്‌


നിന്‍ജാലകത്തിന്റെ നേരെ യീസന്ധ്യയില്‍
നെഞ്ചിടിപ്പോടെ ഞാന്‍ നില്‍ക്കയാണോമലേ.
പുഞ്ചിരിതൂവും മുഖവുമായ്‌ നീവന്ന്
ചഞ്ചലനേത്രങ്ങളെന്‍നേര്‍ക്ക്‌ നീട്ടുമോ?

അന്തിച്ചുവപ്പ്‌ പടിഞ്ഞാറ്‌ മാഞ്ഞതും;
സാന്ധ്യതാരം കണ്ണു ചിമ്മിത്തുറന്നതും;
എന്തുകൊണ്ടാണെന്നറിഞ്ഞില്ലയെന്നുള്ളില്‍
സന്താപരാഗങ്ങള്‍ മെല്ലെയുണര്‍ന്നതും.

ഈറന്‍മുടിയില്‍ തുളസിക്കതിര്‍ ചൂടി
താരാഗണങ്ങള്‍ പതിച്ച പാവാടയി-
ട്ടാരോമല്‍ മെല്ലെയിറങ്ങി, മുറ്റത്തേയ്ക്‌
പേരാലിനെച്ചുറ്റിയമ്പലത്തില്‍ തൊഴാന്‍.

ഒന്നവിടംവരെ പോയീടുകില്‍ കൂടെ-
നിന്ന്‌തൊഴാം; ദേവിയോടെന്റെ മോഹങ്ങ-
ളൊന്നൊഴിയാതെ പറയാം; അവയൊക്കെ-
യെന്നാണ്‌ പൂത്ത്‌ വിരിഞ്ഞുലഞ്ഞീടുക?

Wednesday, February 20, 2008

അരുന്ധതി


തിരകളില്ലാത്ത കടലിന്‍വിരിമാറില്‍
ഒരുചെറു തോണി തുഴഞ്ഞുചെന്നു.
ഇരുളാണ്‌ ചുറ്റിലുമെങ്കിലും ചൂണ്ടലില്‍
ഇരകൊളുത്താന്‍ രാവെളിച്ചമുണ്ട്‌.

ദൂരെയാകാശത്ത്‌ പുഞ്ചിരിതൂകുന്നു
താരകള്‍, താഴേയ്ക്കൊളിഞ്ഞു നോക്കി.
പേരറിയാതുള്ളൊരേഴെണ്ണമുണ്ടതില്‍
തീരെച്ചെറുതാണരുന്ധതി പോല്‍!

കണ്ടാലിവളെ, യവര്‍ക്കു മരണമ-
ന്നുണ്ടാവുകില്ലെന്ന് കരണോന്മാര്‍.
കണ്ടെങ്കിലെന്നവനാശിച്ച്‌ നോക്കിയി-
ട്ടുണ്ടാവണം, അത്ര തിട്ടമില്ല

പെട്ടെന്ന് ചൂണ്ടലില്‍ കൊത്തി, ഒരുസ്രാവ്‌
തട്ടിമറിച്ചു ചെറുതോണിയെ
പൊട്ടിയോ, വിശ്വാസ നൂലുകള്‍? ആത്മാക്കള്‍
കെട്ടിപ്പിടിച്ചോ കടാപ്പുറത്ത്‌?

താരകക്കൂട്ടത്തില്‍നിന്നുമരുന്ധതി
മാറിനിന്നൂ, കണ്ടതില്ലവനും.
ദൂരെപ്പെരുമീനുദിച്ചീടവേ കടല്‍-
തീരത്ത്‌ മീനും; ശവങ്ങള്‍ രണ്ടും..

Monday, February 18, 2008

ശാപമോക്ഷവുംകാത്ത്‌


ഒത്തിരിനാളുകള്‍കൂടി റ്റെലിഫോണില്‍
മുത്തേ, നീയിന്ന് വിളിച്ചു !
അത്രമേല്‍ മോഹിയ്ക്കുമാസ്വരം കേട്ട്‌ ഞാന്‍
എത്രകോരിത്തരിച്ചെന്നോ.

ഒന്നുംപറയുവാനായില്ല; വാക്കുകള്‍
തെന്നിത്തെറിച്ച്‌ ചിതറി
എന്നുമതങ്ങിനെയായിരുന്നൂ, നിന്റെ
മുന്നിലെന്‍ തൊണ്ട വരളും

നീയറിയുന്നുവോ, ഓരോനിമിഷവും
നീയെന്റെ കൂടെയുണ്ടെന്ന്?
പോയജന്മങ്ങളിലെപ്പൊഴോ നീയെന്റേ-
തായത്‌ മൂലമതാവാം

കോപംമുഴുത്ത്‌, അസൂയയാല്‍ ദേവകള്‍
ശാപം ചൊരിഞ്ഞതിനാലോ
വേര്‍പിരിയാന്‍ വിധിയായി. നമുക്കിനി
ശാപമോക്ഷങ്ങള്‍ ലഭിയ്ക്കും.

നിന്റെ കണ്ണിന്റെ തിളക്കമാകുന്നു, ഞാന്‍
നിന്റെ നിശ്വാസത്തിന്‍ താളം
നിന്റെ തേന്‍ ചുണ്ടിലെ രാഗമാകുന്നു, ഞാന്‍
നിന്റെ പാദത്തിലെ ധൂളി

Saturday, February 16, 2008

മാപ്പ്‌


പ്രിയേ,യെന്റെയീറക്കുഴലിലിന്നീണങ്ങള്‍
ഉയരാന്‍ മടിയ്ക്കുന്നതെന്തേ ?
ഉയിരിന്റെ ശ്വാസമേറ്റിട്ടും തളര്‍ന്നിതാ
വെയിലേറ്റ താമരപോലെ.

കളിയാക്കലിന്ന് പകരമായ്‌ ഞാന്‍ ചൊന്ന
കളിവാക്ക്‌ നിന്നെ നോവിച്ചോ ?
കളിയാക്കിടുമ്പോള്‍ കരയേണ, മെങ്കിലേ
കളിയാവൂ എന്നറിഞ്ഞാലും.

കനിവാര്‍ന്ന് മാപ്പുനല്‍കേണമെനിയ്ക്ക്‌ ഞാ-
നിനിയിതാവര്‍ത്തിയ്ക്കുകില്ല
ഇനിയെന്റെ മണിവേണു നാദമുയര്‍ത്തുവാന്‍
തുണയായ്‌ നിന്‍ സൗഹൃദം വേണം


Friday, February 15, 2008

ആശാദീപം..


മഞ്ഞിന്റെകുളിരലച്ചാര്‍ത്തുകളേറ്റ്‌ നിന്റെ
കുഞ്ഞിച്ചിറകിന്‍ തൂവലാകേനനഞ്ഞിട്ടുണ്ടാം
നെഞ്ചിന്റെ നെരിപ്പോടില്‍ ഓര്‍മ്മതന്‍കനലുമായ്‌
പഞ്ജരമിതില്‍ നിന്നെ കാത്ത്‌ ഞാനിരിയ്ക്കുന്നൂ

നീവരുംനേരം നിന്നെ മാറോട്ചേര്‍ത്തിട്ടീറന്‍-
പൂവുകള്‍വിടരും നിന്‍ മേനിയെത്തഴുകീടാം
കവിളില്‍ത്തുടുക്കുന്ന കനകാമ്പരങ്ങളെ
കവിതപാടി മെല്ലെ ചുംബിച്ച്‌ ഞാനുണര്‍ത്താം

പൂവമ്പ്‌കൊണ്ടെന്നുള്ളം മുറിഞ്ഞൂ; നോവുന്നല്ലോ
രാവേറെയാവുംമുന്‍പേ നീയണഞ്ഞിരുന്നെങ്കില്‍!
ജീവനില്‍, ആശാദീപത്തിരി സ്നേഹത്തില്‍ മുക്കി
നീവരൂ കൊളുത്താനായ്‌ ശാരികേ, യെന്നോമലേ.

Monday, February 11, 2008

ആദ്യാനുരാഗം..


മുന്നില്‍, ശ്രീകോവിലില്‍, ദേവിനിന്നൂ. എന്റെ-
മുന്നില്‍, കൈകൂപ്പി തൊഴുത്‌ നീയും
മന്ദമുയരും ഇടയ്ക, ഹൃദയത്തിന്‍
സ്പന്ദങ്ങളുമായിടകലര്‍ന്നൂ.

അന്ന് നീയാദ്യമായ്‌ മെല്ലെത്തലതിരി-
ച്ചെന്നെ മിഴിമുനയാലുഴിഞ്ഞൂ
മന്ദഹാസത്തിന്റെ വക്കോളമെത്തിയാ
ചെന്താമരച്ചുണ്ടിണ വിടര്‍ന്നൂ..

ഒമ്പതാമുത്സവസന്ധ്യക്കുയരും പെ-
രുമ്പറ മേളമെന്നില്‍ മുഴങ്ങീ..
അമ്പലമുറ്റം കരിമരുന്നിന്റെ പ്ര-
കമ്പനം കൊണ്ട്‌ തരിച്ചു നിന്നൂ

ഇന്നുത്സവമില്ല, ആനയില്ലാളില്ല
പൊന്നില്‍ പൊതിഞ്ഞ ശ്രീകോവിലില്ല
എന്നാലുമാദ്യാനുരാഗത്തിന്‍ ഹര്‍ഷങ്ങ-
ളിന്നുമുണ്ടോര്‍മ്മയിലോമലാളേ..

Wednesday, February 6, 2008

വിടതരൂ


പറയുവാനിനിയൊന്നുമില്ല; നിനക്കെല്ലാ-
മറിവുള്ളതല്ലേ? മനസ്സില്‍ നീയേല്‍പിച്ച
മുറിവുമായ്‌ ഞാനീ പടികളിറങ്ങവേ
മറയുന്നൂ വഴികള്‍ ഈ കണ്ണീര്‍മിഴികളില്‍

മന്വന്തരങ്ങളായ്‌ ഒന്നായിരുന്നു നാം
ഇന്നും, ഇനിവരും ജന്മങ്ങളൊക്കെയും
ഒന്നായിരിയ്ക്കണം, വേര്‍പെടില്ലാ നമ്മള്‍
എന്നായിരംവട്ടമെന്നോട്‌ ചൊല്ലി, നീ

മുത്തേ, വിളിയ്ക്കട്ടെ ഞാനൊരിയ്ക്കല്‍കൂടി
മുത്തങ്ങളാലെന്നില്‍ അഗ്നിപടര്‍ത്തിയും
എത്തിപ്പുണര്‍ന്ന് ലഹരിപോലെന്നുള്ളില്‍
കത്തിയെരിഞ്ഞതുമൊക്കെ മറന്നുവോ?

പറയുവാനിനിയൊന്നുമില്ല; വിടതരൂ
ചിറകുകരിഞ്ഞൊരീ രാക്കുയിലിന്ന് നീ.
ഒരുവേള, ഇനിനമ്മള്‍ കണ്ടുമുട്ടീടുകില്‍
ഒരുചിരി; അതുമതി ധന്യനായീടുവാന്‍..


Tuesday, February 5, 2008

സന്ധ്യ


നീന്തിത്തുടിച്ച്‌ നീ നീരാടിനിന്നൊരാ-
സന്ധ്യയ്ക്ക്‌ ഞാനാ പടവിലിരിയ്ക്കവേ
ചെന്താമരമൊട്ടിളകും ജലത്തില്‍ ര-
ണ്ടിന്ദീവരങ്ങള്‍ വിരിയുന്നതും കണ്ടു !

മന്ദാരപുഷ്പങ്ങള്‍ക്കുമ്മകൊടുത്ത്‌കൊ-
ണ്ടെന്തോ ചെവിയില്‍ പറയുന്നു വണ്ടുകള്‍.
എന്തിനാണെന്നറിയാതെന്‍ മനോവീണ
ഹിന്ദോളരാഗജതികളുണര്‍ത്തുന്നൂ.

ആലിന്റെ കൊമ്പിലിരുന്ന് ചിലച്ചയൊ-
രോലഞ്ഞാലിക്കിളി കണ്ടിരിയ്ക്കാമിവ
ശ്രീലകത്തേതോ തിരുമേനി പൂജയ്ക്ക്‌
കാലമായെന്നുള്ള ശംഖ്‌ വിളിയ്ക്കുന്നൂ..

Tuesday, January 29, 2008

ഉച്ചമയക്കം


വേനലിലുച്ചമയക്കത്തില്‍ ഞാനൊരു
കാണാക്കിനാവിന്റെ പിന്നാലെ പച്ചച്ച
കാനനവീഥിയിലൂടെയൊരജ്ഞാത
ഗാനത്തിന്നീരടി പിന്‍തുടര്‍ന്നീടവേ

നേര്‍ത്തനിലാവിന്റെ നൂലിഴകള്‍ മര-
ച്ചാര്‍ത്ത്‌കള്‍ നീട്ടിയ കൈകള്‍ക്കിടയില-
മൂര്‍ത്തരൂപങ്ങളെന്‍ മുന്നില്‍ വരയ്ക്കുന്ന-
തോര്‍ത്ത്‌ ഞാന്‍ മുന്നോട്ട്‌ യാത്രതുടരവേ

ഒട്ടകലത്തായിക്കാണ്മൂ ചെറിയൊരു
വെട്ട, മൊരുകുടില്‍,പേരറിയാമര-
ച്ചോട്ടില്‍, കരിയില മൂടിക്കിടക്കുമൊ-
രൊറ്റയടിപ്പാത- പാട്ട്‌ നിലച്ചുവോ?

എത്രവേഗത്തില്‍ ഞാന്‍ശ്വാസമില്ലാതെക-
ണ്ടെത്രമേലാഞ്ഞു വലിഞ്ഞു നടന്നിട്ടു-
മെത്തുന്നതില്ലാക്കുടിലിന്നടുത്ത്‌ വി
യര്‍ത്തേറെ വിഹ്വലനായിയുണര്‍ന്നു, ഞാന്‍

Friday, January 25, 2008

പുല്‍ക്കൊടിയും മഞ്ഞുതുള്ളിയും

അമ്മുക്കുട്ട്യേ..
അന്നൊരിയ്ക്കല്‍ നീ എന്നോട്‌ ചോദിച്ചൂ'കുട്ടേട്ടന്‍ മഞ്ഞുതുള്ളികളെ ശ്രദ്ധിച്ചിട്ടുണ്ടോ'ന്ന്. എനിക്കതിന്‌ സമയമെവിടെ എന്നൊ മറ്റോ ഞാന്‍ മറുപടിയും തന്നുവെന്ന് തോന്നുന്നു.
നിത്യ ചൈതന്യ യതിയുടെ 'ഹൃദയത്തിലെ ആരാധനാസൗഭഗം' ഞാനിന്നലെ വായിച്ച്‌ തീര്‍ത്തു. അതിലെ, പേജ്‌ 137 എത്തിയപ്പോള്‍ എനിക്ക്‌ നിന്നെക്കുറിച്ച്‌ ഓര്‍ക്കാതിരിയ്ക്കാനായില്ല.
"പുഴയിലെ കല്ലോലങ്ങള്‍ ആടിപ്പാടിപ്പോകുന്നതിനിടയ്ക്ക്‌ പുല്‍ച്ചെടികളെനോക്കി പറയുകയാണ്‌: ജീവികളിലിവയെക്കാള്‍ വിനയമുള്ളവരായി ആരുമില്ല. എന്നാലും, അവര്‍ അവരുടെ കുഞ്ഞിക്കാലുകള്‍വച്ച്‌ ഈ ഭൂമണ്ഡലത്തെ മുഴുവനും അവര്‍ക്കധീനമാക്കിയിരിയ്ക്കുന്നു. എവിടെച്ചെന്നാലും കാണാം ഒരു പുല്‍ക്കൊടി. ഇവയെ എന്തിന്‌ ആര്‍ സൃഷ്ടിച്ചു? ആര്‍ക്കും കഴിയാത്ത ചില ചെയ്തികള്‍ ലോകരചയിതാവ്‌ ഇവരെ ഏല്‍പ്പിച്ചിട്ടുണ്ട്‌. രാത്രികാലങ്ങളില്‍ പൂനിലാവ്‌ വന്ന് ലോകത്തെ മുഴുവന്‍ തഴുകുമ്പോള്‍ ഈ കുഞ്ഞോലകള്‍ ഹിമശീകരമായ ചന്ദ്രികയെ പിഴിഞ്ഞെടുത്ത്‌ മഞ്ഞുമണികളുണ്ടാക്കുന്നു. സൂര്യന്‍ വരുമ്പോഴേയ്ക്കും ഓരോ പുല്ലോലയും അവന്‌ കാഴ്ചവയ്ക്കാന്‍ ഒരു മുത്തുണ്ടാക്കി പുല്ലോലയുടെ തുമ്പില്‍ നൃത്തം ചെയ്യാന്‍ വയ്ക്കുന്നു.സൂര്യന്‌ ഇതിനേക്കാള്‍ പ്രിയങ്കരമായി ഒന്നുമില്ല. അവന്‍ കിഴക്കുദിച്ചു വന്നാല്‍ ആദ്യം നോക്കുന്നത്‌ പുല്ലോലത്തുമ്പില്‍ തൂങ്ങുന്ന മഞ്ഞുതുള്ളികളെയാണ്‌. അവന്‍ വെറുതെ നോക്കീട്ട്‌ പോവുകയില്ല, അതില്‍ ചിലതിനെ അവന്‍ ഉമ്മവച്ച്‌ വൈഡൂര്യമാക്കും. മറ്റുചിലതിന്‌ മിന്നിത്തിളങ്ങുന്ന വജ്രകാന്തി നല്‍കും. ചിലതിന്‌ കടും ചുവപ്പാണെങ്കില്‍ മറ്റുചിലതിന്‌ മരതക ഛവി. ജീവരൂപങ്ങളില്‍ പുല്ലിനേക്കാള്‍ കൃശമായതൊന്നുമില്ല. തുഛമായതൊന്നുമില്ല. എന്നാലും, മഹാമരങ്ങള്‍ വേരറ്റ്‌ നിലം പതിയ്ക്കുമ്പോള്‍ അനുനയം പറയുവാനും, ആശ്വസിപ്പിയ്ക്കുവാനും; ചതഞ്ഞുപോയ മാമരങ്ങളുടെ ശരീരത്തില്‍ വൃണ വിരോചനത്തിന്‌ തൈലം പുരട്ടിക്കൊടുക്കുവാനും പുല്ലുകളേയുള്ളു."


ആദ്യപ്രേമം


കൂട്ടുകാരിയോടൊത്ത്‌ കളിച്ച്‌ ചിരിച്ചെന്റെ
വീട്ടിന്റെ മുന്നിലൂടെ ഇന്നലെ നീപോയപ്പോള്‍
ഒട്ടുമോര്‍ത്തില്ലല്ലോ നീ, നിന്‍വരവിന്നായ്‌ തുടി-
കൊട്ടുന്ന മനസ്സുമായ്‌ ഞാന്‍ കാത്ത്‌ നില്‍പ്പുള്ളത്‌

മിന്നുമാമുഖത്തേയ്ക്ക്‌ ഒന്ന് നോക്കിയേയുള്ളു
നിന്നനങ്ങാനാവാതെ, ഇമകള്‍പൂട്ടാതെ ഞാന്‍
പിന്നെ, നീ മെല്ലെ നടന്നകന്നീടവേ കണ്ടൂ
പിന്നിയ കാര്‍കൂന്തലില്‍ ചൂടിയ തുളസിപ്പൂ

മധുരംകിനിയുന്ന ഒരുവാ,ക്കൊരുചിരി
മതിയാമെനിയ്ക്കത്‌ ജന്മസാഫല്യത്തിന്നായ്‌
അതിനായ്‌ ഏകനായ്‌ ഞാന്‍ ദിനവും നില്‍പീവഴി
പതിവായ്‌ പോകും നിന്നെ കാത്ത്‌ ഞാനോമലാളേ

എങ്ങിനെയറിയിയ്ക്കും എനിയ്ക്ക്‌ നിന്നോടുള്ളം-
തിങ്ങുമീയനുരാഗം മറ്റാരുമറിയാതെ ?
എങ്ങിനെയറിയിയ്ക്കും നിന്റെ മോഹങ്ങള്‍ക്കെല്ലാം
കിങ്ങിണിയണിയിയ്ക്കാന്‍ മോഹമുണ്ടെനിയ്ക്കെന്ന്

Thursday, January 24, 2008

ഏകന്‍


എട്ടുകാലിയെ, രാത്രി, തച്ചുകൊന്നപ്പോഴാണ്‌
എത്ര ഞാനേകനെന്ന്‌ ആദ്യമായറിഞ്ഞത്‌

(ഓര്‍കുട്ടില്‍ കണ്ട ഒരു ഹേയ്കു വിന്റെ സ്വതന്ത്ര പരിഭാഷ)

Sunday, January 20, 2008

റാണി..


വെട്ടിത്തിളങ്ങുന്നൊരീവെളിച്ചം, സഖി
പൊട്ടിച്ചിരിച്ചത്‌ മൂലമാണോ?
പെട്ടെന്നിരുട്ടായവളുടെ കാര്‍കൂന്തല്‍-
ക്കെട്ടെന്‍ മുഖത്തേയ്ക്കഴിഞ്ഞു വീണോ?

കെട്ടിപ്പിടിച്ചിങ്ങു നില്‍ക്കുമ്പോള്‍ താമര-
മൊട്ടെന്റെ നെഞ്ചത്തമര്‍ന്നിരുന്നോ?
ഞെട്ടറ്റുവീണൊരു പൂപോലെയെന്‍മടി-
ത്തട്ടില്‍, വിവശ തളര്‍ന്ന് വീണോ?

മീട്ടാത്ത തമ്പുരു, കേള്‍ക്കാത്ത പാട്ടിവള്‍
തൊട്ടാലുടയുന്ന നീര്‍ക്കുമിള
നഷ്ടപ്പെടുത്താനൊരുക്കമല്ലെന്‍ മന-
ക്കൊട്ടാരക്കെട്ടിലെ റാണിയിവള്‍!


Thursday, January 17, 2008

ആശ തീരുന്നില്ല


നിന്‍വിരിമാറിലമര്‍ന്നുകിടന്നെന്റെ
മുന്തിരിച്ചുണ്ടുകള്‍ നിന്‍നേര്‍ക്കുയര്‍ത്തവേ
നിന്‍കണ്‍കളാര്‍ദ്രമാവുന്നതും, കൈകളെന്‍
പൊന്‍മേനി നിന്നിലേയ്ക്കാഞ്ഞുചേര്‍ക്കുന്നതും


തീരങ്ങളില്ലാത്തൊരാഴക്കടലിന്റെ
കൂരിരുള്‍തിങ്ങുമഗാധതലങ്ങളില്‍
ഭാരമില്ലാത്തോരവസ്ഥയില്‍ നാം രണ്ടു-
പേരുമന്യോന്യം നിറഞ്ഞു പൊലിഞ്ഞതും

എത്രവട്ടം മനസ്സിന്‍തിരശ്ശീലയീ
ചിത്രങ്ങള്‍ മങ്ങാതെ കാണിയ്ക്കുമെങ്കിലും
എത്രലഭിച്ചാലുമാശതീരില്ലെനി-
യ്കത്രയ്ക്കഗാധമായ്‌ നിന്നെ സ്നേഹിപ്പു ഞാന്‍


Tuesday, January 15, 2008

ഹലോ..


ബെല്ലൊന്നടിച്ചയുടനേയെടുത്തു ഞാന്‍
സെല്ലിലെ നമ്പറില്‍ നോക്കി
തെല്ലും പരിചയമില്ലാത്തൊരീനമ്പര്‍
വല്ല റോംഗ്‌ നമ്പറുമാകാം.

മന്ദമായ്‌ ചൊല്ലീ"ഹലോ" അതിന്നുത്തരം
സ്പന്ദങ്ങളായെന്റെ കാതില്‍
ചന്ദനഗന്ധമൊഴുകീ, മനസ്സില്‍ര-
ണ്ടിന്ദീവരങ്ങള്‍ വിരിഞ്ഞൂ..

'എന്നെ മറന്നുവല്ലേ, ഞാന്‍മറന്നിട്ടി-
ല്ലെ'ന്നായിരുന്നാദ്യ വാക്യം
പിന്നെ, സ്ഥല കാലമെല്ലാമലിയവേ
നിന്നിലലിഞ്ഞൂ, ഈ ഞാനും..



Monday, January 14, 2008

ഗുരുവായൂര്‍..13-01-08


കണ്ണാ, ഞാന്‍ മുന്നില്‍ തൊഴുതുനില്‍പൂ കട-
ക്കണ്ണു നീ യെന്‍നേര്‍ക്ക്‌ നീട്ടിടേണം
വെണ്ണയില്ലെന്‍കയ്യില്‍ നേദിയ്ക്കാനീവെറും
മണ്ണായൊരെന്റെ ശരീരമന്യേ

ചൂടിയ്ക്കുവാന്‍ ഞാനൊരുതുളസീമാല
കൂടെക്കരുതിയിരുന്നത്‌ നെഞ്ചിലെ
ചൂടുമെന്‍കണ്ണീരിനുപ്പും കലര്‍ന്നിതാ
വാടാന്‍തുടങ്ങീ, കനിയുകില്ലേ?

എത്ര തൊഴുതാലും തൃപ്തിയാവില്ലെനി-
യ്കെത്ര ജന്മങ്ങളും ഞാനെടുക്കാമതി-
ന്നത്രമേലെന്നില്‍ പതിഞ്ഞൊരു രൂപമെന്‍
ചിത്തത്തില്‍ നിന്ന് മായില്ല, കണ്ണാ..



Saturday, January 12, 2008

ഓര്‍മ്മ


എന്നെത്തിരഞ്ഞെത്തുമേതോ ശരത്‌കാല-
വന്യമേഘങ്ങള്‍ പതുക്കെനീങ്ങുന്നതിന്‍
പിന്നിലായ്‌ നിന്ന് ചിരിയ്ക്കുന്ന തിങ്കളി-
ന്നെന്നോര്‍മ്മയില്‍ നിന്‍മുഖം തെളിയിക്കുന്നൂ

ഉള്ളിലെസ്നേഹമുരുകുംവരേയ്ക്കുനീ
പൊള്ളുന്നൊരായിരം ചുംബനം കൊണ്ടെന്റെ
തെല്ലു വിറയാര്‍ന്ന ദേഹത്തിലാകെ തേന്‍-
മുല്ലമലര്‍വള്ളി പോലെ പടര്‍ന്നതും

പിന്നെ, യേതോപേരറിയാത്ത തീരത്ത്‌
തെന്നിപ്പറന്ന് നടന്നതു, മെപ്പൊഴോ
അന്യരെപ്പോലെയകന്നതുമൊക്കെ ഞാ-
നിന്നുമോര്‍മ്മിയ്ക്കുന്നൂ, നെഞ്ചകം നീറുന്നൂ..


Tuesday, January 8, 2008

ആരാധകന്‍

ഒരുമാത്രനിന്‍നീലനയനങ്ങളെന്‍നേര്‍ക്ക്‌
വിരിയവേ, മനസ്സിന്‍ നിഗൂഢതല്‍പങ്ങളില്‍
നിറവാര്‍ന്നൊരായിരം പ്രണയാര്‍ദ്രഗീതങ്ങള്‍
ചിറകടിച്ചുയരുന്നൂ; യമുനയായൊഴുകുന്നൂ

ഒരുമന്ദഹാസത്തില്‍ കവിളില്‍വിരിയുന്ന
ചെറുനുണക്കുഴികള്‍തന്‍ കാണാക്കയങ്ങളില്‍
ഒരുവേള മുങ്ങിത്തുടിച്ചെങ്കില്‍ എന്നുള്ളില്‍
അറിയാതൊരാഗ്രഹം അലയടിച്ചുയരുന്നൂ

മണിമുത്ത്ചിതറുന്നധ്വനിപോലെ വാക്കുകേ-
ട്ടുണരുന്നവേളയില്‍, അകലെയാരോഹൃദയ-
മണിവീണമീട്ടുന്ന സ്വരജതികളില്‍ മുങ്ങി-
യണയുന്നൊരാരാധകന്‍മാത്രമിന്നു ഞാന്‍

Friday, January 4, 2008

ദലമര്‍മ്മരങ്ങള്‍


യാത്രചോദിയ്ക്കവേയോമനേ, നിന്‍ നീല-
നേത്രങ്ങളില്‍ നീര്‍ നിറഞ്ഞിരിന്നോ?
അത്രമേലിഷ്ടപ്പെടേണ്ടായിരുന്നു നാ-
മെത്രയായാലും അകലേണ്ടവര്‍.

ഇന്നീവഴിയമ്പലം ഞാനുപേക്ഷിച്ച്‌
നിന്നെയും വിട്ടകലേപോകിലും
എന്നുമുണ്ടാവുമെന്‍ ബോധമനസ്സിതില്‍
പൊന്നിന്‍ കൊലുസ്സിട്ടൊരീദിനങ്ങള്‍

കാര്‍മുകില്‍ക്കൂട്ടങ്ങളാകാശവീഥിയില്‍
ഓര്‍മ്മയിലേതോ ശിവരഞ്ജിനി
കര്‍മ്മബന്ധങ്ങള്‍ കുരുക്കഴിഞ്ഞൂ; ദല-
മര്‍മ്മരങ്ങള്‍പോലടര്‍ന്നു വീണൂ